Top
23
Thursday, November 2017
About UsE-Paper

മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യുണലും കേസുകളും...

Thursday Nov 9, 2017
അഡ്വ. മിനി ഫ്രാന്‍സിസ്

വാഹനാപകടത്തെത്തുടര്‍ന്നുണ്ടാകുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിന് മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യൂണലിലാണ് (MACT) പരാതിപ്പെടേണ്ടത്.
വാഹനാപകടത്തില്‍ പരിക്കുപറ്റിയവര്‍ക്കോ,  വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കോ  MACTയില്‍  തങ്ങള്‍ക്കു  ലഭിക്കേണ്ട  നഷ്ടപരിഹാരത്തിന് ക്ളെയിം ഫയല്‍ചെയ്യാം.പരിക്കുപറ്റിയ ആള്‍ക്ക് പരിക്കിന്റെ സ്വഭാവവും അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ശതമാനവും നോക്കി മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം വിധിക്കും.
തെളിവെടുത്തശേഷം കോടതി വിധിക്കുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയോ  അപകടത്തിന്  ഉത്തരവാദിയായവരോ നല്‍കണം.

എന്തൊക്കെ രേഖകള്‍
MACTയില്‍ ക്ളെയിം ഫയല്‍ചെയ്യാന്‍ അപകടത്തില്‍പ്പെട്ട ആളോ ആശ്രിതരോ എന്തൊക്കെ രേഖകള്‍ ശേഖരിക്കണം?
1. എഫ്ഐആറിന്റെ കോപ്പി
2. ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍
സ്റ്റേറ്റ്മെന്റിന്റെ കോപ്പി
3. പൊലീസ് മഹസറിന്റെ കോപ്പി
4. മുറിവ് (WOUND)
സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
5. ആര് മരണപ്പെട്ടുവെങ്കില്‍ മരണ
സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
6. വാഹന രജിസ്ട്രേഷന്‍
സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
7. വാഹനം ഓടിച്ചിരുന്ന ആളുടെ
ഡ്രെെവിങ് ലൈസന്‍സിന്റെ കോപ്പി
8. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
9. ഡ്രൈവറുടെ ശരിയായ മേല്‍വിലാസം
10. വാഹന ഉടമയുടെ മേല്‍വിലാസം

പരിക്കുപറ്റിയ ആള്‍ ആശുപത്രിവിട്ട് സുഖംപ്രാപിച്ചശേഷം പരിക്കുപറ്റിയ ആളിന്റെ വീടിനുസമീപമുള്ള  MACTയില്‍ ക്ളെയിം ഫയല്‍ചെയ്യാവുന്നതാണ്
ങഅഇഠയില്‍ ക്ളെയിം കേസുകള്‍ ഫയല്‍ചെയ്തുകഴിഞ്ഞാല്‍ കോടതി പരിക്കുപറ്റിയ ആളെ വിളിച്ച് വിസ്തരിച്ചു ബോധ്യപ്പെട്ട് ഡ്രൈവറെയും വിസ്തരിച്ചുകഴിഞ്ഞ് പരിക്കിന്റെ സ്വഭാവത്തിനനുസൃതമായി അംഗവൈകല്യത്തിന് അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലും പരിക്കുപറ്റിയ ആളിന്റെ വരുമാനം പരിഗണിച്ചും നഷ്ടപരിഹാരം വിധിക്കും. വിധിക്കുന്ന തുകയും ക്ളെയിം കേസ് ഫയല്‍ചെയ്ത തീയതിമുതലുള്ള കോടതി നിശ്ചയിക്കുന്ന പലിശയും കോടതിച്ചെലവും വിധി ഉടമസ്ഥന് ലഭിക്കും.
മരണപ്പെടുന്ന കേസുകളില്‍ നഷ്ടപരിഹാരക്കേസ് ഫയല്‍ചെയ്യേണ്ടത് മരണപ്പെട്ട ആളിന്റെ ആശ്രിതരാണ്. അച്ഛന്‍,‘അമ്മ, മക്കള്‍ എന്നിവര്‍ക്ക് ആനുപാതികമായി നഷ്ടപരിഹാര തുക ലഭിക്കും.

