Top
23
Thursday, November 2017
About UsE-Paper

എല്ലാ സന്ധിവേദനകളും സന്ധിവാതമല്ല

Thursday Sep 14, 2017
ഡോ. ബി പത്മകുമാര്‍

സന്ധികള്‍ക്ക് വേദന എന്ന് ഇന്ന് എല്ലാവരും പറയാറുണ്ട്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന് നിരവധി വായനക്കാര്‍ എപ്പോഴും ചോദിക്കാറുണ്ട്. അമിത ശരീരഭാരവും വ്യായാമരഹിതമായ ജീവിതശൈലിയുമൊക്കെ സന്ധികളുടെ തേയ്മാനം ത്വരിതപ്പെടുത്തി സന്ധിവാതത്തെ ഒരു ജീവിതശൈലി രോഗമാക്കി മാറ്റിയിട്ടുണ്ട്. അതേക്കുറിച്ച് ഈ ലക്കം.

പ്രധാനമായും രണ്ടുതരം
സന്ധിവാതരോഗങ്ങള്‍ പ്രധാനമായും രണ്ടുതരത്തിലുണ്ട്് . സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗമാണ് ആദ്യത്തേത്. സന്ധികളുടെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗമാണ് രണ്ടാമത്തേത്.

 ഹ്രസ്വകാല സന്ധിവാതരോഗങ്ങള്‍
സന്ധിവേദന ആരംഭിച്ച് ഏതാനും മണിക്കൂറോ, ദിവസങ്ങളോ മാത്രമേ ആയിട്ടുള്ളൂവെങ്കില്‍ അതിനെ ഹ്രസ്വകാല സന്ധിവാതരോഗങ്ങള്‍ എന്നുപറയുന്നു.രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതവും രക്തത്തിലെ യൂറിക് ആസിഡ് വര്‍ധിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഗൌട്ടും ഇതിന് ഉദാഹരണമാണ്. എന്നാല്‍ സന്ധിവേദനകള്‍ ആറാഴ്ച കഴിഞ്ഞും നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ലക്ഷണമാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാസിസ് രോഗികളിലെ സന്ധിവാതം ഇവയെല്ലാം ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ഉദാഹരണമാണ്.

ആദ്യതരം ലക്ഷണങ്ങള്‍
ആദ്യതരം സന്ധിവാതരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ സന്ധികള്‍ക്കു ചുറ്റുമായി പ്രകടമാകുന്ന  നീര്‍ക്കെട്ടും വേദനയുമാണ്. സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് മറ്റൊരു രോഗലക്ഷണം. സന്ധികളുടെ ഉപരിതലത്തില്‍ തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടേക്കാം.ചെറിയ ചലനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. എന്നാല്‍ വേദനയും അതോടൊപ്പം സന്ധികള്‍ക്കുണ്ടാകുന്ന പിടുത്തവും വഴക്കമില്ലായ്മയും വിശ്രമമെടുക്കുമ്പോള്‍ അധികരിക്കുകയാണ് ചെയ്യുന്നത്. ഒരു രാത്രിയിലെ വിശ്രമത്തിനുശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് സന്ധികളിലെ പിടുത്തം കൂടുതലായി അനുഭവപ്പെടുന്നത്. ഇത് ഒരുമണിക്കൂറിലേറെ നീണ്ടുനിന്നേക്കാം. ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ സന്ധികളുടെ പിടുത്തത്തിന് അയവുണ്ടാകുന്നു. സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്ന് അവയുടെ ഉപരിതലത്തിലുള്ള ചര്‍മത്തിന് ചുവപ്പുനിറവും ഉണ്ടാകാം. സന്ധിവേദനയോടൊപ്പം ക്ഷീണം, തളര്‍ച്ച, പനി, വിശപ്പില്ലായ്മ, ശരീരം ക്ഷീണിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രക്തപരിശോധനയില്‍ ഇഎസ്ആര്‍ അടക്കമുള്ള നീര്‍വീക്കത്തെ സൂചിപ്പിക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്നിരിക്കും. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, ഗൌട്ട്, വൈറസ്ബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങള്‍, സോറിയാസിസ് രോഗികളിലെ സന്ധിവാതരോഗങ്ങള്‍ ഇവയെല്ലാംതന്നെ നീര്‍വീക്കത്തെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങളാണ്.

