18 October Thursday

എന്താണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് , ആര്‍ക്കൊക്കെ ഈ നിയമപ്രകാരം വിവാഹിതരാകാം? അറിയേണ്ടതെല്ലാം

അഡ്വ. മിനി ഫ്രാന്‍സിസ്Updated: Thursday Nov 23, 2017

ഇന്ത്യയിലെ പൌരന്മാര്‍ക്കും പ്രവാസികള്‍ക്കും ജാതിയോ മതമോ ഭാഷയോ ആചാരങ്ങളോ തടസ്സമാകാതെ നിയമപരമായി വിവാഹിതരാകാനുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് 1954.

സബ്രജിസ്ട്രാര്‍ ഓഫീസില്‍ പോയി 50 രൂപയുടെ മുദ്രപത്രത്തില്‍ വിവാഹ ഉടമ്പടി രജിസ്റ്റര്‍ചെയ്യുന്ന സമ്പ്രദായം സര്‍ക്കാര്‍ 2008ല്‍ നിര്‍ത്തലാക്കി.
സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് മുന്‍കൂര്‍  നോട്ടീസ് നല്‍കി  ചട്ടപ്രകാരം നടത്തുന്ന വിവാഹങ്ങള്‍ മാത്രമേ ഇപ്പോള്‍   സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ചെയ്യാന്‍ അനുവദിക്കൂ.

ഈ നിയമപ്രകാരം സബ്രജിസ്ട്രാര്‍ ഓഫീസിലെ നിയമിതനായ സബ്രജിസ്ട്രാര്‍ ആണ് വിവാഹ ഓഫീസര്‍. സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ നടക്കുന്ന നിയമസാധുതയില്ലാത്ത വിവാഹരജിസ്ട്രേഷനുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കേരള ഹൈക്കോടതി  ഡിവിഷന്‍ ബെഞ്ച് 2008ലാണ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്ത് കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

പണ്ട്  18 വയസ്സ് കഴിഞ്ഞ ആണിനും പെണ്ണിനും തങ്ങള്‍ ഒരുമിച്ചുജീവിക്കുകയാണെന്നു കാണിച്ച്  ഇവര്‍ തമ്മില്‍ ഒരു ഉടമ്പടി രജിസ്റ്റര്‍ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നു. ഇതിന് നിയമസാധുതയൊന്നും ഇല്ലെന്ന കാര്യം പലര്‍ക്കും അറിവില്ലായിരുന്നു.

മുന്‍കൂര്‍ നോട്ടീസോ വയസ്സു തെളിയിക്കുന്ന രേഖയോ ഒന്നും വേണ്ട എന്നതായിരുന്നു ഇത്തരത്തിലുള്ള രജിസ്റ്റര്‍ മാര്യേജിന്റെ  ആകര്‍ഷണവും പ്രത്യേകതയും. ആകെ വേണ്ടത് 50 രൂപയുടെ മുദ്രപ്പത്രവും രണ്ട് സാക്ഷിയും മാത്രം. സബ്രജിസ്ട്രാറുടെ കണ്ണില്‍  പെണ്‍കുട്ടിക്ക് 18 തികഞ്ഞുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം മതിയായിരുന്നു. പൌരത്വംപോലും ഇത്തരത്തിലുള്ള വിവാഹ ഉടമ്പടി രജിസ്ട്രേഷന് പ്രശ്നമല്ലായിരുന്നു. നിയമപ്രകാരമുള്ള വിവാഹമെന്ന് ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ ഇത്തരത്തിലുള്ള വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നത്.

ഇങ്ങനെ വിവാഹിതരാവുന്നവര്‍ക്ക് നിയമപരമായി വിവാഹമോചനം നേടാനോ ഇവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക്  നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കാനോ  കഴിയുമായിരുന്നില്ല എന്ന കാര്യവും വിദഗ്ധമായി മറച്ചുവച്ചായിരുന്നു കല്യാണങ്ങള്‍. നടത്തിയിരുന്നത്.

പുതിയ സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് ആണോ പെണ്ണോ അവരുടെ പരിധിയിലുള്ള സബ്രജിസ്ട്രാര്‍ ഓഫീസില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഇതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്ന് ആരാഞ്ഞ് സബ്രജിസ്ട്രാര്‍ ഓഫീസില്‍ ഒരു  നോട്ടീസ് പതിക്കും.

മുപ്പതുദിവസം കഴിഞ്ഞ് തിരിച്ചറിയാനും വയസ്സ് തെളിയിക്കാനുമുള്ള രേഖകളുമായി നേരിട്ട് ഹാജരായി സാക്ഷികളുടെ സാന്നിധ്യത്തില്‍ മാത്രമേ ആര്‍ക്കും വിവാഹിതരാകാന്‍ കഴിയുള്ളു. 30 ദിവസത്തിനകം വിവാഹത്തിന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാം. എന്നാല്‍ അടിസ്ഥാനമില്ലാത്ത തര്‍ക്കം  അരെങ്കിലും ഉന്നയിച്ചാല്‍ അവരില്‍നിന്ന് പിഴ ഈടാക്കും.

ആര്‍ക്കൊക്കെ ഈ നിയമപ്രകാരം വിവാഹിതരാകാം?
പ്രത്യേക വിവാഹനിയമത്തിന്റെ വകുപ്പ് 4 പ്രകാരം, 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സ് കഴിഞ്ഞ സ്ത്രീക്കും ഈ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയും. ഇരുകക്ഷിയും അവിവാഹിതരോ വിവാഹമോചനം നേടിയവരോ പങ്കാളി മരണപ്പെട്ടവരോ ആകണം. കൂടാതെ നിരോധിതബന്ധത്തിന്റെ പരിധിയില്‍ പെടുന്നവരും ആകരുത്. വിവാഹജീവിതത്തിനു കഴിയാത്ത തരത്തിലുള്ള മാനസികരോഗികളും ആകരുത്.

എന്താണ് രജിസ്ട്രേഷന്‍നടപടിക്രമങ്ങള്‍?
സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷിയും നിര്‍ദിഷ്ട അപേക്ഷാഫോമില്‍ വിവാഹരജിസ്ട്രാര്‍ മുമ്പാകെ അപേക്ഷ നല്‍കണം.
ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വിവാഹ ഓഫീസര്‍ (സബ്രജിസ്ട്രാര്‍) മമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്.
പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ  സ്വീകരിക്കുന്ന സബ് രജിസ്ട്രാര്‍ നല്‍കുന്ന രസീത് സൂക്ഷിച്ചുവയ്ക്കേണ്ടതാണ്.

വിവാഹത്തിനുള്ള അപേക്ഷ നല്‍കി 30 ദിവസത്തിനുശേഷം 90 ദിവസത്തിനുള്ളില്‍ ഏതൊരു ദിവസവും കക്ഷികളുടെ ഇഷ്ടപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാവുന്നതാണ്. പരസ്പരം സ്വീകരിക്കുന്നതായുള്ള പ്രതിജ്ഞ വിവാഹിതരാകുന്നവര്‍ എടുക്കേണ്ടതാണ്. രജിസ്ട്രാര്‍ ഓഫീസിലുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് ബുക്കില്‍ ഇരുകക്ഷിയും മൂന്നു സാക്ഷികളും ഒപ്പിട്ട് നടപടി പൂര്‍ത്തിയാക്കുന്നു. ഇതുപ്രകാരം കിട്ടുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയാണ്. സബ്രജിസ്ട്രാറുടെ ഓഫീസില്‍വച്ചോ നിശ്ചിത ഫീസടച്ചാല്‍ മറ്റേതെങ്കിലും സ്ഥലത്തുവച്ചോ കക്ഷികളുടെ താല്‍പ്പര്യംപോലെ വിവാഹം നടത്താം. ഇതിനായി നിശ്ചിതഫീസ് നല്‍കി അപേക്ഷിച്ചാല്‍ രജിസ്ട്രാര്‍ ഓഫീസ്പരിധിയിലുള്ള വീട്ടിലോ ഓഡിറ്റോറിയത്തിലോ വന്ന് വിവാഹഓഫീസര്‍ വിവാഹം രജിസ്റ്റര്‍ചെയ്തുതരും.

ഇന്ത്യന്‍ പൌരത്വം ഇല്ലാത്ത രണ്ടു വിദേശികള്‍ക്കും ഇന്ത്യയില്‍വച്ച് ഈ നിയമപ്രകാരം വിവാഹിതരാകാവുന്നതാണ്. വിദേശത്തേക്കു പോകുന്നവര്‍ക്ക്  മത-ജാതി സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് അംഗീകൃതരേഖയായി  ഉപയോഗിക്കാന്‍  സാധ്യമല്ല. അത്തരം ആവശ്യമുള്ളവര്‍ക്ക്  ഈ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

ജാതി-സമുദായ ഭേദമന്യേ ഏതു വ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം. ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികളായവര്‍ക്കും ഈ നിയമം തെരഞ്ഞെടുക്കാം. മുസ്ളിം, ക്രൈസ്തവ, പാഴ്സി, ജൂത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഇത് തെരഞ്ഞെടുക്കാം. മിശ്രവിവാഹം ആഗ്രഹിക്കുന്നവര്‍ക്കും ജമ്മു കശ്മീരിലൊഴികെ ഇന്ത്യയുടെ ഏതുഭാഗത്തു വസിക്കുന്നവര്‍ക്കും പ്രവാസികളായ ഇന്ത്യന്‍വംശജര്‍ക്കും ഈ നിയമം ബാധകമാകുന്നു.                   

mpapw@yahoo.co.in

 

പ്രധാന വാർത്തകൾ
Top