Top
17
Tuesday, October 2017
About UsE-Paper
ഇന്ന് ലോക കാഴ്ച ദിനം

ചെസ്സില്‍ ചാമ്പ്യന്‍, നിയമവിദ്യാര്‍ഥി, സിവില്‍ സര്‍വീസ് പരിശീലനം ഇരുട്ടിനെ വെളിച്ചമാക്കി സാലിഹിന്റെ യാത്ര

Thursday Oct 12, 2017
എം ജഷീന

കോഴിക്കോട് >  ചെസ്സില്‍ ചാമ്പ്യന്‍, നിയമവിദ്യാര്‍ഥി, സിവില്‍ സര്‍വീസ് പരിശീലനം.  ജീവിതത്തില്‍ വെളിച്ചം നിറയ്ക്കാനുള്ള പി കെ മുഹമ്മദ് സാലിഹിന്റെ പരിശ്രമങ്ങള്‍ക്ക് കണ്ണിലെ ഇരുട്ട് മറയാകുന്നില്ല.  ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയ കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്  അന്ധതയെ വെല്ലുവിളിച്ച് വേറിട്ട പാതയില്‍ കാഴ്ചയുടെ പുതു വെളിച്ചം പകരുകയാണ്.

കാഴ്ചയില്ലാത്തവര്‍ തെരഞ്ഞെടുക്കുന്ന അധ്യാപക ജോലിയുള്‍പ്പെടെയുള്ള സാമ്പ്രദായിക തസ്തികകളില്‍ ഒതുങ്ങാന്‍ സാലിഹിന് മനസ്സില്ല. പരിമിതികളെ അതിജീവിക്കാനുള്ള മനസ്സുണ്ടെങ്കില്‍ എല്ലാം നേടാനാവുമെന്ന് പറയുന്ന സാലിഹ് കേരളത്തിലെ ശ്രദ്ധേയനായ ചെസ് ചാമ്പ്യനാണ്. ചെസ്സില്‍ അകക്കാഴ്ചയുടെ കരുത്തില്‍  സാലിഹ് മുട്ടുകുത്തിച്ചവരില്‍ കാഴ്ചയുള്ള മിടുക്കരുമുണ്ട്. പൊതുവിഭാഗത്തില്‍ നടന്ന ഓള്‍ ഇന്ത്യ നാഷണല്‍ ഫിഡെ റേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ 20-ാം സ്ഥാനം എടുത്തുപറയേണ്ടതാണ്. ഇന്റനാഷണല്‍ ഫിഡെ റേറ്റിങ്ങില്‍ 1300-ാം റാങ്കുണ്ട് ഇപ്പോള്‍. സംസ്ഥാന തലത്തില്‍ ബ്ളൈന്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 2008 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ചാമ്പ്യനാണ്. 2011 ല്‍ ദേശീയ തലത്തില്‍ നാലാം സ്ഥാനവുമുണ്ട്. ഈ വിജയങ്ങള്‍ മുന്‍നിര്‍ത്തി ടെക്നോ പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ കമ്പനി സാലിഹിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു. സാലിഹില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അന്ധരായ നിരവധി കുട്ടികള്‍ ചെസ് കളിക്കാരായിട്ടുണ്ട്. പ്രത്യേക രീതിയിലുള്ള ചെസ് ബോര്‍ഡാണ് ഇവരുപയോഗിക്കുക.

ഇതിനുപുറമെയാണ് നിയമത്തിലും സിവില്‍ സര്‍വീസിലുമുള്ള താല്‍പ്പര്യം. അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിയായ സാലിഹ്് സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിനായും പരിശ്രമിക്കുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്തതവണത്തെ പരീക്ഷക്കായി വീട്ടില്‍ കഠിന പരിശ്രമത്തിലാണിപ്പോള്‍. റഹ്മാനിയ സ്കൂള്‍, ദേവഗിരി കോളേജ് , വെള്ളിമാട് കുന്ന് ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ബ്രെയില്‍ ലിപി ഉപയോഗിച്ചുള്ള പഠനത്തിനുപുറമെ പരീക്ഷ എഴുതാന്‍ സഹായിയുമുണ്ടായിരുന്നു. 'കാഴ്ചയില്ലെന്ന് കരുതി താല്‍പ്പര്യമുള്ള വിഷയമോ ജോലിയോ മാറ്റിവയ്ക്കരുത്.  പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് നിന്നാല്‍ എവിടെയുമെത്തില്ല, അതിനെ അതിജീവിക്കാനുള്ള മനക്കരുത്തും പരിശ്രമവുമാണ് വേണ്ടത്. അതുകൊണ്ട് കാഴ്ചയില്ലെന്നത് വലിയ കുറവായി ഞാന്‍ കണ്ടിട്ടില്ല'. ആത്മവിശ്വാസത്തോടെ സാലിഹ് പറയുന്നു. വിവാഹിതനായ സാലിഹിന് രണ്ട് മക്കളുമുണ്ട്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!