25 June Monday

മലബാറി ആടുകള്‍ നമ്മുടെ സ്വന്തം

ഡോ. എം ഗംഗാധരന്‍നായര്‍Updated: Thursday Jan 12, 2017

പാലിനുവേണ്ടിയും മാംസത്തിനായും ഉപയോഗിക്കാവുന്ന  ഇനമാണ് 'മലബാറി' ആടുകള്‍. ഇവ 'തലശേരി' ആടുകള്‍ എന്നും അറിയപ്പെടുന്നു. കണ്ണൂര്‍, തലശേരി, വടകര എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. അതുകൊണ്ടാണ് ഈ പേരുവന്നത്. മാംസത്തിലൂടെയും, പാല്‍വില്‍പ്പനയിലൂടെയും കര്‍ഷകര്‍ക്ക് ആദായം ലഭിക്കുന്നു. ഇതിന്റെ ചെവിയും, കണ്ണുകളും കൈകാലുകളും വളരെ മനോഹരമാണ്. പലനിറത്തിലും കാണുന്നു. അതുകൊണ്ടാണ് 'മലബാറിലെ സുന്ദരി' എന്ന ഓമനപ്പേരില്‍ അറിയുന്നത്.

പരിരക്ഷണം

1. കെട്ടിയിട്ട് വളര്‍ത്താം. വീടിന്റെ പാര്‍ശ്വഭാഗങ്ങളിലോ, പറമ്പിലോ വളര്‍ത്താം.
2. അഴിച്ചുവിട്ട് വളര്‍ത്താം. പുല്‍മേടുകള്‍, മേച്ചില്‍സ്ഥലങ്ങള്‍, പറമ്പില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍ക്ക് ഇവയെ അഴിച്ചുവിട്ടും വര്‍ത്താം. രാത്രിയില്‍ താമസസൌകര്യം ഒരുക്കണം.
3. കൂടുകളില്‍ വളര്‍ത്താം. മേച്ചില്‍സ്ഥലം ഇല്ലാത്തവര്‍, വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെയുള്ളിടത്ത് കൂടുകളില്‍ വളര്‍ത്താം. കൂടുതല്‍ ആടുകളെ ഈ രീതിയില്‍ വളര്‍ത്താന്‍പറ്റും.

പാര്‍പ്പിടം:
കൂട് തറയില്‍നിന്ന് ആറടിയെങ്കിലും പൊക്കത്തിലാകണം. തണുപ്പുകാലങ്ങളില്‍ ആടുകള്‍ക്ക് തറയില്‍നിന്നുള്ള തണുപ്പുബാധിച്ച് ന്യുമോണിയപോലുള്ള ശ്വാസകോശരോഗങ്ങള്‍ വരാതിരിക്കാനും, കൂടാതെ ഇവയുടെ കാഷ്ഠങ്ങള്‍ യഥേഷ്ടം തറയില്‍ വീഴുന്നതിനും ഇവ കോരിയെടുത്ത് കളയാനും വൃത്തിയാക്കാനും ഇത്തരം സംവിധാനം സഹായകമാകും.
രണ്ട് ആടുകള്‍ക്ക് ആറ് സ്ക്വയര്‍മീറ്റര്‍ എന്ന തോതില്‍ സ്ഥലം അനുവദിക്കണം. കുട്ടികള്‍ക്ക് പ്രത്യേക സ്ഥലം നല്‍കണം. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ (50-60 ആടുകള്‍ക്ക്) ഒരു ആടിന് ഒരു സ്ക്വയര്‍മീറ്റര്‍ സ്ഥലം അനുവദിക്കണം. ആണ്‍ആടുകള്‍ക്ക് ഒന്നിന് 2.5 സ്ക്വയര്‍മീറ്റര്‍ സ്ഥലം നല്‍കണം. ആട്ടിന്‍കുട്ടികള്‍ക്ക് പാല്‍ അത്യാവശ്യം.

ഒരു പ്രസവത്തില്‍ 2-3 കുട്ടികള്‍ ഉണ്ടാകാം. തള്ളയുടെ പാല്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് നല്‍കണം. എങ്കില്‍ മാത്രമേ ഇവയ്ക്ക് രോഗപ്രതിരോധശക്തിയും നല്ല വളര്‍ച്ചയും കിട്ടുകയുള്ളു.
തള്ളയുടെ അഭാവത്തില്‍ കൃത്രിമ കന്നിപ്പാല്‍ നല്‍കണം.

ഇത് ഉണ്ടാക്കുന്നവിധം
ഒരു മുട്ട 300 മില്ലിലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഇതില്‍ 1/2 ടീസ്പൂണ്‍ അവണക്കെണ്ണ കലര്‍ത്തണം. ഒരു ടീസ്പൂണ്‍ മീനെണ്ണയും കലര്‍ത്ത് ഇത് 500 മില്ലിലിറ്റര്‍ (1/2 ലിറ്റര്‍) ഇളം ചൂടുപാലില്‍ (ആട്ടിന്‍പാല്‍ ഉത്തമം) ചേര്‍ത്ത് നല്‍കണം. ദിവസം 3-4 തവണയായി നല്‍കാം.

പ്രത്യേകതകള്‍:
ഇവ ഒരുകൊല്ലത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകും. ആദ്യമായി ഇണ ചേര്‍ക്കുമ്പോള്‍ ഇവയ്ക്ക് 15-18 കി.ഗ്രാം തൂക്കും ഉണ്ടാകണം. പ്രായപൂര്‍ത്തിയായാല്‍ ഇവയെ 8-12 മാസത്തിനുള്ളില്‍ ഇണ ചേര്‍പ്പിക്കാം. 18-21 ദിവസത്തില്‍ ഒരുതവണ എന്ന കണക്കില്‍ മദിലക്ഷണം കാണിക്കും. 14 മുതല്‍ 48 മണിക്കൂര്‍വരെ മദിലക്ഷണം കാണിക്കുന്നു. ഈ സമയത്ത് ഇണചേര്‍പ്പിക്കണം. ഗര്‍ഭകാലം 150 ദിവസമാണ്. രണ്ടുവര്‍ഷത്തില്‍ മൂന്നുതവണയെങ്കിലും ഇവ പ്രസവിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാല്‍ 1-2 മാസങ്ങള്‍ക്കുശേഷം വീണ്ടും ഇണചേര്‍പ്പിക്കാം. കൃത്രിമബീജസങ്കലന സൌകര്യങ്ങള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്. ദിവസം 2-3 ലിറ്റര്‍ പാല്‍ ഇവ നന്നായി പരിചരിക്കുന്നതിലൂടെ നല്‍കുന്നു.

(കൃഷിവകുപ്പ് റിട്ടയഡ് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top