Top
22
Thursday, June 2017
About UsE-Paper

വെങ്ങര്‍ ആലപിക്കുന്ന അഴ്സണല്‍ ഗീതം

Thursday Jun 15, 2017
വെബ് ഡെസ്‌ക്‌

ഇരട്ടക്കിരീടമായിരുന്നു ചെല്‍സിയുടെ മോഹം. ആഴ്സെ വെങ്റാകട്ടെ തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വേദനാജനകമായ സീസണിന് അറുതിവരുത്താന്‍ എഫ്എ കപ്പില്‍ റെക്കോഡ് വിജയം കൈവരിക്കുക എന്ന ദൃഢനിശ്ചയത്തിലായിരുന്നു. 20 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ഗണ്ണേഴ്സ് എന്നു വിളിപ്പേരുള്ള അഴ്സണലിനെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയിലേക്കെത്തിക്കാന്‍ കഴിയാത്തതിന്റെ ആഘാതത്തിലായ വെങ്ങറോട് ആരാധകര്‍ക്കുപോലും ക്ഷമിക്കാനായില്ല. അവരുടെ രോഷത്തിനും നീരസത്തിനും പഴിചാരലിനും പാത്രമായപ്പോഴും ചാണക്യന്മാരായ പരിശീലകരുടെ മുന്‍നിരയെ അലങ്കരിക്കുന്ന അറുപത്തേഴുകാരനായ ആഴ്സെ വെങ്ങറുടെ മനസ്സില്‍ ചരിത്രം രചിക്കാനുള്ള പോരാട്ടത്തിന്റെ രൂപരേഖ തെളിയുകയായിരുന്നു.

ഞാന്‍ ജയിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്റെ ക്ളബ്ബിന്റെ മികച്ച പ്രകടനത്തിനായി കൊതിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല. ഞങ്ങള്‍ക്കിത് നേടണം, അതിനായി എല്ലാം അര്‍പ്പിക്കണമെന്ന ആശാന്റെ വാക്കുകള്‍ക്ക് കളത്തില്‍ സാക്ഷാല്‍കാരമേകിയ അഴ്സണലിന്റെ കുട്ടികള്‍ ദിവസങ്ങള്‍ക്കുമുമ്പ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം ശിരസ്സിലേറ്റിയ ചെല്‍സിയുടെ ഇരട്ടമോഹത്തെ വെംബ്ളിയില്‍ തല്ലിത്തകര്‍ത്ത് എഫ്എ കപ്പിലെ എക്കാലത്തെയും വലിയ നേട്ടത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു.
ഇതോടെ എഫ്എ കപ്പില്‍ 13-ാം കിരീടത്തിലെത്തിയ അഴ്സണല്‍ അതുവരെ ഒപ്പംനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ (12 കിരീടം) പിന്തള്ളിയെന്നു മാത്രമല്ല, അതില്‍ ഏഴ് വിജയവും സ്വന്തമാക്കിയ പരിശീലകനെന്ന ഖ്യാതിയോടെ ആഴ്സെ വെങ്ങറും ചരിത്രംകുറിച്ചു. വെങ്ങറെ സംബന്ധിച്ചിടത്തോളം സീസണിലെ മോശം പ്രകടനത്തിന് അവസാന പിടിവള്ളിയായിരുന്നു എഫ്എ കപ്പ്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അഴ്സണലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെട്ടതോടെ പരിശീലകനെ പുറത്താക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എഫ്എ കപ്പില്‍ തോറ്റിരുന്നെങ്കില്‍ രണ്ടു പതിറ്റാണ്ടായി ക്ളബ്ബിന്റെ കടിഞ്ഞാണേന്തുന്ന വെങ്ങര്‍ പടിക്കുപുറത്താകുമായിരുന്നു. പക്ഷേ ഒന്നുണ്ട്. അഴ്സണലിന്റെ ഭൂരിഭാഗം ഓഹരിയും കൈവശംവച്ചിരിക്കുന്ന അമേരിക്കന്‍ വിത്തപ്രമാണി സ്റ്റാന്‍ ക്രോയെങ്കെയ്ക്ക് ആഴ്സെ വെങ്ങറുടെ കഴിവില്‍ പൂര്‍ണവിശ്വാസമായിരുന്നു. അതിനാല്‍ താന്‍ നേരിട്ടു വീക്ഷിച്ച എഫ്എ കപ്പ് ഫൈനലിനുശേഷം വെങ്ങറുടെ കരാര്‍ രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിക്കൊടുക്കാന്‍ ക്രോയെങ്കെയ്ക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല.

