21 October Sunday

മാവേലിയും ആമിനത്താത്തയും; ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങള്‍

എ സുരേഷ്Updated: Friday Dec 1, 2017


സിനിമയിലും മിമിക്രിയിലും ആമിനത്താത്തയും മാവേലിയുമായി ആസ്വാദകരെ കുടുകുടെ ചിരിപ്പിച്ചാണ് അബി അകാലത്തില്‍ പൊലിഞ്ഞത്. മലയാളത്തില്‍ മിമിക്രി ജനപ്രിയ കലയായി സ്വീകാര്യത നേടിയ കാലത്താണ് ആ രംഗപ്രവേശം. വെള്ളിത്തിരയിലെ താരങ്ങളായി തിളങ്ങിയ പലരും മിമിക്രി കലാകാരന്മാരായി വന്നവര്‍. അബി അടക്കമുള്ളവരുടെ കോമഡി സീരീസുകള്‍ കാസറ്റു രൂപത്തില്‍ തരംഗമായതോടെ ആ ശബ്ദം മലയാളികള്‍ ഉള്ളിടത്തെല്ലാം പരിചിതമായി. മിമിക്രി ആര്‍ടിസ്റ്റുകളുടെ പേരും പെരുമയും ഉയരത്തിലേറ്റിയ തൊണ്ണൂറുകളില്‍ ദിലീപ്, നാദിര്‍ഷാ, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്കൊപ്പം വേദികള്‍ കൈയടക്കി. തുടര്‍ന്ന് സിനിമയിലും മോശമല്ലാത്ത വേഷങ്ങള്‍. അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന ഖേദവും അദ്ദേഹത്തിനുണ്ടായി. വെള്ളിത്തിരയില്‍നിന്ന് ഇടക്കാലത്ത് വിട്ടുനിന്ന അബി, ഹാപ്പി വെഡ്ഡിങ്ങിലൂടെ  തിരിച്ചെത്തി. പിന്നീടും സിനിമകളുണ്ടായെങ്കിലും വഴിത്തിരിവാകാവുന്ന വേഷങ്ങളായിരുന്നില്ല. ചെറുറോളുകളിലെത്തി കിസ്മത്തിലൂടെ നായക വേഷങ്ങളിലേക്ക് നടന്നുകയറിയ മകന്‍ ഷെയ്ന്‍ നിഗം വാഗ്ദാനമായി നില്‍ക്കെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. വലിയ റെയ്ഞ്ചിലേക്ക് പോകുന്ന നടനാണ് അവനെന്ന് അന്നയും റസൂലിലും അഭിനയിക്കുമ്പോള്‍ രാജീവ് രവി പറഞ്ഞത് അഭിമാനത്തോടെ അബി ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എംബിഎ ബിരുദധാരിയായ ഷെയ്ന്‍ തുടക്കത്തിലേ പ്രതിഭ തെളിയിച്ചു. സൈറബാനുവിലും പറവയിലുമൊക്കെ സ്വാഭാവിക അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഈ യുവനടന് കഴിഞ്ഞു. രാജീവ് രവിയുടെ അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നിവയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ഷെയ്ന്‍ അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന 'ഈട'യില്‍ നായകനായെത്തുന്നുണ്ട്. ജയരാജിന്റെ ഒറ്റാലിലൂടെ ദേശീയ പുരസ്കാരം നേടിയ ബി അജിത്കുമാറാണ് സംവിധായകന്‍. ഷാജി എന്‍ കരുണ്‍ എസ്തറിനെ നായികയാക്കി ചെയ്യുന്ന ചിത്രത്തിലും ഷെയ്ന്‍ നായകനാകും.

പ്രീഡിഗ്രി കഴിഞ്ഞ് മുംബൈയില്‍ സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സിന് പഠിക്കുന്ന വേളയിലേ അബി മിമിക്രി വേദികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോതമംഗലം എംഎ കോളേജില്‍ പഠിക്കവെ സര്‍വകലാശാല യുവജനോത്സവത്തില്‍ രണ്ട് തവണ മിമിക്രിക്ക് ഒന്നാം സമ്മാനം നേടി. കൊച്ചിന്‍ കലാഭവനിലൂടെയാണ് അരങ്ങുജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് ഹരിശ്രീ, കൊച്ചിന്‍ സാഗര്‍ എന്നിവയിലൂടെ  ശ്രദ്ധേയനായി. ദിലീപ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരുമൊത്ത് 'സാഗര്‍' മിമിക്രി ട്രൂപ്പ് നടത്തി. മൃഗങ്ങളുടെ ശബ്ദാനുകരണത്തില്‍ തുടങ്ങി താരങ്ങളെയും നേതാക്കളെയും അനായാസം അവതരിപ്പിച്ചു. വേദികളില്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായതും സിനിമാ താരങ്ങളുടെ ശബ്ദം.  മലയാളത്തില്‍ കാസറ്റ് തരംഗമുയര്‍ത്തിയ ദേ മാവേലി കൊമ്പത്ത് സൂപ്പര്‍ ഹിറ്റായി.  മാവേലിയില്‍ നടന്‍ ജനാര്‍ദനന്റെ ശബ്ദമാണ് അനുകരിച്ചത്. അത് ദിലീപ് ഏറ്റെടുത്തപ്പോള്‍ ഇന്നസെന്റിന്റെയും നാദിര്‍ഷ വന്നപ്പോള്‍ ജഗതിയുടേതുമായി. മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന് തൊണ്ണൂറിലാണ് സിനിമാ പ്രവേശം.

ദേ മാവേലിക്കുശേഷം അബിയുടെ ജനപ്രിയത നേടിയ കഥാപാത്രമായത് ആമിനത്താത്ത. സ്വന്തം ജീവിതപരിസരത്തുനിന്നുള്ള കണ്ടെത്തലായിരുന്നു അവര്‍.തന്റെ വല്യുമ്മയില്‍നിന്നാണ് കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുട്ടിക്കാലംമുതല്‍ കാണുന്ന അവരുടെ സംസാരവും പൊരുമാറ്റവും ചേഷ്ടകളും നിരീക്ഷിച്ചാണ് തന്മയത്വത്തോടെയുള്ള ആ അവതരണം. അശ്ളീലം തെല്ലുമില്ലാതെ നിഷ്കളങ്ക തമാശ പറയുന്ന കഥാപാത്രമായിരുന്നു അത്. കേരളത്തില്‍ മാത്രമല്ല, വിദേശ സ്റ്റേജ് പരിപാടികളിലും അബിക്ക് ഏറ്റവും കൈയടി നേടിക്കൊടുത്തു ആമിനത്താത്ത. അബിയുടെ പേരുപോലും താത്തയുമായി ഇഴുകിച്ചേരുന്നതിലെത്തി. കിരീടമില്ലാത്ത രാജാക്കന്മാര്‍ സിനിമയില്‍ ആമിനത്താത്തയായി അഭിനയിച്ച അദ്ദേഹം സമീപകാലത്ത് ഇറങ്ങിയ തൃശിവപേരൂര്‍ ക്ളിപ്തത്തിലും ആ വേഷമിട്ടു.
 

പ്രധാന വാർത്തകൾ
Top