18 July Wednesday

വരുമോ സൈബർയുദ്ധം?

നിഖിൽ നാരായണൻUpdated: Thursday Mar 22, 2018

ഇക്കഴിഞ്ഞയാഴ്ച അമേരിക്കൻ സർക്കാർ പുറത്തുവിട്ട ഒരു റിപ്പോർട്ട്പ്രകാരം അമേരിക്കയുടെ വൈദ്യുതി ഗ്രിഡ്, വെള്ളം, എവിയേഷൻ, ഉൽപ്പാദനമേഖല അടക്കം നിരവധി മേഖലകളിൽ റഷ്യൻ ഹാക്കർമാർ നുഴഞ്ഞുകയറിയിരിക്കുകയാണ്. ആണവോർജസംബന്ധമായ സംവിധാനങ്ങളിലും ഈ നുഴഞ്ഞുകയറ്റം നടന്നു എന്നത് കൂടുതൽ ആശങ്ക ജനിക്കിപ്പിക്കുന്നു. വിമാനങ്ങളുടെയും, അതിന്റെ നിയന്ത്രണസംവിധാനങ്ങൾ, സമയക്രമങ്ങൾ എന്നിവ മാത്രമല്ല ഇത്തരം ഹാക്കർമാർ വിദൂരമായി ഇടപെട്ട് താറുമാറാക്കാൻ സാധ്യതയുള്ളത്. വീടുകളിലേക്കും വ്യവസായ ഇടങ്ങളിലേക്കുമുള്ള വൈദ്യുതി, വെള്ളം എല്ലാം നിയന്ത്രിച്ച് രാജ്യത്തെതന്നെ മുട്ടുകുത്തിക്കാൻ ഇടയുണ്ടെന്നത് ഇതിന്റെ ഗാംഭീര്യം എടുത്തുപറയുന്നു. അതായത്, ഒരു രാജ്യത്തെ മുഴുവൻ സ്തംഭിപ്പിക്കാൻ ഇവർക്ക്വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

കഴിഞ്ഞ ഒരുവർഷത്തോളമായി സംശയത്തിന്റെ നിഴലിലായിരുന്നു ഈ സംവിധാനങ്ങളൊക്കെയും. ആ സംശയം ശരിയായിരുന്നു എന്നതാണ് ഈ റിപ്പോർട്ട്. ഈ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളിൽ നിഴഞ്ഞുകയറിയാണ് ഈ സൈബർതീവ്രവാദം ഇവർ നടത്തുന്നത്. ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങളിൽനിന്ന് ഇത്തരം സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ വിവരങ്ങൾ മനസ്സിലാക്കിയും, ഫിഷിങ്പോലെയുള്ള ചതിയിലൂടെ ഇത് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ചോർത്തിയും, സംവിധാനങ്ങളിലെ പഴുതുകൾ മുതലാക്കിയും ഒക്കെയാണ് ഈ ഹാക്കർമാർ കരുക്കൾ നീക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ സൈബർ സുരക്ഷാ കമ്പനിയായ സിമാൻടെക് ഡ്രാഗൺ ഫ്ളൈ എന്നൊരു ഗ്രൂപ്പ് ഇത്തരത്തിൽ ഒരു ആക്രമണം നടത്തുന്നുവെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അമേരിക്കൻ സർക്കാർ പുറത്തുവിട്ട ഈ റിപ്പോട്ട് ഇതിനെ സാധൂകരിക്കുന്നു. ഹാക്ക് ചെയ്യേണ്ട സംവിധാനങ്ങളുടെ സപ്ലയർമാടെ സംവിധാനങ്ങളിൽ ആദ്യം നുഴഞ്ഞുകയറി അതുവഴി തങ്ങളുടെ നിരയിലേക്കെത്തുന്ന രീതിയും ഇവർ പിന്തുടരുന്നുവെന്ന് എഫ്ബിഐ ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു. 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ സ്വാധീനംചെലുത്തിയതിന് റഷ്യക്കെതിരെ അമേരിക്ക നീങ്ങാൻ തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ആനയും കുതിരയും ഉള്ള യുദ്ധങ്ങളിൽനിന്ന് ടാങ്കും, പീരങ്കിയും ഉള്ള യുദ്ധങ്ങളിലേക്ക് നീങ്ങിയ ലോകത്തെ ഇനി കാത്തിരിക്കുന്നത് ഇത്തരം സൈബർ യുദ്ധങ്ങളാണ്.

പ്രധാന വാർത്തകൾ
Top