20 June Wednesday

കണ്ണന്റെ അമ്മ.. കണ്ണീരമ്മ ഇനിയില്ല

പി ഒ ഷീജ Updated: Monday Sep 11, 2017


ഒരു കുഞ്ഞിനെ നെഞ്ചോടക്കി വളര്‍ത്താന്‍ ആ അമ്മയോളം ആഗ്രഹിച്ചവര്‍ ഒരുപാടുണ്ടാവില്ല. 62 ാം വയസുവരെ ഒരുകുഞ്ഞിനായി അവര്‍ കാത്തിരുന്നു. കാലം കനിഞ്ഞു നല്‍കിയ കുഞ്ഞിനായി കടലോളം സ്നേഹം അവര്‍ കരുതിവെച്ചു. ഒന്നരവയസില്‍ അമ്മയെ തനിച്ചാക്കി ആ മകന്‍ ആദ്യം മറഞ്ഞുപോയി. ഇപ്പോള്‍  ആ അമ്മയും. ഇന്ന് രാവിലെ അന്തരിച്ച ഭവാനിയമ്മയെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനം

ബോധാബോധത്തിന്റെ നൂലേണികളില്‍ ആ അമ്മയുടെ നെഞ്ചിലുയര്‍ന്നത് ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞുതേങ്ങല്‍. അകന്ന് പോകുന്ന കുഞ്ഞിക്കാലടികള്‍... താരാട്ട് പാടാന്‍ വെമ്പിയ ചുണ്ടുകള്‍ വിറച്ചു. ഏത് ശീതത്തെയും തപിപ്പിക്കുന്ന ഉഷ്ണജലപ്രവാഹമായി കണ്ണീര്‍ക്കടല്‍. ആശുപത്രി ഐസിയുവില്‍  ചലനശേഷി നഷ്ടപ്പെട്ട് പരസഹായം തേടി ഭവാനിയമ്മ.

അറിയില്ലേ ഈ അമ്മയെ? ആര്‍ത്തവവിരാമവും ഷഷ്ടിപൂര്‍ത്തിയും പിന്നിട്ടശേഷം 62-ാം വയസ്സില്‍ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കി ചരിത്രത്തിലിടം നേടിയ അമ്മ. രണ്ട് വര്‍ഷം തികയുംമുമ്പ് ആ കുഞ്ഞ് മരിച്ചപ്പോള്‍ സങ്കടത്താല്‍ അമ്മക്കൊപ്പം കേരളം കണ്ണീര്‍ വാര്‍ത്തതാണ്. ദേശീയ അധ്യാപക അവാര്‍ഡ് ജേത്രി കൂടിയായ ഈ അധ്യാപികയാണ് ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ വയനാട്ടിലെ ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ കനിവില്‍ കഴിയുന്നത്.


കഥയല്ല, പൊള്ളുന്ന ജീവിതം

മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എല്‍പി സ്കൂളിലെ അധ്യാപികയായിരുന്ന ഭവാനിഅമ്മയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്.  പതിനെട്ടാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്  സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട വൈവാഹിക ബന്ധത്തില്‍ കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഭര്‍ത്താവിന്റെ മദ്യപാനവും നിരാശയും എല്ലാം ചേര്‍ന്നപ്പോള്‍ സ്വപ്നങ്ങള്‍ എരിഞ്ഞു. ഒടുവില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അമ്മയാകാനും കുഞ്ഞിനെ മാറോടണയ്ക്കാനുമുള്ള മോഹം അവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് നയിച്ചു.

പക്ഷേ ഈ ബന്ധവും സമ്മാനിച്ചത് നിരാശ മാത്രം. ഒടുവില്‍ ഭവാനിഅമ്മ  നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു. പ്രതീക്ഷിച്ചപോലെ ഭര്‍ത്താവിന് രണ്ടാം  ഭാര്യയില്‍ കുഞ്ഞുണ്ടായി. പക്ഷേ കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും അനുവദിച്ചില്ല.
കുഞ്ഞുങ്ങളുടെ കളിചിരികള്‍ക്കായി വെമ്പിയ ആ മനസ്സ് തന്റെ വിദ്യാലയത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും അമ്മയായി. അമ്മ എന്ന നിനവുകള്‍ അങ്ങനെ സാക്ഷാത്കരിച്ചു. സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചവരെല്ലാം പടിയിറങ്ങി. അവസാനം ഭവാനിക്കും സ്കൂളിന്റെ പടി ഇറങ്ങേണ്ടി വന്നു.ഓമനിക്കാന്‍ ഒരു കുഞ്ഞ്

