25 June Monday

വരുമോ കിമേറകളുടെ ലോകം

സീമ ശ്ര്രീലയംUpdated: Thursday Feb 16, 2017

സിംഹത്തിന്റെ തലയും ആടിന്റെ ശരീരവും വ്യാളിയുടെ വാലുമുള്ള ഒരു വിചിത്ര ഭീകരജീവിയുണ്ട് ഗ്രീക് പുരാണങ്ങളില്‍. കിമേറകളെക്കുറിച്ചു പറയുമ്പോള്‍ ഈ ജീവിയുടെ ചിത്രമാണ് പലരുടെയും മനസ്സിലെത്തുക. എന്താണീ കിമേറ എന്നാണോ സംശയം.? വ്യത്യസ്ത ജനിതക പാരമ്പര്യമള്ള ജീവികളില്‍നിന്നുള്ള ജീവവസ്തുക്കള്‍ അടങ്ങിയ ഒരൊറ്റ ജീവിയാണ് കിമേറ. വ്യത്യസ്ത ജീവികളുടെ ശരീരഭാഗങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാവുന്ന വിചിത്രരൂപങ്ങള്‍ ആകണമെന്നില്ല കിമേറകള്‍ എന്നു സാരം. ക്ളോണിങ്ങും ട്രാന്‍സ്ജെനിക് സാങ്കേതികവിദ്യയും ജീന്‍ എഡിറ്റിങ്ങുമൊക്കെ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞ ഇക്കാലത്ത് കിമേറകള്‍ എന്നത് ഒരു സയന്‍സ് ഫിക്ഷന്‍ അല്ല.

മനുഷ്യ-മൃഗ സങ്കരങ്ങളായ കിമേറകള്‍ പരീക്ഷണശാലയില്‍ പിറവിയെടുത്താല്‍ എങ്ങനെയിരിക്കും? മനുഷ്യകോശങ്ങളും മൃഗങ്ങളുടെ കോശങ്ങളും കൂട്ടിക്കലര്‍ത്തുന്ന വിഭ്രമാത്മക പരീക്ഷണങ്ങള്‍ പല ബയോ ടെക്നോളജി ലാബുകളിലും നടക്കുന്നുണ്ട്. ഇതാദ്യമായി മനുഷ്യന്റെയും പന്നിയുടെയും കോശങ്ങളടങ്ങുന്ന കിമേറ ഭ്രൂണത്തെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അവയവമാറ്റത്തിനുള്ള അവയവങ്ങള്‍ മറ്റു ജീവികള്‍ക്കുള്ളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കലിഫോര്‍ണിയയിലെ സാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസിലെ ജീന്‍ എക്സ്പ്രഷന്‍ ലബോറട്ടറിയില്‍ ജൂവാന്‍ കാര്‍ലോസ് ഇസ്പിസുവ ബെല്‍മോണ്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് അനന്തസാധ്യതകളും പ്രതീക്ഷകളും ആശങ്കകളുമൊക്കെ കൂട്ടിക്കുഴയുന്ന ഈ നേട്ടം കൈവരിച്ചത്. മനുഷ്യാവയവങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലേക്കുള്ള ആദ്യ ചുവടുമാത്രമാണിതെന്നും ഇനിയും ഒരുപാടുദൂരം മുന്നോട്ടുപോകാനുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ദശകങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കിപ്പുറവും പരീക്ഷണശാലയിലെ പെട്രിഡിഷില്‍ വിത്തുകോശങ്ങളില്‍നിന്നും അവയവങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ വെല്ലുവിളി ഏറെയുണ്ട്. വീടിന്റെ താക്കോലിന്റെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കി അതുമായി ചെന്നു വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്ന അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഇതുപോലുള്ള വെല്ലുവിളികളാണ് മനുഷ്യകോശങ്ങള്‍ മറ്റു ജീവികള്‍ക്കുള്ളില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. പന്നിയുടെയും പശുവിന്റെയും അവയവങ്ങളും മനുഷ്യാവയവങ്ങളും തമ്മില്‍ വലുപ്പത്തിലുള്ള സാമ്യംകൊണ്ടാണ് ഈ ജീവികളിലേക്ക് ഗവേഷകരുടെ ശ്രദ്ധതിരിഞ്ഞത്. എന്നാല്‍ പശുവിന്റെ ഭ്രൂണങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതും ചെലവേറിയതും ആയതുകൊണ്ട് പരീക്ഷണത്തിനായി പന്നികളെ തെരഞ്ഞെടുക്കുകയായിരുന്നു.

