Top
19
Monday, February 2018
About UsE-Paper

മലിനീകരണം ചെറുക്കാന്‍ ചൈനയില്‍ വനനഗരം

Thursday Jul 13, 2017
സംഗീത ചേനംപുല്ലി

 

വന്‍മതിലിന്റെ നാട്ടില്‍ വനനഗരം ഒരുങ്ങുന്നു. നഗരത്തിരക്കുകളില്‍ നിന്നും മലിനീകരണത്തില്‍നിന്നും രക്ഷനേടാന്‍ ഒഴിവുദിനങ്ങളില്‍ കാടുകള്‍ തേടിപ്പോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലമാണിത്. ഇത്തരം യാത്രകള്‍ കാടിന്റെ സ്വാഭാവിക വൈവിധ്യത്തെ തകര്‍ക്കുകയും ജൈവസമ്പത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ നഗരംതന്നെ കാടാക്കി മാറ്റുക എന്ന പുതിയ ആശയമാണ് ചൈനയിലെ ലിയോഷോ മുനിസിപ്പാലിറ്റി മുന്നോട്ടുവയ്ക്കുന്നത്.

നഗരവല്‍ക്കരണവും മാലിന്യവും
നഗരവല്‍കരണത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമാണ് മലിനീകരണം. വായുമലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം എന്നിവയെല്ലാം നഗരജീവിതത്തെ ബാധിക്കുന്നുണ്ട്. ചൈനയില്‍ ഗണ്യമായ തോതില്‍ വായുമലിനീകരണവും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതമുണ്ടാക്കുന്നതായി കണക്കാക്കുന്നു. വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെയും മറ്റും ആഗിരണംചെയ്ത്, മലിനീകരണത്തെ ചെറുക്കാനായി നഗരത്തിനകത്തുതന്നെ വനപ്രദേശം കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ് നിലവിലുള്ള രീതി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നസ്ബര്‍ഗ്, ഓസ്ട്രേലിയയിലെ അഡിലൈഡ് തുടങ്ങിയ നഗരങ്ങള്‍ ഇത്തരം നഗരവനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ നഗരത്തിന്റെ ഓരോ ഇഞ്ചിലും ചെടികള്‍ നിറഞ്ഞ, കെട്ടിടങ്ങളുടെ ഭാഗമായും മരങ്ങള്‍ മാറുന്ന നഗരമാണ് ഇറ്റാലിയന്‍ ഗ്രൂപ്പായ സ്റ്റെഫാനോ ബോയേരി ആര്‍കിടെക്ടി ചൈനയില്‍ രൂപകല്‍പ്പനചെയ്യുന്നത്.
 
വനനഗരം എങ്ങനെ?
തെക്കന്‍ ചൈനയില്‍ ഗ്വാങ്ഷി പ്രവിശ്യയിലെ പ്രധാന വ്യവസായ നഗരമാണ് ലിയോഷോ. ഇവിടത്തെ മലിനീകരണം എങ്ങനെ കുറയ്ക്കാം എന്ന ആലോചനകളില്‍നിന്നാണ് വനനഗരം എന്ന ആശയം രൂപംകൊണ്ടത്. ലിയുജിയാങ് നദീതീരത്തായി 432 ഏക്കര്‍ പ്രദേശമാണ് വനനഗരമായി മാറുക. ഓഫീസുകള്‍, വീടുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങി ഒരു നഗരത്തിലെ എല്ലാ സൌകര്യങ്ങളും ഇവിടെയുണ്ടാവും. 30,000 ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുംവിധമാണ് നഗരം രൂപപ്പെടുത്തുന്നത്. കെട്ടിടങ്ങളിലും പുറത്തുമായി 100 വ്യത്യസ്ത സ്പീഷീസില്‍ ഉള്‍പ്പെട്ട 10 ലക്ഷം ചെടികളും 40,000 മരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിലുണ്ടാകും. പ്രതിവര്‍ഷം 10,000 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡും 57 ടണ്‍ മാലിന്യങ്ങളും ആഗിരണംചെയ്യാനും 900 ടണ്‍ ഓക്സിജന്‍ പുറത്തുവിടാനും വനനഗരത്തിന് കഴിയും. ചെടികള്‍ വളരുന്നതനുസരിച്ച് ആഗിരണംചെയ്യുന്ന കാര്‍ബണിന്റെ അളവ് കൂടുകയും ചെയ്യും. വാഹനങ്ങളില്‍നിന്നും മറ്റുമുള്ള ശബ്ദത്തെ ആഗിരണംചെയ്ത് ശബ്ദമലിനീകരണം കുറയ്ക്കാനും കഴിയും. നഗരത്തിലെ ശരാശരി താപനില കുറയ്ക്കാനും മരങ്ങള്‍ സഹായിക്കും. ഇത്രയധികം സസ്യസമ്പത്ത് പക്ഷികള്‍ക്കും മറ്റ് ചെറുജീവികള്‍ക്കും ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുമെന്നും അതുവഴി ജൈവവൈവിധ്യം വര്‍ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