റിട്ടയര്‍മെന്റ് ജീവിതം. വിരസതയുടെയും ഒറ്റപ്പെടലിന്റെയും ദിനങ്ങള്‍.  ഏകാന്തതയും പ്രാര്‍ഥനയുമായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ആ വാര്‍ത്ത കണ്ടത്. സമദ് ആശുപത്രിയില്‍ 56 വയസുള്ള ബ്ളോസം എന്ന സ്ത്രീ പ്രസവിച്ചിരിക്കുന്നു. നിരാശയുടെ പടുകുഴിയിലാണ്ട് പോയ ആ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ മുളച്ചു. കുഞ്ഞ് എന്ന മോഹം ഭവാനിയില്‍ കൂടുതല്‍ തീവ്രമായി.
2002 ഏപ്രില്‍ 23ന് തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ഡോ. സതിപിള്ളയെ കാണാന്‍ പോയി. കുഞ്ഞിനായുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. ഈ പ്രായത്തില്‍ ഗര്‍ഭിണിയായാലുള്ള ഭവിഷ്യത്തുകള്‍ ഡോക്ടര്‍ ബോധ്യപ്പെടുത്തിയെങ്കിലും ഭവാനി പിന്തിരിഞ്ഞില്ല.

തുടര്‍ച്ചയായ പരിശോധനകളും മരുന്നുകളും. ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് ചുരുങ്ങിയ ഗര്‍ഭപാത്രം വികസിപ്പിക്കുന്നതിന് ചികിത്സ തുടങ്ങി. ഏഴ് മാസം നീണ്ട ഹോര്‍മോണ്‍ ചികിത്സ ഫലം കണ്ടു. ലബോറട്ടറിയില്‍ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും  കൃത്രിമബീജസങ്കലനം നടത്തി വളര്‍ത്തിയെടുത്ത് തയ്യാറാക്കിയ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ഐവിഎഫ് രീതിയാണ് സമദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവലംബിച്ചത്. ഭ്രൂണത്തെ ഹോര്‍മോണ്‍ ചികിത്സ വഴി വികസിച്ച ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. 2003 സെപ്തംബര്‍ 30ന് ഭവാനിഅമ്മ ഗര്‍ഭിണിയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചു.

രക്തസമ്മര്‍ദവും പ്രമേഹവും ഇടക്കിടെ വിരുന്നെത്തി അവരുടെ ജീവിതം ആശങ്കയിലാക്കി. ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കുമുള്ള തുടര്‍ച്ചയായ യാത്രകള്‍. കുട്ടിയുടെ വളര്‍ച്ച തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2004 ഏപ്രില്‍ 12ന് ശസ്ത്രക്രിയയിലൂടെ ആരോഗ്യമുള്ള  കുഞ്ഞിനെ പുറത്തെടുത്തു. ഭവാനിയുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ലോകത്തിനുതന്നെ അത്ഭുതവാര്‍ത്തയായി.

പുതുവസന്തമായി കണ്ണന്‍

വരണ്ടുണങ്ങിയ ഭവാനിയുടെ ജീവിതത്തിലേക്ക് കുളിര്‍മഴയായി കണ്ണന്‍ പെയ്തിറങ്ങി. സന്തോഷം അലതല്ലിയ ദിവസങ്ങള്‍.  പൂത്തുമ്പിയും പൂമ്പാറ്റയുമായി ആ അമ്മയ്ക്ക് ചുറ്റും അവന്‍ പാറിനടന്നു. പിച്ചവെച്ചും കുസൃതികള്‍ കാട്ടിയും കണ്ണന്‍ ഭവാനിയുടെ മനം കവര്‍ന്നു. മാതൃവാത്സല്യത്തിന്റെ നിര്‍വൃതിയില്‍ അവര്‍ എല്ലാം മറന്നു. വിഷുക്കണിവെച്ചും പൂക്കളമൊരുക്കിയും അവര്‍  ജീവിതം ആഘോഷിച്ചു.  നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടിയെന്ന് സമാധാനിച്ചു. പക്ഷേ ഒന്നും അധികനാള്‍ നീണ്ടുനിന്നില്ല.