രുപത്തേഴു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി വിരാജിച്ച സര്‍ അലക്സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയത് 2013 മെയ് ഒമ്പതിനായിരുന്നു. ആ കാലയളവില്‍ കണ്ണഞ്ചിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ ഫെര്‍ഗൂസന് പരിശീലകര്‍ക്കിടയില്‍ ഇതിഹാസ സമാനമായ സ്ഥാനമാണുള്ളത്. നേട്ടങ്ങളുടെ കണക്കെടുപ്പില്‍ ഫെര്‍ഗൂസന് ഒപ്പമെത്തുന്നില്ലെങ്കിലും 1996ല്‍ അഴ്സണലിന്റെ പരിശീലകസ്ഥാനത്തെത്തിയ ആഴ്സെ വെങ്ങര്‍ എന്ന ഫ്രഞ്ചുകാരനും തലയെടുപ്പോടെതന്നെയാണ് നില്‍ക്കുന്നത്. ഇത്തവണത്തെ എഫ്്എ കപ്പ് ഉള്‍പ്പെടെ 15 കിരീടങ്ങള്‍. വെങ്ങറുടെ കീഴില്‍ മൂന്നുവട്ടം പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ അഴ്സണല്‍കമ്യൂണിറ്റി ഷീല്‍ഡില്‍ ആറുതവണ ജേതാക്കളായി. 1997-98, 2001-02, 2002-03, 2004-05, 2013-14, 2014-15 എന്നീ സീസണുകളില്‍ എഫ്എ കപ്പ് ഉയര്‍ത്തിയ ഗണ്ണേഴ്സ് ഒരുവര്‍ഷത്തെ ഇടവേളയ്ക്ക്ശേഷം ഇക്കുറി വിജയിക്കുമ്പോള്‍ അത് വന്‍ വീഴ്ചയില്‍നിന്നുള്ള അഴ്സണലിന്റെ വീണ്ടെടുപ്പായി എന്ന സവിശേഷതയുമുണ്ട്.

അഴ്സണലിലേക്ക് വെങ്ങര്‍ കൊണ്ടുവന്ന താരങ്ങളെല്ലാം വന്‍ മാറ്റമാണ് ടീമിനുണ്ടാക്കിയത്. മാന്‍ യുണൈറ്റഡില്‍ ഫെര്‍ഗൂസനെന്നപ്പോലെ ക്ളബ് ഉടമകളെക്കാളും സ്വാധീനശേഷിയുണ്ട് വെങ്ങര്‍ക്ക് അഴ്സണലില്‍. അതുകൊണ്ടുതന്നെ കളിക്കാരുടെ വിശ്വാസവും ആദരവും നേടി അദ്ദേഹത്തിന് ഇപ്പോഴും ഇതേ ക്ളബ്ബില്‍ തുടരാനാകുന്നു. തിയറി ഹെന്റി, പാട്രിക് വെയ്റ, സെക് ഫാബ്രിഗസ്, സോള്‍ കാംബെല്‍, മെസൂട്ട് ഒസീല്‍, ഇമ്മാനുവല്‍ എബോയു, ഫ്രാന്‍സിസ് ജെഫേഴ്സ്, നിക്ളാസ് ബെന്റനര്‍, മാനുവല്‍ അല്‍മുനിയ, ആന്ദ്രെ അര്‍ഷാവിന്‍ തുടങ്ങിയ ലോകമറിയുന്ന ഒരുപിടി താരങ്ങളെ സൃഷ്ടിക്കാന്‍ അഴ്സണലിന്റെ ഈ ചാണക്യനു കഴിഞ്ഞിട്ടുണ്ട്. അവരില്‍ പലരും തങ്ങളുടെ രാജ്യങ്ങളുടെ കിടയറ്റ താരങ്ങളായി മാറുകയും ചെയ്തു. പുതിയ കരാര്‍ പൂര്‍ത്തിയാകുമ്പോള്‍ ആഴ്സെ വെങ്ങര്‍ എന്ന പരിശീലകന്‍ ഗണ്ണേഴ്സിന് ഇനിയും നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടാകും.