22 May Tuesday

മഹാജനപഥം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2017

ഹൈദരാബാദിലെ സരൂര്‍ നഗര്‍ ഗ്രൌണ്ടില്‍ സിപിഐ എം സംഘടിപ്പിച്ച മഹാറാലി / ഫോട്ടോ > കെ രവികുമാര്‍

ഹൈദരാബാദ് > അധികാരം പിടിക്കാന്‍ ഇനിയും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ്് യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാപങ്ങളുടെയും അസഹിഷ്ണുതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും പ്രതീകമാണ് ആദിത്യനാഥ്. എല്ലാ ഘട്ടത്തിലും വര്‍ഗീയ കലാപത്തിന്റെ പ്രതീകമായി നിലകൊണ്ട ആദിത്യനാഥിനെത്തന്നെ യുപിയില്‍ ഭരണമേല്‍പ്പിച്ച് മതനിരപേക്ഷതയെ തുടച്ചുമാറ്റാനാണ് സംഘപരിവാര്‍ ഒരുമ്പെടുന്നത്. 

ഹൈദരാബാദില്‍ സിപിഐ എം സംഘടിപ്പിച്ച മഹാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി. ചലച്ചിത്രതാരം ഷാരൂഖ്ഖാനെ പാക് ഭീകരനായ ഹാഫിസ് മുഹമ്മദിനോടുപമിച്ചത് ആദിത്യനാഥാണ്. ആമിര്‍ഖാനും മദര്‍ തെരേസയുമടക്കമുള്ളവരെ പരസ്യമായി അധിക്ഷേപിക്കാന്‍ ഈ യോഗി മടിച്ചിട്ടില്ല. സൂര്യനമസ്കാരം ചെയ്യാത്തവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ എന്നാജ്ഞാപിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ട്. വര്‍ഗീയവിഷ പ്രചാരണത്തിന് നേതൃത്വം നല്‍കി അയോധ്യ വീണ്ടും തെരഞ്ഞെടുപ്പുവിഷയമാക്കിയതും ആദിത്യനാഥാണ്.

കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന ഗവണ്‍മെന്റുകളോട് വിദ്വേഷപരമായാണ് പെരുമാറുന്നത്. ദക്ഷിണേന്ത്യയില്‍നിന്നാണ് വര്‍ഗീയ അജന്‍ഡയ്ക്കെതിരെ കരുത്തുറ്റ ചെറുത്തുനില്‍പ്പുണ്ടാകുന്നത്.

യുപി തെരഞ്ഞെടുപ്പു വിജയത്തിലൂടെ ബിജെപിയും സംഘപരിവാറും അജയ്യരായി മാറിയെന്ന പ്രചാരണം അസംബന്ധമാണ്. വര്‍ഗീയ വിദ്വേഷമിളക്കിയും കേന്ദ്ര ഭരണത്തിന്റെ ദുര്‍വിനിയോഗത്തിലൂടെയുമാണ് ബിജെപി നേട്ടമുണ്ടാക്കിയത്. 2014ല്‍ 42.3 ശതമാനം വോട്ടു നേടിയ അവര്‍ക്ക് ഇത്തവണ 39.7 ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അതിനര്‍ഥം 60 ശതമാനത്തിലേറെ പേര്‍ സംഘപരിവാര്‍ അജന്‍ഡയ്ക്ക് എതിരെ വോട്ടുചെയ്തു എന്നാണ്.

മഹാറാലിയെ അഭിവാദ്യംചെയ്യുന്ന സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും

മഹാറാലിയെ അഭിവാദ്യംചെയ്യുന്ന സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും

രാജ്യത്തിന്റെ ഭരണഘടനയും ഫെഡറല്‍ രീതിയും ബിജെപി സര്‍ക്കാരില്‍നിന്ന് കനത്ത ഭീഷണി നേരിടുകയാണ്. അരുണാചലിലും ഉത്തരാഖണ്ഡിലും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്  ഭരണഘടനാ ലംഘനവും ജനാധിപത്യ ധ്വംസനവുമാണ്്. മണിപ്പുരിലും ഗോവയിലും ജനവിധി അനുകൂലമല്ലാതിരുന്നിട്ടും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി അധികാരത്തിലെത്തി.

ഗോവയിലും മണിപ്പുരിലും അവകാശവാദംപോലും ഉന്നയിക്കാതെ ജനാധിപത്യവിരുദ്ധ മാര്‍ഗം ബിജെപിക്ക് തുറന്നുകൊടുത്തത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍നിന്ന് പ്രമുഖ നേതാക്കള്‍ തന്നെ ബിജെപിയിലേക്ക് പോകുന്നു. കര്‍ണാടകത്തിലെ എസ് എം  കൃഷ്ണയും യുപിയിലെ റിതാ ബഹുഗുണ ജോഷിയും ഡല്‍ഹിയിലെ കൃഷ്ണത്രിപാഠിയും ഹരിയാനയിലെ ഇന്ദര്‍ജിത്റാവുവും ഉദാഹരണങ്ങള്‍ മാത്രം.

നവ ലിബറല്‍ നയങ്ങളും വലതുപക്ഷ-വര്‍ഗീയ രാഷ്ട്രീയവും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ പുരോഗമനശക്തികളുടെ യോജിപ്പ് അനിവാര്യമാണ്. സ്ത്രീകളും ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ചൂഷണത്തിനും അതിക്രമത്തിനും ഇരയാകുന്നു. രാജ്യം നേരിട്ട വന്‍ദുരന്തമാണ് നോട്ടു പിന്‍വലിക്കലിലൂടെ ഉണ്ടായത്. മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വന്ന നൂറിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 50 ദിവസംകൊണ്ട് എല്ലാം ശരിയാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ നീക്കമെന്നാണ് മോഡി ന്യായീകരിച്ചത്. ആ മൂന്നു ലക്ഷ്യവും നേടിയില്ല. ഏറ്റവും വലിയ കള്ളനോട്ട് ശേഖരം പിടിച്ചത് ഗുജറാത്തില്‍നിന്നു തന്നെയാണ്. കര്‍ഷകര്‍ മിനിമം താങ്ങുവിലയുടെ പകുതിപ്പണം വാങ്ങി നെല്ല് വിറ്റഴിക്കേണ്ട ഗതികേടിലാണ്. പാപ്പരായ കര്‍ഷകരുടെ എഴുപത്തയ്യായിരം രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളാനോ ഇളവുനല്‍കാനോ പണമില്ലെന്നു പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മൂന്നുവര്‍ഷത്തിനിടെ കോര്‍പറേറ്റ് ഭീമന്മാരുടെ 1.12 ലക്ഷം കോടിയുടെ കടമാണ് എഴുതിത്തള്ളിയത്-പിണറായി ചൂണ്ടിക്കാട്ടി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top