അവയവമാറ്റത്തിനുതകുന്ന പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ചില അവയവങ്ങള്‍ പന്നിയുടെ ശരീരത്തില്‍നിന്നു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണഘട്ടങ്ങള്‍ ഇപ്രകാരമായിരുന്നു. മനുഷ്യ വിത്തുകോശങ്ങള്‍ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലുള്ള പന്നിയുടെ ഭ്രൂണങ്ങളില്‍ (ബ്ളാസ്റ്റോസിസ്റ്റില്‍) സന്നിവേശിപ്പിച്ചു. മനുഷ്യന്റെ ഇന്‍ഡ്യൂസ്ഡ് പ്ളൂരിപോട്ടന്റ് സ്റ്റെം സെല്ലുകളാണ് ഇതിന് ഉപയോഗിച്ചത്. ബ്ളാസ്റ്റോസിസ്റ്റിന്റെ ബാഹ്യാവരണത്തില്‍ ലേസര്‍ ബീം കൊണ്ട് സൂക്ഷ്മ സുഷിരം ഉണ്ടാക്കിയശേഷം മനുഷ്യ വിത്തുകോശങ്ങള്‍ അതിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്തത്. അതിനുശേഷം ഇത് പെണ്‍പന്നികളുടെ ഗര്‍ഭപാത്രത്തിലേക്കു കടത്തി. 2000 സങ്കരഭ്രൂണങ്ങളാണ് ഈ രീതിയില്‍ സൃഷ്ടിച്ചത്. ഇതില്‍ 150 എണ്ണം കിമേറയായി വളര്‍ന്നു. പക്ഷേ ഇതില്‍ മനുഷ്യകോശങ്ങള്‍ പതിനായിരത്തിലൊന്ന് എന്ന തോതിലേ ഉണ്ടായിരുന്നുള്ളുവെന്ന് ഗവേഷകര്‍ പറയുന്നു. 28 ദിവസംവരെയാണ് ഭ്രൂണങ്ങള്‍ വളരാന്‍ അനുവദിച്ചത്. അതുകൊണ്ടുതന്നെ പൂര്‍ണവളര്‍ച്ചയെത്തിയ കിമേറകളെക്കുറിച്ചുള്ള ആശങ്കകള്‍ക്കോ ധാര്‍മികപ്രശ്നങ്ങള്‍ക്കോ ഇടമില്ലെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെ തലച്ചോറുള്ള ജീവികള്‍ ഈ രീതിയില്‍ വിദൂരഭാവിയില്‍ സൃഷ്ടിക്കപ്പെട്ടേക്കുമോ എന്ന ചോദ്യത്തിന് മറ്റു ജീവികളില്‍ മനുഷ്യമസ്തിഷ്കം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുന്നില്ലെന്നാണ് ഈ ഗവേഷകരുടെ ഉത്തരം. ജീന്‍ എഡിറ്റിങ്ങിലൂടെ ജീനുകളെ നിശബ്ദമാക്കിയും ഒഴിവാക്കിയുമൊക്കെ കിമേറകളുടെ മസ്തിഷ്കവികാസത്തില്‍ മനുഷ്യകോശങ്ങളുടെ പങ്കു തടയാന്‍കഴിയും എന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭ്രൂണത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ മനുഷ്യന്റെയും പന്നിയുടെയും കോശങ്ങള്‍ തമ്മില്‍ എങ്ങനെ  ഇടകലരുന്നു എന്നു മനസ്സിലാക്കാനുള്ള ശ്രമംകൂടിയാണിത്. ഭാവിയില്‍ ഓരോ രോഗിക്കും ജനിതകപരമായി യോജിക്കുന്ന അവയവങ്ങള്‍തന്നെ ലഭ്യമാക്കാന്‍ ഈ പരീക്ഷണം സഹായിച്ചേക്കും. കൂടുതല്‍ സുരക്ഷിതമായും ഫലപ്രദമായും മരുന്നുകള്‍ പരീക്ഷിക്കാനും കഴിയും. ഒപ്പം മനുഷ്യഭ്രൂണ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലേക്ക് കുറേക്കൂടി വെളിച്ചംവീശാനും സാധിക്കും. മനുഷ്യകോശങ്ങളും കലകളും അവയവങ്ങളും പരീക്ഷണശാലയില്‍ മറ്റു ജീവികളില്‍നിന്നു കൊയ്തെടുക്കാവുന്ന കാലം റീജനറേറ്റീവ് മെഡിസിനില്‍ ഒരു പുതുയുഗപ്പിറവിക്കുതന്നെ വഴിയൊരുക്കും.

