20 July Friday

സ്തനാര്‍ബുദം തിരിച്ചറിയുക; പ്രതിരോധിക്കുക

ഡോ. എസ് പരമേശ്വരന്‍Updated: Thursday Oct 12, 2017

 

സ്തനാര്‍ബുദ ബോധവല്‍കരണം ഒക്ടോബര്‍ ഒന്നുമുതല്‍ 31വരെ ലോകം മുഴുവന്‍ നടത്തുകയാണ്. 1985ല്‍ അമേരിക്കയിലാണ്  സ്തനാര്‍ബുദ ബോധവല്‍ക്കരണമാസം (BCAM)) തുടങ്ങിയത്. ഒക്ടോബര്‍ 21സ്തനാര്‍ബുദ ബോധവല്‍ക്കരണദിനമായിപ്രത്യേകം ആചരിക്കുന്നുണ്ടെങ്കിലും,ആ മാസം പൂര്‍ണമായി ഇതിനായി മാറ്റിവച്ചിരിക്കുകയാണ്.

1. സ്തനാര്‍ബുദ ബോധവല്‍കരണം
2. സ്തനാര്‍ബുദ ഗവേഷണങ്ങള്‍ക്ക്:

കാരണങ്ങളിലേക്കും പ്രതിരോധത്തിനും പ്രാധാന്യം
സ്തനാര്‍ബുദം അമേരിക്കയില്‍ എട്ടില്‍ ഒരാള്‍ക്ക് ബാധിക്കുന്നു (12%). എന്നാല്‍കേരളത്തിലെ സ്ഥിതിയും അത്ര നല്ലതല്ല. സ്ത്രീകളില്‍ വരുന്ന ക്യാന്‍സറുകളില്‍ ഒന്നാംസ്ഥാനത്ത് ഈ അസുഖമാണ്.എന്നാല്‍ അമേരിക്ക മുന്‍കരുതലുകള്‍ എടുത്തതിനെതുടര്‍ന്ന് 2000നുശേഷം അവിടെ  ക്യാന്‍സര്‍ കുറഞ്ഞുവരികയാണ്.2050 ആകുമ്പോള്‍ ഒരാള്‍പോലും ഈ അസുഖത്താല്‍ മരിക്കരുതെന്ന വലിയ ലക്ഷ്യമാണ് സ്തനാര്‍ബുദബോധവല്‍ക്കരണ മാസാചരണത്തിന്റേത്.

   1992ല്‍ പിങ്ക് നിറമുള്ള റിബണ്‍ ഈ പ്രസ്ഥാനത്തിന്റെ ഒരു അന്താരാഷ്ട്ര ചിഹ്നമായി അംഗീകരിച്ചു. മാത്രമല്ല ഈ നിറമുള്ള മറ്റ് അനവധി സാമഗ്രികള്‍- ഉദാഹരണം: വസ്ത്രങ്ങള്‍, പേന, പെന്‍സില്‍, ഹെയര്‍ബാന്‍ഡ് എന്നിവ ധരിച്ച് ഈ അസുഖബാധിതര്‍ക്കുള്ള ധാര്‍മിക പിന്തുണ അറിയിക്കുകയുമാണ് ചെയ്യുന്നത്. പിങ്ക്നിറം പൊതുവെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട നിറമായും, സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമായും കരുതുന്നുണ്ട്.

ഈ രോഗത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും  ശ്രദ്ധിക്കണം.  സ്ത്രീകള്‍ സ്വയം സ്തനപരിശോധനയിലൂടെ  വേദനയോ തടിപ്പോ നിറവ്യത്യാസമോ മുഴയോ കണ്ടാല്‍ വിദഗ്ധ ഡോക്ടറെ കാണുക. 40 വയസ്സ് കഴിഞ്ഞവര്‍ മാമോഗ്രാം പരിശോധന നടത്തുന്നത് നല്ലതാണ്.

