19 September Wednesday

വല്ലാത്ത ക്ഷീണം, തളര്‍ച്ച .... കാരണം അറിയാം

ഡോ. പ്രിയ ദേവദത്ത്Updated: Thursday Oct 5, 2017


പ്രസരിപ്പിന്റെ വര്‍ണച്ചിറകുകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ആരോഗ്യപ്രശ്നമാണ് ക്ഷീണം. പല രോഗങ്ങളുടെയും പൊതുലക്ഷണമായി ക്ഷീണം എത്താറുണ്ട്. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പുമാകാം. വൈവിധ്യമാര്‍ന്ന പല രോഗലക്ഷണങ്ങളെയും 'ക്ഷീണം' എന്ന പദത്തിലാണ് മിക്കവരും സൂചിപ്പിക്കുക.

ക്ഷീണം- കാരണങ്ങള്‍ അനവധി
വിവിധ രോഗങ്ങള്‍ ബാധിച്ച നല്ലൊരുശതമാനം ആളുകളെയും വിട്ടുമാറാത്ത ക്ഷീണം ബാധിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം ഇവയും ക്ഷീണത്തിനും തളര്‍ച്ചക്കും ഇടയാക്കാറുണ്ട്. പ്രത്യേക കാരണമൊന്നുമില്ലാതെ ക്ഷീണം നല്‍കുന്ന 'ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം' ഒരു ദീര്‍ഘകാല ക്ഷീണരോഗമാണ്. ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്.

രാത്രി ഉറക്കമൊഴിഞ്ഞുള്ള ജോലി, വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, ഫാസ്റ്റ്ഫുഡ് അടക്കമുള്ള പോഷകരഹിത ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്.

ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. വെയിലത്ത് പുറംപണിയെടുക്കുന്നവരില്‍ ഇത് കൂടുതലാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലും ക്ഷീണം വളരെ കൂടുതലാണ്. ശാരീരികവും മാനസികവുമായ പ്രത്യേകതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ക്ഷീണം കൂട്ടും. ചെറിയ കായികാധ്വാനംകൊണ്ടുപോലും വാടിത്തളരുക, പഠനത്തെയും കളികളെയും ക്ഷീണം ബാധിക്കുക, ഇവ കുട്ടികളിലുണ്ടെങ്കില്‍ ശ്രദ്ധയോടെ കാണണം.

വിളര്‍ച്ചയും ക്ഷീണവും
രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. പല കാരണങ്ങള്‍കൊണ്ടും വിളര്‍ച്ച ഉണ്ടാകാം. രക്തസ്രാവം, ആവശ്യത്തിന് ചുവന്നരക്താണുക്കള്‍ ഉണ്ടാകാതെ വരിക, രക്താണുക്കളുടെ നാശം, ഇവയാണ് വിളര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങള്‍.
അര്‍ശസ്, അള്‍സര്‍, അമിതാര്‍ത്തവം ഇവ മൂലമുള്ള രക്തനഷ്ടം വിളര്‍ച്ചയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഇരുമ്പിന്റെ അളവ് കുറഞ്ഞാലും വിളര്‍ച്ചയുണ്ടാകും. ദഹനേന്ദ്രിയവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം, കൊക്കപ്പുഴു ബാധ ഇവയും വിളര്‍ച്ചയുണ്ടാക്കും. കുട്ടികളില്‍ ആറുമാസംമുതല്‍ രണ്ടുവയസ്സുവരെ ഇരുമ്പിന്റെ ആവശ്യകത ഏറെയാണ്. സ്ത്രീകളില്‍ ആര്‍ത്തവം-ഗര്‍ഭം-മുലയൂട്ടല്‍ തുടങ്ങിയ ഘട്ടങ്ങളില്‍ ഇരുമ്പ് കൂടിയതോതില്‍ ഉണ്ടായെ തീരു. ഉദരരക്തസ്രാവത്തെത്തുടര്‍ന്നുള്ള രക്തനഷ്ടം കൂടുതലും പുരുഷന്മാരിലാണ്. വേണ്ടത്ര ശ്രദ്ധയും ചികിത്സയും ലഭിക്കാത്ത അവസരത്തില്‍ ഇത്തരം ഘടകങ്ങളെല്ലാം ക്ഷീണത്തിന്റെയും വിളര്‍ച്ചയുടെയും ലക്ഷണങ്ങള്‍ പ്രകടമാക്കും.

ക്ഷീണം ഒഴിയാതെ പ്രമേഹം
വിട്ടുമാറാത്ത ക്ഷീണമാണ് ജീവിതശൈലി രോഗങ്ങളില്‍ പ്രധാനിയായ പ്രമേഹത്തിന്റെ പ്രധാന ലക്ഷണം. ക്ഷീണവും തളര്‍ച്ചയും ഭാരക്കുറവുമെല്ലാം പ്രമേഹം ഉയര്‍ത്തുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടും വരാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാലും പ്രമേഹരോഗിക്ക് ക്ഷീണമുണ്ടാകും. കൂടാതെ പ്രമേഹരോഗം ബാധിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ക്ഷീണത്തിനിടയാക്കാം.

