20 June Wednesday

സഹകരണ തട്ടിപ്പിന്റെ വിശ്വരൂപം

എം സുരേന്ദ്രന്‍Updated: Friday Feb 17, 2017

"ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കു വേണ്ടി''
ലോകമെങ്ങും സഹകരണപ്രസ്ഥാനം നെഞ്ചേറ്റിയ മുദ്രാവാക്യം ആണിത്. സഹകരണപ്രസ്ഥാനത്തിന്റെ നാള്‍വഴിയില്‍ ഈ കൊച്ചുകേരളം വഹിക്കുന്ന പങ്ക് വിലോഭനീയവും ഏതു നാട്ടിലും അനുകരണീയവുമാണ്. കറന്‍സിനോട്ട് നിരോധനവേളയില്‍ കേന്ദ്രസര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളോടു കാട്ടിയ അവഗണനയ്ക്കെതിരെ കേരളത്തില്‍ ജ്വലിച്ചുയര്‍ന്ന
പ്രതിഷേധജ്വാല ഈ സ്ഥാനമഹിമയ്ക്ക് അടിവരയിടുന്നതായി... എന്നാല്‍ ഇതിനു കളങ്കം ചാര്‍ത്തുന്ന നിലയില്‍ ആലപ്പുഴ ജില്ലയിലെ ഏതാനും സഹകരണ സ്ഥാപനങ്ങളില്‍ കൊടിയ അഴിമതി നടമാടുന്നു. അഴിമതിയും വെട്ടിപ്പും പണാപഹരണവും നമ്മുടെ പുകള്‍പെറ്റ സഹകരണപ്രസ്ഥാനത്തിന്റെ ഖ്യാതിക്കും അന്തസിനും മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. അഴിമതിയില്‍ ലോകറെക്കോഡുള്ള കോണ്‍ഗ്രസ് നയിക്കുന്ന സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടമാടുന്നത് എന്നത് ശ്രദ്ധേയം...  ഈ അഴിമതിയുടെ ഉള്ളറകളിലേക്കു വെളിച്ചംവീശി 'ദേശാഭിമാനി'യുടെ അന്വേഷണപരമ്പര ഇന്നുമുതല്‍.

തയ്യാറാക്കിയത് ആലപ്പുഴ ബ്യൂറോ ചീഫ് എം സുരേന്ദ്രന്‍ 

"മേല്‍ സാഹചര്യത്തില്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ കമ്പ്യൂട്ടറിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ക്രമക്കേട് നടത്തി ബാങ്കിന്റെ പണം അപഹരിച്ച ശ്രീമതി ജ്യോതി മധു, ശ്രീമതി ബിന്ദു ജി നായര്‍, ശ്രീമതി കുട്ടിസീമശിവം എന്നിവര്‍ക്കെതിരെയും ഇതിനു കാരണക്കാരായ സംഘം ഭരണസമിതിക്കെതിരെയും സംഘം സെക്രട്ടറിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നു അങ്ങയോട് അപേക്ഷിക്കുന്നു...''
ആലപ്പുഴ സഹകരണ ജോയ്ന്റ് രജിസ്ട്രാര്‍ (ജനറല്‍) എം എസ് സുധാദേവി ആലപ്പുഴ ജില്ലാ പൊലീസ് ചീഫ് വി എം റഫീഖിനു ജനുവരി 19നു നല്‍കിയ പരാതിയുടെ അവസാനഭാഗമാണ് മേലുദ്ധരിച്ച വരികള്‍.

വിഷയം: മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന സാമ്പത്തികവെട്ടിപ്പും തിരിമറിയും. ഇതുസംബന്ധിച്ച് സഹകരണവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ പിന്‍ബലത്തില്‍ കുറ്റക്കാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് പരാതിയുടെ രത്നച്ചുരുക്കം.
ഈ സാഹചര്യം എങ്ങനെ ഉണ്ടായി? മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന അഴിമതി എന്തൊക്കെ? ആരാണ് ഈ അഴിമതിക്ക് ഉത്തരവാദികള്‍? അവര്‍ നിയമത്തിന്റെ പിടിയില്‍ അകപ്പെടുമോ? ചോദ്യങ്ങള്‍ ഇനിയും നീളും.

സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഭിമാനസ്തംഭങ്ങളായ ഒരുപിടി സ്ഥാപനങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ അവ നടപ്പാക്കുന്ന ഏതെങ്കിലും ജനകീയപദ്ധതിയുടെ പേരിലല്ല ഈ ചര്‍ച്ച. മറിച്ച് ആ സ്ഥാപനങ്ങളില്‍ നടന്ന വന്‍ വെട്ടിപ്പും സാമ്പത്തികാപഹരണവും ആണ് ചര്‍ച്ചയുടെ കാതല്‍.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ സ്ഥാപനങ്ങളൊക്കെ ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതികളാണ് എന്നതാണ്. അഴിമതിയില്‍ ലോകത്തുതന്നെ ഇന്ത്യയെ മുന്നിലെത്തിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ!

മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ക്ളിപ്തം നമ്പര്‍ എ 707, പട്ടണക്കാട് സര്‍വീസ് സഹകരണബാങ്ക് ക്ളിപ്തം നമ്പര്‍ 1144, ചേര്‍ത്തല ശ്രീകണ്ഠമംഗലം സര്‍വീസ് സഹകരണബാങ്ക് ക്ളിപ്തം നമ്പര്‍ 974, കണിച്ചുകുളങ്ങര സര്‍വീസ് സഹകരണബാങ്ക് ക്ളിപ്തം നമ്പര്‍ 1179, കാര്‍ത്തികപ്പള്ളി താലൂക്കിലെ രാമപുരം വടക്ക് ഐശ്വര്യപ്രദായിനി സര്‍വീസ് സഹകരണബാങ്ക് ക്ളിപ്തം നമ്പര്‍ 1493, ചേര്‍ത്തല വാരനാട് യുണൈറ്റഡ് സ്പിരിറ്റ്സ് ആന്‍ഡ് യുബി എംപ്ളോയീസ് സഹകരണസംഘം ക്ളിപ്തം നമ്പര്‍ എ 778...

കോണ്‍ഗ്രസ് ഭരണസമിതികള്‍ നയിക്കുന്ന, അഴിമതി മാറാവ്യാധിയായി തുടരുന്ന ഏതാനും സ്ഥാപനങ്ങളുടെ പേരാണിത്. ഇവിടങ്ങളില്‍ നടന്ന അഴിമതിയുടെ വ്യാപ്തി ആരെയും ഞെട്ടിപ്പിക്കും. ഇതിനകം നടന്ന പരിശോധനയിലും അന്വേഷണത്തിലും 65 കോടി രൂപയുടെ അഴിമതി കണ്ടെത്തി. പല സ്ഥാപനങ്ങളിലും പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടേ ഉള്ളൂ. വിശദമായ അന്വേഷണം പുറകേ നടക്കും. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആഴവുംപരപ്പും അപ്പോഴേ അറിയാനാകൂ. എന്നാല്‍ ഒരു കാര്യം ഇപ്പോഴേ ഉറപ്പിക്കാം:
അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉളുപ്പേതുമില്ലാതെ നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാര്‍ക്കു കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവരായി കോണ്‍ഗ്രസ് നേതൃത്വം മാറിയിരിക്കുന്നു. അഴിമതി ഇല്ലാതാക്കുന്നതിനല്ല, വര്‍ധിപ്പിക്കാനേ ഈ നിസംഗനിലപാട് ഉപകരിക്കൂ.

തിരുവിതാംകൂറിലെ പ്രമുഖന്‍ 28 കോടിയുടെ വെട്ടിപ്പ്
1924 ഏപ്രില്‍ 22ന് രജിസ്റ്റര്‍ ചെയ്ത് 1924 മെയ് 11ന് പ്രവര്‍ത്തനം ആരംഭിച്ച മാവേലിക്കര താലൂക്ക് സഹകരണബാങ്ക്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് മാവേലിക്കരയിലെ ധനാഢ്യന്‍മാര്‍ ആരംഭിച്ച ബാങ്കിന് ഹെഡ് ഓഫീസും ഒമ്പതു ശാഖകളുമുണ്ട്. മാവേലിക്കര പുളിമൂട് ജങ്ഷനിലാണ് ഹെഡ് ഓഫീസ്. ശാഖകള്‍: തഴക്കര, വെട്ടിയാര്‍, പുന്നമൂട്, ചുനക്കര, ചൂനാട്, തട്ടാരമ്പലം, ചെട്ടികുളങ്ങര, ഓലകെട്ടിയമ്പലം, പുളിമൂട് ജങ്ഷനിലെ പ്രഭാത സായാഹ്ന ശാഖ.

മുപ്പത്തിയഞ്ചു വര്‍ഷത്തിലേറെയായി കോട്ടപ്പുറത്ത് വി പ്രഭാകരന്‍ പിള്ളയാണ് ബാങ്ക് ഭരണസമിതി പ്രസിഡന്റ്. പത്തുവര്‍ഷം മുമ്പുവരെ കെപിസിസി അംഗവും ഡിസിസി അംഗവുമായിരുന്നു. മാവേലിക്കര നഗരസഭയില്‍ ദീര്‍ഘകാലം ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നിലവില്‍ ആലപ്പുഴ ജില്ലാ സഹകരണബാങ്ക് ഭരണസമിതി അംഗമായും പ്രവര്‍ത്തിക്കുന്നു.
പ്രഭാകരന്‍പിള്ളയുള്‍പ്പടെ പത്തംഗങ്ങളാണ് താലൂക്ക് ബാങ്ക് ഭരണസമിതിയില്‍ ഉള്ളത്. ഇവരില്‍ ഇടതുപക്ഷാംഗമായ പി കെ മഹേന്ദ്രന്‍ ക്രമക്കേട് പുറത്തു വന്നതിനെ തുടര്‍ന്ന് അംഗത്വം രാജിവച്ചു. മോഹനന്‍, കുഞ്ഞുമോള്‍ രാജു, കല്ലുമല രാജന്‍, കുര്യന്‍ പള്ളത്ത്, സുജാ ജോഷ്വാ, അംബികാ സുനില്‍, പൊന്നപ്പന്‍ ചെട്ടിയാര്‍, അഭിലാഷ് തൂമ്പിനാത്ത് എന്നിവരാണ് മറ്റു അംഗങ്ങള്‍. 

തഴക്കര ശാഖയില്‍ നടന്നത് 28.23 കോടിയുടെ വെട്ടിപ്പ്. ഇത് ഒന്നരമാസത്തോളമായി ജില്ലയില്‍ ചര്‍ച്ചച്ചെയ്യുന്നു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കെപിസിസി പ്രസിഡന്റ് വി എം സുധീരനു അയച്ചുകൊടുത്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുധീരന്റെ ഒരു പത്രക്കുറിപ്പ് പുറത്തിറങ്ങി. ഉള്ളടക്കം ഇങ്ങനെ:

മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ അഴിമതിയുടെയും തട്ടിപ്പിന്റെയും വെളിച്ചത്തില്‍ ഭരണസമിതി പ്രസിഡന്റ് കോട്ടപ്പുറം പ്രഭാകരന്‍പിള്ളയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്യുന്നു...
തൊട്ടുപിന്നാലെ കോട്ടപ്പുറം പ്രഭാകരന്‍പിള്ളയുടെ പ്രതികരണം:
"ഞാന്‍ കോണ്‍ഗ്രസില്‍ ഇല്ല. പിന്നെയെങ്ങനെ നടപടിയെടുക്കും?''

തട്ടിപ്പിനു നൂതനമാര്‍ഗം
നിക്ഷേപം, വായ്പ, എംഡിഎസ് (മന്‍ത് ലി ഡപ്പോസിറ്റ് സ്കീം) എന്നിവയിലാണ് തഴക്കര ശാഖയില്‍ വന്‍വെട്ടിപ്പു നടന്നത്. ഇതിനായി കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ കൃത്രിമം കാട്ടി. തഴക്കരയിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഈ കൃത്രിമം നടന്നത്. 'അദര്‍ ഡാറ്റബേസ് കണക്ടിവിറ്റി ഡ്രൈവേഴ്സ്' ഉപയോഗിച്ചാണ് ഏറെനാളായി തട്ടിപ്പു തുടര്‍ന്നത്.
തട്ടിപ്പ് കണ്ടുപിടിക്കാന്‍ സഹകരണ ഓഡിറ്റര്‍മാര്‍ക്കും കഴിഞ്ഞില്ല. ഭരണസമിതിയിലെ ഉന്നതര്‍ സ്വാധീനിക്കുന്നതിനാല്‍ 'പാവങ്ങളായ' ഓഡിറ്റര്‍മാരെയാണ് മാവേലിക്കര താലൂക്ക് സഹകരണബാങ്കിലേക്ക് അയയ്ക്കാറുള്ളു. ഇതാണ് തട്ടിപ്പു കണ്ടെത്താന്‍ വൈകിയതിനുള്ള ന്യായം.

ഒടുവില്‍ തട്ടിപ്പു പുറത്തുവന്നപ്പോള്‍ അന്വേഷണത്തിനു സത്വരനടപടിയായി. 1969 ലെ കേരള സഹകരണസംഘം നിയമം 65-ാം വകുപ്പു പ്രകാരം കാര്‍ത്തികപ്പള്ളി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വാല്യുവേഷന്‍ ഓഫീസര്‍ കെ രാജുവിനെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സഹകരണ ജോയ്ന്റ് രജിസ്ട്രാര്‍ക്കു കൈമാറി. തുടര്‍ന്നാണ് ജില്ലാ പൊലീസ് ചീഫിനു ജെ ആര്‍ എം എസ് സുധാദേവി അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 

ഇതിനുമുമ്പുതന്നെ തഴക്കര ശാഖ മാനേജള്‍ ജ്യോതി മധു, ജീവനക്കാരായ ബിന്ദു ജി നായര്‍, കുട്ടിസീമശിവം എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഭരണസമിതിക്കു പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിനെതിരെയും നടപടിക്കു ശുപാര്‍ശയുണ്ട്. അതേസമയം, ഭരണസമതിയുടെ ഉന്നതര്‍ അറിയാതെ ഇത്തരം തട്ടിപ്പു നടക്കില്ലെന്നു വ്യക്തം. അഴിമതിയുടെ കറ പുരണ്ടവരുടെ കാര്യങ്ങള്‍ പുറത്തുവരുന്നതോടെ ഇതിന്റെ ചിത്രം തെളിയും.

രണ്ടു ലക്ഷം തരൂ...വാര്‍ത്ത മാറ്റിവയ്ക്കാം...!
തഴക്കര ശാഖയിലെ തട്ടിപ്പു സംബന്ധിച്ച വാര്‍ത്ത നല്‍കാതിരിക്കാന്‍ ഒരു പ്രമുഖപത്രത്തിന്റെ ജില്ലാ ലേഖകന്‍ രണ്ടു ലക്ഷംരൂപ കോഴ ആവശ്യപ്പെട്ട വിവരവും ഇതിനിടെ പുറത്തുവന്നു. സസ്പെന്‍ഷനിലായ ജ്യോതിമധു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയാണ് ഇക്കാര്യം പുറത്തുവിട്ടത്. തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയ്ക്കു മുന്നിലാണ് ലേഖകന്‍ വിനയാന്വിതനായത്!

(തുടരും)

 

പ്രധാന വാർത്തകൾ
Top