പ്രതീക്ഷകള്‍; ആശങ്കകള്‍
പ്രകൃതിനിയമങ്ങളെതന്നെ വെല്ലുവിളിക്കുന്ന കിമേറകളുടെ സൃഷ്ടി ഉയര്‍ത്തുന്ന ധാര്‍മിക-നൈതിക പ്രശ്നങ്ങള്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിക്കഴിഞ്ഞു. രണ്ടു മൃഗങ്ങളുടെ സങ്കരമായ കിമേറ മനുഷ്യ-മൃഗ സങ്കരമായ കീമേറ എന്നിവയുടെ ആവിര്‍ഭാവം പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍തന്നെ അഭിപ്രായപ്പെടുന്നു. ജനിതകമാറ്റം വരുത്തിയെടുക്കുന്ന ജീവജാലങ്ങള്‍പോലെയല്ല കിമേറകള്‍ എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിയുടെ സ്പീഷിസ് ബൌണ്ടറി മറികടക്കുന്നത് അപകടകരമാണെന്ന വാദവും ഉയരുന്നുണ്ട്. ചില മതങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. പരിണാമശ്രേണിയില്‍ മനുഷ്യനോട് അടുത്തുനില്‍ക്കുന്ന ചിമ്പന്‍സി, ഗൊറില്ല തുടങ്ങിയ ജീവികളുടെ വിത്തുകോശങ്ങളും മനുഷ്യഭ്രൂണവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുത് എന്ന് അമേരിക്കയില്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹെല്‍ത്ത് ഇത്തരം പരീക്ഷണങ്ങളുടെ ഫണ്ടിങ്ങിന് കഴിഞ്ഞവര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. പല രാജ്യങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിലക്കുകളും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിവിദൂര ഭാവിയില്‍ എപ്പോഴെങ്കിലും മനുഷ്യന്റെ തലച്ചോറുള്ള ജീവികള്‍ സൃഷ്ടിക്കപ്പെടുമോ, മനുഷ്യനെത്തന്നെ വെല്ലുവിളിക്കുന്ന കഴിവുകളുള്ള കിമേറകള്‍ എല്ലാ വിലക്കുകളെയും മറികടന്ന് നിഗൂഢമായി പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടുമോ എന്നൊക്കെയുള്ള ആശങ്കകളും പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. കെട്ടുകഥകളിലെയും ഐതിഹ്യങ്ങളിലെയുമൊക്കെ വിചിത്രരൂപികളായ ജീവികളെക്കുറിച്ചുള്ള ചിത്രങ്ങളാണ് പലപ്പോഴും ഇത്തരം ഭീതിക്കു പിന്നിലെന്ന് ഈ രംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

പരിമിതികള്‍; സാധ്യതകള്‍
മനുഷ്യന്റെയും പന്നിയുടെയും കിമേറയെ സൃഷ്ടിച്ച് അതിലൂടെ മനുഷ്യാവയവങ്ങള്‍ ലഭ്യമാക്കുന്നതിലെ വെല്ലുവിളികള്‍ ഏറെയാണ്. പന്നിയുടെ ഗര്‍ഭകാലം 112 ദിവസവും മനുഷ്യന്റേത് 10 മാസവുമാണ് എന്നതുതന്നെ പ്രധാന അന്തരം. അതുകൊണ്ടുതന്നെ ഭ്രൂണവിത്തുകോശങ്ങളുടെ വികാസം ഒരേതോതില്‍ ആവുകയില്ല. പന്നിയുടെ ഭ്രൂണത്തിലെ കോശങ്ങളുടെ വികാസവുമായി ചേര്‍ന്നുപോകുന്നതരത്തില്‍ അതിന് അനുയോജ്യമായ സമയത്തുതന്നെ മനുഷ്യകോശങ്ങള്‍ അതിലേക്ക് കടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വന്തം കാറിനെക്കാള്‍ മൂന്നുമടങ്ങു വേഗത്തില്‍ സഞ്ചരിക്കുന്ന കാറുകള്‍ ചീറിപ്പായുന്ന ഒരു ഹൈവേയിലൂടെ ശരിയായ ടൈമിങ് ഇല്ലാതെ കാറോടിച്ച് അപകടത്തില്‍പ്പെടുന്ന അവസ്ഥ ഇവിടെയുണ്ടാവും.

പരീക്ഷണത്തിന്റെ ആദ്യകാലത്ത് സാക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബെല്‍മോണ്ട് ജൂന്‍ വു എന്നീ ഗവേഷകര്‍ എലിയുടെയും ചുണ്ടെലിയുടെയും കോശങ്ങള്‍ വഹിക്കുന്ന ഒരു കിമേറയെയാണ് സൃഷ്ടിച്ചത്. എലിയുടെ കോശങ്ങള്‍ ചുണ്ടെലിയുടെ ഭ്രൂണത്തിലേക്കു കടത്തി അതിനെ സങ്കരഭ്രൂണമാക്കി വളര്‍ത്തിയെടുക്കുകയായിരുന്നു. 2010ല്‍ മറ്റൊരു ഗവേഷകസംഘം എലിയുടെ കോശങ്ങളില്‍നിന്ന് വികാസംപ്രാപിച്ച പാന്‍ക്രിയാറ്റിക് കലകളുള്ള ചുണ്ടെലിയെ സൃഷ്ടിച്ചിരുന്നു. ബെല്‍മോണ്ടും റൂവും ഇതില്‍നിന്ന് പല പടി മുന്നോട്ടുപോയി ക്രിസ്പര്‍ ജീന്‍ എഡിറ്റിങ് സങ്കേതംകൂടി ഗവേഷണത്തില്‍ പ്രയോജനപ്പെടുത്തി. ക്രിസ്പര്‍ സങ്കേതം ഉപയോഗപ്പെടുത്തി ചുണ്ടെലിയുടെ സിക്താണ്ഡത്തില്‍നിന്ന് ചില പ്രത്യേക കലകളുടെയും അവയവങ്ങളുടെയും വികാസത്തെ നിയന്ത്രിക്കുന്ന നിര്‍ണായക ജീനുകളെ വിടവ് അതോടെ നികത്തപ്പെട്ടു! ഈ കിമേറയുടെ വളര്‍ച്ച പൂര്‍ത്തിയായപ്പോള്‍ ചുണ്ടെലിയില്‍നീന്നു നീക്കംചെയ്ത ജീനുകളുടെ സ്ഥാനത്ത് എലിയില്‍നിന്നുള്ള ജീനുകള്‍ പ്രവര്‍ത്തനക്ഷമമാവുകയും ആ കോശങ്ങളുടെയും കലകളുടെയും വികാസം സാധ്യമാവുകയും ചെയ്തു. ചുണ്ടെലിയില്‍ എലിയുടെ കോശങ്ങള്‍ വളര്‍ന്ന് ഒരു ഗാള്‍ ബ്ളാഡര്‍ രൂപംകൊണ്ടതും ഗവേഷകരെ വിസ്മയിപ്പിച്ചു. എലിയില്‍ ഈ അവയവം രൂപംകൊള്ളാറില്ല എന്നതുതന്നെ കാരണം. ഒരേസമയം സയന്‍സ് ഫിക്ഷനെയും വെല്ലുന്ന സാധ്യതകളിലേക്കും ഒരുപാട് ആശങ്കകളിലേക്കും വിരല്‍ചൂണ്ടുന്ന കാര്യമാണിത്.

ജനിതകസാദൃശ്യമുള്ള കിമേറകളില്‍നിന്നുള്ള അവയവങ്ങള്‍ മനുഷ്യശരീരം തിരസ്കരിക്കാതിരിക്കുകയും അവയവമാറ്റം പൂര്‍ണവിജയമാവുകയും ചെയ്യുമെന്നാണ് കിമേറ ഗവേഷണത്തെ അനുകൂലിക്കുന്ന ഗവേഷകരുടെ വാദം. ആമയില്‍നിന്നുള്ള ജീന്‍ മനുഷ്യനിലേക്കു കടത്തി ആയുസ്സു കൂട്ടുക, കൂരിരുട്ടിലും കാഴ്ചയുള്ള ജീവികളുടെ ജീന്‍ മനുഷ്യരില്‍ സന്നിവേശിപ്പിക്കുക തുടങ്ങി എണ്ണമില്ലാത്ത വിചിത്രഭാവനകളും സ്വപ്നങ്ങളുമൊക്കെ കൂടിക്കുഴയുന്നുണ്ട് ഇത്തരം ഗവേഷണങ്ങളില്‍

പ്രധാന വാർത്തകൾ
Top