14 August Tuesday

പ്രമേഹ പൂര്‍വാവസ്ഥ എന്ത്

ഡോ. ഷീജ ശ്രീനിവാസ് ഇടമനUpdated: Thursday Jan 18, 2018

കഴിഞ്ഞദിവസം രാവിലെ വന്ന ഒരു ഫോണ്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. 35 വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരന്‍ ഹൃദയാഘാതംമൂലം മരിച്ചുവെന്നായിരുന്നു ഫോണ്‍ സന്ദേശം. സുഹൃത്തിന്റെ അനിയനാണെന്നതു മാത്രമല്ല കാരണം. മാസങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിന് നല്ല ക്ഷീണം ഉണ്ടെന്നു പറഞ്ഞപ്പോള്‍ പ്രമേഹപരിശോധന നടത്താന്‍ പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ 3-4 മാസങ്ങള്‍ക്കുശേഷം മരിച്ചുവെന്ന വാര്‍ത്തയാണ് അറിയാന്‍കഴിഞ്ഞത്. മരണകാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞത് 'പെട്ടെന്നൊരു നെഞ്ചുവേദന ഉണ്ടായി; ഗ്യാസ് ആണെന്നു കരുതി കാര്യമാക്കിയില്ല' എന്നാണ്. കൂടുതല്‍ സംസാരിച്ചതില്‍നിന്നു മനസ്സിലായത് മുമ്പ് ക്ഷീണം ഉണ്ടെന്നു പറഞ്ഞ് രക്തപരിശോധന നടത്തിയപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് കൂടുതലായിരുന്നു എന്നാണ്. ഇതുതന്നെയാണ് എന്നെ ദുഃഖത്തിലാക്കാനുള്ള കാരണവും. പ്രമേഹ പൂര്‍വാവസ്ഥ പലപ്പോഴും ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്. പക്ഷേ ഇത് പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞാലും ആളുകള്‍ക്ക് മനസ്സിലാകാറില്ല എന്നതാണ് സങ്കടകരമായ വസ്തുത.  100 ശതമാനവും തടയാനാകുമായിരുന്ന ഹൃദയാഘാതം അശ്രദ്ധമൂലം ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടമാക്കി.

പ്രമേഹപൂര്‍വാവസ്ഥ  (പ്രീഡയബെറ്റിസ്)
ലളിതമായി പറഞ്ഞാല്‍ പ്രമേഹത്തിന് മുന്നോടിയായുള്ള ഘട്ടം. പ്രമേഹരോഗാവസ്ഥയിലേക്കുള്ള പ്രയാണം തടയാവുന്ന, പ്രമേഹത്തിന് മുന്നോടിയായുള്ള ഒരു അവസ്ഥയാണിത്.ഈ അവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലും കൂടുതലാകും. എന്നിരുന്നാല്‍ പ്രമേഹം സ്ഥിരീകരിക്കാന്‍ പര്യാപ്തമായ അളവില്‍ രക്തത്തിലെ പഞ്ചസാര കൂടിയിരിക്കുകയുമില്ല. പ്രമേഹ പൂര്‍വാവസ്ഥയിലുള്ള രോഗികളില്‍ 11 ശതമാനം ഓരോ വര്‍ഷവും പ്രമേഹരോഗികളായി മാറുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

പ്രമേഹ പൂര്‍വാവസ്ഥയുടെ മാനദണ്ഡം
വെറുംവയറ്റില്‍ രക്തത്തിലെ പഞ്ചസാര(FBS): 100125 mg/dL.  ഭക്ഷണം കഴിച്ച്രണ്ടുമണിക്കൂറിനുശേഷമുള്ളരക്തത്തിലെ പഞ്ചസാര (PPBS): 140 199 mg/dL. ഗൈക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ (Hba1C):  5.7 to 6.4%