നഷ്ടപരിഹാരക്കേസുകളില്‍, നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച തീയതിമുതല്‍ നഷ്ടപരിഹാരബാധ്യതയുള്ള ആള്‍ നഷ്ടപരിഹാരതുക കോടതിയില്‍ കെട്ടിവയ്ക്കുന്നതുവരെ 12 % പലിശയും കോടതിച്ചെലവും നല്‍കാന്‍ ബാധ്യസ്ഥനാകുന്നു. നഷ്ടപരിഹാരബാധ്യതയുള്ള ആള്‍ എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി, റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍, ഇന്‍ഷുര്‍ചെയ്യാത്ത വാഹനത്തിന്റെ ഉടമ എന്നുമാണ് നിയമപരമായി ഉദ്ദേശിക്കുന്നത്.
നഷ്ടപരിഹാരം വിധിക്കുന്ന തുക നല്‍കാതെവന്നാല്‍ ജപ്തിനടപടികളിലൂടെ വിധിത്തുക ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ളെയിം എന്നാല്‍ എന്താണ്?
പൊതുനിരത്തില്‍ ഓടിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് ഉണ്ടാകണം. വാഹനംമൂലം മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കും. തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് എടുക്കാതെ വാഹനം നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണ്. വാഹനംമൂലം മറ്റൊരാള്‍ക്കു സംഭവിക്കുന്ന അപകടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനി സംരക്ഷണം നല്‍കും. പക്ഷെ വാഹനം ഓടിച്ചത് നിയമാനുസൃതമാകണം. ലൈസന്‍സ് ഇല്ലാത്ത ആളോ ലൈസന്‍സിന് അര്‍ഹതയില്ലാത്ത ആളോ വാഹനം ഓടിച്ചാല്‍ ഇന്‍ഷുറന്‍സ്കമ്പനി പരിരക്ഷ നല്‍കുകയില്ല. വാടകയ്ക്ക്  ഓടാന്‍ പെര്‍മിറ്റില്ലാത്ത വാഹനം വാടകയ്ക്ക് ഓടിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല. വാഹനങ്ങളുടെ മത്സരയോട്ടത്തിലോ, സ്പീഡ് ടെസ്റ്റിലോ പങ്കെടുക്കുമ്പോള്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല. തെറ്റായ രീതിയില്‍ വ്യാജമായി പോളിസി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല. തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സും  ലൈസന്‍സും ഇല്ലാതെ വാഹനം ഓടിച്ചുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വാഹന ഉടമതന്നെയാണ് ഉത്തരവാദി.
 
നഷ്ടപരിഹാരം
പുതുക്കിയ നിയമത്തില്‍ നഷ്ടപരിഹാരത്തെ സംബന്ധിച്ച് പല മാറ്റങ്ങളും വന്നിട്ടുണ്ട്. പുതിയ നിയമപ്രകാരം അപകടത്തല്‍ പരിക്കുപറ്റുകയോ  മരിക്കുകയോ ചെയുന്ന  ആള്‍ക്ക്  അല്ലെങ്കില്‍അയാളുടെ ആശ്രിതന്  ആയാളുടെ  തെറ്റു പരിഗണിക്കാതെതന്നെ അടിയന്തരസഹായം നല്‍കണം. വാഹനത്തിന്റെ മുന്നിലേക്കുചാടി അപകടം സംഭവിച്ചാല്‍പോലും അടിയന്തരസഹായം നല്‍കണം. ഡ്രൈവറുടെ തെറ്റുകൊണ്ടാണോ അപകടം സംഭവിച്ചതെന്നു തെളിയിക്കേണ്ട ബാധ്യത അപേക്ഷകനില്ല. ആരുടെ തെറ്റായാലും പരിക്കുപറ്റുകയോ മരിക്കുകയോ ചെയ്തതിന്  നഷ്ടപെരിഹാരം ലഭിക്കും.

