17 October Wednesday

ജനഹൃദയങ്ങള്‍ തൊട്ട്

കെ എന്‍ സനില്‍Updated: Friday Nov 3, 2017


തിരുവനന്തപുരം > കേരളീയ ഹൃദയങ്ങളോട് നേരിട്ട് സംവദിച്ച ജനജാഗ്രതാ യാത്രകള്‍ വെള്ളിയാഴ്ച സമാപിക്കും. എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഒക്ടോബര്‍ 21ന് ആരംഭിച്ച ജാഥകള്‍ 12ദിവസമാണ് പര്യടനം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജനജാത്രാ യാത്ര തൃശൂരിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജനജാഗ്രത യാത്ര എറണാകുളത്തുമാണ് സമാപിക്കുക.

ഗ്രാമ-നഗര ഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളുമായി സമകാലിക രാഷ്ട്രീയം സംവദിച്ച് പ്രയാണം നടത്തിയ ജാഥയ്ക്ക്  140 നിയമസഭാ മണ്ഡലങ്ങളിലും ഉജ്വലസ്വീകരണം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങളും വര്‍ഗീയ ധ്രുവീകരണ നടപടികകളും തുറന്നുകാട്ടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനക്ഷേമ നടപടികളും വികസന പദ്ധതികളും  വിശദീകരിച്ചുമാണ് ജാഥയുടെ പര്യടനം. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ കേരളം എത്രകണ്ട് ഇടതുപക്ഷത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നുവെന്നതിന് തെളിവായി കടന്നുപോന്ന ഓരോ സ്വീകരണ കേന്ദ്രങ്ങളും.

തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, അധ്യാപകര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വീട്ടമ്മമാര്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും ജാഥയെ വരവേല്‍ക്കാനെത്തി. കേരളത്തിലെ ജനപക്ഷ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ കരുതല്‍ ഓരോ സ്വീകരണ കേന്ദ്രത്തിലും ദൃശ്യമായി.  സാമുദായിക സൌഹാര്‍ദം തകര്‍ത്ത് തങ്ങള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയുമോ എന്നും രാജ്യത്തിനുമുന്നില്‍ കേരളത്തെ ഇകഴ്ത്തിക്കാണിക്കാനും ബിജെപി ദേശീയ നേതൃത്വത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന നീക്കങ്ങള്‍ ജാഥയിലുടനീളം വിശദീകരിച്ചു.

വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, വിവിധ ക്ഷേമരംഗങ്ങളിലും സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമന നടപടികളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചറിഞ്ഞവരില്‍ പലരും ജാഥയെ വരവേല്‍ക്കാനെത്തിയിരുന്നു. പലയിടങ്ങളിലും ഉല്‍സവാന്തരീക്ഷത്തിലായിരുന്നു സ്വീകരണം. വിവിധ വികസന മേഖലകളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ജാഥാംഗങ്ങള്‍ വിശദീകരിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് അതെല്ലാം തൊട്ടറിഞ്ഞ അനുഭവസാക്ഷ്യങ്ങളായിരുന്നു.

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, അഡ്വ. ബാബുകാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി എം മാത്യു എന്നിവരാണ് ജാഥാംഗങ്ങള്‍. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥ കാസര്‍കോട്ട് സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്തത്. സത്യന്‍ മൊകേരി, സ്കറിയ തോമസ്, പി എം ജോയി, പി കെ രാജന്‍, ഇ പി ആര്‍ വേശാല എന്നിവരാണ് ജാഥാംഗങ്ങള്‍.

മതസൌഹാര്‍ദം ഊട്ടിയുറപ്പിച്ച യാത്ര

വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തുന്ന എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയെ ജനം നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. വന്‍ ജനപങ്കാളിത്തമാണ് ഉദ്ഘാടന സമയത്തുതന്നെയുണ്ടായത്. കാസര്‍കോട് ജില്ലയിലെ അഞ്ചിടങ്ങളിലെയും പരിപാടികളില്‍ബഹുജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി. കണ്ണൂര്‍ ജില്ലയിലെ പരിപാടികള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ആര്‍എസ്എസുകാരുടെ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്ന പ്രദേശങ്ങളില്‍ക്കൂടിയായിരുന്നു യാത്ര കടന്നുപോന്നത്. കണ്ണൂര്‍ ജില്ലയിലെ ബിജെപിയുടെ യാത്ര വിവിധ പ്രദേശങ്ങളില്‍ പദയാത്രയായും മറ്റും നടത്തിയിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത്ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം ബിജെപി യാത്രയില്‍ പങ്കാളികളായിരുന്നു. മത സ്പര്‍ധ ഉണ്ടാക്കത്തക്കവിധം വര്‍ഗീയ പ്രചാരണമാണ് ബിജെപി നടത്തിയതെങ്കില്‍ മതസൌഹാര്‍ദവും ജനങ്ങളുടെ ഐക്യവും ഊട്ടിയുറപ്പിക്കുന്ന സന്ദേശമാണ് എല്‍ഡിഎഫ് യാത്ര മുന്നോട്ടുവച്ചത്.

വയനാട് ജില്ലയിലെ മൂന്ന് പരിപാടികളില്‍ കൃഷിക്കാരുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍ അധ്യാപകരാവാന്‍ യോഗ്യത നേടിയ 246പേര്‍ക്ക് ജോലി നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ആദിവാസി ജനവിഭാഗങ്ങളില്‍ സര്‍ക്കാരിനെ ക്കുറിച്ച് വലിയ മതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ജാഥാ സ്വീകരണങ്ങളില്‍ ഈ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ വലിയ പങ്കാളിത്തം ആവേശമുണ്ടാക്കുന്നതായിരുന്നു.

കോഴിക്കോട് ജില്ലയിലെ പരിപാടികളില്‍ ഓരോ കേന്ദ്രങ്ങളിലും അഭൂതപൂര്‍വമായ ജനപ്രവാഹമാണ് ഉണ്ടായത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവരുടെ പങ്കാളിത്തം പ്രതീക്ഷിച്ചതിലും അപ്പുറമായി. ഇടതുപക്ഷമാണ് രക്ഷകര്‍ എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുവെന്ന് ഓരോ കേന്ദ്രങ്ങളിലേയും പരിപാടികള്‍ സാക്ഷ്യപ്പെടുത്തി. മലപ്പുറം ജില്ലയില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ, വര്‍ഗീയ ശക്തികളുടെ നിലപാടുകള്‍ക്കെതിരായ ശക്തമായ താക്കീതായിരുന്നു യാത്രയിലെ ജനപങ്കാളിത്തം.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ഇടതുപക്ഷചേരിയിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നു. ഇത്് ഓരോ സ്വീകരണപരിപാടിയിലും പ്രകടമായി കണ്ടു. വേങ്ങരയില്‍ ഇത്തവണ പോളിങ് വര്‍ധിച്ചപ്പോള്‍ ഇടതുപക്ഷത്തിനുമാത്രമാണ് മൂന്‍കാലങ്ങളേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. മുസ്ളിംലീഗ്, ബിജെപി, എസ്ഡിപിഐ എന്നീ കക്ഷികള്‍ക്ക് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചത് എന്നത് ഇത്തരം ശക്തികള്‍ക്കെതിരായ മുന്നറിയിപ്പായിരുന്നു. എസ്ഡിപിഐക്ക് 2014ല്‍ ലഭിച്ച ഒമ്പതിനായിരം വോട്ട് എട്ടായിരമായി ചുരുങ്ങി. ബിജെപിയുടേത് ഏഴായിരത്തില്‍നിന്ന് അയ്യായിരമായി കുറഞ്ഞു. യുഡിഎഫിന്റെ ഭൂരിപക്ഷം 40,000നിന്ന് 23,000 ആയി ചുരുങ്ങി.

പാലക്കാട് ജില്ലയിലെ സ്വീകരണങ്ങള്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു. സാമൂഹ്യ സുരക്ഷാപദ്ധതി പ്രകാരം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചത് വലിയ ആവേശമാണ് ജനങ്ങളില്‍ ഉണ്ടാക്കിയത്. എസ്സി-എസ്ടി മേഖലയിലും സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ  പ്രതികരണങ്ങള്‍ ജനങ്ങളിലുണ്ടാക്കി.

തൃശൂരില്‍ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലുള്ളവരുടെ ഒത്തുകൂടലായിരുന്നു സ്വീകരണങ്ങള്‍. സാഹിത്യകാരന്മാരും കലാകാരന്മാരും തുടങ്ങി നാനാതുറകളിലുള്ളവര്‍ യാത്ര വിജയിപ്പിക്കാനായി രംഗത്തുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, ആബാലവൃദ്ധം ജനങ്ങള്‍ ജാഥയെ ഏറ്റെടുക്കുകയായിരുന്നു. എല്‍ഡിഎഫിലെ നേതാക്കള്‍ക്ക് പുറമെ ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് (ഫ്രാന്‍സിസ് വിഭാഗം) സിഎംപി, ജെഎസ്എസ്, ആര്‍എസ്പി ലെനിനിസ്റ്റ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ്, സിപിഐ എംഎല്‍ റെഡ്ഫ്ളാഗ് എന്നീ പാര്‍ടികളിലെ നേതാക്കളും പ്രവര്‍ത്തകരും യാത്രയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളിലെത്തി.

