23 July Monday

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഐഒടിയും

നിഖില്‍ നാരായണന്‍Updated: Thursday Dec 28, 2017

വര്‍ഷത്തിന്റെ ആദ്യം നമ്മള്‍ നടത്തിയ പ്രവചനങ്ങള്‍ വെറും വാക്കായിരുന്നോ അല്ലയോ എന്ന് തിരിഞ്ഞു നോക്കേണ്ട സമയമാണ് ഈ മാസം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബ്ളോക്ക് ചെയിനും ഒക്കെ പരോക്ഷമായും പ്രത്യക്ഷമായും  നിറഞ്ഞു നില്‍ക്കും എന്നൊക്കെയായിരുന്നു ഈ വര്‍ഷം ആദ്യം ടെക് ലോകം കണ്ട ചില പ്രവചനങ്ങള്‍. ഇതൊക്കെ നടന്നോ? നമുക്കൊന്ന് തിരിഞ്ഞു നോക്കാം.

ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ

നമ്മള്‍ ഉപയോഗിക്കുന്ന ഓരോ ആപ്പും സൈറ്റും ഒപ്പിയെടുക്കുന്ന വിവര ശകലങ്ങള്‍ അപഗ്രഥിക്കാനും അതില്‍ നിന്ന് പഠിക്കാനും ഒക്കെ സാങ്കേതിക വിദ്യ മുന്നേ വളര്‍ന്നെങ്കിലും, ഇതൊക്കെ ഉപയോഗിച്ച് നമ്മള്‍ ഉപയോഗിക്കുന്ന ഓരോ ആപ്പും, ഓരോ സൈറ്റും എന്ന് വേണ്ട നമ്മുടെ സ്മാര്‍ട്ട് ഫ്രിഡ്ജും വാഷിങ് മെഷീനും ഒക്കെ തീരുമാനം എടുക്കാന്‍ തുടങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് മനസിലാകാത്ത എന്തോ ഒരു പദം എന്ന നിലയില്‍ നിന്ന് വീട്ടില്‍ വന്നു നമ്മളെ പരിചയപ്പെട്ട വര്‍ഷമായിരുന്നു ഇത്. നമ്മള്‍ പറയുന്നത് പഠിക്കാന്‍ കെല്‍പ്പുള്ള ഗൂഗിള്‍ അസിസ്റ്റന്റ് ചാറ്റ് ബോട്ട്, ആമസോണ്‍ എക്കോ, ഗൂഗിള്‍ ഹോം മുതലായ സ്പീക്കറുകള്‍ നമുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്താണെന്ന്  കുറച്ചെങ്കിലും കാണിച്ച് തന്നു. പറഞ്ഞു കൊടുത്താല്‍ പഠിക്കാനും കഴിവുള്ളവയാണ് യന്ത്രങ്ങള്‍ എന്നത്  നമ്മള്‍ ഈ വര്‍ഷം കണ്ടു. ഇതൊക്കെ പ്രത്യക്ഷമായ ഉദാഹരണങ്ങള്‍. ഇതൊക്കെ കൂടാതെ നമ്മളുടെ ഓരോ നീക്കങ്ങളും ക്ളിക്കും വഴി നമ്മള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ നമ്മളെ കൂടുതല്‍ മനസ്സിലാക്കാനും അതുവഴി പേസ്സണലൈസ്ഡ് അനുഭവങ്ങള്‍ നല്‍കാനും തുടങ്ങിയ വര്‍ഷമായിരുന്നു 2017. ഇതൊരു തുടക്കം മാത്രം. ഉപയോക്താക്കളെ നാലോ അഞ്ചോ തരമായി തിരിച്ച് അവര്‍ക്ക് വേണ്ടി വ്യത്യസ്തമായ അനുഭവങ്ങള്‍ പ്രദാനംചെയ്യുക എന്ന നിലയില്‍ നിന്ന്  ഓരോ ഉപയോക്താവിനും പ്രത്യേകം പ്രത്യേകമായി അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ വരും വര്‍ഷങ്ങളിലെ ആപ്പുകള്‍ക്കും ഡിജിറ്റല്‍സേവനങ്ങള്‍ക്കും സാധിക്കുമെന്നത് തെളിയിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. യൂറ്റ്യുബില്‍ റെക്കമെന്‍ഡഡ് വീഡിയോകള്‍ താനേ പ്ളേ ചെയ്യുന്ന രീതിയില്‍ വച്ചാല്‍ ഇത്തരത്തിലുള്ള പേഴ്സണലൈസേഷന്റെ ഒരു ഉദാഹരണം കാണാം. നിങ്ങള്‍ക്ക് വേണ്ടി യൂറ്റ്യുബ്  നിര്‍മിച്ച പട്ടിക ആവില്ല എനിക്ക് വേണ്ടി അത് താനേ നിര്‍മിച്ചിരിക്കുക. ഇതിനു പിന്നില്‍ മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പിന്നെ നിങ്ങള്‍ നിങ്ങളെക്കുറിച്ച് അറിഞ്ഞും അറിയാതെയും ഗൂഗിളിന് കൊടുത്ത വിവരങ്ങള്‍.

