21 November Wednesday

കൊതുകുകളെ അകറ്റാൻ വീട്ടുമുറ്റത്ത് പൂച്ചെടികൾ

മലപ്പട്ടം പ്രഭാകരൻUpdated: Thursday Jun 14, 2018


കൊതുകുജന്യരോഗങ്ങൾ തടയാൻ മഴക്കാലപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന സമയമാണിത്. രാസവസ്തുക്കൾ ഉപയോഗിക്കാതെ വലിയൊരളവോളം കൊതുകുകളെ തടയാൻ പറ്റുന്ന ചില പൂച്ചെടികൾ വീട്ടുപരിസരത്തും ചെടിച്ചട്ടിയിലുമായി വളർത്തിയാൽ മതി. അതേതൊക്കെയെന്ന് നോക്കാം.

കൊങ്ങിണിപ്പൂവ്:
അരീപ്പുച്ചെടിയെന്ന പേരിലും മറ്റും അറിയപ്പെടുന്ന ഈ ചെടി നമ്മുടെ പ്രദേശത്ത് ധാരാളമുണ്ട്. ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ, പിങ്ക് നിറത്തിലെല്ലാം ഇതുണ്ട്. ഈ ചെടി വീട്ടുപരിസരത്തുണ്ടായാൽ ഇതിലടങ്ങിയ ചില രാസപദാർഥങ്ങൾ വെയിലിൽ ആവിയായി പുറത്തുവരികയും കൊതുകുകളുൾപ്പെടെയുള്ള പ്രാണികളെ അകറ്റുകയും ചെയ്യും. ജൈവകീടനാശിനിയായും കൊങ്ങിണിച്ചെടി ഉപയോഗിക്കാറുണ്ട്.

ജമന്തി:
നമ്മുടെ ഉദ്യാനത്തിൽ വലിയ സ്ഥാനമുള്ളതാണ് ജമന്തി. കീടങ്ങളെ അകറ്റാൻ ഇതിന് നല്ല കഴിവുണ്ട്. വീടോടുചേർന്ന് നല്ല വെയിലുള്ള ഇടങ്ങളിൽ ജമന്തി നട്ടുപിടിപ്പിക്കാം. പൂക്കളാണ് കൊതുകുകളെ നിയന്ത്രിക്കുക. 45‐50 ദിവസംകൊണ്ട് പുഷ്പിക്കും. പൂക്കൾ രണ്ടുമാസത്തോളം കേടില്ലാതെ കിടക്കുകയും ചെയ്യും.

മെലലൂക്ക (ഗോൾഡൻ ബോട്ടിൽ ബ്രഷ്ടി)
അധികം ഉയരംവയ്ക്കാത്ത ചെറുമരമാണിത്. നിമിഡമായ ഇതളുള്ള ഇത് ഉദ്യാനത്തിൽ ഒരു അലങ്കാരവൃക്ഷമാണ്. യൂക്കാലിപ്റ്റസ് തൈലത്തിന്റെ ഗന്ധമുള്ളതിനാൽ കൊതുകുകളെ പരിസരത്തുനിന്ന് അകറ്റും. സ്വർണവർണം ഇതിന്റെ ആകർഷണീയതയാണ്. വെയിലുള്ള സ്ഥലമാകണം.

പുതിന:
നമ്മൾ ആഹാരവസ്തുവിൽ രുചികൂട്ടാൻ ഉപയോഗിക്കുന്ന സുഗന്ധ ഇലക്കറിയായ പുതിനയ്ക്കും കൊതുകിനെ അകറ്റാൻ കഴിവുണ്ട്. നിലത്ത് പടരുന്ന പുതിനയുടെ ഗന്ധം കൊതുകുൾപ്പെടെയുള്ള പ്രാണികളെ അകറ്റാൻ സഹായിക്കും. 

ഇഞ്ചിപ്പുല്ല്:
വീട്ടുപരിസരത്ത് മതിലിലും സൗകര്യപ്രദമായ ഇടങ്ങളിലും ഇഞ്ചിപ്പുല്ല് വച്ചുപിടിപ്പിച്ചാൽ കൊതുകിനെ അകറ്റി നിർത്താനാകും. പുൽതൈലം ഇതിൽനിന്നാണ് ഉരുത്തിരിച്ചെടുക്കുന്നത്. കൊതുകുൾപ്പെടെയുള്ള കീടങ്ങൾ ഈ ചെടിയിൽനിന്ന് അകന്നുനിൽക്കും.

പ്രധാന വാർത്തകൾ
Top