21 November Wednesday

മഴവെള്ളം പാഴാക്കാതെ കുസാറ്റ്

കെ പി വേണുUpdated: Friday Nov 9, 2018


വർഷങ്ങൾക്ക് മുമ്പുതന്നെ മഴവെള്ള സംഭരണത്തിന്റെ സാധ്യതകളിലേക്ക് കുസാറ്റ് അന്വേഷണമാരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള രണ്ടു മഴവെള്ള സംഭരണ ടാങ്കുകൾ സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലും സെമിനാർ കോംപ്ലക്‌സിലുമായി സ്ഥാപിച്ചു. നിലവിൽ 180 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കുസാറ്റ് ക്യാമ്പസിൽ മഴവെള്ള സംഭരണത്തിനായി എട്ട് ടാങ്കും രണ്ട് കുളവുമുണ്ട്.  മഴക്കാലമായാൽ ഈ സംഭരണികളിലെ വെള്ളമാണ് കുസാറ്റ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 2012ലെ കടുത്ത വരൾച്ചയെ നേരിടാനായി ടാങ്കർ ലോറികളിലെത്തിയ വെള്ളം സംഭരിച്ചതും കുസാറ്റിന്റെ മഴവെള്ള ടാങ്കിലാണ്.

സെമിനാർ കോംപ്ലക്‌സിലെ ടാങ്കിലെ വെള്ളം അഗ്‌നിശമന ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മഴക്കാലം ആരംഭിക്കുമ്പോൾ ടാങ്ക് വൃത്തിയാക്കാനും ടാങ്കിലേക്കെത്തുന്ന വെള്ളം ശുദ്ധീകരിക്കാനുമുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് എൻജിനിയറിങ് വിഭാഗം. ഇതിലൂടെ മഴവെള്ളത്തിന്റെ ഉപഭോഗം ക്യാമ്പസിൽ കൂട്ടാനാകുമെന്നാണ് പ്രതീക്ഷ.

കുസാറ്റ് ക്യാമ്പസിലെ മറ്റൊരു ജലസ്രോതസ്സാണ് കുളങ്ങൾ. ഒരു കോടി ലിറ്റർ വെള്ളം രണ്ടുകുളത്തിലായി സംഭരിക്കാനാകും. ഒരു വർഷത്തിന് മുമ്പാണ് 75 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വലിയ കുളത്തിന്റെ പണി പൂർത്തിയായത്. അടിഭാഗത്ത് 32 മീറ്ററും മുകൾ ഭാഗത്ത് 47.5 മീറ്ററും വ്യാസമുള്ള കുളത്തിന് എട്ടര മീറ്റർ ആഴമുണ്ട്. പരിസ്ഥിതിശാസ്ത്ര വകുപ്പ് നടത്തിയ പരിശോധനയിൽ ഈ കുളത്തിലെ വെള്ളം ശുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുറസായ സ്ഥലമായതിനാൽ ഇതിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താനാണ് എൻജിനിയറിങ് വിഭാഗത്തിന്റെ നീക്കം. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ കുളത്തിലെ വെള്ളം കുടിക്കാനാകും.

വശം 20 മീറ്ററുള്ള സമചതുരാകൃതിയിലുള്ള കുളത്തിലെ വെള്ളം 15 വർഷത്തിലേറെയായി കലാലയം ഉപയോ​ഗിക്കുന്നുണ്ട്. 25 ലക്ഷം ലിറ്ററാണ് ഇതിന്റെ ശേഷി.  ഇവകൂടാതെ  അഞ്ച് കിണറും ക്യാമ്പസിലുണ്ട്. ഈ മഴവെള്ള സംഭരണികളിലൂടെ  വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ‌്ക്കാനാണ് കുസാറ്റ് ലക്ഷ്യമിടുന്നത്.


പ്രധാന വാർത്തകൾ
Top