അറിയേണ്ട കാര്യങ്ങള്‍
പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട  പ്രധാന മോട്ടോര്‍വാഹന നിയമവ്യവസ്ഥകള്‍.
സെക്ഷന്‍ 3 പ്രകാരം ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നതു കുറ്റകരമാണ്.
സെക്ഷന്‍ 5 പ്രകാരം വാഹന ഉടമ ലൈസന്‍സ് ഇല്ലത്തവരെക്കൊണ്ട് വണ്ടി ഓടിക്കാന്‍ അനുവദിക്കരുത്. അപകടം  ഉണ്ടായാല്‍ വാഹന ഉടമ കോടതിയില്‍ കുറ്റവിചാരണയ്ക്കു വിധേയനായേക്കാം.
സെക്ഷന്‍ 19 പ്രകാരം ഒരു വ്യക്തി കുറ്റവാളിയോ സ്ഥിരം  മദ്യപാനിയോ ആണെങ്കില്‍/നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്, 1985 പ്രകാരം ലഹരിവസ്തു ഉപയോക്താവാണെങ്കില്‍/അപകടകരമായി ഡ്രൈവ് ചെയ്യുന്നയാളാണെങ്കില്‍  ആര്‍ടിഒയ്ക്ക് അയാളുടെ  ഡ്രെെവിങ് ലൈസന്‍സ്  റദ്ദാക്കാന്‍ അധികാരമുണ്ട്.
സെക്ഷന്‍ 20 പ്രകാരം മോട്ടോര്‍വാഹനംകൊണ്ടുള്ള  ഒരു  കുറ്റകൃത്യമോ,  ഒരു  കുറ്റകൃത്യത്തിന് മോട്ടോര്‍വാഹന സഹായമോ ഉള്ളതായി തെളിഞ്ഞാല്‍ മറ്റു ശിക്ഷകള്‍ക്കു പുറമെ കോടതിക്ക് മേല്‍പ്പറഞ്ഞ ആളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരമുണ്ട്.
സെക്ഷന്‍ 184 പ്രകാരം മുമ്പ് വാഹനാപകടക്കേസില്‍ പ്രതിയായവര്‍ വീണ്ടും മരണകാരണമോ തത്തുല്ല്യമോ ആയ വാഹനാപകടത്തിനു കാരണമാകുകയാണെങ്കില്‍, അയാളുടെ ലൈസന്‍സ് ആറുമാസമോ കേസ് തീര്‍പ്പാകുന്നതുവരെയോ സസ്പെന്‍ഡ് ചെയ്യുന്നതാണ്.
സെക്ഷന്‍ 185 പ്രകാരം മദ്യപിച്ചു  വാഹനം ഓടിച്ചതിന് രണ്ടാമതും പ്രതിയാക്കപ്പെടുകയാണെങ്കില്‍, അയാളുടെ ലൈസന്‍സ് റദ്ദാക്കപ്പെടുന്നതാണ്.
സെക്ഷന്‍ 39 പ്രകാരം കൃത്യമായ രേഖകളില്ലാതെ വാഹനം ഓടിക്കുകയോ ഓടിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.  ഒരു കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹന ഉടമ   ആ സ്ഥലത്ത് ഇല്ലെങ്കില്‍പ്പോലും വാഹന ഉടമസ്ഥന്‍ വിചാരണയ്ക്കു വിധേയനാകുന്നതാണ്.
സെക്ഷന്‍ 49 പ്രകാരം വാഹന രജിസ്റ്ററേഷന്‍ ബുക്കിലെ മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അത്  ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കേണ്ടതാണ്.
സെക്ഷന്‍ 50 പ്രകാരം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുന്നത് സംസ്ഥാനത്തിനകത്താണെങ്കില്‍ 14 ദിവസത്തിനകവും, സംസ്ഥാനത്തിനു പുറത്താണെങ്കില്‍ 45 ദിവസത്തിനകവും ആര്‍ടി ഒയെ അറിയിക്കേണ്ടതാണ്.
സെക്ഷന്‍ 52 പ്രകാരം ആര്‍ടിഒയുടെ അനുവാദമില്ലാതെ വാഹന രജിസ്ട്രേഷന്‍ ബുക്കിലെ  വിവരങ്ങള്‍ മാറ്റാന്‍പാടില്ല.
സെക്ഷന്‍ 53 പ്രകാരം ഉപയോഗയോഗ്യമല്ലാത്ത വാഹനമോ,പെര്‍മിറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെയോ  രജിസ്ട്രേഷന്‍  സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്.
സെക്ഷന്‍ 128 പ്രകാരം ഒന്നില്‍ക്കൂടുതല്‍ യാത്രക്കാരെ ടൂവീലറില്‍ കയറ്റുന്നത് ശിക്ഷാര്‍ഹമാണ്.
സെക്ഷന്‍ 129 പ്രകാരം ഐഎസ്ഐ മുദ്രയുള്ള ഹെല്‍മെറ്റ്  ധരിച്ചേ ടൂവീലര്‍ ഓടിക്കാവു. വേണ്ടിവന്നാല്‍ സ്റ്റേറ്റ് ഗവണ്‍മെന്റിന് ഇതില്‍ ഇളവുവരുത്താന്‍ അവകാശമുണ്ട്.
സെക്ഷന്‍ 146 പ്രകാരം കൃത്യമായ ഇന്‍ഷുറന്‍സ് രേഖകള്‍ ഇല്ലാതെ വാഹനം നിരത്തിലിറക്കാന്‍പാടില്ല. ഇത് വാഹന ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ്.
സെക്ഷന്‍ 180: ഡ്രെെവിങ്  ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍,  വാഹന ഉടമ മൂന്നുമാസംവരെ ജയില്‍ശിക്ഷയ്ക്കോ, 1000/ രൂപ പിഴയ്ക്കോ അല്ലെങ്കില്‍ രണ്ടിനുമോ വിധേയനായേക്കാം.

