Top
29
Saturday, April 2017
About UsE-Paper

നാട്ടുമാവിന്‍ തേന്‍മധുരം മാഞ്ഞുപോകയോ...

Sunday Apr 16, 2017
ലെനി ജോസഫ്
ആലപ്പുഴ ബോട്ട്ജെട്ടി റോഡില്‍ നില്‍ക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നാട്ടുമാവ്

ആലപ്പുഴ> 'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്', 'അണ്ടിയോടടുക്കുമ്പോഴറിയാം മാങ്ങയുടെ പുളി' തുടങ്ങിയ പഴഞ്ചൊല്ലുകള്‍ നമ്മുടെ കാര്‍ഷിക സംസ്കൃതിയുമായി അലിഞ്ഞുചേര്‍ന്ന നാട്ടുമാവിന്റെ തിരുശേഷിപ്പുകള്‍ മാത്രമായി മാറുമോ? തലമുറകളായി മുറ്റത്തു തണല്‍വിരിച്ചുനിന്ന നാട്ടുമാവുകള്‍ നഗരവല്‍ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ മധുരവും പുളിപ്പും കലര്‍ന്ന ഓര്‍മ മാത്രമായി മാറാന്‍ ഇനി എത്രനാള്‍?

മാവിലകൊണ്ട് പല്ലുതേച്ച് ദിനമാരംഭിച്ചിരുന്ന നമ്മുടെ നാടിന്റെ ഭക്ഷ്യസുരക്ഷയില്‍ നാട്ടുമാവുകള്‍ വലിയ പങ്കുവഹിച്ചിരുന്നു. മാമ്പഴപ്പുളിശേരി മുതല്‍ ഉപ്പുമാങ്ങയും കടുമാങ്ങയും മാങ്ങാച്ചമ്മന്തിയും മാങ്ങാ സംഭാരവും വരെ ഒരുകാലത്ത് വീടുകളിലെ സ്ഥിരം വിഭവങ്ങളായിരുന്നു.  മാങ്ങാ സമൃദ്ധമായ മൂന്നുമാസം കഴിഞ്ഞും,സംസ്കരിച്ചു സൂക്ഷിക്കുന്ന മാങ്ങ മലയാളിയുടെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ സംഭാവന ചെയ്തു. കെട്ടുമാങ്ങയും മാമ്പഴച്ചാറ് ഉണക്കിയുണ്ടാക്കുന്ന മാമ്പഴക്കൊണ്ടാട്ടവും മാങ്ങാണ്ടിയുടെ പരിപ്പ് പൊടിച്ചുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയുമൊക്കെ വര്‍ഷം മുഴുവന്‍ നീളുന്ന വിഭവങ്ങളായിരുന്നു. 

നെല്ലു കിട്ടാതിരുന്ന ക്ഷാമകാലത്ത് നാടിന്റെ ഭക്ഷ്യസുരക്ഷയെ കരുതിത്തന്നെയാണ് ശക്തന്‍ തമ്പുരാന്‍ എം സി റോഡിന് ഇരുവശവും നാട്ടുമാവുകള്‍ വച്ചുപിടിപ്പിച്ചത്. റോഡ് വികസനം വന്നപ്പോള്‍ അവയെല്ലാം നാമാവശേഷമായി. വീടുകള്‍ ചെറിയ തുണ്ടം ഭൂമികളിലായി മാറിയപ്പോള്‍ അവിടെ നാട്ടുമാവിനു വളരാന്‍ സ്ഥലമില്ലാതായി. പകരം ഒട്ടുമാവുകള്‍ സ്ഥാനം പിടിച്ചു. മലയാളിയുടെ ആചാരം ഒരാള്‍ മരിച്ചാല്‍ ഓരോ വീടിന്റെയും തെക്കുവശത്തു നില്‍ക്കുന്ന മാവിന്റെ ഗതി 'കട്ടപ്പൊക'യാക്കി. എണ്ണമയം കുറവുള്ളതുകൊണ്ട് വാര്‍ക്കപ്പണിയ്ക്ക് മാമ്പലകകള്‍ കൂടുതല്‍ ഉപയോഗിച്ചതും മാവുകളുടെ നാശത്തിന് കാരണമായി.

