Top
11
Monday, December 2017
About UsE-Paper

സോളാറില്‍ ഉരുകി യുഡിഎഫ്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടി മുഖേന തന്റെ പേഴ്സണല്‍ സ്റ്റാഫായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി കുരുവിളയും, ടീം സോളാര്‍ കമ്പനിയെയും സരിത എസ് നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ആഭ്യന്തര-വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഓഫീസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുണ്ട്.

* നിയമോപദേശം
കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും വലിയ തുകകള്‍ കൈക്കൂലിയായി സരിത എസ് നായരില്‍നിന്നും അവരുടെ കമ്പനിയില്‍നിന്നും വാങ്ങിയതായി കണ്ടെത്തിയതിനാല്‍ അഴിമതി നിരോധനനിയമത്തിലെ 7, 8, 9, 13 വകുപ്പുപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. ഉമ്മന്‍ചാണ്ടിയെ സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍നിന്ന് ഒഴിവാക്കുന്നതിന് തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുഖാന്തരം നടത്തിയ ശ്രമങ്ങള്‍ക്കും എടുത്ത നടപടികള്‍ക്കും അന്നത്തെ ആഭ്യന്തര-വിജിലന്‍സ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ ക്രൈംനമ്പര്‍ 368/2013, കോന്നി പൊലീസ് സ്റ്റേഷന്‍ ക്രൈംനമ്പര്‍ 656/2013 എന്നീ കേസുകളില്‍ ഉമ്മന്‍ചാണ്ടിക്കും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും എതിരെ കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളെയും സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനല്‍ നടപടിച്ചട്ടം 173(8) പ്രകാരം തുടരന്വേഷണം നടത്താം.
* സ്വീകരിക്കുന്ന നടപടി
നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധനനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍പ്രകാരം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. ഉമ്മന്‍ചാണ്ടി, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ് എന്നിവര്‍ക്കെതിരെ തുടരന്വേഷണത്തിനുവേണ്ടി ക്രിമിനല്‍ നടപടി നിയമപ്രകാരം ബന്ധപ്പെട്ട കോടതികളില്‍ നിയമാനുസൃതം ഹര്‍ജി നല്‍കുകയും തുടര്‍ന്ന് പ്രത്യേകസംഘം അന്വേഷിക്കുകയും ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേകസംഘം അന്വേഷിക്കുകയും ചെയ്യും.

* നിഗമനം-2
ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ കണ്ടെത്തിയതുപോലെ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത എസ് നായരെയും സഹായിച്ചിട്ടുണ്ട്.
* നിയമോപദേശം
ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടിതന്നെ സ്വീകരിക്കാം.
 * നടപടി
കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സും പ്രത്യേക അന്വേഷണസംഘവും അന്വേഷിക്കും.

* നിഗമനം-3
പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിതശ്രമം നടത്തി. പ്രത്യേക അന്വേഷണസംഘം സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രിമാര്‍, എംഎല്‍എമാര്‍, സോളാര്‍ കേസുകള്‍ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് സിഡിആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ചിട്ടുമില്ല.
* നിയമോപദേശം
ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിഗൂഢമായ പദ്ധതികള്‍ ഒരുക്കിയതിനും മറ്റ് സംസ്ഥാന- കേന്ദ്ര മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടത്താതിരുന്നതിനും പ്രത്യേക അന്വേഷണസംഘാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാം. ഐജി കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ, തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കേസ് രജിസ്റ്റര്‍ചെയ്ത് നടപടിയെടുക്കാം. സ്ഥാനത്തുനിന്ന് മാറ്റുകയും വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്യാം.
* നടപടി
കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നീ പൊലീസ് ഉദ്യോസ്ഥര്‍ തെളിവുകള്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. കൂടാതെ  പ്രത്യേക അന്വേഷണസംഘത്തലവന്‍ എ ഹേമചന്ദ്രന്‍ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും.