വിട്ടൊഴിയാതെ ദുരന്തം

2006 ഫെബ്രുവരി 11. ഭവാനിയുടെ ജീവിതം വീണ്ടും കണ്ണീര്‍ക്കയത്തിലാഴ്ത്തിയ ദുരന്തം സംഭവിച്ചത് അന്നാണ്. ഒരു വിവാഹത്തിന് പോയി തിരിച്ചെത്തിയ ഭവാനി അകത്ത് വസ്ത്രം മാറുന്നു. കണ്ണന്‍ പുറത്ത് കളിക്കുന്നു. അപ്രതീക്ഷിതമായാണ് കളിക്കിടെ വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ കണ്ണന്‍ വീണത്. കളിപ്പാട്ടങ്ങളും കളിചിരികളും ബാക്കിവച്ച് കണ്ണന്‍ മടങ്ങിയപ്പോള്‍   ഭവാനി വീണ്ടും തനിച്ചായി. മൂവാറ്റുപുഴയിലെ വീടുവിട്ട് കുമളിയിലേക്ക് താമസം മാറ്റി.

വയനാട്ടിലേക്ക് കൂടുമാറ്റം

വേട്ടയാടുന്ന ദുരന്തത്തിന്റെ ഓര്‍മകള്‍ മറക്കാന്‍  അഞ്ച് വര്‍ഷം മുമ്പ്  ഭവാനി വയനാട്ടിലെത്തി. മാനന്തവാടി എരുമത്തെരുവിലെ വാടകവീട്ടില്‍ താമസം തുടങ്ങി. ഗണിതാധ്യാപികയായിരുന്ന അവര്‍ കുഞ്ഞുങ്ങള്‍ക്ക് ക്ളാസെടുത്തു. വയോജനവേദി പ്രവര്‍ത്തകയായും മറ്റും പൊതുരംഗത്ത് സജീവമായി. ദുരന്തങ്ങള്‍ മറക്കാന്‍ ശ്രമിച്ചു. പക്ഷേ...
വെള്ളമുണ്ടയിലെ ഒരു സൃഹൃത്തിന്റെ വീട്ടില്‍വെച്ച് ഇവര്‍ കുഴഞ്ഞുവീണത് ഏതാനും നാളുകള്‍ക്ക് മുമ്പാണ്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന്് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. കടുത്ത പ്രമേഹവും ആശങ്കയുളവാക്കുന്നുവെന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ പോലും പരസഹായം കൂടാതെ നിര്‍വഹിക്കാനാവില്ല. പ്രായം 75 ആയി.

ആശുപത്രി ചെലവും മറ്റും വഹിച്ചു വരുന്നത് ചില സാമൂഹിക പ്രവര്‍ത്തകരും വയോജനവേദി തുടങ്ങിയ സന്നദ്ധ സേവകരുമാണ്. രോഗ വിവരം മൂവാറ്റുപുഴയിലെ ബന്ധുക്കളെ വയോജനവേദി ഭാരവാഹികള്‍ അറിയിച്ചിട്ടും വന്ന് നോക്കാനോ പരിചരിക്കാനോ ആരും തയ്യാറായിട്ടില്ല. ഒടുവില്‍ പിണങ്ങോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി എസ് ചാരിറ്റബിള്‍ ട്രസ്റ്റ്  ഏറ്റെടുത്തിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. പ്രായത്തെ വെല്ലുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ആര്‍ജവമുള്ള ഈ അധ്യാപിക ജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് ഏവരും പ്രതീക്ഷച്ചത് . ഏറെകുറെ സുഖം പ്രാപിച്ചതുമായിരുന്നു. പ്രതീക്ഷകളെ അസ്ഥാനത്താക്കി ഇന്ന് രാവിലെയായിരുന്നു അന്ത്യം .

പ്രധാന വാർത്തകൾ
Top