പ്രമേഹ പൂര്‍വാവസ്ഥയുടെ പ്രാധാന്യം
പ്രമേഹപൂര്‍വാവസ്ഥ പ്രമേഹം പിടിപെടാനുള്ള സാധ്യത വിളിച്ചോതുന്ന ഒരു 'അപായസൂചന'യാണ്. പ്രമേഹം ശരീരത്തിലുണ്ടാക്കുന്ന വിദൂരഫലങ്ങളായ, ഹൃദയത്തിന്റെയും രക്തധമനികളുടെയും വൃക്കകളുടെയും തകരാറുകള്‍ പ്രമേഹ പൂര്‍വാവസ്ഥയില്‍തന്നെ തുടങ്ങുന്നതായി പഠനങ്ങള്‍ തെളയിച്ചിട്ടുണ്ട്. പ്രമേഹ പൂര്‍വാവസ്ഥ ഹൃദയാഘാതത്തിനുള്ള സാധ്യത 50% വര്‍ധിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള 'സുവര്‍ണകാലഘട്ടം' എന്ന് പ്രമേഹപൂര്‍വാവസ്ഥയെ വിശേഷിപ്പിക്കാം. കാരണം, ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് പ്രമേഹത്തിലേക്കുള്ള പ്രയാണം തടയാന്‍ ഈ ഘട്ടത്തില്‍ സാധിക്കും. പ്രമേഹപൂര്‍വാവസ്ഥയിലുള്ള അമിതവണ്ണക്കാര്‍ക്ക് അവരുടെ പൊക്കത്തിന് ആനുപാതികമായി ശരീരഭാരം നിയന്ത്രിക്കാനായില്ലെങ്കില്‍പ്പോലും, ഏതാണ്ട് 5-10% വരെ ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചാല്‍ പ്രമേഹത്തെ പ്രതിരോധിക്കാനാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പ്രമേഹപൂര്‍വാവസ്ഥയിലുള്ളവര്‍ക്ക് ഏതാണ്ട് 10 വര്‍ഷത്തിനകംതന്നെ പ്രമേഹരോഗം പിടിപെട്ടേക്കാം.
 
ലക്ഷണങ്ങള്‍
പ്രമേഹ പൂര്‍വാവസ്ഥയ്ക്ക് പ്രത്യേക ലക്ഷണങ്ങളൊന്നും കാണാറില്ല. എന്നിരുന്നാലും ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കഴുത്ത്, കക്ഷം, കൈമുട്ട്, കാല്‍മുട്ട് തുടങ്ങിയ ഇടങ്ങളില്‍ കാണുന്ന കറുത്ത പാടുകള്‍ (അക്കാന്തോസിസ് നൈഗ്രിക്കന്‍സ്) പ്രമേഹ പൂര്‍വാവസ്ഥയുടെ ലക്ഷണമാകാം. നമ്മുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ (ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്) ലക്ഷണമാണിത്. അതോടൊപ്പം തളര്‍ച്ച, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

ലോ ഷുഗര്‍
പലപ്പോഴും പ്രമേഹരോഗികള്‍ പറയാറുണ്ട് 'അയ്യോ ഡോക്ടറെ പണ്ട് എനിക്ക് ലോ ഷുഗര്‍ ആയിരുന്നു' എന്ന്. സത്യത്തില്‍ ഇതും പ്രമേഹപൂര്‍വാവസ്ഥയുടെ ഒരു ലക്ഷണമാണ്. ഈ അവസ്ഥയില്‍ പലപ്പോഴും രക്തത്തിലെ പഞ്ചാസാര കുറഞ്ഞുപോകുന്നതായി കാണാറുണ്ട്. പ്രമേഹപൂര്‍വാവസ്ഥയില്‍ രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടിനില്‍ക്കുന്നതാണ് (ഹൈപ്പര്‍ ഇന്‍സുലിനീമിയ) ഇതിനു കാരണം. 

കാരണങ്ങള്‍
അമിതവണ്ണം, കുടവയര്‍, ശാരീരിക നിഷ്ക്രിയത്വം, കുടുംബത്തില്‍ പാരമ്പര്യമായി പ്രമേഹം ഉണ്ടാവുക, മാനസിക പിരിമുറുക്കം, പോളിസ്റ്റിക് ഓവേറിയന്‍സിന്‍ഡ്രോം, ഭക്ഷണത്തില്‍ കൊഴുപ്പ്, പഞ്ചസാര ഇവയുടെ അമിത ഉപയോഗം, ഗര്‍ഭകാല പ്രമേഹം, ഉറക്കക്കുറവ് ഇതെല്ലാം പ്രമേഹ പൂര്‍വാവസ്ഥയ്ക്ക് കാരണമായേക്കാം. ഇത്തരം കാരണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും കൃത്യമായി ഇടവേളകളില്‍ പ്രമേഹപരിശോധന നടത്തിയേ മതിയാവൂ.

