Top
26
Wednesday, July 2017
About UsE-Paper

ഈ ശില്‍പ്പത്തിന് ദൈവിക ഗുണങ്ങളില്ല, പ്രാര്‍ത്ഥനക്കാരുടെ ശല്യം, വിശദീകരണവുമായി എസ്എടി ആശുപത്രി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം എസ്എടി ആശുപത്രിയിയുടെ മുന്‍ഭാഗത്തെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ

തിരുവനന്തപുരം >  തിരുവനന്തപുരം എസ്എടി ആശുപത്രിയിയുടെ മുന്‍ഭാഗത്തെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ആശുപത്രി അധികൃതര്‍ക്ക് തലവേദനയാകുന്നു. തികച്ചും ഒരു കോണ്‍ക്രീറ്റ് ശില്‍പ്പമായ പ്രതിമയ്ക്ക് മുന്നില്‍ ദിവസേന പ്രാര്‍ഥനയും പൂജയും പതിവായതാണ് ആശുപത്രി അധികൃതര്‍ക്ക് വിനയായത്.

പ്രതിമയ്ക്ക് മുമ്പില്‍ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതും നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും വര്‍ധിച്ചതോടെയാണ് ഇത് വെറുമൊരു പ്രതിമ മാത്രമാണെന്ന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ തന്നെ രംഗതെത്തി.  മെഡിക്കല്‍ കോളേജിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ ശില്‍പി ആര്യനാട് രാജേന്ദ്രനാണ് പ്രതിമ ആശുപത്രിക്കുള്ളലില്‍ പണിതത്. ആശുപത്രിയുടെ സൌന്ദര്യവത്ക്കരണ പ്രവര്‍ത്തിയോടനുബന്ധിച്ച് മാത്രമായിരുന്നു പ്രതിമ നിര്‍മ്മാണം.

  മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശരീര ഭാഗങ്ങള്‍ വരച്ച് കൊടുക്കുന്ന ആര്‍ട്ടിസ്റ്റിക് മോഡുലര്‍ ആയിരുന്നു രാജേന്ദ്രന്‍. അമ്മയും കുഞ്ഞും പ്രതിമയുള്‍പ്പെടെ പതിനഞ്ചോളം പഠന വിഷയമല്ലാത്ത ശില്‍പങ്ങളാണ് മെഡിക്കല്‍ കോളേജ് ക്യാമ്പസിലും മ്യൂസിയത്തിലുമായി അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ളത്. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയായതിനാലാണ് അമ്മയും കുഞ്ഞും പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 1990 ലാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്.  7 മാസം കൊണ്ട്  പൂത്തിയാക്കി.  1990 നവംബര്‍ 14 ശിശുദിനത്തിലാണ് പ്രതിമ അനാഛാദനം ചെയ്തത്. 25,000 രൂപയായിരുന്നു നിര്‍മ്മാണ ചെലവ്.  1992ല്‍ എസ്.ബി.ടി.യുടെ സഹകരണത്തോടെ അമ്മയും കുഞ്ഞും ശില്‍പത്തിന് ചുറ്റും ലാന്‍ഡ് സ്ക്യാപ്പ് ചെയ്ത് ഇരുമ്പുവേലി കെട്ടി വേര്‍തിരിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ശില്‍പത്തിന് മെഡിക്കല്‍ കോളേജിലെ പലരുടേയും ഛായയുണ്ടെന്നും ദൈവിക ശക്തിയുണ്ടെന്നുമുള്ള പ്രചാരണം ഉണ്ടാകുകയായിരുന്നു.  എന്നാല്‍് ഇതൊരു മനോഹരമായ വെറും ശില്‍പം മാത്രമാണ്. ഇതിന് ഒരു ദൈവിക പരിവേഷവുമില്ലെന്ന് ശില്‍പി രാജേന്ദ്രനും സാക്ഷ്യപ്പെടുത്തുന്നു. പ്രചാരണം വ്യാപകമായതോടെ പ്രതിമയ്ക്ക് ദൈവിക പരിവേഷമില്ലെന്നും ഈ പ്രതിമയ്ക്ക് മുമ്പില്‍ മെഴുകുതിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതിനേയും ആളുകള്‍ കൂടി തിരക്കുണ്ടാക്കുന്നതിനേയും കര്‍ശനമായി നിരോധിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ പത്രകുറിപ്പ് പുറപ്പെടുവിക്കുകയായിരുന്നു.

Related News

കൂടുതൽ വാർത്തകൾ »