22 September Saturday

ഇല്ല, ഈ കണ്ണീർ മഴ തോരുന്നേയില്ല...

കെ ടി രാജീവ‌്Updated: Wednesday Jul 4, 2018

ഇടുക്കി>കരഞ്ഞുകരഞ്ഞ‌് ‌തളർന്ന‌ ശരീരവും നുറുങ്ങിയ മനസ്സുമായി അച്ഛനും അമ്മയും ഒരേ ഇരിപ്പാണ‌് ആ ഒറ്റമുറി വീട്ടിൽ. ജീവനുതുല്യം സ‌്നേഹിച്ച‌ പൊന്നുമകന്റെ വേർപാടിന‌് ഒരു ദിവസം പിന്നിടുമ്പോൾ നൊമ്പരം ഉമിത്തീപോലെ എരിയുന്നു. ആശ്വസിപ്പിക്കാനെത്തുന്നവരോട‌ും ഒന്നും ഉരിയിടാനാവാതെ...  ഇടയ‌്ക്ക‌് മൗനദുഃഖം ഭേദിക്കുമാറ‌് ‘ഞാൻ പെറ്റ മകനേ’ എന്ന‌ും ‘എതുക്ക‌് ഇപ്പടി ഇന്ത പിശാചുക്കൾ എൻ മകനെ ഇപ്പടി ചെയ‌്താങ്കെ’ എന്നും വിതുമ്പി കരയുന്നുണ്ട‌്. അഭിമന്യു  ഇനിയൊരിക്കലും എത്തില്ലെന്ന യാഥാർഥ്യം ബോധ്യപ്പെടാൻ കഴിയാതെ ജീവഛവം കണക്കേ തറയിലിരുന്നും ആകെയുള്ള ഒരു ബഞ്ചിലിരുന്നും വിങ്ങിപ്പൊട്ടുകയാണ‌് അവർ.‌

മനോഹരന്റെയും ഭൂപതിയുടെയും ബന്ധത്തിൽപ്പെട്ട 200ൽപരം കുടുംബങ്ങളാണ‌് വട്ടവടയിലുള്ളത‌്. കുറച്ചുപേർ വീട്ടിലുണ്ട‌്. പാർടി പ്രവർത്തകരും പരിസരങ്ങളിലുണ്ട‌്. അഭിമന്യുവിന്റെ കൂട്ടുകാരും മറ്റുള്ളവരും വന്നും പോയിക്കൊണ്ടുമിരിക്കുന്നു. കുനുവൻ മന്നാടി വിഭാഗത്തിലുള്ള കുടുംബമാണ‌് ഇവരുടേത‌്. പരമ്പരാഗത മരണാനന്തര ചടങ്ങുകൾക്കും മറ്റുമായി ബന്ധുക്കളും നാട്ടുകാരും ഉണ്ട‌്. നാലര നൂറ്റാണ്ടിനുമുമ്പ‌് തമിഴ‌്നാട്ടിൽനിന്നും അഞ്ചുനാട്ടിൽ താമസമാക്കിയ 13 കുടുംബങ്ങളിൽപെട്ടവരാണിവർ. ഇതിൽ എട്ടാം തലമുറയിൽപ്പെട്ട യുവാവായിരുന്നു അഭിമന്യു. വീടുകളാൽ തിങ്ങിനിറഞ്ഞ കോവിലൂർ, കൊട്ടക്കാമ്പൂർ മേഖലയിൽ ഏതാവശ്യങ്ങൾക്കും ഓടിച്ചാടി നടന്ന‌് വിശേഷങ്ങൾ തിരക്കിയിരുന്ന അക്ഷരാർഥത്തിൽ അഞ്ചുനാടിന്റെ വീരപുത്രൻ തന്നെയായിരുന്നു അഭിമന്യു. ആ ഇളം പൈതലിന്റെ ദാരുണ കൊലപാതകത്തിൽ വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയാണ‌് പച്ചക്കറി ഗ്രാമവും വട്ടവട നിവാസികളും.

അധ്വാനവും സേവനവും പൊതുപ്രവർത്തനവും തോളോടുതോൾ ചേർത്ത‌് ചെറുപ്രായത്തേക്കാൾ പക്വതയും ഗൗരവവും പുലർത്തിയിരുന്ന, നാടിന‌് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മിടുക്കനായിരുന്നു അഭിമന്യുവെന്ന‌് വട്ടവട പഞ്ചായത്ത‌് പ്രസിഡന്റ‌് രാമരാജ‌് പറഞ്ഞു. പഞ്ചായത്ത‌് പരിധിയിൽ അക്ഷരാഭ്യാസമില്ലാത്ത പാവങ്ങൾക്ക‌് സമയം കിട്ടുമ്പോൾ അപേക്ഷകൾ പൂരിപ്പിച്ച‌് നൽകിയിരുന്നതും അഭിമന്യുവാണ‌്. ആശയം പറഞ്ഞാൽ അപേക്ഷകൾ വടിവൊത്ത കൈയക്ഷരത്തിൽ ‌എഴുതിനൽകും. തമിഴും മലയാളവും അനായാസം കൈകാര്യം ചെയ്യുമായിരുന്നു. രണ്ടുഭാഷയിലും നന്നായി പ്രസംഗിക്കാറുണ്ട‌്. അഭിമന്യു നാടിനെയും ജനതയെയും എത്രമാത്രം സ‌്നേഹിച്ചിരുന്നു എന്നതിന‌് തെളിവാണ‌് ഈ പ്രത്യാഭിവാദ്യങ്ങളെല്ലാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top