20 April Friday

പനിക്കാലം നാം അറിയേണ്ടതെല്ലാം

ഡോ. പി ഹേമലതUpdated: Thursday Jun 29, 2017

എന്താണ് പനി?

പനിയെക്കുറിച്ച് ആശങ്ക വേണ്ട.   നാം മനുഷ്യര്‍ ശരീരഊഷ്മാവിനെ ഒരു നിശ്ചിത അളവില്‍ കര്‍ശനമായി നിലനിര്‍ത്തുന്ന തരത്തിലുള്ള ജീവിയാണ് (ഹോമിയോതെര്‍മിക്). നമ്മുടെ ശരീരത്തിലെ ഹൈപ്പോതലാമസ് എന്ന മസ്തിഷ്കത്തിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനം നിറവേറ്റുന്നത്. ഏതെങ്കിലും തരത്തിലുള്ള രോഗാണു- വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ തുടങ്ങി എന്തുതരത്തിലുള്ളതായാലും, ചിലപ്പോള്‍ രോഗാണുവല്ലാതെ ഇന്‍ഫ്ളമേറ്ററി ഡിസീസ് എന്നു പറയുന്ന തരത്തിലുള്ള അസുഖമായാലും ശരീരത്തില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, സ്വയരക്ഷയ്ക്കായി നമ്മുടെ ശരീരം നടത്തുന്ന പ്രതിരോധമാണ് പനിയായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ പനി ഒരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്.  

ഈ അണുബാധയോ ഇന്‍ഫ്ളമേഷനോ കാരണം ശരീരത്തില്‍ പൈറൊജന്‍സ് എന്ന ഘടകങ്ങള്‍ വര്‍ധിക്കുകയും ഇത് ശരീര ഊഷ്മാവ് സാധാരണയില്‍നിന്നു വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ ഉന്നത ഊഷ്മാവില്‍ ശരീരത്തിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം നേരിടുമെന്നതിനാല്‍ ശരീരം ഈ ഊഷ്മാവിനെ നിയന്ത്രിച്ച് നേരെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ആന്തരിക ഊഷ്മാവ് ഒരുപരിധിയില്‍ കൂടുമ്പോള്‍ അത് പുറന്തള്ളാനായി ശരീരം ശ്രമിക്കുന്ന വഴികളാണ് ത്വക്കിലെ രക്തക്കുഴലുകള്‍ വികസിക്കുക, സ്വേദഗ്രന്ഥികള്‍ പ്രവര്‍ത്തിച്ച് കൂടുതല്‍ വിയര്‍പ്പുണ്ടാക്കി ശരീരത്തിന് തണുപ്പ് നല്‍കുക, ശ്വാസഗതി വര്‍ധിക്കുക, കുളിരും വിറവലും (മസിലുകളുടെ പ്രവര്‍ത്തനം കൂട്ടുക) ഉണ്ടാകുക, ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുക തുടങ്ങിയവ. അതുപോലെ ഈ രോഗാണു പ്രതിരോധത്തിനായി ശരീരത്തിന് പ്രവര്‍ത്തിക്കേണ്ടതായുള്ളതുകൊണ്ട് മറ്റു പല പ്രവര്‍ത്തനങ്ങളും (ഉദാ: ദഹനം തുടങ്ങിയവ) ശരീരം മന്ദഗതിയിലാക്കും. അതിനാല്‍ വിശപ്പു തോന്നാതെയാവും, ക്ഷീണമുണ്ടാകും. നിര്‍ബന്ധിതമായും നാം വിശ്രമിക്കേണ്ടതായി വരികയും ചെയ്യും.

