24 September Monday

ഒഴലപ്പതി ആശുപത്രിയാ... ഇത് നമ്പ മുടിയലെ

ഇ എൻ അജയകുമാർUpdated: Tuesday May 8, 2018


പാലക്കാട്
 'നോയി വന്താൽ ഡോക്ടറെ പാക്കറുത്ക്കും മരുന്ത് വാങ്കറുതുക്കും കോവൈയിലെ പോകണം, ഇന്ത ആസ്പത്രിയിലെ ആരും വന്തതില്ലെ, ആനാൽ ഇപ്പം എല്ലാം മാറിയാച്ച്, നമ്പ മുടിയലെ'(രോഗം വന്നാൽ ഡോക്ടറെ കാണാനും മരുന്നുവാങ്ങാനും കോയമ്പത്തൂരിൽ പോകണം, ഈ ആശുപത്രിയിൽ ആരും വരാറില്ല. എന്നാൽ ഇപ്പോൾ എല്ലാം മാറി, വിശ്വസിക്കാൻ പറ്റുന്നില്ല).  പാലക്കാട് ജില്ലയുടെ അതിർത്തിപഞ്ചായത്തായ വടകരപ്പതിയിലെ  ഒഴലപ്പതി ആശുപത്രിയെക്കുറിച്ച് മയിൽസ്വാമി പറഞ്ഞു.

വേലന്താവളം സർവീസ് സഹകരണബാങ്കിൽ ക്ലാസ്ഫോർ ജീവനക്കാരാനായിരുന്നു 70 വയസ്സുകാരനായ മയിൽസ്വാമി. വർഷങ്ങളായി ഒഴലപ്പതിയിൽ താമസിക്കുന്ന മയിൽസ്വാമിക്ക് ഒഴലപ്പതി ആശുപത്രിയുടെ മാറ്റം വിശ്വസിക്കാനാവുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ഇവിടം ഇപ്പോൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററായി. എൽഡിഎഫ് സർക്കാർ 'ആർദ്രം' പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ അഭിമാനകരമായ മാറ്റമാണ് വന്നത്. മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായിരിക്കുമ്പോൾ 'ഇങ്ക് മരുന്തുപോലും കിടക്കാത്, ആനാൽ ഇൻട്ര് മരുന്തുക്ക് പഞ്ചം ഇല്ലൈ. തമിഴ്നാട്ടിൽ ഇരുന്തുപോലും നോയാളികൾ വരുത്. (മരുന്ന്പോലും കിട്ടാറില്ല, എന്നാലിന്ന് മരുന്നു ക്ഷാമമില്ല. തമിഴ്നാട്ടിൽനിന്നുപോലും രോഗികൾ എത്തുന്നു)എന്ന് മയിൽസ്വാമി സാക്ഷ്യപ്പെടുത്തുന്നു. 

20 വർഷംമുമ്പ് ആശുപത്രിക്ക് സമീപം മയിൽസ്വാമി ചായക്കട തുടങ്ങുമ്പോൾ ആളുകൾ വരുന്നതും നോക്കി ഇരിക്കണമായിരുന്നു. ആശുപത്രിയിൽ ജനങ്ങളുടെ വരവ് വർധിച്ചതോടെ ചായക്കടയിലും  തിരക്കേറി. വരുമാനവുമുണ്ടെന്ന് മയിൽസ്വാമി പറയുന്നു. വർഷങ്ങളായി ഇവിടെയുള്ള ഡോ. ആൻസി ജോസഫിനു കീഴിൽ ആശുപത്രി രോഗീസൗഹൃദകേന്ദ്രമായി മാറി. ആർദ്രം പദ്ധതി നടപ്പാക്കിയതോടെ ആശുപത്രിയുടെ മുഖഛായതന്നെ മാറി.

രോഗികൾക്കായി ഇരിപ്പിടങ്ങൾ, ടി വി, ആധുനിക സജ്ജീകരണങ്ങളോടെയുളള ലാബ്, ഡോക്ടർമാരുടെയും നേഴ്സുമാരുടേയും ഫാർമസിസ്റ്റിന്റേയും സേവനം എന്നിവയാണ് സജ്ജമാക്കിയത്. കുട്ടികൾക്കുള്ള കുത്തിവയ്പ് മുറി,  കാർട്ടൂണുകളും ചിത്രങ്ങളും കൊണ്ട് മനോഹരമാക്കി. രണ്ട് മുലയൂട്ടൽ മുറികളുമുണ്ട്്. വിഷാദരോഗികൾക്ക് ആശ്വാസ് ക്ലിനിക്ക്, ശ്വാസകോശ രോഗികൾക്കായി ശ്വാസ് ക്ലിനിക്ക് എന്നിവയും പ്രവർത്തിക്കുന്നു. രണ്ടു ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരുടെ കുറവ് കാരണം വൈകിട്ടത്തെ ഒപി തുടങ്ങിയിട്ടില്ല.  മൂന്നു സ്റ്റാഫ് നഴ്സുമാരാണുള്ളത്. എല്ലാവിധ സൗകര്യവുമുള്ള ലാബുണ്ട്.  രോഗികളെ ഡോക്ടർ കാണുംമുമ്പ് തന്നെ സ്ക്രീനിങ് സെന്ററിൽ ബിപി അടക്കമുള്ള പരിശോധനകൾ നടത്തിയ ഫലം നൽകും. ഇതു ഡോകടർക്ക് പരിശോധന എളുപ്പമാക്കുന്നു.

എല്ലാ വ്യാഴാഴ്ചയും ജീവിതശൈലീരോഗങ്ങൾക്കുള്ള പരിശോധനയുണ്ട്. ടി ബി രോഗ പരിശോധനയ്ക്ക് പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കോടിയിലധികംരൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.  ദിവസേന 300ലധികം രോഗികൾ എത്തുന്ന ആശുപത്രിയാണിത്‌.

പ്രധാന വാർത്തകൾ
Top