19 September Wednesday

ചാക്കിലെ കാച്ചില്‍കൃഷി ഉല്‍പ്പാദനവര്‍ധനയ്ക്ക് നല്ല മാര്‍ഗം

സോമു മലപ്പട്ടംUpdated: Thursday Jan 25, 2018

കാച്ചില്‍ നല്ലൊരു ഭക്ഷ്യവിഭവമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ കാത്സ്യംഹൈഡ്രേറ്റ് ഇതില്‍ ധാരാളം ഉണ്ട്. വിപണിയില്‍ മെച്ചപ്പെട്ട വിലയും ലഭിക്കുന്നുണ്ട്. മണ്ണിളക്കം ഉണ്ടെങ്കില്‍ നന്നായി വളരും. അതുകൊണ്ടാണ് ചാക്കില്‍ കൃഷിചെയ്താല്‍ നല്ല മുഴുത്ത കിഴങ്ങ് ലഭിക്കുന്നത്.

ചാക്കിലെ കൃഷി എങ്ങനെ
വലിയ പ്ളാസ്റ്റിക്ചാക്ക് (50-75 കിലോ ഇവയില്‍ ഏതെങ്കിലുമൊന്ന്) ശേഖരിക്കണം. അതിന്റെ അടിഭാഗം എട്ട് ഇഞ്ച് വ്യാസത്തില്‍ മുറിച്ച് വിടവുണ്ടാക്കണം. ഒന്നരയടി നീളത്തില്‍ മുഴുത്ത വാഴത്തട (വാഴപ്പിണ്ടി) മുറിച്ചെടുത്ത് ചാക്കില്‍ കുത്തിനിര്‍ത്തണം. തുടര്‍ന്ന് ചാക്കില്‍ വാഴപ്പിണ്ടിക്കുചുറ്റം ചാണകപ്പൊടി, മണല്‍, മണ്ണ്, എല്ലുപൊടി എന്നിവയുടെ മിശ്രിതം നിറയ്ക്കണം. വാഴപ്പിണ്ടി ചാക്കിന്റെ മധ്യഭാഗത്ത് താഴ്ന്നുനില്‍ക്കുംവിധമാകണം മണ്ണുമിശ്രിതം നിറയ്ക്കുന്നത്. വാഴപ്പിണ്ടി പൂര്‍ണമായും മൂടുന്നവിധം വേണം മണ്ണു നിറയ്ക്കാന്‍.

മണ്ണ് നിറച്ചുകഴിഞ്ഞാല്‍ വാഴപ്പിണ്ടിയുടെ മുകള്‍ഭാഗത്ത് കാച്ചിലിന്റെ നടീല്‍വസ്തു നടണം. നട്ടുകഴിഞ്ഞാല്‍ മുകള്‍ഭാഗത്ത് കുറച്ച് മണ്ണിട്ടുമൂടണം. തുടര്‍ന്ന് മുകള്‍ഭാഗത്ത് കരിയില കൂട്ടിയിട്ട് തണല്‍ ഒരുക്കുകയും വേണം.

കാച്ചില്‍ വളരുന്നതോടൊപ്പം വാഴപ്പിണ്ടി അഴുകിക്കൊണ്ടിരിക്കും. വാഴപ്പിണ്ടിയുടെ ഏതാണ്ട് തടയുടെ നീളത്തില്‍ കാച്ചില്‍ വളരും. എട്ടുമാസത്തെ വളര്‍ച്ചയ്ക്കുശേഷം കാച്ചില്‍ വിളവെടുക്കാം.

ശ്രീധന്യ, ശ്രീകീര്‍ത്തി, ശ്രീശില്‍പ്പ, ശ്രീകാര്‍ത്തിക, ഇന്ദു എന്നീ ഇനങ്ങള്‍ ചാക്കില്‍ നടാന്‍പറ്റിയവയാണ്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ചാണകപ്പൊടി, ചാരം മണ്ണിരകമ്പോസ്റ്റ് എന്നിവ ചേര്‍ത്തുകൊടുക്കണം.

വിത്ത് തയ്യാറാക്കുന്നവിധം
ഒരു ഹെക്ടറില്‍ സാധാരണരീതിയില്‍ നടാന്‍ 2500 കിലോ വിത്ത് ആവശ്യമാണ്. വിത്തുകിഴങ്ങ് നടുകെ മുറിച്ച് ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം. ഇങ്ങനെ മുറിച്ചുണ്ടാക്കുന്ന കഷണത്തിന് 250 ഗ്രാം തൂക്കമെങ്കിലും വേണം.  വിത്ത് നെടുകെമുറിക്കുമ്പോള്‍ മുളഭാഗം മുറിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
സാധാരണരീതിയില്‍ നടുമ്പോള്‍ 45 സെ.മി ആഴമുള്ള കുഴിയെടുക്കണം. കുഴിയില്‍ ചാണകപ്പൊടിയും ചാരവും എല്ലുപൊടിയും ഇട്ട് ഇളക്കണം  നട്ട് ഒരുമാസമെങ്കിലും തണല്‍ നല്‍കണം. വളരുന്ന മുറയ്ക്ക് താങ്ങുകള്‍ കുഴിച്ചിട്ടുകൊടുക്കണം.
 

പ്രധാന വാർത്തകൾ
Top