* നിഗമനം-4
ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും സരിത എസ് നായരുടെ ടീം സോളാര്‍ കമ്പനിയുടെ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്ത എംഎല്‍എമാരും അവരുടെ ക്രിമിനല്‍കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ തുടങ്ങിയവരും ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു.
* നിയമോപദേശം
തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മനഃപൂര്‍വമായി ഇടപെട്ടതിനും ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാം.
* നടപടി
ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

* നിഗമനം-5
2013 ജൂലൈ 19ലെ സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിത എസ് നായരുമായും അവരുടെ അഡ്വക്കറ്റുമായും ഫോണില്‍ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ട്.
* നിയമോപദേശം
കമീഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖക ളുടെയും അടിസ്ഥാനത്തില്‍, സരിത എസ് നായര്‍ക്കെതിരെ ലൈംഗികപീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. അതിനാല്‍, സരിത എസ് നായരുടെ 2013 ജൂലൈ 19ലെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗികപീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം.
* നടപടി
ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

* നിഗമനം-6
കേരള പൊലീസ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ജി ആര്‍ അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് ശക്തമായ നടപടി വേണം. കേസില്‍ പിസി ആക്ട് ഉപയോഗിക്കാനാകുമോ എന്ന കാര്യം പരിഗണിക്കണം.
* നിയമോപദേശം
കേരള പൊലീസ് അസോസിയേഷന്‍ ഭാരവാഹികളും പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തും 20 ലക്ഷം രൂപ സോളാര്‍ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ സംബന്ധിച്ച് ഇവര്‍ക്കെതിരെ ബാധകമായ സര്‍വീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും അഴിമതി നിരോധനനിയമപ്രകാരം ക്രിമിനല്‍ കേസുമെടുത്ത് അന്വേഷിക്കാം.
* നടപടി
വകുപ്പുതലനടപടിയും കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണവും നടത്തും.

* നിഗമനം-7
(ഏഴിന്റെയും എട്ടിന്റെയും നടപടികള്‍ ഒന്നിച്ച്)
പൊലീസ് സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ അനുയോജ്യമായ കാര്യക്ഷമതയുള്ള ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്.

* നിഗമനം-8
കമീഷന്റെ ശ്രദ്ധയില്‍പ്പെട്ട പ്രധാനപ്പെട്ട ഒരുകാര്യം, ജയില്‍ അധികാരികളും ബന്ധപ്പെട്ട പൊലീസ് വകുപ്പും ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് ശരിയായ നടപടികള്‍ സ്വീകരിച്ചുകൊണ്ടല്ല എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജയില്‍ അധികൃതരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ആവശ്യമായ പൊലീസ് അകമ്പടി ഇത്തരം കാര്യങ്ങളില്‍ നല്‍കേണ്ടതുണ്ട്.

* നിയമോപദേശം
(ഏഴിനും എട്ടിനും പൊതുവായി):
സംസ്ഥാനത്തെ പൊലീസ് അന്വേഷണസംവിധാനത്തെ ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവും ആക്കുന്നതിനെ സംബന്ധിച്ചും പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെയും പരിധിയെയും സംബന്ധിച്ചും ജയിലില്‍നിന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് കമീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
നടപടി
കമീഷനും നിയമോപദേശകരും ചൂണ്ടിക്കാട്ടിയ രീതിയില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കാനായി റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി ഒരു കമീഷനെ നിയമിക്കും.

നിഗമനം-9
സെക്രട്ടറിയറ്റിന്റെ സുരക്ഷയ്ക്കുവേണ്ടി സിസിടിവിയുടെ ദൃശ്യങ്ങള്‍ ചുരുങ്ങിയപക്ഷം ഒരുവര്‍ഷമോ അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിനായി 500 ജിബി ഹാര്‍ഡ് ഡിസ്ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോള്‍ അവ നിറഞ്ഞുകഴിഞ്ഞാല്‍ ഇതിലെ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ പകര്‍ത്തി സംരക്ഷിക്കുകയോ ചെയ്യേണ്ടതാണ്.
നിയമോപദേശം
ഭരണപരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് ഉചിതം.
നടപടി
ഇക്കാര്യം പരിശോധിക്കാനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.

നിഗമനം-10
ഊര്‍ജവകുപ്പിനുകീഴിലാണ് അനെര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഇതിനെ ശരിയായ രീതിയില്‍ നടത്തിയാല്‍ സൌരോര്‍ജ നിര്‍മാണത്തിനും വിതരണത്തിനും വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയും.
നിയമോപദേശം
ഭരണപരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ് ഉചിതം.
നടപടി
ഇക്കാര്യം പരിശോധിക്കാനായി ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.