തേയ്മാനവുംരോഗലക്ഷണവും
തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം മിതമായ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. ജോലികള്‍ ചെയ്യുമ്പോള്‍ സന്ധികള്‍ക്ക് അനുഭവപ്പെടുന്ന വേദന വിശ്രമമെടുക്കുമ്പോള്‍ കുറയുകയാണു ചെയ്യുന്നത്. രാവിലെ ഉണ്ടാകുന്ന സന്ധികളുടെ വഴക്കമില്ലായ്മയും കുറച്ചുസമയം മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. സന്ധികളുടെ ചുറ്റും ചൂടും ചുവപ്പുമൊന്നും അനുഭവപ്പെടുകയില്ല. പ്രായമേറുന്തോറും സന്ധിതേയ്മാനത്തെത്തുടര്‍ന്നുണ്ടാവുന്ന സന്ധിവാതരോഗങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ പ്രധാന കാരണമാണ് നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം. അമിതവണ്ണത്തെത്തുടര്‍ന്നും തെറ്റായ രീതിയിലുള്ള ഇരിപ്പും നടപ്പുമൊക്കെ സ്വീകരിക്കുന്നതിനെത്തുടര്‍ന്നും ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിതേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന് ഉദാഹരണമാണ്. 

എല്ലാ സന്ധിവേദനകളുംസന്ധിവാതമല്ല
എല്ലാ സന്ധിവേദനകളും പേശിവേദനകളും സന്ധിവാതരോഗങ്ങളുടെ മാത്രം ലക്ഷണമാകണമെന്നുമില്ല. സന്ധികള്‍ക്കു ചുറ്റുമുള്ള പേശികളുടെയും സ്നായുക്കളുടെയുമൊക്കെ നീര്‍ക്കെട്ട് സന്ധിവേദനയ്ക്കു കാരണമാകാം.

താഴെ പറയുന്ന ചില പ്രത്യേക ലക്ഷണങ്ങള്‍ സന്ധിവാതരോഗത്തിന്റെ സൂചനകളായി എടുക്കാം. സന്ധിവേദനയോടൊപ്പം സന്ധികള്‍ക്ക് വീക്കവും ചര്‍മത്തിന് ചൂടും ചുവപ്പും അനുഭവപ്പെടുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വഴക്കമില്ലായ്മ അനുഭവപ്പെടുക, വിശ്രമശേഷവും വേദന മാറാതിരിക്കുക, വേദനയോടൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുക തുടങ്ങിയവയൊക്കെ സന്ധിവാതരോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങളോടൊപ്പം ഉചിതമായ രക്തപരിശോധനയും എക്സ്റേ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകളും രോഗനിര്‍ണയത്തിനു സഹായകമാണ്. 

വ്യായാമത്തിലൂടെ ആരോഗ്യം
സെപ്തംബര്‍ എട്ട് ലോക ഫിസിയോതെറാപ്പിദിനമായിരുന്നു.  ചികിത്സയില്‍ പ്രധാന മേഖലയായി ഫിസിയോതെറാപ്പി ഇന്ന് വളര്‍ന്നുകഴിഞ്ഞു. ശൈശവംമുതല്‍ വാര്‍ധക്യംവരെ ഒരു മനുഷ്യായുസ്സിന്റെ വിവിധ ഘട്ടങ്ങളില്‍ വരുന്ന രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും വിദഗ്ധ നിര്‍ദേശപ്രകാരം പ്രത്യേകതരം  വ്യായാമമുറകളും പരിശീലനങ്ങളും ഫിസിതോതെറാപിയില്‍ ചെയ്യുന്നു.

കുട്ടികളില്‍ കണ്ടുവരുന്ന ജന്മവൈകല്യങ്ങള്‍, ഓര്‍ത്തോ, ന്യൂറോ, കാര്‍ഡിയാക്, പീഡിയാട്രിക് തുടങ്ങിയവയിലെ വിവിധ ശസ്ത്രക്രിയകള്‍ക്കുശേഷമുള്ള റിഹാബിലിറ്റേഷന്‍, പ്രസവത്തിനുമുമ്പും ശേഷവുമുള്ള വ്യായാമങ്ങള്‍, പോസ്റ്റുറല്‍ പ്രോബ്ളംസ്, വാര്‍ധക്യത്തിലെ വിവിധ രോഗങ്ങള്‍ തുടങ്ങി അനന്തസാധ്യതയുള്ള ഒരു മേഖലയായി ഫിസിയോതെറാപ്പി.

ജനങ്ങളില്‍ ഫിസിയോതെറാപ്പിയുടെ അവബോധം ഉണര്‍ത്താന്‍  ഐഎപി കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൈക്ളത്തോണും വാക്കത്തോണും ഫിസിയോതെറാപ്പി ക്യാമ്പ്, ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റിങ്, ന്യൂറോപ്പതി ഡിറ്റെക്ഷന്‍ ടെസ്റ്റ്, രക്തദാന ക്യാമ്പ് എന്നിവയും നടത്തുകയുണ്ടായി.  ചലനത്തിലൂടെ ആരോഗ്യം എന്ന വിഷയത്തെ ആധാരമാക്കിയാണ് ഈ വര്‍ഷത്തെ ദിനാഘോഷം സംഘടിപ്പിച്ചത്. 

(തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)