17 December Monday

ചിലകാര്യങ്ങളിൽ ആചാരങ്ങളേ വേണ്ടാത്തവർ

എൻ എസ‌് മാധവൻUpdated: Sunday Oct 7, 2018


 
ശബരിമലയിലെ സ‌്ത്രീ പ്രവേശനത്തെ ആചാരങ്ങളുടെപേരിൽ എതിർക്കുന്നവർ മറ്റ‌് ചില കാര്യങ്ങളിൽ ആചാരം പ്രശ‌്നമല്ലെന്ന നിലപാടാണ‌് സ്വീകരിക്കുന്നത‌്. ശബരിമല ക്ഷേത്രത്തിലെ അവസാനവാക്ക‌് എന്ന‌് കരുതപ്പെടുന്ന ബ്രാഹ്മണ കുടുംബംപോലെ ക്ഷേത്രവുമായി അടുത്തബന്ധമുള്ള ഒരു ഈഴവ കുടുംബമായിരുന്നു ചേർത്തലയിലെ ചീരപ്പൻചിറ കുടുംബം. അയ്യപ്പൻ ആയോധനകല അഭ്യസിച്ചത‌് ഇവിടെയാണ‌്.  ഈകുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ അവകാശം. എന്നാൽ ദേവസ്വംബോർഡ‌് ഒരു സുപ്രഭാതത്തിൽ ഇത‌് ഈ കുടുംബത്തിൽനിന്ന‌് ഏകപക്ഷീയമായി എടുത്തുമാറ്റി. ഇന്ന‌് ഈ അവകാശം ലേലം വിളിക്കുകയാണ‌്. 1972 നവബംർ 12നു ദേവസ്വംബോർഡ് ഇറക്കിയ ഒരു ഉത്തരവ് പ്രകാരമാണു ശബരിമലയിൽ സ‌്ത്രീകൾക്ക‌് പ്രവേശനം നിരോധിച്ചത‌്. എന്നാൽ ഇതു പൂർണമായും നടപ്പാക്കാൻ സാധിച്ചിരുന്നില്ല. 1986ൽ ‘നൻപിനാർ കെടുവതില്ലൈ’ എന്ന തമിഴ‌്സിനിമയിൽ നടിമാർ 18–ാം പടിക്കൽ നൃത്തംചെയ്യുന്ന രംഗമുണ്ട‌്. 7500 രൂപ ഷൂട്ടിങ് ഫീസായി ദേവസ്വംബോർഡ‌് ഇതിനായി ഈടാക്കുകയും ചെയ‌്തു.

ഇതേത്തുടർന്നു റാന്നി കോടതിയിൽ ഒരാൾ കേസ് ഫയൽ ചെയ്തു. നടികൾക്കൊപ്പം സംവിധായകനും ദേവസ്വംബോർഡ് അധികൃതർക്കും കോടതി പിഴയിട്ടു. ഒരു ദേവസ്വം ഉദ്യോഗസ്ഥയുടെ മകൾ ആചാരം ലംഘിച്ച് ശബരിമലയിൽ എത്തിയതിനെതിരായി ഒരു മഹേന്ദ്രൻ നൽകിയ ഹരജിയിൽ 1991ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണു 10നും 50നും ഇടയ‌്ക്കുള്ള സ്ത്രീകൾക്ക് ശബരിമലയിൽ നിയന്ത്രണം കർശനമാക്കിയത‌്. ഇതേ ഹൈക്കോടതി വിധിയുടെ ഒരു ഭാഗത്ത് തിരുവിതാംകൂർ മഹാറാണി, രാജാവിനും ദിവാനും ഒപ്പം ശബരിമല ക്ഷേത്രം സന്ദർശിച്ചതായി പറയുന്നുണ്ട‌്. ചോറൂണിന‌് സ‌്ത്രീകൾ ശബരിമലയിൽ പങ്കെടുത്തിരുന്നതായും വിധിയിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top