23 April Monday

എന്താണ് എംഫിസീമ?

ഡോ. സോഫിയ സലിംUpdated: Thursday Jan 12, 2017

ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ. ഈ രോഗം ബാധിച്ചവരില്‍ ശ്വാസകോശങ്ങളെ താങ്ങിനിര്‍ത്തി, നിയതരൂപം നല്‍കുന്ന ചില കലകള്‍ക്ക് നാശം സംഭവിക്കുന്നതിനാല്‍ ഈ അസുഖംമൂലം ശ്വസനതടസ്സം ഉണ്ടാകുന്നു. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന എംഫിസീമയെ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി രോഗങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രോഗബാധിതരില്‍ ശ്വാസകോശങ്ങളിലെ വായുഅറകള്‍ക്ക് താങ്ങുനല്‍കുന്ന കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതിനാല്‍ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. നിശ്വാസസമയം ദീര്‍ഘിക്കുന്നതാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങളിലൊന്ന്. വലിയ അറകള്‍ ശ്വാസകോശങ്ങളില്‍ രൂപപ്പെടുകയും ശ്വാസകോശങ്ങളുടെ ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു.

വാതകവിനിമയത്തിനാവശ്യമായ പ്രതലവിസ്തീര്‍ണം ഗണ്യമായി കുറയുന്നു. വായുഅറകളിലേക്കു നയിക്കുന്ന സൂക്ഷ്മനാളികളെ സദാ തുറന്നുവയ്ക്കുന്ന ഇലാസ്റ്റിക തന്തുക്കളെ രോഗം നശിപ്പിക്കുന്നു.
ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ സ്ഥിരമായതിനാല്‍ രോഗബാധയേറ്റശേഷം പൂര്‍വസ്ഥിതിയിലെത്താന്‍ കഴിയില്ല, മറിച്ച് രോഗവ്യാപനം തടയാനേ കഴിയൂ. നിരന്തരം വളരെക്കാലം വായുമലിനീകരണത്തിനിടവരികയോ പുകവലി തുടരുകയോ ചെയ്തവരിലാണ് ഈ രോഗത്തന്റെ വ്യാപനമുള്ളത്.

ലക്ഷണങ്ങള്‍

ശ്വാസമെടുക്കാനുള്ള തടസ്സവും ശ്വസനത്തിന്റെ നിരക്കിലുള്ളകുറവുമാണ് മുഖ്യലക്ഷണം. കടുത്ത ചുമയും ശ്ളേഷ്മോല്‍പ്പാദനവും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്. വ്യായാമശേഷി ക്രമേണ കുറയുകയും PURSED LIP BREATHING എന്ന അവസ്ഥയും (ശ്വാസം മുഴുവന്‍ പുറത്തുകളയാനുള്ള ഒരുതരം വെപ്രാളം) ബാരല്‍ആകൃതിയില്‍ രൂപംമാറുന്ന നെഞ്ചും പ്രത്യക്ഷലക്ഷണങ്ങളാണ്. തടസ്സപ്പെട്ട ശ്വസനപഥങ്ങളില്‍ വായു കുടുങ്ങിക്കിടക്കുന്നതിനുള്ള മുഖ്യതെളിവാണിത്. ചുണ്ടുകളും കൈവിരലിലെ നഖങ്ങളും നീലിമയുള്ളതാകുന്നു. സയനോസിസ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. വളരെ ഉയര്‍ന്ന ഹൃദയസ്പന്ദനനിരക്കും കാണിക്കുന്നു. ശ്വസനത്തിനു സഹായിക്കുന്ന പേശികര്‍ള്‍ക്ക് തുടക്കത്തില്‍ അത്യധികം ജോലിചെയ്യേണ്ടിവരുന്നു.

എന്നാല്‍വിശ്രമിക്കുമ്പോള്‍പോലും ഈ പേശികള്‍ പെട്ടെന്ന് ക്ഷീണിക്കുന്ന അവസ്ഥ ഈ രോഗത്തിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്നു. ടാക്കിപ്നിയ എന്ന പദമാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വിശപ്പില്ലായ്മ, ഭാരക്കുറവ്, ഉറക്കക്കുറവ്, കുറഞ്ഞ ലൈംഗികപ്രവൃത്തി എന്നിവ യും അനുഭവപ്പെടാം.  പുകവലിക്കാരില്‍ രാവിലെ എഴുന്നേറ്റാലുടനെ നല്ല കഫത്തോടുകൂടിയ ചുമ ഈരോഗത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

എംഫിസീമയുടെ അന്ത്യഘട്ടത്തില്‍ രക്തം രക്തക്കുഴലുകളില്‍ത്തന്നെ അടിഞ്ഞുകിടക്കുകയും ശ്വാസകോശത്തിലെ രക്തസമ്മര്‍ദം ഉയരുകയും ചെയ്യുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന ഈഡിമഎന്ന അവസ്ഥയുണ്ടാകുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നു. ഓക്സിജന്റെ അഭാവവും ഉയര്‍ന്ന കര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും നാഡി-മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

(തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റാണ്)

പ്രധാന വാർത്തകൾ
Top