നിയമോപദേശകരുടെ നിര്‍ദേശങ്ങളും നടപടിയും 
 കമീഷന്റെ ശുപാര്‍ശകള്‍ക്കുപുറമെ റിപ്പോര്‍ട്ടിനകത്തുള്ള നിഗമനങ്ങളുടെകൂടി അടിസ്ഥാനത്തില്‍ നിയമോപദേശകര്‍ നല്‍കിയ മറ്റ് ഉപദേശങ്ങള്‍.
ഒന്ന്
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെതുടര്‍ന്ന് ഇനിയും പരാതികള്‍ ലഭിക്കുന്നതിനും പഴയ കേസുകളില്‍ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. പുതിയ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവയെ സംബന്ധിച്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം. പഴയ കേസുകളില്‍ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം തുടരന്വേഷണവും നടത്താം.
നടപടി
ഇത്തരത്തില്‍ പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
രണ്ട്
കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിതയില്‍നിന്ന് ലൈംഗികസംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം ഏഴാംവകുപ്പിന്റെ വിശദീകരണക്കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാമെന്ന് കമീഷന്‍ കണ്ടെത്തി. അതിനാല്‍ സരിത എസ് നായരുടെ 2013 ജൂലൈ 19ലെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാം. കമീഷന്‍ മുമ്പാകെ ഹാജരാക്കുകയും ലഭ്യമാക്കുകയും ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി നടത്തുകയും നിയമവിരുദ്ധമായ പാരിതോഷികങ്ങള്‍ സ്വീകരിക്കുകയും ചെയ്തതായി ആരോപിതരായ വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധനനിയമപ്രകാരമുള്ള കുറ്റം ചുമത്താന്‍ സാധിക്കുമോയെന്ന് ഗൌരവമായി സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണം.
നടപടി അഴിമതി നടത്തിയതായി കമീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരില്‍ അഴിമതിനിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

ജുഡീഷ്യല്‍ അന്വേഷണത്തിലേക്ക് നയിച്ചത് രാഷ്ട്രീയപോരാട്ടം
തിരുവനന്തപുരം > യുഡിഎഫ് സംവിധാനത്തെയാകെ പിടിച്ചുകുലുക്കുകയാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടും ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളും. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം യുഡിഎഫ് രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ബഹുജന പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കിയാണ് കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ കമീഷനായി നിയോഗിച്ചത്. അന്ന് ജനകീയ സമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയെന്നത് ചരിത്രനിയോഗം.

2013 ഒക്ടോബര്‍ 28ന്് നിയമിതമായ കമീഷന്‍ നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ നാല് വോള്യങ്ങളില്‍ 1073 പേജുകളിലായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുതല്‍ കേസന്വേഷിച്ച പൊലീസ് മേധാവികള്‍ വരെ. നാലുവര്‍ഷത്തെ സിറ്റിങ്ങില്‍ ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 214 പേരെ കമീഷന്‍ വിസ്തരിച്ചു. 812 രേഖ പരിശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെയും റിപ്പോര്‍ട്ടില്‍ കമീഷന്‍ നിര്‍ദേശിക്കുന്ന ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി.

ജനങ്ങളെയും നിക്ഷേപകരെയും കബളിപ്പിക്കുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാരും ഭരണനേതൃത്വം അപ്പാടെയും കൂട്ടുനിന്നു എന്നതാണ് സോളാര്‍ തട്ടിപ്പിന്റെ കാതല്‍. ഇതുമായി ബന്ധപ്പെട്ട് അന്ന് ഓരോ ദിവസവും ഓരോ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാത്തിനെയും കണ്ണടച്ച് ന്യായീകരിച്ചു. നിയമസഭയ്ക്കകത്തും പുറത്തും അഴിമതിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നപ്പോഴും അന്വേഷണത്തിന് തയ്യാറാകാതെ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങി. തുടര്‍ന്നാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് ഉപരോധം സംഘടിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരുദിവസം സെക്രട്ടറിയറ്റ് അടച്ചിടേണ്ടി വന്നു. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും സമ്മതിച്ചത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഒളിച്ചോടിയെന്നും ഒത്തുകളിച്ചെന്നും ആക്ഷേപിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ നടപടി.