കുഞ്ഞുങ്ങളും പ്രമേഹ പൂര്‍വാവസ്ഥയും
ഇന്ന് അമിതവണ്ണവും തന്മൂലം ടൈപ്പ് 2 പ്രമേഹവും കുഞ്ഞുങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. അതിനാല്‍ 10 വയസ്സോ അതിനു മുകളിലോ പ്രായമുള്ള അമിതവണ്ണമുള്ള കുഞ്ഞുങ്ങളില്‍ പ്രമേഹപരിശോധന നടത്തേണ്ടതാണ്. പ്രത്യേകിച്ച് കുടുംബപരമായി പ്രമേഹം ഉള്ളവര്‍, ഗര്‍ഭകാലപ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍, ജനിക്കുമ്പോള്‍ ശരീരഭാരം കുറവുള്ള കുട്ടികള്‍ (ലോ ബര്‍ത്ത് വെയ്റ്റ് ബേബീസ്), പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ തുടങ്ങിയവരില്‍ കൃത്യമായ ഇടവേളകളില്‍ പ്രമേഹ പരിശോധന നടത്തണം.

പ്രമേഹത്തിലേക്കുള്ള പ്രയാണം തടയാം
പ്രമേഹം ഇല്ലാത്ത അവസ്ഥയ്ക്കും പ്രമേഹത്തിനും ഇടയിലുള്ള അവസ്ഥയാണല്ലോ പ്രമേഹ പൂര്‍വാവസ്ഥ. അതായത് ഇത് പ്രമേഹത്തിലേക്കുള്ള ഒരു പാലമാണെന്നു പറയാം. ജീവിതശൈലിയില്‍ ആരോഗ്യപ്രദമായ മാറ്റങ്ങള്‍ വരുത്തിയാല്‍ തീര്‍ച്ചയായും പ്രമേഹം ഇല്ലാത്ത അവസ്ഥ (ഡയബെറ്റിക് റിവേഴ്സല്‍)യിലേക്കു തിരിച്ചുപോകാനാവും.
ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക

ദിവസേന ഒരുമണിക്കൂര്‍ വ്യായാമം ശീലമാക്കുക
കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കുക
മാനസികോല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക
ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക
ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ ഉറങ്ങുക
ശരീരഭാരം അഞ്ചുമുതല്‍ 10 ശതമാനംവരെ കുറയ്ക്കുക

പ്രമേഹപൂര്‍വാവസ്ഥയില്‍ ഭക്ഷണം
തവിടുള്ള ധാന്യങ്ങള്‍, നാരു കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍, ഇലക്കറികള്‍ ഇവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മുട്ടയുടെ വെള്ള, പയര്‍വര്‍ഗങ്ങള്‍ ഇവ മിതമായി ഉപയോഗിക്കാം. ശീതളപാനീയങ്ങള്‍, പഞ്ചസാര, മൈദ, കൊഴുപ്പുള്ള ഭക്ഷണം, വെളുത്ത അരി ഇവ കഴിവതും ഒഴിവാക്കണം. നിത്യവും നാലുമുതല്‍ എട്ട് ഗ്ളാസ്വരെ വെള്ളം കുടിക്കുക. ചൂടുകാലത്ത് കൂടുതല്‍ വെള്ളം കുടിക്കണം.

പ്രതിരോധം പ്രധാനം
മുമ്പൊക്കെ പ്രമേഹം ബാധിക്കുന്നത് മധ്യവയസ്കരെയാണെങ്കില്‍ ഇന്ന്  യുവതലമുറയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. മധ്യവയസ്കരില്‍ പ്രമേഹം ബാധിച്ചാല്‍ അതിന്റെ സങ്കീര്‍ണതകള്‍ ഉണ്ടാവുന്നത് മിക്കവാറും വാര്‍ധക്യകാലത്താകും. എന്നാല്‍ യുവജനങ്ങളെ രോഗം ബാധിക്കുമ്പോള്‍ അതിന്റെ സങ്കീര്‍ണതകള്‍ പലപ്പോഴും മധ്യവയസ്സില്‍ അവരെ അലട്ടുകയും തന്മൂലം അവരുടെ സാമ്പത്തികഭദ്രതപോലും തകര്‍ക്കാനും വഴിയൊരുക്കിയേക്കാം.
ഏതുരോഗമായാലും രോഗംവന്നു ചികിത്സിക്കുന്നതിനെക്കാള്‍ ഭേദം രോഗം വരാതെ നോക്കുക എന്നതാണല്ലോ. പ്രമേഹത്തിന്റെ കാര്യത്തില്‍ ഇതു സാധ്യമാക്കാന്‍ പ്രമേഹപൂര്‍വാവസ്ഥയില്‍തന്നെ രോഗം കണ്ടുപിടിക്കാനായാല്‍ ജീവിതകാലം മുഴുവനുള്ള ചികിത്സ ഒഴിവാക്കാനാവും.

(ആലപ്പുഴ കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനും ഐഎംഎ കൊച്ചി വനിതാവിഭാഗം മുന്‍ സെക്രട്ടറിയുമാണ് ലേഖിക)
 

പ്രധാന വാർത്തകൾ
Top