22 May Tuesday

കൃത്രിമ മഴ

ഡോ. ഗോപകുമാര്‍ ചോലയില്‍Updated: Thursday Mar 16, 2017

എന്താണ് ക്ളൌഡ് സീഡിങ്
ഉഴുതൊരുക്കിയ പാടത്ത് കര്‍ഷകന്‍ വിത്തെറിഞ്ഞ് വിളവെടുക്കുന്നതുപോലെതന്നെ മേഘങ്ങളിലും 'മഴവിത്തുകള്‍' വിതച്ച് മഴപെയ്യിക്കാം എന്നതാണ് കൃത്രിമമഴയുടെ പ്രവര്‍ത്തനതത്വം. ക്ളൌഡ് സീഡിങ് അഥവാ 'മേഘബീജനം' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. മഴവിത്തുകള്‍ ചില രാസവസ്തുക്കളാണെന്നുമാത്രം. സാധാരണഗതിയില്‍ മേഘങ്ങളിലുള്ള ജലശേഖരത്തിന്റെ 15 മുതല്‍ 20 ശതമാനംവരെയാണ് മഴയുടെ രൂപത്തില്‍ ലഭിക്കുന്നത്. ശേഷിക്കുന്നവ അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെ രൂപത്തിലോ അഥവാ മേഘങ്ങളില്‍തന്നെ ജലബിന്ദുക്കളായി തങ്ങിനില്‍ക്കുകയോ ചെയ്യുന്നു.  ക്ളൌഡ് സീഡിങ് എന്ന പ്രക്രിയ മുഖേന അനുയോജ്യമായ മേഘങ്ങളില്‍ സാന്ദ്രീകരണ മര്‍മങ്ങള്‍  കൃത്രിമമായി വിതറുകവഴി മേഘങ്ങളില്‍നിന്നുള്ള ജലാംശം ഏകദേശം 15 മുതല്‍ 20 ശതമാനത്തോളം മഴയുടെ രൂപത്തില്‍ നേടിയെടുക്കാനാവും.

ഈ രംഗത്ത് ഒരുപാട് വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്കു ശേഷമാണ് മേഘബീജനത്തില്‍നിന്ന് ലഭിക്കാവുന്ന മഴയുടെ അളവ് ഇത്രയെങ്കിലും മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്താനായത്. ചുരുക്കത്തില്‍, ഒരു മേഘത്തില്‍നിന്ന് ലഭിക്കാവുന്ന മഴയുടെ അളവ് മെച്ചപ്പെടുത്തുകയാണ് മേഘബീജനം എന്ന പ്രക്രിയ ചെയ്യുന്നത്. മേഘത്തിന്റെ 90 ശതമാനവും വായുവാണ്. ഈ വയുവില്‍തന്നെ ധാരാളം ജലബാഷ്പവും ധൂളികളും അടങ്ങിയിരിക്കുന്നു. സൂര്യതാപംമൂലം ജലം നീരാവിയായി മേലോട്ടുയര്‍ന്ന്, തണുത്ത് നന്നേ ചെറിയ ജലകണങ്ങളാകുന്നു. ഈ ചെറു ജലകണങ്ങളും, ചെറുധൂളികളും വായുവും ചേര്‍ന്നാണ് മേഘരൂപം കൊള്ളുന്നത്. മേഘത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് അതിന്റെ താപനില. മേഘത്തിന്റെ താപനില പൂജ്യം ഡിഗ്രി സെന്റിഗ്രേഡ് വിട്ടുയര്‍ന്നാല്‍ അതിനെ 'തപ്തമേഘം' (Warm Cloud) എന്ന് വിശേഷിപ്പിക്കാം. പലപ്പോഴും പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴ്ന്ന താപനിലയിലാണ് മേഘങ്ങള്‍ രൂപംകൊള്ളുന്നത്. എന്നുവരികിലും, ഈ താപനിലയിലും മേഘത്തിനുള്ളിലെ ജലകണങ്ങള്‍ അവയുടെ അതിയായ സംശുദ്ധതമൂലം ഘനീഭവിക്കാതെ സ്ഥിതിചെയ്യുന്നു. അതിശീതളമായ ജലം വഹിക്കുന്ന മേഘങ്ങളാണ് അതിശീതമേഘങ്ങള്‍ (Super Cooler Clouds). ഈ മേഘങ്ങളുടെ താപനില 100ര  മുതല്‍ 200ര  വരെ എത്തുന്നത് അസാധാരണമല്ല. 400രല്‍ (മൈനസ് 40 ഡിഗ്രി സെന്റിഗ്രേഡ്) മിക്കവാറും എല്ലാ മേഘങ്ങളും ഐസ് പരലുകള്‍കൊണ്ട് നിറഞ്ഞിരിക്കും. എല്ലാ മേഘങ്ങളും മേഘബീജനം നടത്താന്‍ അനുയോജ്യമായവയല്ല.

