Top
24
Wednesday, May 2017
About UsE-Paper

'തൂവെളിച്ച'മായി; ഇരവിപേരൂര്‍ വൈദ്യുതി വില്‍ക്കും

Monday May 15, 2017
ജോര്‍ജ് വര്‍ഗീസ്
ഇരവിപേരൂര്‍ പഞ്ചായത്ത് ഓഫീസിനു മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനല്‍

ഇരവിപേരൂര്‍ > നാല്‍പത് കിലോവാട്ട് വൈദ്യുതി പഞ്ചായത്ത് ഉല്‍പാദിപ്പിക്കുക, അതുപയോഗിച്ച് പഞ്ചായത്തിലെ തെരുവുവിളക്കുകളുടെയും പഞ്ചായത്തിന്റെ സ്വന്തം സ്ഥാപനങ്ങളിലെ വൈദ്യുതി ഉപയോഗവും നടത്തുക. അതിലൂടെ പ്രതിവര്‍ഷം 25ലക്ഷം രൂപയെങ്കിലും ലാഭിക്കുക. ഇങ്ങനെ മിച്ചം പിടിക്കുന്ന പണം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക. കേരളത്തിലെ മറ്റു പഞ്ചായത്തുകള്‍ക്കായി ഇരവിപേരൂര്‍ മുന്നോട്ടുവെക്കുന്ന മഹനീയ മാതൃകയാണ് 'തൂവെളിച്ചം'.

സൌരോര്‍ജം ഉപയോഗിച്ച് ആദ്യപടിയായി ഈയാഴ്ച മുതല്‍ ആറു കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. രണ്ടാംഘട്ടമായി ജൂണില്‍ 17 കിലോവാട്ടും. ഇതിനായി പഞ്ചായത്ത് ഓഫീസിനും പ്രാഥമികാരോഗ്യ കേന്ദ്രത്തിനും മുകളില്‍ സോളാര്‍ പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനുമുകളില്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി, വൈദ്യുതി ബോര്‍ഡിന് നല്‍കും. മൂന്നാം ഘട്ടത്തില്‍ സ്കൂള്‍, പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍, സ്വന്തം സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതോടെ പഞ്ചായത്തിന് ആവശ്യമായതിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും.

കഴിഞ്ഞ വര്‍ഷം വരെ തെരുവുവിളക്കുകളുടെ വൈദ്യുതി നിരക്ക് ഇനത്തില്‍ മാത്രം പ്രതിവര്‍ഷം പതിമൂന്നര ലക്ഷം രൂപയാണ് ചെലവായത്. ഇപ്പോള്‍ ഇത് 20 ലക്ഷമെങ്കിലും ആകും. സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്കിനത്തില്‍ മറ്റൊരു അഞ്ചു ലക്ഷവും. ഈ തുക കുറയ്ക്കാന്‍ മാര്‍ഗം ആലോചിക്കുന്നതിനിടെയാണ് തൂവെളിച്ചം പദ്ധതി കടന്നുവരുന്നത്.

എല്ലാ തെരുവുവിളക്കും എല്‍ഇഡി ആക്കിയതോടെ വൈദ്യുതി നിരക്ക് പത്തിലൊന്നായി കുറഞ്ഞു. സോളാര്‍ പാനലും മറ്റും സ്ഥാപിക്കാന്‍ ചെലവഴിക്കുന്ന തുക വൈദ്യുതി ചാര്‍ജ് ഒഴിവാകുന്നതോടെ ഒരു വര്‍ഷം കൊണ്ടുതന്നെ ലാഭിക്കാം. അടുത്തവര്‍ഷം മുതല്‍ അധികം വാങ്ങുന്ന വൈദ്യുതിയുടെ വില ബോര്‍ഡ് പഞ്ചായത്തിനുനല്‍കേണ്ടിവരുമെന്ന്  വൈസ്പ്രസിഡന്റ് അഡ്വ. എന്‍ രാജീവ് പറഞ്ഞു. അനെര്‍ട്ടിന്റെ അംഗീകാരമുള്ള ഏജന്‍സിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. വൈദ്യുതി ബോര്‍ഡുമായി ധാരണയില്‍ എത്തിയിട്ടുമുണ്ട്. പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി സോളാര്‍ മേശവിളക്കുകള്‍ നല്‍കുന്ന പദ്ധതിയും തുടങ്ങും. ഈ വിളക്കുകള്‍ക്കായി ഹൈസ്കൂളുകളില്‍ സോളാര്‍ ബാറ്ററി ചാര്‍ജിങ് സംവിധാനം ഒരുക്കും.