കര്‍ശനനിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിട്ടുണ്ട്. ട്രാഫിക്നിയമ ലംഘനത്തിന് പിഴ ഈടാക്കുന്നത് അഞ്ചുമടങ്ങായി വര്‍ധിപ്പിക്കാനും കുട്ടികള്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന കേസില്‍ മാതാപിതാക്കള്‍ക്ക് മൂന്നുവര്‍ഷം ജയില്‍ശിക്ഷ നല്‍കുന്നതും ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളോടെയാണ് പുതിയ നിയമം വരുന്നത്. നമ്മുടെ രാജ്യത്ത് മോട്ടോര്‍വാഹനപ്പെരുപ്പവും വാഹനാപകടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.

2020 ഓടെ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനുദ്ദേശിച്ചുള്ളതാണ് നിര്‍ദിഷ്ട മോട്ടോര്‍വാഹന (‘ഭദഗതി) നിയമം.
പുതിയ നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ താഴെപറയുന്നു.

1. മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000. നിലവില്‍ ഈടാക്കുന്നതിന്റെ അഞ്ച് മടങ്ങ് ഇരട്ടിയാണിത്. അപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും. കുറ്റവാളിക്ക് 10 വര്‍ഷംവരെ തടവുശിക്ഷയും  ലഭിക്കും.
2. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും. ഇതുവഴി അപകടമുണ്ടാവുകയാണെങ്കില്‍ കുടുംബത്തില്‍നിന്ന് 25,000 രൂപവരെ പിഴ ഈടാക്കും.  കൂടാതെ വണ്ടിയുടെ ഉടമസ്ഥന് മൂന്നുവര്‍ഷംവരെ തടവുശിക്ഷയും ലഭിക്കും.
3. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന നാലുവയസ്സിനുമുകളിലുള്ള കുട്ടികള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം.
4. ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ 1,000 രൂപ പിഴശിക്ഷയുണ്ടാകും.  വണ്ടിയോടിച്ചയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കും. സിഗ്നല്‍ തെറ്റിച്ചാലും വാഹനമോടിക്കുമ്പോള്‍ സീറ്റ്ബെല്‍റ്റ് ഇട്ടില്ലെങ്കിലും ഇതേ ശിക്ഷതന്നെ നല്‍കും.
5. മൊബൈല്‍ ഫോണില്‍ സംസാരിച്ച്  വാഹനമോടിച്ചാലുള്ള പിഴ 1000 രൂപയില്‍നിന്ന് 5000 രൂപയായി ഉയര്‍ത്തി.
6. വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരവും വര്‍ധിപ്പിച്ചു. മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണമെന്ന് നിര്‍ദിഷ്ട ബില്ലില്‍പറയുന്നു. ഗുരുതരമായി പരിക്കേല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അഞ്ചുലക്ഷം രൂപയും നല്‍കണം. നേരത്തെ ഇത് 50,000 രൂപയും 25,000 രൂപയുമായിരുന്നു. അപകടത്തിനിരയായ വ്യക്തിക്ക് സെറ്റില്‍മെന്റായി അഞ്ചുലക്ഷം രൂപ നാലു മാസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദിഷ്ട ബില്‍ ശുപാര്‍ശചെയ്യുന്നു.
7. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിയമപാലകരും കുറ്റംചെയ്താല്‍ അവരില്‍നിന്ന് ഇരട്ടിത്തുക ഈടാക്കും.
8. അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റുക തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം നിലവിലുള്ള പിഴ പത്തിരട്ടിവരെ വര്‍ധിപ്പിച്ചു.

