16 July Monday

ദുരഭിമാന നാടകങ്ങള്‍ക്ക് ആയുസ്സില്ല

സാജന്‍ എവുജിന്‍Updated: Wednesday Oct 4, 2017

? ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയുടെ നേതാക്കള്‍ അഭിപ്രായപ്പെടുന്നത് ഇന്ത്യന്‍ ഭരണഘടന യഥാര്‍ഥ ഭാരതീയതയെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്്. ഇതിനോടുള്ള പ്രതികരണം എന്താണ്.
* വസ്തുനിഷ്ഠമായ കാഴ്ചപ്പാടോടെ ഇന്ത്യന്‍ ഭരണഘടന വായിക്കുന്നത് നല്ല കാര്യമാണ്. സ്വന്തം പ്രവര്‍ത്തനസമ്പ്രദായത്തില്‍തന്നെ ഭേദഗതി ചെയ്യാവുന്ന വിധത്തിലുള്ള, ഭരണഘടനയുടെ ഉള്ളടക്കത്തെ അതിന്റെ വിപ്ളവകരമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ തലമുറയും കാണണം. അപഗ്രഥനത്തിനും വിധേയമാക്കണം. പക്ഷേ, ഭരണഘടനയുടെ ഉള്ളടക്കത്തെ വസ്തുനിഷ്ഠമായി കാണുന്നതും ഇന്ത്യന്‍ പ്രതിഭയോടുള്ള അതിന്റെ സഹജമായ വിശ്വസ്തതയെ നിഷേധിക്കുന്നതും രണ്ടും രണ്ടാണ്. ഇന്ത്യയുടെ ആത്മാവിനോടുള്ള ഇതിന്റെ അടിസ്ഥാനപരമായ വിശ്വസ്തതയെ നിഷേധിക്കുന്നത് ഭരണഘടനയുടെ കേവലം ഉള്ളടക്കത്തെ ആക്രമിക്കലല്ല, മറിച്ച് ഇന്ത്യയുടെ ബഹുസ്വരതയുടെ കാതലിനെത്തന്നെ നിഷേധിക്കലാണ്; ഇന്ത്യയുടെ ഹൃദയത്തോടുള്ള വിശ്വസ്തതയാണ് ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷതയും പ്രകൃതവും സത്യവും.

ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയതയില്ലെന്ന് പറയുന്നതും വ്യക്തിബോധം, പൌരത്വബോധം, രാഷ്ട്രബോധം എന്നിവയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നതും  ദേശീയോദ്ഗ്രഥനത്തിനുതന്നെ അപകടമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയത കണ്ടെത്താന്‍ കഴിയാത്തവര്‍ അതിന്റെ സംസ്കൃത പരിഭാഷ വായിക്കണമെന്നാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്. 'നാം, ഇന്ത്യക്കാര്‍' എന്നുള്ളത് സംസ്കൃതത്തില്‍ 'വായം ഭാരതസ്യ ജനാ' എന്നാണ് നല്‍കിയിട്ടുള്ളത്. വൈശ്യ, വാല്മീകി, വൈശ്യമ്പായന്‍, വാത്സ്യായന്‍, കാളിദാസന്‍, കുമാരജീവന്‍, കൌടില്യന്‍ എന്നിവരുടെ ഭാഷകളില്‍ക്കൂടി ഭരണഘടന വായിച്ചാല്‍ എത്ര അപകടകരവും ബോധപൂര്‍വമുള്ള നുണയുമാണ് ഇത്തരം വാദങ്ങളെന്ന് വ്യക്തമാകും. അവരുടെ വാദത്തിലെ വൃത്തികെട്ട നുണ എല്ലാക്കാലത്തും അവര്‍ക്ക് കൊണ്ടുനടക്കാന്‍ കഴിയില്ല. 'ഇന്ത്യ, അതായത് ഭാരതം' എന്ന വരിയോടെയാണ്  ഭരണഘടനയുടെ ഒന്നാം അനുച്ഛേദം തുടങ്ങുന്നത്. ഉറുദുവില്‍ ഈ വരി 'ഹം ഹിന്ദ് കി അവാം' എന്നാണ്. സ്വന്തം ജനതയുടെ ബോധത്തോട് ഇത്രയും മികവുറ്റ രീതിയില്‍ പ്രതികരിക്കുന്ന സംസ്കാരമുള്ള ഒരു രാഷ്ട്രത്തിനുമാത്രമേ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്താന്‍ കഴിയൂ.

ഭരണഘടനയിലെ 'ഭാരത്' എന്നത് ഇന്ത്യയിലെ എല്ലാ 'ജന'ങ്ങളുടെയും 'ഗണ'മാണ് (ഇന്ത്യന്‍ ജനത). രവീന്ദ്രനാഥ ടാഗോര്‍ പാടിയ, അവരുടെ മന (മനസ്സ്)മാണ് ഇന്ന് നമ്മുടെ ദേശീയഗാനം. ഈ 'മന' എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്; ആധിപത്യസ്വഭാവമുള്ളതല്ല. സര്‍വലോകത്തിനും ഇടംനല്‍കുന്നതാണ്.

? ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്യ്രം ഗുരുതരമായ ഭീഷണി നേരിടുകയാണല്ലോ.
* നിങ്ങളെപ്പോലുള്ള മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍നിന്നുതന്നെ ഇന്ത്യയില്‍ സ്വതന്ത്രചിന്തയും അഭിപ്രായപ്രകടന സ്വാതന്ത്യ്രവും ഭീഷണി നേരിടുന്നില്ലെന്ന് വ്യക്തമാകുന്നു. എന്നാല്‍, വെല്ലുവിളികള്‍ ഇല്ലാതെ പോകില്ല. അതിന്റേതായ നാളുകളുമുണ്ട്. ദുരഭിമാന നാടകങ്ങള്‍ കഴിയും. ഇന്ത്യയെന്ന വികാരത്തിനുമുന്നില്‍ ഇവയൊക്കെ കീഴടങ്ങും.

? മതനിരപേക്ഷ ഇന്ത്യയുടെ ഭാവി എന്താണ്.
* ഇന്ത്യയുടെ ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍- കുങ്കുമം, ശുഭ്രം, ഹരിതം- പോലെ ശോഭനമാണ്. ദേശീയപതാകയില്‍ നാലാമതൊരു നിറംകൂടിയുണ്ട്- നീല. മധ്യത്തിലുള്ള അശോകന്റെ ധര്‍മചക്രത്തിന്റെ നിറം *
 

പ്രധാന വാർത്തകൾ
Top