17 July Tuesday

ആ ബോംബ് തകര്‍ത്തത് കരളുറപ്പുള്ള ജീവിതം

കെ ഗിരീഷ്Updated: Monday Oct 2, 2017

ബോംബേറില്‍ തകര്‍ന്ന കാലുമായി ഷാജു

തൃശൂര്‍ > ഷാജുവിന്റെ ഇടതുകാലിന്റെ അവസ്ഥ കാണുന്നവരുടെ നെഞ്ച് പിളരും. പൊട്ടിപ്പഴുത്തിരിക്കുന്ന കാല്‍. ശരീരത്തിലുടനീളം കറുത്ത കലകള്‍. ചൂടുകാലത്ത് ശരീരത്തിലുടനീളം ചൊറിച്ചില്‍, പഴുപ്പ്. പ്രയോഗിച്ച ആന്റിബയോട്ടിക്കുകളുടെ ആധിക്യംമൂലം പ്രവര്‍ത്തനം തകരാറിലായ വൃക്കകള്‍. സംഘപരിവാര്‍ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുത്തൂര്‍ കല്ലൂക്കാരന്‍ ഷാജു(46). 22 വര്‍ഷം മുമ്പ് ആര്‍എസ്എസിന്റെ ബോംബുവര്‍ഷത്തിനിടെ പതറാതെനിന്ന് പൊരുതി, സഹപ്രവര്‍ത്തകരേയും നാട്ടുകാരേയും രക്ഷിച്ച ഷാജു ഇന്ന് കടുത്ത ആരോഗ്യപ്രശ്നത്തിലും ശാരീരിക അവശതയില്‍ ഉഴലുന്നു. ഷാജുവുള്‍പ്പെടെയുള്ള സിപിഐ എം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാനായിരുന്നു ആര്‍എസ്എസുകാരുടെ ശ്രമം. രക്ഷപ്പെട്ടെങ്കിലും ഷാജുവിന്റെ പിന്നീടുള്ള ജീവിതം നരകതുല്യമായി.

1995 ജൂണ്‍ ഏഴിനാണ് ആര്‍എസ്എസിന്റെ കൊടുംക്രൂരത അരങ്ങേറിയത്. കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെ നിരവധിപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പാര്‍ടി ജനറല്‍ബോഡിക്കുശേഷം പുത്തൂരില്‍നിന്ന് ബസില്‍ കയറിയതാണ് പതിനെട്ടോളം സിപിഐ എം പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും പാര്‍ടി അംഗവുമായിരുന്നു ഷാജു. പുത്തൂര്‍ സ്കൂളിനു മുന്നിലെത്തിയപ്പോള്‍ സ്കൂള്‍വളപ്പില്‍ കേന്ദ്രീകരിച്ചിരുന്ന ആര്‍എസ്എസ് സംഘം ചാടിവീണ് ബസിനുമുന്നില്‍ ബോംബെറിഞ്ഞു. ഡ്രൈവറെ വെട്ടി പുറത്തേക്ക് വലിച്ചിട്ടു.

ബസില്‍ തീയും പുകയും നിറഞ്ഞു. പരിഭ്രാന്തരായി ഇറങ്ങിയോടിയ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ ബസില്‍നിന്ന് എടുക്കാനായില്ല. കുഞ്ഞിനെയുമെടുത്ത് അവര്‍ക്കരികിലേക്ക് ഓടുന്നതിനിടെയാണ്, ആര്‍എസ്എസുകാര്‍ എറിഞ്ഞ ബോംബ് ഷാജുവിന്റെ ഇടതുകാലില്‍ പതിച്ചത്. എങ്ങനെയോ ഓടി അടുത്തുള്ള കടയിലേക്ക് കയറി. കൂടെയുള്ളവരില്‍ പലരും പലവഴിക്ക് പാഞ്ഞു. കാലില്‍ നിരവധി ബോംബ്ചീളുകള്‍ പാഞ്ഞുകയറിയ കൃഷ്ണന്‍കുട്ടിയെന്ന ബസ്യാത്രക്കാരന്‍ ദീര്‍ഘകാലത്തെ ചികിത്സക്കൊടുവില്‍ മരിച്ചു.

മുട്ടിന് കീഴോട്ട് തകര്‍ന്ന എല്ലുമാത്രം അവശേഷിക്കുന്ന നിലയിലായിരുന്നു ഷാജുവിന്റെ കാല്.തൃശൂര്‍ അശ്വിനി ആശുപത്രിയിലും എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമായി മൂന്നുമാസത്തെ ചികിത്സക്കിടെ, എട്ടുതവണ ഓപ്പറേഷന്‍ നടത്തി. ബോംബ് നിര്‍മാണത്തിനുപയോഗിച്ച രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്നതിനെത്തുടര്‍ന്ന് ചൊറിഞ്ഞ് പഴുക്കുന്ന നിലയിലായി കാല്. കൂടാതെ ശരീരത്തിലുടനീളം കറുത്തകലകള്‍ ഉണ്ടാകാനും ചൊറിഞ്ഞ് പഴുക്കാനും തുടങ്ങി. ദീര്‍ഘനേരം നില്‍ക്കാനും നടക്കാനുമാകില്ല. രാത്രി ഉറക്കവും കൃത്യമല്ല. ശാരീരികമായ ഈ വേദനകളെയും മനോവ്യഥകളേയും മറികടക്കാന്‍ സജീവമായ പാര്‍ടിപ്രവര്‍ത്തനമാണ് ഷാജുവിന്റെ വഴി.     

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top