മോട്ടോര്‍വാഹന ലൈസന്‍സ് നല്‍കല്‍, വാഹന രജിസ്ട്രേഷന്‍എന്നിവയിലും സമഗ്രപരിഷ്കരണത്തിന് ബില്‍ ശുപാര്‍ശചെയ്യുന്നു. പുതിയ വാഹനം ഡീലറുടെ പക്കല്‍തന്നെ രജിസ്ട്രേഷന്‍ ചെയ്യേണ്ടതായിവരും. ഇപ്പോള്‍ ഡീലര്‍മാര്‍ താല്‍കാലിക പെര്‍മിറ്റ് എടുക്കുകയും പിന്നീട് ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ചെയ്യുകയുമാണ്.  ലേണേഴ്സ് ലൈസന്‍സ് ഇനിമുതല്‍ ഓണ്‍ലൈനായി മാത്രമേ നല്‍കുകയുള്ളൂ. കോള്‍ടാക്സി മേഖലകളെയും മോട്ടോര്‍വാഹനനിയമത്തിന്‍കീഴില്‍ കൊണ്ടുവരും.

വാഹനാപകടം വരുത്തുന്നവര്‍ക്ക് ശിക്ഷയായി കമ്യൂണിറ്റി സര്‍വീസ് നടപ്പാക്കാനും നിര്‍ദിഷ്ടനിയമം ശുപാര്‍ശചെയ്യുന്നു. നിര്‍ദേശിക്കുന്ന ജോലി സേവനമായി നിശ്ചിത കാലയളവിനുള്ളില്‍ ചെയ്യാന്‍ അനുശാസിക്കുന്ന നിയമമാണിത്. ക്രിമിനല്‍നിയമത്തിലെ നല്ലനടപ്പിനു സമാനമായ വകുപ്പ്. ബിഎംഡബ്ള്യു കേസിലെ സുപ്രീംകോടതി വിധിന്യായത്തിന്റെ ചുവടുപിടിച്ചാണ് ഈ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ഈ കേസിലെ പ്രതി സഞ്ജീവ് നന്ദയെ കോടതി രണ്ടുവര്‍ഷം കമ്യൂണിറ്റി സര്‍വീസിന് ശിക്ഷിച്ചിരുന്നു. 1999 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഗാല്‍ഗോണില്‍ നിശാപാര്‍ടിക്കുശേഷം കാറില്‍ തിരികെ പോകുമ്പോള്‍ ചെക്പോസ്റ്റിലുള്ള പൊലീസുകാരന്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകാന്‍ ശ്രമിക്കുമ്പോള്‍ നിയന്ത്രണം വിട്ട് ചെക്പോസ്റ്റ് ഇടിച്ചുതകര്‍ക്കുകയായിരുന്നു. അപകടത്തില്‍ ആറ് പൊലീസുകാരും ഒരു വഴിയാത്രക്കാരനും മരിച്ചു. പ്രമുഖ ഇന്ത്യന്‍ വ്യവസായി സുരേഷ് നന്ദയുടെ മകനാണ് സഞ്ജീവ്. ഈ കേസ് വളരെയേറെ വിവാദം സൃഷ്ടിച്ചിരുന്നു.

