22 May Tuesday

ആരോഗ്യകരമായ ജീവിതശൈലി ആരോഗ്യമുള്ള വൃക്കകള്‍

ഡോ. ശ്രീജേഷ്Updated: Thursday Mar 16, 2017

കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ലോകം വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചു. ലോക വൃക്കദിനം വൃക്കകളെക്കുറിച്ച് നമ്മെ ഓര്‍മപ്പെടുത്താനുള്ള ദിനമാണ്. വൃക്കകള്‍ക്ക് നമ്മുടെ ശരീരത്തിലുള്ള പ്രാധാന്യത്തെയും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നതിനുള്ള അവസരമാണിത്.

2006ലാണ് ലോകം ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്. അതിനുശേഷം ഓരോ വര്‍ഷവും ഓരോ പ്രസക്തമായ സന്ദേശങ്ങള്‍ അവതരിപ്പിച്ച് ലോക വൃക്കദിനം മാര്‍ച്ച് രണ്ടാമത്തെ വ്യാഴാഴ്ചതോറും നാം ആചരിക്കുന്നു.

2017ലെ വൃക്കദിന സന്ദേശം; അമിതവണ്ണവും വൃക്കരോഗങ്ങളും- ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ആരോഗ്യമുള്ള വൃക്കകള്‍ എന്നതാണ്.

2014ലെ കണക്കുപ്രകാരം ലോകത്തില്‍ 60 കോടി ആളുകള്‍ അമിതവണ്ണം ഉള്ളവരാണ്. അമിതവണ്ണം ഉള്ളവര്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്നതാണ് കണക്ക്. നമ്മുടെ രാജ്യത്ത് ഏകദേശം 30 ദശലക്ഷം അമിതവണ്ണമുള്ളവരുണ്ടെന്നാണ് കണക്ക്. അമിതവണ്ണം മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും ആരോഗ്യപ്രശ്നംതന്നെയാണ്. ഈയിടെ തിരുവനന്തപുരത്തെ സ്കൂളുകളില്‍ നടത്തിയ പഠനത്തില്‍ 3-4% കുട്ടികള്‍ അമിതവണ്ണമുള്ളവരും അവരില്‍ 38% കുട്ടികളില്‍ രക്തസമ്മര്‍ദം അധികമായിരിക്കുന്നതായും കണ്ടെത്തുകയുണ്ടായി.
ഒരാള്‍ക്ക് അമിതവണ്ണം ഉണ്ടെന്ന് നിശ്ചയിക്കുന്നത് അയാളുടെ ബോഡി മാസ് ഇന്‍ഡക്സ് (ആങക) കണക്കാക്കിയാണ്. ബിഎംഐ = ഭാരം (കി.ഗ്രാം)/ഉയരം2 (മീ.) എന്ന സൂത്രവാക്യം ഉപയോഗിച്ചാണ്.

ബിഎംഐ 25നു മുകളിലാകുമ്പോള്‍ അമിതവണ്ണം എന്നുവിളിക്കാം. ബിഎംഐ 30നു മുകളില്‍ ആവുമ്പോള്‍ അതിനെ പൊണ്ണത്തടിയെന്നും വിളിക്കാം.
അമിതവണ്ണം ജീവിതശൈലി രോഗമായതിനാല്‍തന്നെ മറ്റ് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയവ അമിതവണ്ണമുള്ളവരില്‍ അധികമായി കാണപ്പെടുന്നു. സ്ഥായിയായ വൃക്കരോഗങ്ങള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ പ്രമേഹവും രക്താതിസമ്മര്‍ദവും ആയതിനാല്‍ അമിതവണ്ണം ഉള്ളവരില്‍ സ്ഥായിയായ വൃക്കരോഗം കൂടുതലായി കാണപ്പെടുന്നു. അമിതവണ്ണം ഉള്ളവരില്‍ സ്ഥായിയായ വൃക്കരോഗം പെട്ടെന്ന് മോശമാകുന്നതായി കാണപ്പെടുന്നുണ്ട്. ഇതുകൂടാതെ സ്ഥായിയായ വൃക്കരോഗങ്ങള്‍ അമിതവണ്ണംകൊണ്ടു മാത്രം ഉടലെടുക്കാം (ഛയലശ്യെേ ൃലഹമലേറ ഴഹീാലൃൌഹീുമവ്യേ). മൂത്രത്തിലൂടെ അധികമായി പ്രോട്ടിന്‍ നഷ്ടപ്പെടുക, രക്തസമ്മര്‍ദം അധികമാകുക, തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം കുറയുക തുടങ്ങിയ അവസ്ഥകളിലൂടെയാകും ഈ അസുഖം കടന്നുപോകുന്നത്. അമിതവണ്ണം ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവു കൂട്ടാം. ഇതും വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം.

അമിതവണ്ണം മൂത്രത്തില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമാണ്. വൃക്കകളില്‍ അര്‍ബുദബാധയുണ്ടാകാനും അമിതവണ്ണം കാരണമാകുന്നു. ഇതുകൂടാതെ അമിതവണ്ണമുള്ളവരില്‍ ചുമയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ മൂത്രം അറിയാതെ പോവുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ ഇതിനു വിപരീതമായി ഡയാലിസിസിന് വിധേയരാകുന്ന രോഗികളില്‍ പോഷകാഹാരക്കുറവ് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം രോഗികള്‍ മാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്.

അമിതവണ്ണം കുറയ്ക്കാം
ഏറ്റവും നല്ല കാര്യം, അമിതവണ്ണം ഉണ്ടാകാതെ തടയാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കുമെന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് അമിതഭക്ഷണം ഒഴിവാക്കുകയെന്നതാണ്. ഇതുകൂടാതെ കൃത്യമായ വ്യായാമവും ആവശ്യമാണ്. ദിവസവും അരമണിക്കൂര്‍മുതല്‍ ഒരുമണിക്കൂര്‍വരെ വ്യായാമം ചെയ്യുന്നത് അമിതവണ്ണം അകറ്റിനിര്‍ത്തും. അമിതവണ്ണം നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ചെലവേറിയതാണ്. പ്രത്യേകിച്ചും പ്രമേഹ രോഗികളില്‍  ഇത്തരം മരുന്നുകള്‍ക്ക് പ്രിയമേറിവരുന്നുണ്ട്. ചുരുക്കം ആളുകളില്‍ ബേരിയാട്രിക് സര്‍ജറി; അമിതവണ്ണത്തിനും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

അമിതവണ്ണം നിയന്ത്രിക്കുന്നതിലൂടെ പ്രമേഹരോഗം, അധികരക്തസമ്മര്‍ദം, വൃക്കകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാന്‍ നമുക്ക് കഴിയും. അമിതവണ്ണം ഉള്ളവര്‍ അവരുടെ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ്, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍ അല്ലെങ്കില്‍ ആല്‍ബുമിന്‍ ക്രിയാറ്റിനിന്‍ റേഷ്യോ  തുടങ്ങിയ പരിശോധനകള്‍ നടത്തുന്നതും വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുന്നതും നന്നാകും.

അമിതവണ്ണം എന്ന അവസ്ഥയെ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും നമുക്ക് കീഴടക്കാം. അങ്ങനെ നമുക്ക് നമ്മുടെ ശരീരത്തെയും വിശിഷ്യാ, വൃക്കകളെയും ഫലപ്രദമായി സംരക്ഷിക്കാം.

 

പ്രധാന വാർത്തകൾ
Top