കുറഞ്ഞതോതിലെങ്കിലും വായുവിന്റെമേല്‍ തള്ളല്‍, വേണ്ടത്ര ജലാംശം തുടങ്ങിയവ ഉള്ളവയാകണം മേഘബീജത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന മേഘങ്ങള്‍. ഈര്‍പ്പമുള്ള വായുവിന്റെ സുസ്ഥിരമായി മേല്‍തള്ളല്‍ ഉള്ളവയും സ്വാഭാവികമായി ഹിമരൂപീകരണം അല്ലെങ്കില്‍ ജലത്തുള്ളി രൂപീകരണം നടക്കാത്തവയും അതിശീതാവസ്ഥയിലുള്ള ജലം കാണപ്പെടുന്നത്ര ഉയരത്തില്‍ വികാസം പ്രാപിക്കുന്നതുമായ മേഘങ്ങളാണ് ബീജനത്തിന് അനുയോജ്യം.

കൃത്രിമ മഴയുടെ തത്വം
വേണ്ടത്ര സാന്ദ്രീകരണ ന്യൂക്ളിയസുകള്‍ ഇല്ലാത്ത മേഘങ്ങളില്‍ കൃത്രിമമായി അവ വിതറുകവഴി സാന്ദ്രീകരണത്തിന് വഴിയൊരുക്കുകയെന്നതാണ് കൃത്രിമമഴ പെയ്യിക്കുന്നതിലെ സാങ്കേതിക തത്വം. ജലബാഷ്പം നിറഞ്ഞ മേഘങ്ങളില്‍ എത്തപ്പെടുന്ന ഈ ജലഗ്രാഹക കണങ്ങള്‍ മേഘങ്ങളിലെ ജലാംശം വലിച്ചെടുക്കുന്നു. ജലബാഷ്പത്തിന്റെ ആഗിരണംമൂലം ഈ കണങ്ങള്‍ 25 മുതല്‍ 30 മൈക്രോണ്‍ (ഒരു മൈക്രോണ്‍ = 10 -6 മീറ്റര്‍) വരെ വലുപ്പംവരുന്നു. ഇവ മേഘങ്ങളുടെ അടിഭാഗത്തേക്ക് നിക്ഷേപിക്കുന്നു. ഈ ഘട്ടത്തില്‍ പരസ്പരം കൂട്ടിമുട്ടാനും ഒട്ടിച്ചേരാനുമുള്ള  പ്രവണതയും ഇവ പ്രകടിപ്പിക്കുന്നു.

അതിശീത മേഘങ്ങളാണ് ബീജനത്തിനുവേണ്ടി സാധാരണയായി തെരഞ്ഞെടുക്കുന്നത്. ബീജനത്തിന് സോഡിയം ക്ളോറൈഡ്, പൊട്ടാസ്യം സില്‍വര്‍ അയഡൈഡ്, ഡ്രൈ ഐസ് (കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഖരരൂപം) തുടങ്ങിയ രാസവസ്തുക്കളാണ് സാധാരണയായി ഉപയോഗപ്പെടുത്തുന്നത.് ഡ്രൈ ഐസ് ആണ് ആദ്യമായി മേഘബീജനത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയ രാസവസ്തു.

1946-ല്‍ ന്യൂയോര്‍ക്കിലെ ജനറല്‍ ഇലക്ട്രിക്കല്‍ ഗവേഷണശാലയിലെ വിന്‍സന്റ് ജെ ഷെഫര്‍ എന്ന ഗവേഷകനാണ് ആദ്യമായി ഡ്രൈ ഐസ് ഉപയോഗിച്ച് കൃത്രിമമഴ പെയ്യിക്കാമെന്നു കണ്ടെത്തിയത്. 