നാട്ടുമാവുകള്‍ 150 മുതല്‍ 300 വര്‍ഷംവരെ വളരുമ്പോള്‍ 35 വര്‍ഷംമാത്രമാണ് ഒട്ടുമാവുകളുടെ ആയുസ്. നിത്യഹരിതവനം സൃഷ്ടിക്കുന്ന നാട്ടുമാവില്‍നിന്ന് ഒട്ടേറെ തൈകള്‍ ഉണ്ടാകും. വളരെക്കുറച്ച് വെള്ളവും വളരെക്കൂടുതല്‍ കാര്‍ബണും വലിച്ചെടുക്കുന്ന നാട്ടുമാവുകള്‍ ഇല്ലാതായത് ഉഷ്ണമേഖലയോടടുത്തുള്ള നമ്മുടെ നാടിന്റെ പരിസ്ഥിതിക്ക് വലിയ ആഘാതമായി. നാനാതരം പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്കും ഇത് പരിക്കേല്‍പ്പിച്ചു. നിബിഡവനങ്ങള്‍ വെട്ടി, വെള്ളമേറെ വലിച്ചെടുക്കുന്ന വിദേശവൃക്ഷങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും വയ്ക്കുന്നതിനു പകരം  നാട്ടുമാവുകള്‍ വ്യാപകമാക്കുന്നതിലൂടെ നമ്മുടെ പരിസ്ഥിതി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. 

ഇന്ത്യയില്‍ 30,000 ഇനം നാട്ടുമാവുകള്‍ ഉള്ളതില്‍ കേരളത്തില്‍ 44 ഇനം മാത്രമേ അവശേഷിക്കുന്നുള്ളൂ. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, പ്രിയൂര്‍, മയില്‍പ്പീലിയന്‍, കപ്പമാങ്ങ, ബഹുഭ്രൂണി, ഒളോര്‍, കോട്ടുകോണം, വരിക്കമാവ്, അല്‍ഫോന്‍സ, കുറ്റ്യാട്ടൂര്‍ തുടങ്ങിയവയാണ് പ്രധാന നാട്ടുമാവ് ഇനങ്ങള്‍.

വന്‍കിടകമ്പനികള്‍ അച്ചാര്‍, മാങ്ങാ പള്‍പ്പ് തുടങ്ങിയവയുണ്ടാക്കാന്‍ തോട്ടങ്ങള്‍ ലേലത്തില്‍ പിടിക്കുന്നതിനാല്‍ നാട്ടുമാങ്ങകൊണ്ടുള്ള വിഭവങ്ങളുടെ വൈവിധ്യം നഷ്ടപ്പെടുകയാണ്.  ഇത് തിരിച്ചുപിടിയ്ക്കാനും തൊഴിലവസരങ്ങള്‍ വിപുലമാക്കാനും കുടുംബശ്രീയ്ക്കും സ്വയംസഹായസംഘങ്ങള്‍ക്കും വലിയ പങ്കുവഹിക്കാന്‍ കഴിയും. ചക്കയുടെ വ്യാപനത്തിന് സര്‍ക്കാര്‍ കാട്ടുന്ന ശ്രദ്ധ നാട്ടുമാങ്ങയുടെ കാര്യത്തിലും ഉണ്ടാകേണ്ടതുണ്ടെന്ന് വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി കെ ബിനു പറഞ്ഞു.  സ്വാതന്ത്യ്രത്തിന്റെ 50 ാം വാര്‍ഷികത്തില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലക്കാടും തൃശൂരും നാട്ടുമാവുകള്‍ക്കുവേണ്ടി പാര്‍ക്ക് സ്ഥാപിച്ചിരുന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടുമാവ് പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണമെന്നാണ് പരിസ്ഥിതി സ്നേഹികളുടെ ആവശ്യം.