സ്തനാര്‍ബുദ നിഘണ്ടു

ഈ രോഗം എന്താണെന്നറിയുമ്പോഴും ഇതുമായി ബന്ധമുള്ള സാധാരണ ഉപയോഗത്തിലുള്ള ഇംഗ്ളീഷ് പദങ്ങള്‍ പലര്‍ക്കും അറിയില്ല. ആശുപത്രിയിലും മാധ്യമങ്ങളിലും ധാരാളം ഉപയോഗിക്കാറുണ്ടെങ്കിലും മിക്ക രോഗികളും, ബന്ധുക്കളും അവ എത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്ന് സംശയമുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

1. മാമോഗ്രാം (Mammogram) (സ്തനത്തിന്റെ എക്സ്റേ):
തീക്ഷ്ണത കുറഞ്ഞ എക്സ്റേ പരിശോധനയാണിത്. ഇത് ഉപയോഗിക്കുമ്പോള്‍ വളരെ ചെറിയ മുഴകളോ വ്യത്യാസങ്ങളോ. അതായത് കൈകൊണ്ടു നോക്കുമ്പോള്‍ കണ്ടുപിടിക്കാന്‍ സാധ്യമല്ലാത്ത മുഴകള്‍പോലും കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ വിശേഷം.

2. സ്ക്രീനിങ് (Screening):
 സ്തനത്തില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനായുള്ള പ്രാരംഭ പരിശോധന.

3. ബയോപ്സി (Biopsy):
 ചെറു ശസ്ത്രക്രിയചെയ്ത് രോഗബാധിതമായ ഭാഗം പരിശോധിക്കുന്ന രീതി.

4. അഡ്ജുവന്റ് തെറാപ്പി (Adjuvant Therapy): 
ശസ്ത്രക്രിയകഴിഞ്ഞ് അനുബന്ധമായി തുടങ്ങേണ്ട ചികിത്സകള്‍. ഉദാഹരണം: കീമോതെറാപ്പിറേഡിയേഷന്‍, ഹോര്‍മോണ്‍ ചികിത്സ എന്നിവ.

5. അഡ്വാന്‍സ്ഡ് ബ്രസ്റ്റ് ക്യാന്‍സര്‍ (Advanced Breast Cancer):
പടര്‍ന്നുപിടിച്ച രൂപത്തിലുള്ളത്) മാറില്‍നിന്നു മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ച അവസ്ഥ.

6. കീമോതെറാപ്പി (Chemo Therapy):
(ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ) ക്യാന്‍സര്‍കോശങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍- കുത്തിവയ്പുകളും ഗുളികകളും.

7. ഇസ്ട്രജന്‍ (Estrogen): 
സ്ത്രൈണാവയവയങ്ങളുടെ വളര്‍ച്ചയും, സ്ത്രൈണതയെ നിയന്ത്രിക്കുന്നതിനായി ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍. എല്ലിന്റെ വളര്‍ച്ചയും ഇത് നിയന്ത്രിക്കുന്നുണ്ട്.

8. ഫ്നാക് (Fine Needle Aspiration Cytology):
(സൂചികൊണ്ടുള്ള കോശപരിശോധന): വളരെ ചെറിയ സൂചികൊണ്ട് കോശങ്ങള്‍ വലിച്ചെടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ലഘുവായി, വേദനയില്ലാതെ, വലിയ ചെലവില്ലാതെ ചെയ്യാവുന്ന പരിശോധനയാണിത്.

9. ഹോര്‍മോണ്‍ തെറാപ്പി (Hormone Therapy):
സ്തനാര്‍ബുദം വീണ്ടും വരാതിരിക്കാന്‍ ഇപ്പോള്‍ പലതരത്തിലുള്ള ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗത്തിലുണ്ട്. പക്ഷേ, ഹോര്‍മോണ്‍ ചികിത്സക്ക് വഴിപ്പെടുന്ന ക്യാന്‍സറിനു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ശരീരത്തിലെ ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഹോര്‍മോണ്‍. ഇവയ്ക്ക് ശരീരത്തില്‍ പ്രത്യേക ജോലികള്‍ ചെയ്യാനുണ്ട്.

