21 November Wednesday

മയ്യഴിയില്‍നിന്ന് ലോകത്തോളം

പി ദിനേശൻUpdated: Friday Nov 2, 2018

എഴുത്തച്ഛൻ പുരസ‌്കാരം നേടിയ എം മുകുന്ദൻ ഭാര്യ ശ്രീജയ‌്ക്ക‌് മധുരം നൽകി സന്തോഷം പങ്കുവയ്‌ക്കുന്നു

തലശേരി
മയ്യഴിപ്പുഴയുടെ തീരങ്ങളിൽനിന്ന് ലോക സാഹിത്യത്തോളം വളർന്ന എഴുത്തുകാരനെ തേടി എഴുത്തച്ഛൻ പുരസ്‌കാരമെത്തുമ്പോൾ ആദരിക്കപ്പെടുന്നത് മലയാള ഭാഷയും സാഹിത്യവുംതന്നെ.

കേരളപ്പിറവി ദിനം, ഒപ്പം പുതുച്ചേരി വിമോചന ദിനവും ആഘോഷിച്ച സുദിനത്തിലാണ് മയ്യഴിയുടെ ഇതിഹാസകാരൻ എം മുകുന്ദനെ തേടി കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമെത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെ സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് അവാർഡ് വിവരം വിളിച്ചറിയിച്ചതെന്ന് എം മുകുന്ദൻ പറഞ്ഞു.
ചാനലുകളിൽ വാർത്ത പ്രചരിച്ചതോടെ ഭാരതിയാർ റോഡിലെ മണിയമ്പത്ത് വീട്ടിലേക്ക് ആരാധകരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രവാഹമായി. ഭാര്യ ശ്രീജ എല്ലാവരെയും മധുരം നൽകി സ്വീകരിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സഹൃദയർ ഫോണിൽ വിളിച്ച് പ്രിയപ്പെട്ട എഴുത്തുകാരനുള്ള അവാർഡ്‌ലബ്ധിയിൽ ആഹ്ലാദം പങ്കിട്ടു. പുരസ്‌കാരങ്ങളും അവാർഡുകളും എം മുകുന്ദന് പുതുമയല്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ചതിന്റെ അഭിമാനവും ആഹ്ലാദവും അദ്ദേഹം മറച്ചുവയ‌്ക്കുന്നില്ല.

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന മാസ്റ്റർ പീസ് കൃതിമുതൽ ഏറ്റവും പുതിയ ‘നൃത്തംചെയ്യുന്ന കുടകൾ’വരെയുള്ള നോവലുകളിലൂടെ എല്ലാ കാലത്തിന്റെയും എഴുത്തുകാരനാണെന്ന് മുകുന്ദൻ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നുണ്ട്.  

സമൂഹത്തിന്റെ മാറുന്ന അഭിരുചികളെ അഭിസംബോധനചെയ്തുകൊണ്ടാണ് അനുഗ്രഹീതനായ ഈ എഴുത്തുകാരന്റെ സഞ്ചാരം. മാറിക്കൊണ്ടിരിക്കുന്ന അഭിരുചികളും സമൂഹത്തെയും മനസിലാക്കി മുന്നോട്ടുപോകണമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്.

മയ്യഴിയിലാണ് ജനിച്ചതെങ്കിലും തന്റെ കൃതികളിലേറെയും രചിച്ചത് നാലുപതിറ്റാണ്ടുകാലത്തെ ഡൽഹി ജീവിതത്തിനിടയിലാണ്. മയ്യഴിയിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം ഡൽഹിയിലാണ് ജീവിച്ചതെന്നും രണ്ട് നാടും ചേർന്നതാണ് എന്റെ നാടെന്നും മുകുന്ദൻ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top