ഹൃദ്രോഗത്തെത്തുടര്‍ന്നും ക്ഷീണം
ഹൃദയസ്തംഭനത്തിലും ക്ഷീണം പ്രധാന ലക്ഷണമായി എത്താറുണ്ട്. മിക്കവരിലും ശ്വാസംമുട്ടലും ഒപ്പമുണ്ടാകും. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഹൃദയപേശിയുടെ സങ്കോച-വികാസ ശേഷി കുറയും. ഇതുമൂലം ഹൃദയത്തിന്റെ അറകളില്‍നിന്ന് പുറത്തേക്കുപമ്പ്ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്ന രക്തപ്രവാഹവും ഓക്സിജനും കുറയുന്നത് ക്ഷീണമുണ്ടാക്കും.

ഉറങ്ങാം... ഉന്മേഷത്തോടെ ഉണരാം...
ഉണര്‍വുള്ള പകലിന് ശരിയായ ഉറക്കം കൂടിയേതീരു. നിദ്രാവൈകല്യങ്ങളും ഉറക്കക്കുറവും ക്ഷീണമുണ്ടാക്കും. ഉറക്കത്തിലെ ശ്വാസതടസ്സം നിദ്രാവൈകല്യങ്ങളില്‍ പ്രധാനമാണ്. പൊണ്ണത്തടി, തൈറോയ്ഡ്, പിറ്റ്യൂട്ടറി ഗ്രന്ഥികളുടെ പ്രവര്‍ത്തനക്കുറവ്, ഇവയും ശ്വാസതടസ്സമുണ്ടാക്കി ഉറക്കം നഷ്ടപ്പെടുത്തും. കുട്ടികളില്‍ ടോണ്‍സില്‍ഗ്രന്ഥികള്‍ വലുതായി തടസ്സമുണ്ടാക്കുന്നത് ഉറക്കത്തിന് ഭംഗംവരുത്തി ക്ഷീണത്തിനിടയാക്കും.

തൈറോയ്ഡ് തകരാറുകള്‍ ക്ഷീണത്തിനിടയാക്കും
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യവും അമിത പ്രവര്‍ത്തനവും ഒരുപോലെ ക്ഷീണത്തിനിടയാക്കും. ഹൈപ്പോ തൈറോയ്ഡ് ബാധിച്ചവരില്‍ ക്ഷീണം, തളര്‍ച്ച, കിതപ്പ് ഇവ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഉണ്ടാകും. തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനത്തിലും ക്ഷീണവും നെഞ്ചിടിപ്പും ഉണ്ടാകും.

കടുത്ത ക്ഷീണം നല്‍കും കരള്‍രോഗങ്ങള്‍
മഞ്ഞപ്പിത്തം, മദ്യപാനം, പാരമ്പര്യംമൂലമുള്ള കരള്‍രോഗങ്ങള്‍  എല്ലാംതന്നെ കടുത്ത ക്ഷീണത്തിനിടയാക്കാറുണ്ട്. ഛര്‍ദി, ഓക്കാനം ഇവയോടൊപ്പം ക്ഷീണംകൂടി ഉണ്ടാകുമ്പോള്‍ കരള്‍രോഗി തീര്‍ത്തും അവശനാകുന്നു. സിറോസിസ് രോഗത്തെത്തുടര്‍ന്നുണ്ടാകുന്ന പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍മൂലം അളവില്ലാതെ രക്തം ഛര്‍ദിക്കുന്നതും വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും ഇടയാക്കി സങ്കീര്‍ണതകളിലെത്തിക്കും.

സ്ത്രീകളും ക്ഷീണവും
സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടുന്ന ഘടകങ്ങള്‍ നിരവധിയാണ്. പോഷകക്കുറവ്, വീട്ടിലെയും ജോലിസ്ഥലത്തെയും സമ്മര്‍ദങ്ങള്‍, അമിതാര്‍ത്തവം, വിളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,ഉറക്കക്കുറവ്, അര്‍ബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍, വിഷാദം, ചിലയിനം മരുന്നുകള്‍ ഇവയെല്ലാം സ്ത്രീകളില്‍ ക്ഷീണത്തെ കൂട്ടാറുണ്ട്. ക്ഷീണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കാണേണ്ടതാണ്.

കുട്ടികളിലെ അസ്വാഭാവിക ക്ഷീണം
കളിച്ചുനടക്കേണ്ട പ്രായമാണ് കുട്ടിക്കാലം. എന്നാല്‍ അതിന് വിപരീതമായി ദൈനംദിന കാര്യങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ ക്ഷീണം തളര്‍ത്തുന്നുവെങ്കില്‍ അത് രോഗലക്ഷണമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഉറക്കക്കുറവ്, പ്രമേഹം, മാനസികസമ്മര്‍ദം, വൃക്കത്തകരാറുകള്‍, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമായും കടുത്ത ക്ഷീണം എത്താറുണ്ട്. കുട്ടികളുടെ ദൈനംദിന പ്രവൃത്തികള്‍ നിരീക്ഷിക്കുകയും ഡോക്ടറുടെ സഹായം തേടുകയും വേണം.