അടുത്തകാലത്തുണ്ടായ ഒരു വിധികൂടി പറഞ്ഞു നിര്‍ത്താം. ഇരുചക്രവാഹന എക്സ്ചേഞ്ച് മേളയില്‍ വാഹനം വിറ്റ ഉടമ നഷ്ടപരിഹാരക്കേസില്‍ ഒന്നാം പ്രതിയായി.
ഈ കേസില്‍ മരിച്ചയാളുടെ കുടുംബത്തിന് 6,35,000 രൂപയും പലിശയും നല്‍കാന്‍ കോടതി വിധിച്ചു.

ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനക്കാരായ  മോട്ടോഴ്സില്‍ 2010ല്‍ രാധാകൃഷ്ണന്‍ എന്നയാള്‍  തന്റെ ബൈക്ക് എക്സ്ചേഞ്ച് മേളയില്‍ നല്‍കി  ഒരു സ്കൂട്ടര്‍ വാങ്ങി. ബൈക്കിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് രേഖ, സെയില്‍ ലെറ്റര്‍ എന്നിവ നല്‍കിയിരുന്നു. ഇതെല്ലം കൈപ്പറ്റിയതിന്റെ രേഖകളും  മോട്ടോഴ്സ് രാധാകൃഷ്ണന് നല്‍കി. പിന്നീട് 2012ല്‍, കുറുവട്ടൂര്‍പറമ്പില്‍ മനോഹരന്‍  ഈ ബൈക്ക് ഓടിക്കവേ അപകടത്തില്‍പ്പെട്ടു. പിന്നിലിരുന്നു യാത്രചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശി മരിച്ചു.  രാധാകൃഷ്ണന്‍ ബൈക്ക്  മോട്ടോഴ്സിന് നല്‍കിയപ്പോള്‍ 11 മാസം ബാക്കിയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നു. അതിനുശേഷം  ഇന്‍ഷുറന്‍സ്  പുതുക്കിയില്ല. പനാമ മോട്ടോഴ്സ് ബൈക്ക് മറ്റൊരാള്‍ക്കു വില്‍പ്പന നടത്തിയപ്പോള്‍, രാധാകൃഷ്ണന്റെ പേരില്‍നിന്ന് മാറ്റിയതുമില്ല. മരിച്ചയാളുടെ ഭാര്യയും മക്കളും നഷ്ടപരിഹാരത്തിനായി കേസ് കൊടുത്തപ്പോള്‍, രേഖപ്രകാരം രാധാകൃഷ്ണനായിരുന്നു വാഹന ഉടമ. അതിനാല്‍ അദ്ദേഹം ഒന്നാം പ്രതി ആവുകയായിരുന്നു.

നമ്മുടെ വാഹനം വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം കൈമാറേണ്ടതുണ്ട്. വാഹനം കൈമാറിക്കഴിഞ്ഞാല്‍, വില്‍ക്കുന്ന ആള്‍  നിശ്ചിതഫോറത്തില്‍ അക്കാര്യം ലൈസന്‍സിങ് അതോറിറ്റിയെ അറിയിക്കണം. വാഹനം വാങ്ങുന്ന ആള്‍ നിശ്ചിതഫോറത്തില്‍ ആദ്യ ഉടമയുടെ കൈയൊപ്പുള്ള  സെയില്‍  സര്‍ട്ടിഫിക്കറ്റും ആര്‍സി ബുക്കും ലൈസന്‍സ് അതോറിറ്റിക്ക് സമര്‍പ്പിക്കണം. നിശ്ചിത ഫീസ് ഒടുക്കിക്കഴിഞ്ഞാല്‍ ആര്‍സി ബുക്കില്‍ പുതിയ ഉടമയെ ചേര്‍ത്ത് ആര്‍സി ബുക്ക് തിരിച്ചുലഭിക്കും.

mpapw@yahoo.com