പനി ഒരു പ്രതിരോധപ്രവര്‍ത്തനമായതിനാല്‍ ചില പ്രത്യേക അവസരത്തിലൊഴിച്ച് ശരീരത്തിന് ഇത് കോട്ടംചെയ്യുന്നില്ല. പക്ഷേ വളരെ ഉയര്‍ന്ന പനി ചിലപ്പോള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ജന്നി ഉണ്ടാകുന്നതിന് (ഫിറ്റ്സ്) കാരണമാകും. വയസ്സായവരില്‍ താല്‍ക്കാലിക ഓര്‍മക്കുറവും (ഡെലിറിയം) ഉണ്ടാക്കാം.
മേല്‍പ്പറഞ്ഞതരത്തില്‍ ശരീരം ഊഷ്മാവ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ധാരാളം ജലാംശം നാം അറിയാതെതന്നെ നമ്മില്‍നിന്ന് നഷ്ടപ്പെടുന്നു.. അതിനാല്‍ ഈ സമയത്ത് ബോധപൂര്‍വം നാം അത് ശരീരത്തിന് തിരിച്ചുനല്‍കിയില്ലെങ്കില്‍ നിര്‍ജലീകരണം എന്ന അവസ്ഥയിലേക്കു നീങ്ങാം. പ്രത്യേകിച്ചും പ്രായംകുറഞ്ഞ കുട്ടികളും, മറ്റുതരത്തിലുള്ള അസുഖങ്ങള്‍ക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും വളരെ പ്രായമേറിയ ആള്‍ക്കാര്‍ക്കും ഇത് അപകടകരമാകാറുണ്ട്.

അപ്പോള്‍പിന്നെ എല്ലാ പനിയും തനിയെ ശരിയാകുമോ? എന്തുകൊണ്ടാണ് പനി കാരണം മരണങ്ങളും മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാകുന്നത്?
ശരിയാണ്. ഇത് ന്യായമായ ചോദ്യംതന്നെയാണ്. ഇവിടെ വില്ലന്‍ പനിയല്ല, പനിയുണ്ടാക്കുന്ന പ്രത്യേക രോഗാണു ശരീരത്തില്‍ എന്തെന്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്. അവിടെയാണ് വൈദ്യസഹായം തേടേണ്ടതിന്റെയും പരിശോധന നടത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കേണ്ടത്.
ഉദാഹരണം മൂന്നുവിധം പനി മഴക്കാലത്ത് സാധാരണ കാണുന്നു. ഒന്ന് കൊതുകുപരത്തുന്ന ഡെങ്കിപ്പനി, രണ്ട് ലെപ്റ്റോസ്പൈറോസിസ് അഥവാ എലികള്‍ (എലിച്ചെള്ളുകള്‍) പരത്തുന്ന എലിപ്പനി, വയറിളക്കരോഗമായും ഹെപ്പറ്റൈറ്റിസ് അഥവാ കരള്‍വീക്കമായും പ്രത്യക്ഷപ്പെടുന്ന, വൈറല്‍ ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ. ഈ മൂന്നിനെക്കുറിച്ചും വിസ്തരിച്ച് അറിഞ്ഞുകൊണ്ട് നമുക്ക് ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിക്കാം.

ഡെങ്കിപ്പനി

ശരീരത്തില്‍ ഡെങ്കിപ്പനിയുടെ പ്രത്യാഘാതങ്ങള്‍ താഴെപറയുന്ന തരത്തിലാണ്.
ശരീരത്തിലെ കാപ്പില്ലറീസ് (ചെറിയ രക്തക്കുഴലുകള്‍) നാശമുണ്ടാക്കി അവയില്‍നിന്ന് ജലാംശവും പ്രോട്ടീനും മറ്റും പുറത്തേക്ക് കളയുന്നു. ഇവ ശരീരത്തിലെ വിവിധ ഇടങ്ങളില്‍ (ത്വക്കില്‍ നീരായി കാണപ്പെടുന്നു), വയറിനുള്ളില്‍ (അസൈറ്റിസ്). ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിക്കാന്‍ ഈ അവസ്ഥകള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. രക്തത്തിലെ പ്ളേറ്റ്ലെറ്റുകള്‍, ശരീരത്തിലെ ജലാംശം ഇവ ക്രമമായി പരിശോധിക്കണം. ഇവ അസാധാരണ നിലയിലാണെങ്കില്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ തേടണം. ഡെങ്കി ഒരു വൈറസായതിനാല്‍ അതിനെ നശിപ്പിക്കാന്‍ ഒരു മരുന്നും പ്രായോഗികമല്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ റീഹൈഡ്രേഷന്‍, പ്ളേറ്റ്ലെറ്റുകള്‍ 20,000 കുറഞ്ഞാല്‍ പ്ളേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ തുടങ്ങിയവയാണ് പ്രതിവിധി. 10 ദിവസംവരെ ഈ പനിയുടെ ലക്ഷണങ്ങള്‍ നിലനിന്നേക്കാം. കൊതുകുനിര്‍മാര്‍ജനവും പരിസരശുചിത്വവും വ്യക്തിശുചിത്വവും മാത്രമാണ് ഇതു തടയുന്നതിന് ഒരു പ്രതിവിധി.