അന്ന് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ കമീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് നിശ്ചയിക്കുമെന്ന് സമ്മതിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് ടേംസ് ഓഫ് റഫറന്‍സില്‍ വരേണ്ട കാര്യങ്ങള്‍ നല്‍കിയെങ്കിലും നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചു. ഏകപക്ഷീയമായി പ്രഖ്യാപിച്ച ടേംസ് ഓഫ് റഫറന്‍സില്‍നിന്ന് അന്നത്തെ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഒഴിവാക്കി. എന്നാല്‍, കമീഷന്‍ മുമ്പാകെ ലഭ്യമായ തെളിവുകളും വസ്തുതകളും പരിശോധിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ തട്ടിപ്പുകേസില്‍ പ്രധാന ഉത്തരവാദികളാണെന്ന് കണ്ടെത്തി.

സെപ്തംബര്‍ 26നാണ് സര്‍ക്കാരിനു കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മൂന്നിന് റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടി. നിയമോപദേശവും റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിക്കേണ്ട നടപടിയും അഭിപ്രായവും ലഭിക്കുന്ന മുറയ്ക്ക് മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്താന്‍ നാലിനു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്തിന് നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. തുടര്‍ന്നാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടും കൈക്കൊണ്ട നടപടിയും സംബന്ധിച്ച റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേസിന്റെ നാള്‍വഴി
2013 ജൂണ്‍ 2: സോളാര്‍ തട്ടിപ്പ്കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍
ജൂണ്‍ 4: തട്ടിപ്പ് അന്വേഷിക്കാന്‍ കോടതിയുടെ ഉത്തരവ്.
ജൂണ്‍ 12: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് തട്ടിപ്പില്‍ പങ്കുള്ളതായി അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍
ജൂണ്‍ 14: മുഖ്യമന്ത്രിയുടെ സഹായി ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലിംരാജിനെയും പുറത്താക്കി.
ജൂണ്‍ 15: പ്രതിപക്ഷം സമരം ശക്തമാക്കി. ഇതോടെ എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ജൂണ്‍17: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷതീരുമാനം. ഒളിവില്‍പോയ പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്യുന്നു.
ജൂണ്‍ 26: ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് ജിക്കുമോനെ പുറത്താക്കി.
ജൂണ്‍ 28: ടെന്നി ജോപ്പന്‍ അറസ്റ്റിലായി.
ജൂലൈ 1: തട്ടിപ്പിനിരയായ പത്തനംതിട്ട കോന്നി സ്വദേശി മല്ലേലി ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പരാതി നല്‍കുന്നു.
ജൂലൈ 4: തിരുവഞ്ചൂര്‍ ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ സരിതയുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖ പുറത്ത്.
ജൂലൈ 5: നടി ശാലുമേനോനെ അറസ്റ്റ് ചെയ്തു. 
ജൂലൈ 6: ശ്രീധരന്‍നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നു.
ജൂലൈ 8: സരിതയ്ക്കൊപ്പം ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് ശ്രീധരന്‍നായര്‍ വെളിപ്പെടുത്തുന്നു.
ജൂലൈ 20: ടെന്നി ജോപ്പന് 20 ലക്ഷംരൂപ നല്‍കിയതായും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സരിത.
ആഗസ്ത് 12: ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടറിയറ്റിനുമുമ്പില്‍ രാപ്പകല്‍ സമരം. 
ആഗസ്ത് 13: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു.
സെപ്തംബര്‍ 10: ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിനെ അറസ്റ്റ്ചെയ്തു. 
ഒക്ടോബര്‍ 23: റിട്ട ഹൈക്കോടതി ജസ്റ്റിസ് എസ് ശിവരാജനെ ജുഡീഷ്യല്‍ കമീഷനായി നിയമിക്കുന്നു.
ഡിസംബര്‍ 10: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് അനിശ്ചിതകാല ക്ളിഫ് ഹൌസ് ഉപരോധം തുടങ്ങുന്നു.
2014 ജനുവരി 24: ആദ്യഭാര്യ രശ്മി നായര്‍ കൊലക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം.
ഫെബ്രുവരി 21: സരിത ജാമ്യത്തിലിറങ്ങി. 
മാര്‍ച്ച് 3 : ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഏപ്രില്‍ 28: സോളാര്‍ കമീഷന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടി.
ഒക്ടോബര്‍ 13: സോളാര്‍ കമീഷന്‍ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു.
ഡിസംബര്‍ 1: കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, കെ ബി ഗണേശ്കുമാര്‍ എന്നിവര്‍ പണം ആവശ്യപ്പെട്ടതായി ബിജു രാധാകൃഷ്ണന്‍.
ഡിസംബര്‍ 4: ഉമ്മന്‍ചാണ്ടിയും സരിതയുമുള്ള സിഡി ഹാജരാക്കാന്‍ സോളാര്‍ കമീഷന്റെ ഉത്തരവ്.
ഡിസംബര്‍ 10: സിഡി കണ്ടെത്താന്‍ പൊലീസ് സംഘം ബിജുവിനൊപ്പം കോയമ്പത്തൂരിലേക്ക്.
ഡിസംബര്‍ 25: സോളാര്‍ കമീഷന്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. സരിതയെ മൂന്ന് തവണ കണ്ടതായി ഉമ്മന്‍ചാണ്ടിയുടെ മൊഴി.
2016 ജനുവരി 25: കമീഷന്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കുന്നു.
ജനുവരി 27: ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയതായി സരിത ജുഡീഷ്യല്‍ കമീഷനില്‍ മൊഴി നല്‍കി. തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണം സരിത പുറത്തുവിട്ടു. ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം നല്‍കിയെന്നും വെളിപ്പെടുത്തല്‍.
2017 സെപ്തംബര്‍  26: സോളാര്‍ കമീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
ഒക്ടോബര്‍ 3: റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും  നിയമോപദേശം തേടി.
ഒക്ടോബര്‍ 10: അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടര്‍ ഓഫ്പ്രോസിക്യൂഷന്റെയും നിയമോപദേശം സര്‍ക്കാരിന്.
ഒക്ടോബര്‍ 11: സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും ക്രിമിനല്‍ കേസും.

