Top
18
Monday, December 2017
About UsE-Paper

ബച്ചന്റെ ശബ്ദം

Friday Dec 1, 2017
ജയരാജ് വാര്യര്‍


അനുകരണകലയെ അസാധാരണമാംവിധം ജനപ്രിയമാക്കിയ പ്രതിഭയായിരുന്നു അബി. സാധാരണക്കാരിലേക്കും വിദേശമലയാളികളിലേക്കും മിമിക്രിയെ എത്തിക്കുന്നതില്‍ സ്തുത്യര്‍ഹവും ഗൌരവാവഹവുമായ സംഭാവനയാണ് നല്‍കിയത്. ലോകത്ത് മലയാളികള്‍ അധിവസിക്കുന്ന മിക്കയിടങ്ങളിലും അദ്ദേഹം പരിപാടികളുമായി എത്തിയിരുന്നുവെന്നു പറയുന്നത് അതിശയോക്തിയാവില്ല. ശുദ്ധനര്‍മത്തിന്റെ മര്‍മം എല്ലായ്പ്പോഴും വിടാതെ കാത്തുസൂക്ഷിച്ചുവെന്നതാണ് ഈ അതുല്യകലാകാരന്റെ പ്രത്യേകത. സ്ക്രിപ്റ്റ് എഴുതി നര്‍മവിഷയമായ സിഡികള്‍ ജനപ്രിയമാക്കുന്നതിലും വലിയ പങ്കുവഹിച്ചു. 'ആമിനത്താത്ത' എന്ന മുസ്ളിം കഥാപാത്രം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായിരുന്നു. ഇതിനെ മറ്റുകലാകാരന്മാരും അനുകരിച്ചെങ്കിലും അബിയെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തന്റെ കളരിയില്‍ താന്‍തന്നെയാണ് കേമനെന്ന് തെളിയിക്കാനായെന്നത് അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ പ്രത്യേകതയായി, എല്ലാറ്റിനും സാക്ഷിയായ  കാലം വരവുവെക്കുമെന്ന് തീര്‍ച്ച. അതിനുദാഹരണമായി നിരവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ മിന്നിമറയുന്നുണ്ട്. ഒട്ടേറെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ കഥാപാത്രമാക്കി അവതരിപ്പിച്ച കോമഡി സ്കിറ്റുകള്‍ പുതുമയുള്ളതായി. അതിലെ ഭാവാഭിനയവും അടിവരയിടേണ്ടതാണ്.

  ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതികായനായ അമിതാഭ്ബച്ചന്റെ ശബ്ദം അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച് വേദിയില്‍നിന്നുതന്നെ പ്രശംസപിടിച്ചുപറ്റിയെന്നത് ഒരുകാര്യം മാത്രം. അതുകേട്ട് അദ്ദേഹം നിര്‍ത്താതെ കുലുങ്ങിച്ചിരിച്ചുവെന്നും കേട്ടിട്ടുണ്ട്. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷമാണത്. ഏതു പുരസ്കാരങ്ങളെയും വെല്ലുന്ന അംഗീകാരം. ബിഗ്ബിയുടെ  ചില പ്രധാന പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയതും അബിയായിരുന്നു. അതുല്യമായ ആ കൃത്യതയും മികവും പൂര്‍ണതയും മനസ്സിലിരുത്തിയാണ് ചിലര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ജാവേദ് ജാഫ്രിയെന്ന് വിശേഷിപ്പിക്കുന്നത്. സയ്ദ് അഹമ്മദ് ജാവേദ് ജാഫ്രി ബോളിവുഡിലെയും ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളിലെയും പ്രശസ്ത നടനും ശബ്ദാനുകരണ പ്രതിഭയുമായിരുന്നു. അനുകരണത്തിനൊപ്പം ഭാവവും സന്നിവേശിപ്പിച്ച അബിയുടെ പ്രകടനങ്ങള്‍ക്ക് പ്രത്യേക ചാരുതയുണ്ടായി. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റുകൂടിയായ അദ്ദേഹം സിനിമയില്‍ അറബി- നീഗ്രോ കഥാപാത്രങ്ങള്‍ക്കുകൂടി ശബ്ദം നല്‍കിയിരുന്നുവെന്നത് മറക്കാനാവില്ല. ചില സംവിധായകന്മാര്‍ അക്കാര്യം ടെലിവിഷന്‍ അഭിമുഖങ്ങളില്‍ അനുസ്മരിച്ചിട്ടുമുണ്ട്.   

അബിയുടെ വിയോഗത്തിലൂടെ ആത്മസുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്. അടുത്ത സ്നേഹബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഹാസ്യത്തിന്റെ രസക്കൂട്ടുകളും ചേരുവകളും കൃത്യമായ പാകത്തില്‍ ചേര്‍ത്ത് പരിപാടികളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ  കഴിവ് അപാരമായിരുന്നു. ഇത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമാണ്. നല്ല നര്‍മങ്ങളുടെ അസ്തമയമാണ് അബിയുടെ വിയോഗത്തിലൂടെയുണ്ടായത്.

രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശൈലി എടുത്തുപറയേണ്ടതാണ്. ഇനി അതിനാരുണ്ട് എന്ന ചോദ്യമാണ് മനസ്സിലുയരുന്നത്. കലാസംഘങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. അബിയുടെ കൂടെ കലാരംഗത്ത് പ്രവര്‍ത്തിച്ചവരും പിന്നില്‍വന്നവരുമെല്ലാം സിനിമാ അഭിനയരംഗത്ത് വലിയനിലയില്‍ ഉയര്‍ന്നു. ആ മേഖലയില്‍ അര്‍ഹിക്കുന്ന പരിഗണന അദ്ദേഹത്തിന് കിട്ടിയില്ലെന്നത് അല്‍പ്പം വേദനയോടെയേ ഓര്‍ക്കാനാവൂ. അനുകരണകലയില്‍ അസാമാന്യമായ സംഭാവന നല്‍കിയാണ് അത്തരം അവഗണനകളെ മറികടന്നത്.  ആ വേര്‍പാട് കലാലോകത്തിനും എനിക്കും തീരാത്ത വേദനയാണ് അവശേഷിപ്പിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾ »