Top
24
Friday, November 2017
About UsE-Paper

വീടും സ്ഥലവും കോണ്‍ഗ്രസിന് നല്‍കിയ വൃദ്ധന് ദുരിതജീവിതം

Monday Jul 17, 2017
പി ദിനേശന്‍
രാമചന്ദ്രന്‍ താമസസ്ഥലത്തിനുമുന്നില്‍

തലശേരി > കോണ്‍ഗ്രസിന് വീടും സ്ഥലവും ഒസ്യത്തായി നല്‍കിയ വയോധികനെ ആപത്തുകാലത്ത് സഹായിക്കാന്‍ വിശ്വസിച്ച പാര്‍ടിപോലുമില്ല. അപകടത്തില്‍ പരിക്കേറ്റ കാലുമായി ഊന്നുവടിയുടെ സഹായത്തോടെ ജീവിക്കുന്ന കൊളശേരി കച്ചേരിപ്പറമ്പത്ത് കുന്നോത്ത് രാമചന്ദ്രനാണ്(77) ടാര്‍പോളിന്‍ഷീറ്റിനുള്ളില്‍ ദുരിത ജീവിതം നയിക്കുന്നത്. കൊളശേരി-ചോനാടം റോഡിലെ കാടുപിടിച്ച സ്ഥലത്താണ് ടാര്‍പോളിന്‍ഷെഡില്‍ ഈ പഴയകാല കോണ്‍ഗ്രസുകാരന്‍ അന്തിയുറങ്ങുന്നത്.

ഒസ്യത്ത്രേഖകളും സ്ഥലത്തിന്റെ അടിയാധാരവും കോണ്‍ഗ്രസുകാരില്‍നിന്ന് തിരികെ ലഭിക്കാന്‍ പൊലീസിന്റെ സഹായംതേടി കാത്തിരിക്കുകയാണിയാള്‍.
സ്വന്തം പേരിലുള്ള ഏഴേമുക്കാല്‍ സെന്റ് സ്ഥലവും വീടുമാണ് കോണ്‍ഗ്രസിന് ഒസ്യത്ത് നല്‍കിയത്. 2013 നവംബറില്‍ തലശേരി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ കതിരൂര്‍ രജിസ്ട്രാര്‍ ഓഫീസിലാണ് ഒസ്യത്ത് രജിസ്റ്റര്‍ ചെയ്തത്. കൊളശേരി ബൂത്ത്കമ്മിറ്റി സെക്രട്ടറിമാരായ കെ സുരേഷ്ബാബുവും കെ കെ ശിവദാസനുമാണ് ഇതിനാവശ്യമായ സഹായം നല്‍കിയത്. ഒസ്യത്ത് തയ്യാറാക്കുമ്പോഴുണ്ടായിരുന്ന വീട് തകര്‍ന്നു. കല്ലും അവശിഷ്ടങ്ങളുമാണ്  ബാക്കിയുള്ളത്. തകര്‍ന്ന വീടിന് മുന്നിലാണ് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ്.

തലശേരി ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് രാമചന്ദ്രന്റെ ജീവിതം. രാവിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ രാത്രി വൈകിയെത്തി ഷെഡില്‍ അന്തിയുറങ്ങും. ദൈന്യത നിറഞ്ഞ സാഹചര്യത്തിലാണ് കഴിയുന്നതെന്നറിഞ്ഞിട്ടും ആരും സഹായത്തിനെത്തുന്നില്ലെന്നതാണ് ഇയാളുടെ വേദന. തലശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍വച്ച് ബസ് തട്ടി കാലിന്റെ എല്ലുപൊട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായപ്പോഴും കോണ്‍ഗ്രസുകാര്‍ തിരിഞ്ഞുനോക്കിയില്ല.

ഒസ്യത്ത് തയ്യാറാക്കുന്നതിനായി നല്‍കിയ സ്ഥലത്തിന്റെ അടിയാധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ തിരികെ കിട്ടിയില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് രാമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒസ്യത്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബൂത്ത്സെക്രട്ടറിമാരെയാണ് രജിസ്റ്റര്‍ ചെയ്ത രേഖ കൈപ്പറ്റാന്‍ ചുമതലപ്പെടുത്തിയത്. ഇപ്പോഴത്തെ തലശേരി ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ ബന്ധപ്പെട്ട് രേഖകളും മറ്റും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒസ്യത്ത് സംബന്ധിച്ച ഒരു രേഖയും ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതായും പരാതിയില്‍ പരാമര്‍ശിക്കുന്ന രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും തലശേരി എസ്ഐ എം അനില്‍കുമാര്‍ അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »