22 November Thursday

ഖാദി ധരിച്ച്...

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

2015ൽ കോതമംഗലം എംഎ കോളേജിലെ എംകോം ഇന്റർനാഷണൽ ബിസിനസ‌് വിഭാഗം ഒരു തീരുമാനമെടുത്തു. വകുപ്പിലെ അധ്യാപകരും വിദ്യാർഥികളും ആഴ്ചയിലൊരുദിവസം ഖാദി വസ്ത്രമണിയണം. ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തീരുമാനം. നല്ല ലക്ഷ്യത്തോടെയെടുത്ത തീരുമാനം അധ്യാപകരും വിദ്യാർഥികളും ഒരേ മനസ്സോടെ അം​ഗീകരിച്ചു. ഇതനുസരിച്ച് ആഴ്ചയിലൊരുദിവസം അധ്യാപകരും വിദ്യാർഥികളും ഖാദിവസ്ത്രമണിഞ്ഞു. നാലുവർഷമായി ബുധനാഴ്ചകളിൽ ഖാദി വസ്ത്രമണിയുകയെന്നത് അവരുടെ ശീലമായി.

ഇതിനടിയിൽ വിദ്യാർഥികളും അധ്യാപകരും ഖാദി വസ്ത്രനിർമാണശാലകൾ സന്ദർശിച്ചു. ആ സന്ദർശനയാത്രയിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ  വിളിച്ചോതുന്ന ഖാദിയുടെ മാനുഷിക മുഖവും വിപണനസാധ്യതയും അവർ തിരിച്ചറിഞ്ഞു. അതോടെയാണ് ഖാദി വസ്ത്രമണിഞ്ഞ്  മറ്റുള്ളവർക്കിടയിൽ ഖാദിയെ ചിരപരിചിതമാക്കുകയെന്ന ലക്ഷ്യം അവർ ഗൗരവത്തോടെ ഏറ്റെടുത്തത്.

എന്തുകൊണ്ട് നിങ്ങൾ ആഴ്ചയിലൊരുദിവസം ഖാദിയണിയുന്നുവെന്ന് ചോദിക്കുന്നവരോട് അവർ ഖാദിയുടെ മഹത്വവും അതിനുപിന്നിലെ തൊഴിലാളികളുടെ പ്രയത്നവും വിവരിക്കും.  ഖാദി വസ്ത്രമണിയുന്നതിലൂടെ ഖാദി വ്യവസയാത്തെ മുഖ്യധാരയിൽ നിലനിർത്തി ഖാദി തൊഴിലാളികൾക്ക് തങ്ങളാൽ കഴിയുന്ന സഹായവും പിന്തുണയും നൽകുകയാണ് ഈ വിദ്യാർഥികളും അധ്യാപകരും.

വിദ്യാർഥികൾ ഖാദി കുർത്തയും ഷർട്ടും അണിയുമ്പോൾ അധ്യാപകർ ഖാദി സാരികളാണ് ധരിക്കുന്നത്. 40 വിദ്യാർഥികളാണ് എംകോം ഇന്റർനാഷണൽ വിഭാഗത്തിൽ പഠിക്കുന്നത്. വകുപ്പ് മേധാവി ശാരി സദാശിവൻ, ആര്യഗോപി, എം എസ് അബിത, സഞ്ജു എൽദോസ് എന്നിവരാണ് ഇവിടത്തെ അധ്യാപകർ.


പ്രധാന വാർത്തകൾ
Top