എലിപ്പനി

ലെപ്റ്റോസ്പൈറ എന്ന ഗ്രൂപ്പില്‍പ്പെടുന്ന രോഗാണു എലിച്ചെള്ളുകള്‍വഴി പകരുന്നു. മലിനജലത്തില്‍ക്കൂടി നമ്മുടെ ശരീരത്തില്‍ എത്തിച്ചേരുന്ന ഇവയും ഡെങ്കി വൈറസ്പോലെ 'കാപ്പില്ലറി ചീക്ക്' (മുമ്പ് വിവരിച്ചത്) ഉണ്ടാക്കുന്നു. മാത്രമല്ല കൂടുതല്‍ മാരകമായി ഈ രോഗാണു ശരീരത്തിലെ വിവിധ പ്രധാന അവയവങ്ങളെ ബാധിച്ച് അവ തകരാറിലാകുകയും ചെയ്യുന്നു. ശ്വാസകോശം (എആര്‍ഡിഎസ് എന്ന മാരകമായ ന്യുമോണിയ), കരള്‍ (കരള്‍വീക്കം- അക്യൂട്ട് ലിവര്‍ ഫെയിലിയര്‍), ഹൃദയം (മയോകാര്‍ഡൈറ്റിസ്), വൃക്കകള്‍ (അക്യൂട്ട് കിഡ്നി ഇന്‍ജുറി) തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായാല്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചികിത്സകളും ജീവന്‍രക്ഷാ സഹായികളായ വെന്റിലേറ്ററിന്റെയും ഡയാലിസിസിന്റെയും ആവശ്യകത വേണ്ടിവന്നേക്കാം. പെന്‍സിലിന്‍ ഗ്രൂപ്പിലും സെഫലോസ്പോറിന്‍ ഗ്രൂപ്പിലും പെടുന്ന ആന്റിബയോട്ടിക്കുകളാണ് ഈ ചികിത്സക്ക് ഉപയോഗിക്കുന്നത്. ഡോക്സിസൈക്ളിന്‍ എന്ന ആന്റിബയോട്ടിക്, മാരകമല്ലാത്ത എലിപ്പനി  പൂര്‍ണമായും സുഖപ്പെടുത്തുന്നു.
ഇതും വാക്സിനേഷന്‍കൊണ്ട് തടയാവുന്ന രോഗമല്ല. പരിസരശുചിത്വം, വ്യക്തിശുചിത്വം തുടങ്ങിയവ മാത്രമാണ് രോഗം പകരാതിരിക്കാനുള്ള പോംവഴി. മലിനജലവുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക.

എച്ച്1 എന്‍1

ഡോ. അമര്‍ ഫെറ്റില്‍

എച്ച്1 എന്‍1 എന്ന വൈറസ് പരത്തുന്ന പനിയെക്കുറിച്ച്  പലര്‍ക്കും വ്യക്തമായ തിരിച്ചറിവില്ല. നിരവധിതവണ ഈ പംക്തിയല്‍ പരാമര്‍ശിച്ചെങ്കിലും  ആശങ്ക അകറ്റാന്‍ വീണ്ടും എഴുതാതെ വയ്യ .പൊതുവെ ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി തുമ്മലും ചീറ്റലുമുള്ള പനിയാണിത്. ജനിതകമാറ്റം വരുന്ന  പുതിയതരം വൈറസായതിനാല്‍ മനുഷ്യശരീരത്തിന് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവു കുറയും. 