10. ഹോര്‍മോണ്‍ റെസിപക്ടര്‍ സ്റ്റാറ്റസ് (Hormone Receptor Status): 
ഹോര്‍മോണുകളുടെ സാന്നിധ്യത്തിലുള്ള കോശങ്ങള്‍ രാസപ്രവര്‍ത്തനത്തിനുശേഷം ക്യാന്‍സര്‍കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഹോര്‍മോണിന് സംയോജിക്കാവുന്ന ഒരു പ്രോട്ടീന്‍, കോശങ്ങള്‍ക്ക് ഉണ്ടോയെന്ന് അറിയാവുന്ന ടെസ്റ്റാണിത്.

11. ഇന്‍ഫില്‍ട്രെറ്റിങ് ക്യാന്‍സര്‍ (Infiltrating Cancer):
സമീപകോശങ്ങളിലേക്ക് പടര്‍ന്നുപിടിച്ചിരിക്കുന്ന അവസ്ഥ. ഇത് ലോബ്യൂള്‍ ഗ്രന്ഥിയിലേക്കും കഴലുകളിലേക്കും പടര്‍ന്നുപിടിക്കാം.

12. ഇന്‍സിത്തു (Insitu):  (ക്യാന്‍സര്‍കോശം മറ്റു കോശങ്ങളിലേക്ക് വ്യാപിക്കാത്ത അവസ്ഥ):
ക്യാന്‍സര്‍കോശം തുടക്കത്തില്‍ ഇരിക്കുന്ന കോശത്തിന്റെ ഭിത്തികളെ ഭേദിക്കാതിരിക്കുന്ന അവസ്ഥയാണിത്.

13. ലിംഫ് നോഡ് (Lymph Node):
(ഗ്രന്ഥികള്‍): ശരീരത്തിലെ ആവശ്യമില്ലാത്ത മാലിന്യങ്ങളും ദ്രവ്യങ്ങളും മാറ്റുന്ന ജോലിയാണ് ഗ്രന്ഥികള്‍ക്ക്.

14. മെറ്റാസ്റ്റാസസ് (Metastases):
തുടങ്ങിയ സ്ഥലത്തുനിന്ന് പല ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ച സ്ഥിതിയെ സൂചിപ്പിക്കുന്നു.

15. നോഡല്‍ സ്റ്റാറ്റസ് (Nodal Status):
 പ്രധാനമായും കക്ഷത്തിലെ ഗ്രന്ഥികളില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ടോ ഇല്ലായോ എന്നു സൂചിപ്പിക്കുന്നു. അസുഖത്തിന്റെ സ്റ്റേജിനെയും കാണിക്കുന്നു. സ്തനാര്‍ബുദം മറ്റു ഗ്രന്ഥികളിലേക്കും പടര്‍ന്നുപിടിക്കാം.

16. റേഡിയേഷന്‍ തെറാപ്പി (Radiation Therapy):
ക്യാന്‍സര്‍ ബാധിച്ച ഭാഗത്ത് അണുവികിരണം ഏല്‍പ്പിക്കുന്ന ചികിത്സയാണ് റേഡിയോതെറാപ്പി. കൊബാള്‍ട്ട് 60 എന്ന ഐസോടോപ് ഉപയോഗിച്ചോ ലീനയര്‍ ആക്സിലറേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചോ ആണ് ബാഹ്യമായ റേഡിയേഷന്‍ നല്‍കുന്നത്. സ്തനം നീക്കംചെയ്യാത്ത (Breast Conservation)എല്ലാ രോഗികള്‍ക്കും, മാറു മാറ്റിയ (Mastectomy)  ചില രോഗികള്‍ക്കും ഇത് വേണ്ടിവരും.

(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റായ ലേഖകന്‍ തിരുവനന്തപുരം ആര്‍സിസിയിലെ റിട്ടയേഡ് പ്രൊഫസറുമാണ്)
 

 

പ്രധാന വാർത്തകൾ
Top