23 September Sunday

ചെങ്ങന്നൂരിൽ ഒരുങ്ങുകയായി സ്‌നേഹക്കൂട്‌

ലെനി ജോസഫ്Updated: Friday Mar 9, 2018

സ്നേഹവും കരുതലും ഇഴചേര്‍ത്ത് സാമൂഹ്യപ്രതിബദ്ധതയും സഹാനുഭൂതിയും കോര്‍ത്തിണക്കി ചെങ്ങന്നൂരില്‍ സ്നേഹക്കൂട് ഒരുങ്ങുകയാണ്. ആരോരുമില്ലാത്ത 150 പേരെ സംരക്ഷിക്കത്തക്കവിധത്തിലാണ് വെണ്‍മണി പഞ്ചായത്തിലെ കൊഴുവല്ലൂരില്‍ ഈ ബഹുനില മന്ദിരം ഉയരുന്നത്. കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം നിരപ്പാക്കലും അവിടേക്കുള്ള റോഡിനു വീതികൂട്ടലുമാണ് ഇപ്പോള്‍ നടക്കുന്നത്. ഉദാത്തമായ മനുഷ്യസ്നേഹത്തിനൊപ്പം മണ്ണിനോടും പ്രകൃതിയോടുമുള്ള കടപ്പാടിന്റെയും ദൃഷ്ടാന്തമായ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി ഒടുവില്‍ ഏറ്റെടുത്ത ബൃഹത് പദ്ധതിയാണിത്. 

കേരളത്തിലാകെ ശ്രദ്ധയാകര്‍ഷിക്കുകയും മറ്റു ജില്ലകള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആലപ്പുഴ മാതൃകയ്ക്കു മുതല്‍ക്കൂട്ടായ 'കരുണ' ആലംബഹീനരായ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ  തണല്‍വിരിക്കുന്നതിനൊപ്പം പുതിയ കാര്‍ഷിക സംസ്കാരത്തിന്റെ വിത്തുപാകുകയും ചെയ്യുന്നു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള മഹാദൌത്യത്തിനു ചുക്കാന്‍പിടിക്കുന്ന 'കരുണ'യുടെ ചെയര്‍മാന്‍ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ്.

ചെങ്ങന്നൂര്‍ താലൂക്കിലെ 2750 കിടപ്പുരോഗികളുടെ ജീവിതത്തിലേക്കാണ് ആശ്വാസത്തിന്റെ നിലാവെളിച്ചമായി 'കരുണ'യെത്തുന്നത്. സദാ സേവനസജ്ജരായി 14 നേഴ്സുമാരും നൂറിലേറെ വളണ്ടിയര്‍മാരും. എട്ട് ആംബുലന്‍സിന്റെ സേവനം. ഇതില്‍ ആറെണ്ണം ഹോംകെയര്‍ സംവിധാനത്തോടുകൂടിയതും ഒന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുപോകാന്‍ പ്രത്യേകം സജ്ജീകരിച്ചതുമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ വളണ്ടിയര്‍മാര്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുന്നു. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരും വീടുകളിലെത്തി രോഗികള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നു. മരുന്നുകള്‍, വീല്‍ച്ചെയര്‍, വാക്കര്‍, വാട്ടര്‍ ബെഡ് തുടങ്ങിയവയെല്ലാം വളണ്ടിയര്‍മാര്‍ എത്തിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോ- ഓര്‍ഡിനേറ്ററും നേഴ്സിങ് സൂപ്രണ്ടും.

ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ള 450 പാലിയേറ്റീവ് രോഗികള്‍ക്ക് ഭക്ഷണമുണ്ടാക്കാനുള്ള അരി, പച്ചക്കറി, പലചരക്ക് തുടങ്ങിയവ എല്ലാ ആഴ്ചയിലും വീട്ടിലെത്തിക്കും. കഴിഞ്ഞ ഓണക്കാലത്ത് മുഴുവന്‍ കിടപ്പുരോഗികള്‍ക്കും ഭക്ഷണവും ഓണക്കോടിയും 'കരുണ' വീടുകളില്‍ എത്തിച്ചു. മുളക്കുഴയില്‍ കാന്‍സര്‍രോഗിക്ക് ഏഴുലക്ഷം രൂപ നല്‍കിയത് അടുത്തയിടെയാണ്. സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് ഇതിനകം 14 വീടുകള്‍ നിര്‍മിച്ചുനല്‍കി. മൂന്നുവീടുകളുടെകൂടി നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.


ചെങ്ങന്നൂരിലുള്ള 'കരുണ' മെഡിക്കല്‍ സ്റ്റോറില്‍ വിപണിവിലയിലും വളരെ കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നു. ഒരു കോടി മുടക്കി അത്യാധുനിക സൌകര്യങ്ങളുള്ള ലാബ്് ഐടിഐ ജങ്ഷനില്‍ ഉടന്‍ ഉയരും. ഇതിനുള്ള യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. ഒരു പെന്‍ഷനും ലഭിക്കാത്തവരും പാവപ്പെട്ടവരുമായ 25 പേര്‍ക്ക് 1000 രൂപ മുതലുള്ള നിശ്ചിത തുക കൃത്യമായി പെന്‍ഷനായി നല്‍കുന്നു. സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ഇതിനകം 43 എണ്ണം നടത്തിക്കഴിഞ്ഞു. നാല്‍പ്പത്തിനാലാമത്തെ മെഗാ മെഡിക്കല്‍ ക്യാമ്പ് ഐഎംഎയുമായി ചേര്‍ന്ന് ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജിലാണ്.

ചെങ്ങന്നൂര്‍ താലൂക്കിലെ 178 വാര്‍ഡുകളിലും കരുണയുടെ പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. എല്ലാ വാര്‍ഡുകളിലും കണ്‍വീനര്‍മാരുണ്ട്. അതിനുമുകളില്‍ മേഖലാ കമ്മിറ്റികളും ഗവേണിങ് കൌണ്‍സിലും എക്സിക്യൂട്ടീവ് കമ്മിറ്റിയും. ജനറല്‍ സെക്രട്ടറിയായി എന്‍ ആര്‍ സോമന്‍പിള്ളയും ഉപദേശകസമിതി ചെയര്‍മാനായി ഡോ. അലക്സാണ്ടര്‍ കോശിയും സെക്രട്ടറിയായി ഡോ. സാബു സുഗതനും പ്രവര്‍ത്തിക്കുന്നു. സിപിഐ എം മുന്‍കൈയില്‍ രൂപീകരിച്ച ആലപ്പി ഡിസ്ട്രിക്ട് റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിക്കു (എആര്‍പിസി) കീഴിലുള്ള 22 പാലിയേറ്റീവ് സംഘങ്ങളില്‍ ഒന്നാണ് കരുണ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top