സാധാരണ ജലദോഷത്തിന്റെ അതേ ലക്ഷണങ്ങള്‍തന്നെയാണ് എച്ച്1 എന്‍1 പനിക്കും പൊതുവെ കണ്ടുവരുന്നത്.   തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ രോഗം കടുത്താല്‍ മാത്രം നെഞ്ചുവേദന, ശ്വാസംമുട്ട്, കഫത്തില്‍ രക്തം എന്നിവയും കൈകാലുകളില്‍ ചെറുതായി നീലനിറം എന്നീ അസാധാരണ ലക്ഷണങ്ങളും കണ്ടേക്കാം.  കടുത്തരോഗബാധ വര്‍ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം.
ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി.  മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യവകുപ്പ് അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ.

എച്ച്1 എന്‍1 പനിയാണോ എന്നു എളുപ്പം തിരിച്ചറിയാന്‍ എല്ലാ ആശുപത്രികള്‍ക്കും സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുള്‍പ്പടെ എല്ലാവര്‍ക്കും  എ ബി സി ഗൈഡ്ലൈന്‍  എന്ന പേരില്‍ ലക്ഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പരിശോധന ഇല്ലാതെ തന്നെ എളുപ്പം പനി തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും.

ഒരു പ്രദേശത്തെയാകെയോ ജില്ലയിലോ വ്യാപകമായി ഇത്തരം പനികള്‍ വരുമ്പോഴാണ് വൈറസിന്റെ സ്ഥിതിയും വ്യാപ്തിയും അറിയാന്‍  മണിപ്പാലിലോ ആലപ്പുഴയിലോ ഉള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രക്തസാമ്പിളുകള്‍ പരിശോധിക്കേണ്ടി വരുന്നത്.
വിശ്രമമാണ് പ്രധാനം. ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം   പ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാന്‍ കഞ്ഞിവെള്ളം കുടിക്കണം.  വേണമെങ്കില്‍ ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് ഗുണവും രുചിയും കൂട്ടി കഴിക്കാം. എളുപ്പം ദഹിക്കുന്ന ഭക്ഷണമാണു കഴിക്കേണ്ടത്. വിറ്റാമിനുകള്‍ അടങ്ങിയ നാട്ടില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും കഴിക്കാം. വിശപ്പില്ലെന്നു പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കരുത്.

വൈറല്‍ ഹെപ്പറ്റൈറ്റിസ് എ
അഥവാ മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ്കൊണ്ടുണ്ടാകുന്ന ഈ രോഗം  വേനല്‍ക്കാലത്തും മഴക്കാലത്തും ജലസ്രോതസ്സുകളില്‍ ഈ വൈറസ് കലരുന്നതുമൂലമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. പനി, അതിയായ ക്ഷീണം, ഛര്‍ദി, ചിലപ്പോള്‍ വയറിളക്കം തുടങ്ങിയവ തുടക്കത്തിലും, പിന്നീട് മഞ്ഞപ്പിത്തം, കരള്‍വീക്കം തുടങ്ങിയവയും ഉണ്ടാകുന്നു. 2-3 ആഴ്ചകൊണ്ട് ബുദ്ധിമുട്ടുകളെല്ലാം മാറി കരളിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാകുകയും ചെയ്യുന്നു. അധികം മാരകമായ പ്രത്യാഘാതങ്ങള്‍ ഒന്നുംതന്നെ ഉണ്ടാക്കാറില്ലെങ്കിലും വളരെ ചെറിയ ശതമാനം ആളുകളില്‍ (മുമ്പ് കരളിന് അസുഖം ബാധിച്ചവരില്‍) ഇത് ചിലപ്പോള്‍ അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ എന്ന അവസ്ഥ ഉണ്ടാക്കാം. മതിയായ വിശ്രമം എടുക്കുക, പോഷകപ്രദമായ ഭക്ഷണം കഴിക്കുക, നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക തുടങ്ങിയവ മാത്രം മതിയാകും ഹെപ്പറ്റൈറ്റിസ് എയുടെ ചികിത്സക്ക്. 34 ആഴ്ചകൊണ്ട് പൂര്‍ണമായും കരളിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാകുന്നു. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും മറ്റും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ഹെപ്പറ്റൈറ്റിസ് പകരുന്നത് തടയുന്നു. ഹെപ്പറ്റൈറ്റിസ് എയ്ക്ക് വാക്സിനേഷനും
ലഭ്യമാണ്.

പ്രധാന വാർത്തകൾ
Top