തട്ടിപ്പിന്റെ കേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസ്
റഷീദ് ആനപ്പുറം

തിരുവനന്തപുരം > സോളാര്‍ കുംഭകോണത്തിന്റെ പ്രഭവകേന്ദ്രം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സെക്രട്ടറിയറ്റിലെഔദ്യോഗിക ഓഫീസായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ സോളാര്‍തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കും സഹായികള്‍ക്കും ഓഫീസിനും വ്യക്തമായ പങ്കുള്ളതായി നിരവധി വെളിപ്പെടുത്തലുകളും രേഖകളും സാഹചര്യത്തെളിവുകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ജസ്റ്റിസ് എസ് ശിവരാജന്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത്.

സരിത എസ് നായരുമായി ഉമ്മന്‍ചാണ്ടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സരിതയെ കണ്ടിട്ടേയില്ലെന്ന് ആദ്യം പറഞ്ഞ ഉമ്മന്‍ചാണ്ടി പൊതുചടങ്ങില്‍ കാതില്‍ സരിത സ്വകാര്യം പറയുന്ന ഫോട്ടോ പുറത്തുവന്നതോടെ കുടുങ്ങി. 2012 ജൂലൈ ഒമ്പതിന് മുഖ്യന്ത്രിയുടെ ഓഫീസിലും തൃശൂരിനു സമീപം സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനവേള, ഡല്‍ഹിയിലെ വിജ്ഞാന്‍ഭവന്‍, 2012 ജനുവരി 14ന് കടപ്ളാമറ്റത്തെ പൊതുപരിപാടി എന്നിവിടങ്ങളിലും ഇരുവരും കണ്ടിരുന്നു. കടപ്ളാമറ്റത്തെ പരിപാടിയില്‍ മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള സംഭാഷണത്തിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. ഒടുവില്‍ മൂന്നുതവണ സരിതയെ കണ്ടതായി ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമീഷന് മൊഴി നല്‍കി.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ സെക്യൂരിറ്റിയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ നല്‍കിയ മൊഴിയില്‍ സരിത ഓഫീസില്‍ വരാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. സിആര്‍പിസി 156 (3) അനുസരിച്ച് തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലും പിന്നീട് രഹസ്യമൊഴിയിലും സരിതയ്ക്കൊപ്പം ഉമ്മന്‍ചാണ്ടിയെ കണ്ടതായി വ്യക്തമാക്കിയിരുന്നു. 2012 ജൂലൈ ഒമ്പതിന് രാത്രി എട്ടിന് സരിതയോടൊപ്പം  ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മൂന്നാംഗഡുവായ 15 ലക്ഷം രൂപയുടെ ചെക്കിന് ക്ളിയറന്‍സ് നല്‍കിയതെന്നും ശ്രീധരന്‍നായര്‍ പറഞ്ഞിരുന്നു. ഈ ആരോപണം സാധൂകരിക്കുന്നതാണ് അന്നേദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ സരിത സംഭാവന നല്‍കിയെന്ന വെളിപ്പെടുത്തലും ജൂലൈ 10ന് ഈ ചെക്ക് ക്ളിയറന്‍സിന് സമര്‍പ്പിച്ചതും.

