22 November Thursday

നവകേരള നിർമാണത്തിന‌് ബഹുമുഖസംവിധാനം; സമഗ്ര രൂപരേഖ

പ്രത്യേക ലേഖകൻUpdated: Wednesday Oct 17, 2018

തിരുവനന്തപുരം > പ്രളയാനന്തര പുനർനിർമാണത്തിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിനും സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനും സമഗ്രമായ രൂപരേഖയും ബഹുമുഖ സംവിധാനവും മന്ത്രിസഭാ യോഗം  അംഗീകരിച്ചു. 
മന്ത്രിസഭ, ഉപദേശക സമിതി, ഉന്നതതല അധികാരസമിതി, നിർവഹണ സമിതി, സെക്രട്ടറിയറ്റ‌് സംവിധാനം, സ്വതന്ത്ര ഓഡിറ്റിങ‌് എന്നിവ അടങ്ങുന്നതാവും പുതിയ  സംവിധാനം. മന്ത്രിസഭയായിരിക്കും നിർവഹണ സംവിധാനത്തിൽ ഏറ്റവും മുകളിൽ. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളും മന്ത്രിസഭ അംഗീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി ഉപദേശക സമിതി ചെയർമാൻ
മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതി പ്രവർത്തിക്കും. ഉപദേശക സമിതിയുടെ ആദ്യ യോഗം ഒക‌്ടോബർ  22ന‌് ചേരും. പ്രതിപക്ഷ നേതാവ് രമേശ‌് ചെന്നിത്തല, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, റവന്യു, ജലം, ഗതാഗതം, തുറമുഖം വകുപ്പ‌് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ആസുത്രണബോർഡ് വൈസ് ചെയർമാൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ, കേന്ദ്ര ക്യാബിനറ്റ‌് സെക്രട്ടറി കെ എം  ചന്ദ്രശേഖർ,  ബൈജു രവീന്ദ്രൻ ( ബൈജുസ് ആപ്പ്), ആലീസ് വൈദ്യൻ, എം എ യൂസുഫലി, ഡോ. കെ പി കണ്ണൻ (സിഡിഎസ്), മുൻ ഹഡ്കോ ചെയർമാൻ വി സുരേഷ്, ഡോ. മുരളി തുമ്മാരുകുടി എന്നിവർ  സമിതിയിൽ അംഗങ്ങളായിരിക്കും.

ചീഫ് സെക്രട്ടറി ഉന്നതതല സമിതി ചെയർമാൻ
ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതതല അധികാര സമിതി പ്രവർത്തിക്കും. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ട് അനൗദ്യോഗിക അംഗങ്ങളും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡോ. വി വേണുവിനെ നിയമിച്ചു.
മന്ത്രിസഭയുടെയും ഉപദേശക സമിതിയുടെയും അംഗീകാരത്തിനായി നിർവ്വഹണ സമിതി മുന്നോട്ടുവയ്ക്കുന്ന പദ്ധതി നിർദേശങ്ങൾ പരിശോധിച്ച് അംഗീകരിക്കുകയെന്നതാണ് ഈ സമിതിയുടെ പ്രധാന ചുമതല. മന്ത്രിസഭ അംഗീകരിക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നിർവഹണ നിരീക്ഷണവും സമിതി നടത്തും. വിവിധ വകുപ്പുകളുമായുള്ള ഏകോപനം, ധനസമാഹരണത്തിന് സർക്കാരിന് ഉപദേശം നൽകൽ എന്നിവയും ഈ സമിതിയുടെ ചുമതലകളാണ്.
ഉന്നതല അധികാര സമിതിക്ക് താഴെയായി മൂന്ന് അംഗങ്ങളുള്ള ഒരു നിർവഹണ സമിതിയുണ്ടാകും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ എം  എബ്രഹാം സമിതിയുടെ ചെയർമാനും ഡോ. വി വേണു ചീഫ് എക്സിക്യൂട്ടീവുമായിരിക്കും. മുഖ്യമന്ത്രിയുടെ സെക്രട്ടറി അംഗമാണ‌്.

സെക്രട്ടറിയറ്റ് സംവിധാനം
പ്രൊഫഷണലുകൾ ഉൾപ്പെടുന്ന സെക്രട്ടറിയറ്റ് സംവിധാനവും പുനർനിർമാണ പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിക്കും. ഏറ്റെടുക്കുന്ന പുനർനിർമാണ പദ്ധതികളുടെ നിർവഹണത്തിനും മേൽനോട്ടത്തിനും വകുപ്പുതലത്തിലും ജില്ലാതല സമിതികൾ രൂപീകരിച്ചുമുള്ള ക്രമീകരണവും ഉണ്ടാകും. പദ്ധതി നിർവഹണത്തിനായുള്ള സാമഗ്രികളുടെയും സേവനങ്ങളുടെയും ശേഖരണവും വലിയ ഉത്തരവാദിത്തമാണ്. വൈദഗ്ധ്യമുള്ള ഏജൻസിയെ ഇക്കാര്യം ഏൽപ്പിക്കും.

ഓഡിറ്റിങ‌്
പദ്ധതി നിർവഹണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിങ‌് ഏജൻസികളുടെ വിശ്വാസം ഉയർത്തുന്നതിനും പതിവ‌് സിഎജി ഓഡിറ്റിങ്ങിന‌് പുറമെ  സ്വതന്ത്ര ഏജൻസിയെക്കൊണ്ട‌് തേർഡ് പാർടി ഓഡിറ്റിങ്ങും നടത്തും.
വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ, ദീർഘകാല നിലനിൽപ്പ്, ദുരന്തങ്ങളിൽ തകരാതെ നിൽക്കുന്നതിനുളള ശേഷി, നീതിപൂർവകമായ പുനരധിവാസം എന്നിവ കേരള പുനർനിർമാണ പദ്ധതിയുടെ അടിസ്ഥാന സമീപനങ്ങളായിരിക്കുമെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കി. 
 


പ്രധാന വാർത്തകൾ
Top