നഗരത്തിന്റെ ഊര്‍ജോല്‍പ്പാദനം പ്രധാനമായും സൌരോര്‍ജം തുടങ്ങിയ ഹരിത സ്രോതസ്സുകളില്‍നിന്നാകും. ജിയോ തെര്‍മല്‍ ഊര്‍ജമാണ് കെട്ടിടങ്ങള്‍ തണുപ്പിക്കാനായി ഉപയോഗിക്കുക. വനനഗരത്തിനകത്തും, പഴയ ലിയോഷോ നഗരത്തിലേക്കുമുള്ള ഗതാഗതത്തിന് വായുമലിനീകരണം ഉണ്ടാക്കാത്ത ഇലക്ട്രിക് കാറുകളും ട്രെയിനുകളുമാണ് ഉപയോഗിക്കുക. 2020 ആകുമ്പോഴേക്ക് ഈ വനനഗരം താമസയോഗ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹരിതനിര്‍മിതികള്‍ക്ക് പ്രസക്തിയേറുന്നു
സ്റ്റെഫാനോ ബോയേരി ആര്‍കിടെക്ടിയുടെ പ്രത്യേകത അവര്‍ രൂപകല്‍പ്പനചെയ്യുന്ന ഹരിതനിര്‍മിതികളാണ്. നഗരവല്‍കരണംകൊണ്ടുള്ള ദോഷങ്ങളെ പരിസ്ഥിതിസൌഹൃദ നിര്‍മിതികള്‍കൊണ്ട് മറികടക്കാം എന്നാണ് ഇവര്‍ കരുതുന്നത്. ഇറ്റലിയിലെ മിലാനില്‍ ഇവര്‍ നിര്‍മിച്ച ചെടികളും മരങ്ങളും നിറഞ്ഞ ഫ്്ളാറ്റ് സമുച്ചയം ഏറെ ശ്രദ്ധനേടിയിരുന്നു.

ഒഴുകുന്ന സൌരോര്‍ജപാടം; തൂക്കുവനം
കിഴക്കന്‍ ചൈനയിലെ നാന്‍ജിങ് നഗരത്തിലും സമാനമായൊരു പാര്‍പ്പിടപദ്ധതി നടന്നുവരുന്നുണ്ട്. ചൈനയിലെ ഷാങ്ഹായ്, ഷെന്‍ഷാന്‍ നഗരങ്ങളിലും ഇത്തരം തൂക്കുവനങ്ങള്‍  വരുന്നുണ്ടത്രെ. ഒഴുകുന്ന സൌരോര്‍ജപാടം ഉള്‍പ്പെടെ പ്രകൃതിസംരക്ഷണരംഗത്ത് ഒട്ടേറെ പുതിയ മാതൃകകള്‍ ചൈന മുന്നോട്ടുവയ്ക്കുന്നുണ്ട്. പാരീസ് കരാറില്‍നിന്നുള്ള ട്രംപിന്റെ അമേരിക്കയുടെ പിന്മാറ്റം, അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ നാശം തുടങ്ങി ഭൂമിയുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ പ്രബലമാകുന്ന കാലത്ത് വനനഗരം എന്ന ആശയം ചെറുതെങ്കിലും പ്രതീക്ഷ നല്‍കുന്നു.