നന്നായി പൊടിച്ച ഡ്രൈ ഐസ് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് മധ്യകൂമ്പാരമേഘങ്ങളില്‍ (ആള്‍ട്ടോ ക്യുമുലസ്) നിപതിപ്പിച്ച് അവയിലെ ജലകണങ്ങളെ അതിവേഗം ഘനീഭവിപ്പിക്കുന്നു. അതിശീതാവസ്ഥയില്‍ (780ഇ) സ്ഥിതിചെയ്യുന്ന ഈ രാസവസ്തു ജലബാഷ്പത്തില്‍നിന്നും, ഐസ് പരലുകള്‍ അതിദ്രുതം രൂപപ്പെടുന്നതിന് സഹായിക്കുന്നു. ഒരു ഗ്രാം ഡ്രൈ ഐസിന് ഏറ്റവും കുറഞ്ഞത് 3 ഃ 1010 ഐസ് പരലുകള്‍ സൃഷ്ടിക്കാന്‍ കഴിയുമത്രെ! എന്നാല്‍, മേഘങ്ങളുടെ അതിശീതഭാഗത്തുതന്നെ കൃത്യമായി വിതറാത്തപക്ഷം ബാഷ്പീകരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഖര കാര്‍ബണ്‍ ഈ ആവശ്യത്തിനുവേണ്ടി ഇപ്പോള്‍ അധികം ഉപയോഗിക്കാറില്ല. പകരം സില്‍വര്‍ അയഡൈഡ് ആണ് ഇപ്പോള്‍ ഏറെ പ്രചാരത്തില്‍. അസറ്റോണില്‍ ലയിപ്പിച്ച സോഡിയം അയഡൈഡ് ലായനിയില്‍ ഒന്നുമുതല്‍ 10 ശതമാനംവരെ സില്‍വര്‍ അയഡൈഡ് ലയിപ്പിച്ച് 11000ര വരെ ചൂടാക്കുമ്പോള്‍ എണ്ണമറ്റ സാന്ദ്രീകരണ മര്‍മങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. സില്‍വര്‍ അയഡൈഡ് ലായനിയുടെ ഗാഢത 10 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുന്നത് മലിനീകരണ ഭീഷണി ഉയര്‍ത്തിയേക്കാം. എന്നാല്‍ അള്‍ട്രാവയലറ്റ് (ഡഢ) വികിരണങ്ങളുടെ സാന്നിധ്യത്തില്‍ ഈ സാന്ദ്രീകരണ മര്‍മങ്ങള്‍ നിഷ്ക്രിയമാകും. എന്നുമാത്രമല്ല, യുവി വികിരണങ്ങളേല്‍ക്കുന്ന ഓരോ മണിക്കൂറും ഈ സാന്ദ്രീകരണ മര്‍മങ്ങളുടെ കാര്യക്ഷമത പത്തിലൊന്നുവച്ച്  കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. മൈനസ് 40ര (40ര) വരെ ഉപരിതല താപനിലയുള്ള മേഘത്തില്‍ സില്‍വര്‍ അയഡൈഡ് ഉപയോഗിക്കുന്നത് ഏറെഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനുയോജ്യമായ മേഘമാണെങ്കില്‍ 20 ഗ്രാം സില്‍വര്‍ അയഡൈഡ് ഉപയോഗിച്ച് 80 മിനിറ്റിനകം അഞ്ചുലക്ഷം ടണ്‍ വെള്ളം ലഭിച്ച മഴ പെയ്യിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. സാന്ദ്രീകരണത്തിനാവശ്യമായ ധൂളീപടലങ്ങള്‍ മേഘങ്ങളില്‍ വേണ്ടത്ര ഇല്ലാത്തിടത്തോളം മേഘപടലങ്ങള്‍ അവയുടെ തനത് സ്വഭാവത്തോടെ ദീര്‍ഘസമയം നിലനിന്നേക്കാം. എന്നാല്‍, സാന്ദ്രീകരണമര്‍മങ്ങള്‍ മേഘപടലത്തിലേക്ക് എത്തപ്പെടുമ്പോള്‍ അവയിലെ ജലാംശം സാന്ദ്രീകരണ മര്‍മങ്ങളെ കേന്ദ്രീകരിച്ച് ഐസ്പരലുകളായി രൂപാന്തരംപ്രാപിക്കാന്‍ ആരംഭിക്കുന്നു. ഈ ഐസ് പരലുകള്‍ക്ക് ക്രമേണ ഭാരം വര്‍ധിക്കുമ്പോള്‍ മേഘത്തിനുള്ളില്‍ തങ്ങിനില്‍ക്കാന്‍ കഴിയാതെ പുറത്തേക്ക് തള്ളപ്പെടുന്നു. മേഘത്തിന്റെ പുറത്തേക്ക് തള്ളപ്പെടുന്ന ഐസ് ക്രിസ്റ്റലുകള്‍ വെള്ളത്തുള്ളികളായി മഴയുടെ രൂപത്തില്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു. 