എല്‍ഡിഎഫ് യാത്രയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ പ്രസക്തി ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് യാത്ര അവസാനിക്കുമ്പോള്‍ ബോധ്യമാവുന്നത്. അതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഒന്നാകെ മുന്നിലുണ്ടാവുമെന്ന കാര്യവും ഉറപ്പാണ്.
(തയ്യാറാക്കിയത് ഇ എസ് സുഭാഷ്)
 

ജനങ്ങള്‍ ഏറ്റെടുത്തു

വേങ്ങര ഉപതെരഞ്ഞെടുപ്പുകഴിഞ്ഞ് വളരെ പെട്ടെന്നാണ് ജാഥയുടെ തീയതി നിശ്ചയിച്ചത്. സമയക്കുറവിന്റെ പ്രശ്നമൊന്നും ഉണ്ടായില്ല. കനത്ത മഴയിലും കാറ്റിലുമാണ് ജാഥയുടെ ഉദ്ഘാടനം നടന്നത്. എല്‍ഡിഎഫുമായി സഹകരിക്കുന്ന പാര്‍ടികളുടെ സാന്നിധ്യവും എല്ലായിടത്തും ഉണ്ടായി.

കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര കഴിഞ്ഞാണ് എല്‍ഡിഎഫ് ജാഥകള്‍ ആരംഭിച്ചത്. ബിജെപി മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും കേരളത്തിനെതിരെ പ്രചാരണം നടത്താനായിരുന്നു കുമ്മനത്തിന്റെ ജാഥ. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സാമൂഹ്യസുരക്ഷയിലുമെല്ലാം യൂറോപ്പിലെ വികസിതരാജ്യങ്ങളോട് മത്സരിക്കുന്ന കേരളത്തോട് യുപിയെ കണ്ടുപഠിക്കാന്‍ പറഞ്ഞാല്‍ ആര് മുഖവിലയ്ക്കെടുക്കും?

കേരളത്തില്‍ തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന്  പ്രചരിപ്പിക്കുന്ന ബിജെപിയുടെ എത്ര നേതാക്കളാണ് കേരളത്തില്‍ വന്ന് മണ്ടത്തരം പറഞ്ഞുപോയത്. കേരള മുഖ്യമന്ത്രി പോയിടത്തെല്ലാം തടയാന്‍ ശ്രമിച്ചത് ബിജെപിയാണ്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി യാത്രയില്‍ വിശദീകരിക്കുന്നതിനെ ശരിവയ്ക്കുന്നതായിരുന്നു ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജും മുന്‍ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തലുകളും. കേരളത്തിനെതിരെ ബിജെപി നേതാക്കള്‍ പറഞ്ഞതിനെല്ലാം ഇതിനിടയില്‍ ഇവിടെയെത്തിയ രാഷ്ട്രപതി  മറുപടി പറഞ്ഞു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് കാലത്തേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനുള്ള ശ്രമമാണ് മുസ്ളിം രാജാക്കന്മാര്‍ക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം. അതിനും ടിപ്പുവിനെ പുകഴ്ത്തി രാജ്യത്തെ പ്രഥമ പൌരന്‍ മറുപടി നല്‍കി.

കോണ്‍ഗ്രസിന്റെ ദേശീയ നിലപാടും കേരളത്തില്‍ രമേശ് ചെന്നിത്തലയുടെ പടയൊരുക്ക ജാഥയുമായി എങ്ങനെ പൊരുത്തപ്പെടും. ബിജെപിക്കെതിരെ പ്രതിരോധം പടുത്തുയര്‍ത്തണമെന്ന് പറയുന്ന എ കെ ആന്റണിക്ക് കേരളത്തിലെ മുഖ്യശത്രു എങ്ങനെ ഇടതുപക്ഷമാകും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്ന എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തിയാല്‍ അത് നടക്കുമോ. വലിയ സ്വാധീനമില്ലാത്ത വേങ്ങരയില്‍ വോട്ട് കൂടിയത് എല്‍ഡിഎഫിന് മാത്രമാണ്.

ചെന്നിത്തല നടത്തുന്നത് ജാള്യം മറയ്ക്കാനുള്ള സ്വയരക്ഷായാത്രയാണ്. സോളാര്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. അതില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധതിരിക്കാനാണത്. ജാഥയെക്കുറിച്ച് രമേശ് ചെന്നിത്തല എഴുതിയ ലേഖനത്തില്‍ ഒന്നരഖണ്ഡിക മാത്രമാണ് കേന്ദ്രത്തിന് എതിരെയുള്ളത്. ബാക്കിയെല്ലാം സംസ്ഥാന സര്‍ക്കാരിനെതിരെയാണ്.

യുവാക്കള്‍ മോഡിയോടൊപ്പം എന്ന പ്രചാരണം വ്യാജമാണെന്നു തെളിയിക്കുന്നതായിരുന്നു സ്വീകരണങ്ങള്‍. രാജ്യത്തെ രക്ഷിക്കേണ്ടത് ആവശ്യമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്ന് ഇത് കാണിക്കുന്നു. ഏറെ പ്രതീക്ഷതരുന്നാണ് ഇതെല്ലാം.
(തയ്യാറാക്കിയത് എം എന്‍ ഉണ്ണികൃഷ്ണന്‍)
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top