ദീര്‍ഘകാല ക്ഷീണ രോഗം
മറ്റു കാരണങ്ങളൊന്നും ഇല്ലാതെ 6-7 മാസത്തിലേറെ തുടര്‍ച്ചയായി നില്‍ക്കുന്ന രോഗമാണ് ദീര്‍ഘകാല ക്ഷീണരോഗം അഥവാ ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം. ഒന്നിലും ഉന്മേഷംതോന്നാത്ത ഇക്കൂട്ടര്‍ വിശ്രമിച്ചാലും ക്ഷീണം മാറുകയില്ല. അലസത, മന്ദത, ഓര്‍മക്കുറവ്, പേശിവേദന, സന്ധിവേദന, ഉറക്കംതൂങ്ങല്‍, വിഷാദം എന്നീ ലക്ഷണങ്ങള്‍ ഇവരില്‍ കാണാറുണ്ട്.

 

ക്ഷീണം മറികടക്കാം
ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതായതിനാല്‍ ചികിത്സയും ഒരോരുത്തരിലും വ്യത്യസ്തമാകും. പ്രായത്തിനനുസരിച്ചും ചികിത്സക്ക് വ്യത്യാസമുണ്ടാകും. ജീവിതശൈലി രോഗങ്ങള്‍ തുടക്കത്തിലേ നിയന്ത്രിച്ചുനിര്‍ത്തുന്നത് ക്ഷീണത്തിന്റെ കടന്നുവരവ് തടയും. ആര്‍ത്തവ-ഗര്‍ഭ-പ്രസവ കാലത്ത് സ്ത്രീകള്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണവും പോഷകഭക്ഷണവും കഴിക്കുന്നതിലൂടെക്ഷീണത്തെ ഒഴിവാക്കാം. കുട്ടിയുടെപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതോടൊപ്പം കുട്ടി ഉറങ്ങുന്ന സമയം, ഉറക്കത്തിലെ തടസ്സങ്ങള്‍, ഭക്ഷണം, ക്ഷീണിക്കുന്ന വേളകള്‍ ഇവയൊക്കെ നിരീക്ഷിക്കേണ്ടതുണ്ട്.

ക്ഷീണത്തെ വരുതിയിലാക്കാന്‍ ജീവിതശൈലി മെച്ചപ്പെടുത്തുന്നതോടൊപ്പം നിരവധി ഔഷധങ്ങളും ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. മുന്തിരി, ഈന്തപ്പഴം, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, പരൂഷകഫലം, കരിമ്പ്, ബാര്‍ലി, ചെന്നല്ലരി, അമുക്കുരം, നെല്ലിക്ക, ശതാവരി, ബ്രഹ്മി ഇവ ക്ഷീണത്തെ അകറ്റുന്ന ഔഷധികളില്‍ ചിലതാണ്.

സമീകൃത ഭക്ഷണം അനിവാര്യം
തവിടു മാറ്റാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ ഇവ ഉള്‍പ്പെട്ട പോഷകഭക്ഷണങ്ങള്‍ക്ക് ക്ഷീണം കുറയ്ക്കാനാകും. സാവധാനം ദഹിച്ച് മെല്ലെമെല്ലെ രക്തത്തിലേക്ക് പഞ്ചസാര എത്തിക്കുന്ന ആഹാരങ്ങളാണ് ക്ഷീണം അകറ്റുക. ഓട്സ്, കഞ്ഞി, പാല്‍ക്കഞ്ഞി, ചെറുപയര്‍, വെള്ളക്കടല, വന്‍പയര്‍, തുവര, റാഗി, ഏത്തപ്പഴം, ആപ്പിള്‍, സബര്‍ജല്ലി, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ഗുണംചെയ്യും. ചുവന്ന മാംസം, പച്ചച്ചീര, മത്സ്യം, കോഴിയിറച്ചി, കശുവണ്ടി ഇവ ഇരുമ്പ് കുറവുള്ളവര്‍ ഭക്ഷണത്തില്‍പ്പെടുത്തേണ്ടതാണ്. പാലുംവെള്ളം, മോര്, തിളപ്പിച്ചാറ്റിയ വെള്ളം, പഴച്ചാറുകള്‍ ഇവ നിര്‍ജലീകരണം തടയാനായി ഉപയോഗിക്കാം. ഉറങ്ങാനും ഉണരാനും സമയക്ളിപ്തത പാലിക്കുന്നത് ക്ഷീണം അകറ്റും. രാത്രി ഉറക്കമിളയ്ക്കുന്നതിന്റെ പകുതിസമയം പകല്‍ ഉറങ്ങേണ്ടതാണ്.

* ലഘുവ്യായാമങ്ങള്‍, യോഗ ഇവ ശീലമാക്കുന്നതും ക്ഷീണത്തെ ചെറുക്കും.

* എപ്പോഴും സക്രിയമാകുക. അത് വിപരീത ചിന്തകളെയും അതുവഴി ക്ഷീണത്തെയും അകറ്റി ഉന്മേഷം നല്‍കും. 

(മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)
  

പ്രധാന വാർത്തകൾ
Top