16 October Tuesday

അമ്പലമെത്തുമ്പോൾ ചാന്നാർ ഇറങ്ങും, നായർ കാറോടിക്കും

ലെനി ജോസഫ്‌Updated: Wednesday Oct 10, 2018

ആലപ്പുഴ
തിരുവിതാംകൂറിൽ രണ്ടുപേർക്കേ കാർ ഉണ്ടായിരുന്നുള്ളൂ. മഹാരാജാവിനും ഹരിപ്പാട് മുട്ടം ആലുംമൂട്ടിൽ കൊച്ചു കുഞ്ഞുചാന്നാർക്കും. പക്ഷെ ക്ഷേത്രത്തിനു മുന്നിലൂടെ കാറിൽ സഞ്ചരിക്കാൻ ചാന്നാർക്ക് അനുവാദമില്ല.  മാവേലിക്കരയിലും മറ്റും കേസിന്റെ അവശ്യത്തിനു പോകുമ്പോൾ ചാന്നാർ ഒരു കിലോമീറ്റർ അകലെ ഇറങ്ങും. നായരായ ഡ്രൈവർ വണ്ടിയോടിച്ച് ക്ഷേത്രത്തിനപ്പുറത്ത് കൊണ്ടുപോയി ഇടും. ചാന്നാർ ഊടുവഴികളിലൂടെ നടന്ന് കാറിനടുത്തെത്തും. ക്ഷേത്രത്തിനു മുന്നിലൂടെ കാർ കൊണ്ടുപോകുന്നതിനാണ് നായരെത്തന്നെ ഈഴവനായ ചാന്നാർ ഡ്രൈവറാക്കിയതെന്ന് കവിയും അധ്യാപകനുമായ ഡോ. ചേരാവള്ളി ശശി പറഞ്ഞു.

അതിസമ്പന്നനായ ചാന്നാരുടെ അനുഭവം 80 വർഷം മുമ്പത്തെ കേരളത്തിന്റെ സാമൂഹ്യ സ്ഥിതി വെളിവാക്കുന്നു. ഇക്കാര്യങ്ങൾ  എ പി ഉദയഭാനു ‘ കഥകൾ കഥയില്ലായ്മകൾ' എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. കായംകുളം കമ്പോളത്തിൽ  ചാന്നാർ പണികഴിപ്പിച്ച മേടയിലാണ് വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ ടി കെ മാധവൻ താമസിച്ചുപഠിച്ചത്. സി ഒ സഹോദരൻമാർ എന്നറിയപ്പെട്ടിരുന്ന ഈഴവ കുടുബത്തിലെ സി ഒ കരുണാകരൻ, സി ഒ മാധവൻ, സി ഒ ദാമോദരൻ എന്നിവരും ഇവിടെ താമസിച്ചാണ് പഠിച്ചത്. അന്ന് ഇവരെയൊക്കെ സവർണർ ‘ഈഴവപ്പിള്ളേരേ നീയൊക്കെ കള്ളുചെത്താൽ പോകൂ'എന്നു പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നെന്ന് ടി കെ മാധവനെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിൽ പറയുന്നു. ചാണകം വലിച്ചെറിയുക, മഷി കുടയുക, കൊട്ടി, ചിലന്തി എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുക തുടങ്ങിയവയും പതിവായിരുന്നു.

ശ്രീമൂലം പ്രജാസഭയിൽ അംഗമായിട്ടുപോലും  സി കേശവനും സമാന അനുഭവമുണ്ടായി. മാവേലിക്കര സ‌്കൂളിൽ അധ്യാപകനായിരുന്ന കേശവനെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിലൂടെ പോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ പുരോഗമന ചിന്താഗതിക്കാരനും അതേ സ‌്കൂളിലെ അധ്യാപകനുമായ നായർ സമുദായാംഗം  കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പി മുൻകൈയെടുത്ത് സി കേശവനെ നടയിലൂടെ നടത്തി. ഇക്കാര്യം സി കേശവൻ 'ജീവിതസമരം' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
Top