അയ്യോ, ഐ ഒ ടി
ഇതിന്റെ കൂടെ ഐ ഒ ടി എന്ന ഇന്റര്‍നെറ്റ് ഓഫ് തിങ്സ് നമ്മുടെ ഇടയിലേക്ക് സജീവമായി എത്തിപ്പെടാന്‍ തുടങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. സ്മാര്‍ട്ട് ബള്‍ബുകള്‍ വാങ്ങി സ്മാര്‍ട് സ്പീക്കര്‍വഴി നിയന്ത്രിക്കാനൊക്കെ നാം തുടങ്ങിയ വര്‍ഷം. എന്തിനും ഏതിനും ഐ ഒ ടി വഴി കാര്യങ്ങള്‍ ലളിതമാക്കാന്‍ നമ്മളെ ചിന്തിപ്പിച്ച വര്‍ഷമായിരുന്നു ഇത്. സ്മാര്‍ട്ട് ഫ്രിഡ്ജും വാഷിങ് മെഷീനും ഒക്കെ വിപണിയില്‍ നാമമാത്രം എന്നതില്‍ നിന്ന് മുഖ്യധാരയില്‍ എത്താന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി എടുക്കുമെങ്കിലും ആപ്പു വഴിയും ശബ്ദം വഴിയും ലൈറ്റ് ഓഫ് ചെയ്യാനും കൃഷിയിടത്തിലെ കാലാവസ്ഥ അനുസരിച്ച് വെള്ളത്തിന്റെ പാമ്പ് ഓണ്‍ ആക്കാനും കഴിയുമെന്നത് ഈ വര്‍ഷം നമുക്ക് കാണിച്ച് തന്നു. ഐ ഒ ടി എന്നത് നമുക്ക് സുപരിചിതമായ ഒരു സാങ്കേതിക വിദ്യ എന്നതാകാന്‍ ഇനി അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല.

ബ്ളോക്ചെയിന്‍
ബ്ളോക്ചെയിന്‍ എന്നത് ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക വിദ്യ എന്നതില്‍ നിന്ന് ഉയര്‍ന്നു പലതരം ഇടപാടുകള്‍  അത് സാമ്പത്തികമാവട്ടെ, അല്ലാത്തവ ആയിക്കോട്ടെ  സ്വകാര്യവും സുതാര്യവും ആക്കാന്‍ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്നതില്‍ എത്തിച്ചേരും എന്നതായിരുന്നു പ്രവചനം. ഇക്കഴിഞ്ഞ വര്‍ഷം നിരവധി ബ്ളോക്ക്ചെയിന്‍ പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നു. ബ്ളോക്ചെയിന്‍ അധിഷ്ഠിത  ഇടപാടുകള്‍ പരീക്ഷിച്ച ആന്ധ്ര പ്രദേശ് മുതല്‍ ഇത്തരം നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ദുബായും ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും ഒക്കെ വാര്‍ത്തകളില്‍ ഇടം നേടി. ഇന്ത്യയിലെ ബാങ്കുകളും ഇടപാടുകള്‍ ബ്ളോക്ചെയിന്‍ അധിഷ്ഠിതമാക്കാന്‍ വന്‍ ചുവടുവെയപുകള്‍വച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഷിപ്പിങ്, സപ്ളൈചെയിന്‍ തുടങ്ങിയ മേഖലകളെയും ബ്ളോക്ചെയിന്‍ സ്വാധീനിച്ച  വര്‍ഷമായിരുന്നു 2017.

പ്രധാന വാർത്തകൾ
Top