19 December Wednesday

കാട്ടാനയുടെ വരവ് മൊബൈലിൽ അറിയാം

സി എ പ്രേമചന്ദ്രന്‍Updated: Thursday Nov 9, 2017

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയാണ്. വനത്തോടു ചേര്‍ന്ന ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളവും ഭക്ഷണവും തേടിയെത്തുന്ന ആനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കാറുണ്ട്. പലപ്പോഴും മനുഷ്യന്റെ ജീവനാശത്തിലേക്കും വഴിവയ്ക്കും.  ഇതിനുള്ള പരിഹാരമായി കാടിറങ്ങുന്ന കരിവീരന്റെ വരവറിയിക്കാന്‍ നൂതനസംവിധാനം.

ആന കടന്നുവരുന്ന വഴികളില്‍ നൂതന ക്യാമറ സ്ഥാപിച്ച് ആനകളുടെ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി പകര്‍ത്തും. ആനയാണെന്ന് സ്ഥിരീകരിക്കുന്നതോടെ വയര്‍ലെസ്വഴി മൊബൈല്‍ഫോണില്‍ സന്ദേശം ലഭിക്കുന്നതാണ് സംവിധാനം.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വനശാസ്ത്ര കോളേജിലെ  നേച്വറല്‍ റിസോഴ്സ് മാനേജ്മെന്റ് വിഭാഗത്തിലെ ഡോ. എസ് ഗോപകുമാറാണ് ഈ സംവിധാനം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയത്. തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിന്റെയും മുണ്ടൂര്‍ ഐആര്‍ടിസിയുടെയും സഹായത്തോടെ വികസിപ്പിച്ച ഈ സംവിധാനം വനാതിര്‍ത്തിയിലെ മനുഷ്യവാസകേന്ദ്രങ്ങളിലും മറ്റും കാട്ടാനകള്‍ എത്തുന്നത് നേരത്തെ അറിയാന്‍ സഹായിക്കും.

എലിഫന്റ് ഇന്‍ട്രഷന്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഏര്‍ളി വാര്‍ണിങ് സിസ്റ്റം ഉപയോഗിച്ച്  രണ്ടുകിലോമീറ്റര്‍വരെ ചുറ്റളവില്‍ ആനയുടെ സാന്നിധ്യമുണ്ടെകില്‍ വയര്‍ലെസ് സംവിധാനംവഴി മൊബൈലില്‍ ബന്ധപ്പെട്ടവരെ അറിയിക്കാനാകും. വനാതിര്‍ത്തികളില്‍  ആന വരുന്ന വഴികളില്‍ സ്ഥാപിക്കുന്ന ക്യാമറകളില്‍ കാണുന്ന മൃഗങ്ങളില്‍ ആനയെ തിരിച്ചറിയാനും ആനയാണെന്നു സ്ഥിരീകരിച്ചാല്‍ ഉടന്‍ വയര്‍ലെസ് സന്ദേശം അയക്കാനുമുള്ള സാങ്കേതികവിദ്യ സമന്വയിപ്പിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ലോറ എന്ന വയര്‍ലെസ് സംവിധാനം കണ്‍ട്രോള്‍ ടവറുമായി ബന്ധിപ്പിച്ചാണ്  മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിക്കുക.

പാലക്കാട് മംഗലാംകുന്നിലെ ആനക്കോട്ടയില്‍ പോയി രാത്രിയില്‍ ആയിരത്തോളം ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി. ആനയുടെ ചെവി, തുമ്പി തുടങ്ങി എല്ലാ ഭാഗങ്ങളും ക്യാമറയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആന വരുമ്പോള്‍  ഈ ചിത്രങ്ങളോട് സമാനതയുള്ള ദൃശ്യങ്ങള്‍ ഓട്ടോമാറ്റിക്കായി ക്യാമറയില്‍ പതിയുമ്പോഴാണ് വയര്‍ലെസ്വഴി സന്ദേശങ്ങള്‍ പോവുക. അല്‍ഗോറിഥം സംവിധാനം വഴിയാണ് ആനയുടെ വരവുമാത്രം തിരിച്ചറിയുന്നത്. സെന്‍സിങ്സംവിധാനമുള്ള ഐ ആര്‍ ക്യാമറവഴിയാണ് ഇതു ചെയ്യുന്നത്.  ഇതോടെ മുന്‍കരുതല്‍ എടുക്കാനാവും. അട്ടപ്പാടിമേഖലയില്‍ ഇത് പരീക്ഷണാര്‍ഥം നടത്തി വിജയിച്ചു. 

തൃക്കാക്കര എന്‍ജിനിയറിങ് കോളേജിലെ അധ്യാപകരായ എം പ്രദീപ്, ജഗദീഷ്കുമാര്‍, മുണ്ടൂര്‍ ഐആര്‍ടിസിയിലെ ഗവേഷകനായ ആര്‍ സതീഷ് എന്നിവരാണ് ഇതിനു സഹായിച്ചത്.

മനുഷ്യരും വന്യജീവിസംഘര്‍ഷങ്ങളും എന്ന വിഷയത്തില്‍ ഡോ. എസ് ഗോപകുമാര്‍ രണ്ടുവര്‍ഷമായി പ്രോജക്ട് വര്‍ക്ക് നടത്തുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വനശാസ്ത്രകോളേജില്‍  മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം എന്ന വിഷയത്തില്‍ സെമിനാറും നടത്തി. ആനശല്യത്തെക്കുറിച്ച് കര്‍ഷകര്‍  ചര്‍ച്ചചെയ്തു. അതേതുടര്‍ന്നാണ് മാതൃക വികസിപ്പിച്ചത്.

കാട്ടാനശല്യം തടയാന്‍ റെയില്‍വേലി, വാച്ച്ടവര്‍, കിടങ്ങുകള്‍ നിര്‍മിക്കല്‍, സൌരോര്‍ജവേലി, തേനീച്ചക്കൂട് പ്രയോഗം, പ്രത്യേകസസ്യങ്ങള്‍ പ്രയോഗിച്ചുള്ള ജൈവവേലി പ്രയോഗം എന്നീ നിര്‍ദേശങ്ങള്‍  ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്നു.

വാളയാര്‍ മദുക്കര റെയില്‍വേ ലൈനിലും ബന്ദിപ്പുര്‍, മുത്തങ്ങ തുടങ്ങിയ വന്യജീവി സംരക്ഷണകേന്ദ്രങ്ങളോടടുത്തുള്ള ദേശീയപാതകളിലും കാട്ടാനകള്‍ ഒറ്റയ്ക്കും കൂട്ടായും അപ്രതീക്ഷിതമായി എത്തുന്നത് പലപ്പോഴുംഅപകടങ്ങള്‍ക്കും അനാവശ്യമായ സഘര്‍ഷങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

മനുഷ്യര്‍ മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുന്നത് തടയണം. ആവാസവ്യവസ്ഥ പഠനവിധേയമാക്കി വന്യമൃഗസംരക്ഷണം ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ജനകീയ ജാഗ്രതാസമിതികള്‍ രൂപീകരിക്കണം. ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം  ഉറപ്പാക്കണം എന്നീ ശില്‍പ്പശാലയിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചതായി വനശാസ്ത്ര കോളേജ് ഡീന്‍ ഡോ. വിദ്യാസാഗര്‍ അറിയിച്ചു. 

പ്രധാന വാർത്തകൾ
Top