എവിടെയൊക്കെ
സാബുജോസ്

1946ല്‍ അമേരിക്കയില്‍ ജനറല്‍ ഇലക്ട്രിക്കല്‍ ഗവേഷണശാലയിലെ വിന്‍സെന്റ് ജെ ഷെഫറാണ് ആദ്യമായി ക്ളൌഡ് സീഡിങ് അവതരിപ്പിക്കുന്നത്.
ഇന്ത്യയില്‍ ക്ളൌഡ് സീഡിങ് പരീക്ഷിച്ചിട്ടുണ്ട്. 1983 മുതല്‍ 1987 വരെയും, 1993 മുതല്‍ 1994 വരെയും തമിഴ്നാട് സര്‍ക്കാര്‍ ക്ളൌഡ് സീഡിങ് നടത്തിയിട്ടുണ്ട്. 2003-2004ല്‍ കര്‍ണാടകസര്‍ക്കാരും ഈ വിദ്യ പരീക്ഷിച്ചിട്ടുണ്ട്. ഇതേ വര്‍ഷത്തില്‍ തന്നെ അമേരിക്ക ആസ്ഥാനമായുള്ള വെതര്‍ മോഡിഫിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ മഹാരാഷ്ട്രയിലും ക്ളൌഡ് സീഡിങ് നടത്തി. ആന്ധ്രപ്രദേശിലെ 12 ജില്ലകളില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള പദ്ധതി കൊണ്ടുവന്നത് 2008ല്‍  ആയിരുന്നു. പിന്നീട് അവിടെ ഇത് പലതവണ നടത്തിയിട്ടുണ്ട്. 

ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുള്ള മിക്കവാറും രാജ്യങ്ങളിലും ക്ളൌഡ് സീഡിങ് ഉപയോഗിച്ച് കൃത്രിമമഴ പെയ്യിക്കുകയോ, മൂടല്‍മഞ്ഞ് നീക്കംചെയ്യുകയോ ചെയ്തിട്ടുണ്ട്്. എന്നാല്‍ ഓസ്ട്രേലിയ  ക്ളൌഡ് സീഡിങ്ങിനോട് വിമുഖത കാണിക്കുകയാണ്. ക്ളൌഡ് സീഡിങ് നടത്തുകവഴി സ്വാഭാവികമായി ഉണ്ടാകുന്ന മഴയുടെ അളവില്‍ 10 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ 2010ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആലിപ്പഴവര്‍ഷത്തിനും ക്ളൌഡ് സീഡിങ് കാരണമാകാറുണ്ട്. 1978ല്‍ 2740 ടണ്‍ സില്‍വര്‍ അയഡൈഡ് ആണ് യുഎസ് ഗവണ്‍മെന്റ് കൃത്രിമമഴ ചെയ്യിക്കാനായി മേഘങ്ങളില്‍ വര്‍ഷിച്ചത്.

ക്ളൌഡ് സീഡിങ്ങ് എങ്ങനെ?
അനുയോജ്യമായ  മേഘങ്ങളെ കണ്ടെത്തുകയാണ് ആദ്യത്തെ ഘട്ടം. കാലാവസ്ഥാ നിരീക്ഷണത്തിനാവശ്യമായ ഏറ്റവും മുന്തിയതരം ഉപകരണങ്ങളും സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങളും അടങ്ങിയ റഡാറുകള്‍, കൃത്യസമയത്ത് മേഘങ്ങളില്‍ പ്രവേശിക്കാന്‍ സജ്ജമായ തരത്തിലുള്ള പ്രത്യേക വിമാനങ്ങള്‍, മേഘങ്ങളില്‍ വിതറാന്‍ സാന്ദ്രീകരണ മര്‍മങ്ങളെ സൃഷ്ടിക്കാന്‍ വിജയകരമായി പരീക്ഷിച്ച് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകള്‍, പ്രക്രിയയുടെ ഫലപ്രാപ്തിയെക്കുറിച്ചു നിരീക്ഷിച്ച് വിലയിരുത്താന്‍ പര്യാപ്തമായ അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവ അടങ്ങിയതാണ് മേഘബീജനത്തിന്റെ സംയോജിത പ്രവര്‍ത്തനവ്യൂഹം.

  സാന്ദ്രീകരണ മര്‍മങ്ങള്‍ വിതറാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് വിമാനങ്ങളാണ്് അനുയോജ്യമായ മേഘങ്ങളില്‍ ശരിയായ സ്ഥലങ്ങളിലാണ് സാന്ദ്രീകരണ മര്‍മങ്ങള്‍ വിതറേണ്ടത്. ഉപഗ്രഹ നിരീക്ഷണസംവിധാനങ്ങള്‍ റേഡിയോ സോണ്ടെ (കാലാവസ്ഥാ നിരീക്ഷണ ബലൂണുകള്‍) എന്നിവ ഉപയോഗിച്ച് വിദഗ്ധര്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള പ്രവചനം നല്‍കുന്നു. ഇത്തരം പ്രവചനങ്ങള്‍ക്ക് കാലാവസ്ഥാ റഡാറുകളില്‍നിന്നു ലഭിക്കുന്ന തത്സമയ സ്ഥിതിവിവരങ്ങള്‍വഴി കൂടുതല്‍ കൃത്യത നല്‍കുന്നു. പ്രവചനങ്ങളെ അടിസ്ഥാനപ്പെടുത്തി പരീക്ഷണവിമാനങ്ങളെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും സജ്ജീകരിക്കുന്നു. അനുകൂല കാലാവസ്ഥാ പ്രവചനം ലഭിക്കുമ്പോഴാണ് എയര്‍ ക്രാഫ്റ്റുകള്‍ക്ക് പറന്നുയരാനുള്ള സന്ദേശം നല്‍കുക. റഡാറുകള്‍വഴി അനുയോജ്യമായ മേഘങ്ങളെ കണ്ടെത്തുകയും അവയുടെ സവിശേഷ പ്രകൃതം വിലയിരുത്തുകയും ചെയ്യുന്നു. എയര്‍ക്രാഫ്റ്റില്‍ സജ്ജമാക്കിയ സോഫ്റ്റ്വെയര്‍ സംവിധാനംവഴി റഡാര്‍ കണ്ടെത്തുന്ന മേഘവിവരങ്ങള്‍ വിശകലനവിധേയമാകുന്നു.  അനുയോജ്യമായ മേഘവ്യൂഹം കണ്ടെത്തിയാല്‍ എയര്‍ക്രാഫ്റ്റുകള്‍ക്ക് മേഘവ്യൂഹത്തിലെത്തിച്ചേരാനുള്ള സന്ദേശം നല്‍കുന്നു. മേഘസാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം പൈലറ്റിന്റെ തീരുമാനപ്രകാരം മേഘബീജനം നടത്തുന്നു. ഒരു മേഘത്തില്‍ ഫലപ്രദമായി ബീജനം നടത്തിയശേഷം കാലാവസ്ഥാ വിദഗ്ധരുടെ നിര്‍ദേശപ്രകാരം അനുയോജ്യമായ മറ്റെരു മേഘം കണ്ടെത്തി പ്രക്രിയ പുനരാവര്‍ത്തിക്കുന്നു..

അരനൂറ്റാണ്ടത്തെ ചരിത്രം പരിശോധിച്ചാല്‍ എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചുള്ള മേഘബീജനരീതിയാണ് ഏറ്റവും കാര്യക്ഷമം എന്നുകാണാം. മേഘബീജനത്തിന്റെ ഉദ്ദിഷ്ടഫലം മിക്കാവറും ഉടന്‍തന്നെയോ അല്ലെങ്കില്‍ 30 മിനിറ്റിനുള്ളിലോ ലഭിക്കുന്നതായാണ് അനുഭവം. മേഘബീജനത്തിന് ഉപയോഗിക്കുന്ന സില്‍വര്‍ അയഡൈഡ് ധൂളികള്‍ ഒരുവിധ പാരിസ്ഥിതികപ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഇങ്ങനെ ലഭിക്കുന്ന മഴവെള്ളത്തിനും വ്യത്യാസമില്ല. കൃത്രിമമഴ ഒരു സ്ഥലത്തെ മഴ കവര്‍ന്നെടുത്തല്ല മറ്റു സ്ഥലത്ത് പെയ്യിക്കുന്നത്. അന്തരീക്ഷത്തില്‍ എല്ലായിടത്തും ജലബാഷ്പത്തിന്റെ സാന്നിധ്യമുണ്ട്. ബാഷ്പാവസ്ഥയിലായതിനാല്‍ കാണുന്നില്ലെന്നുമാത്രം. അന്തരീക്ഷത്തിലെ ജലാംശത്തിന്റെ 10 ശതമാനം മാത്രമാണ് പ്രതിവര്‍ഷം മഴയായി പെയ്യുന്നത്. മേഘബീജനംവഴി ഇപ്രകാരം ലഭിക്കുന്ന മഴയുടെ അളവില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ 10 ശതമാനംകൂടി വര്‍ധനയുണ്ടാക്കാന്‍ സാധിക്കും. അതിനാല്‍ ജലസന്തുലിതാവസ്ഥയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാനിടയില്ല.

 

പ്രധാന വാർത്തകൾ
Top