തട്ടിപ്പിനിരയായ പെരുമ്പാവൂര്‍ സ്വദേശി സജാദിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അസല്‍ ഒപ്പും ഔദ്യോഗിക സര്‍ക്കാര്‍ മുദ്രയുമുള്ള ലെറ്റര്‍പാഡിലെ കത്താണ് തന്നെ ബിജു രാധാകൃഷ്ണന്‍ കാണിച്ചതെന്ന് വ്യക്തമാക്കി. പരാതിക്കാരനായ ടി സി മാത്യു 2013 മാര്‍ച്ച് 30ന് ഉമ്മന്‍ചാണ്ടിയെ ക്ളിഫ്ഹൌസില്‍ ചെന്ന് നേരില്‍കണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സോളാര്‍ ടീമിനെതിരെയും വാക്കാല്‍ പരാതി നല്‍കിയെന്ന പ്രസ്താവന ഉമ്മന്‍ചാണ്ടിതന്നെ ശരിവച്ചിരുന്നു. സമാനമായ മറ്റൊരു സാമ്പത്തിക തട്ടിപ്പിനിരയായ എം കെ കുരുവിള നടത്തിയ വെളിപ്പെടുത്തല്‍ സോളാറില്‍ ഉമ്മന്‍ചാണ്ടിയെ നേരില്‍ ബന്ധിപ്പിക്കുന്നതാണ്.

ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷകസംഘത്തിന് തുടക്കത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നുവെങ്കിലും പിന്നീട് നശിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ജിക്കുമോനെയും ജോപ്പനെയും അറസ്റ്റ് ചെയ്തത് ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. തട്ടിപ്പുകാര്‍ നടത്തിയ നിരന്തര സന്ദര്‍ശനങ്ങള്‍ സംബന്ധിച്ച സിസിടിവി, വെബ്ക്യാമറ ദൃശ്യങ്ങള്‍ യഥാസമയം അന്വേഷക സംഘം പരിശോധിച്ചില്ല. കേസിലെ സുപ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ ഒരിക്കല്‍ റെക്കോഡ് ചെയ്താല്‍ എത്രകാലം കഴിഞ്ഞാലും നിഷ്പ്രയാസം അത് തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. അന്വേഷകസംഘം പ്രാഥമികമായി ശേഖരിക്കേണ്ട തെളിവുകളിലൊന്നായിരുന്നു ഇത്. എസ്സിആര്‍ബി ഐജിയായിരുന്ന ടി ജെ ജോസ് സരിതയുടെ ഫോണ്‍വിളിയുടെ രേഖകള്‍ പരിശോധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അദ്ദേഹത്തിന്റെ അടുപ്പക്കാരുമായും അന്നത്തെ മന്ത്രിമാര്‍, എംഎല്‍എമാര്‍, കേന്ദ്രമന്ത്രി, എംപിമാര്‍ എന്നിവരുമായും അര്‍ധരാത്രിവരെ മണിക്കൂറുകള്‍ സരിത സംസാരിച്ചതിന്റെയും തിരിച്ചു വിളിച്ചതിന്റെയും ഫോണ്‍രേഖ ഐജിക്ക് ലഭിച്ചിരുന്നുവെങ്കിലും അവയും നശിപ്പിച്ചു. കൊലപാതകക്കേസിലെ പ്രതിയും തട്ടിപ്പിലെ സൂത്രധാരനുമായ ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൌസില്‍ നടത്തിയ രഹസ്യചര്‍ച്ച എന്തായിരുന്നെന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ഇതുവരെ തയ്യാറായിട്ടില്ല.  

Related News

കൂടുതൽ വാർത്തകൾ »