21 May Monday

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ-മാലിന്യങ്ങള്‍ കുത്തനെ കൂടി

ടി ആര്‍ അനില്‍കുമാര്‍Updated: Thursday Mar 9, 2017

ഏഷ്യ ഇ-മാലിന്യങ്ങളുടെ കൂമ്പാരമായി മാറുകയാണോ? ഈ ആശങ്ക ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
കിഴക്കന്‍ ഏഷ്യന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങളില്‍  ഇ-മാലിന്യങ്ങളുടെ അളവ് അഞ്ചുവര്‍ഷത്തിനിടയില്‍ 63 ശതമാനം വര്‍ധിച്ചതായാണ് ഏറ്റവും പുതിയ വിവരം. 2010-15 വര്‍ഷത്തിനിടയിലെ ഇ-മാലിന്യ വര്‍ധനയെക്കുറിച്ച് ഐക്യരാഷ്ട്ര സര്‍വകലാശാല അടുത്തയിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകള്‍. വികസിതരാജ്യങ്ങള്‍ പുറംതള്ളുന്ന ഇ-മാലിന്യങ്ങളാണ് ഏഷ്യന്‍ രാജ്യങ്ങള്‍ കൈകാര്യംചെയ്യേണ്ടിവരുന്നതെന്നതും പുതിയ പഠനത്തില്‍ കണ്ടെത്തി.

ഐക്യരാഷ്ട്ര സര്‍വകലാശാല (യുഎന്‍യു)യുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ റീജണല്‍ ഇ-വേസ്റ്റ് മോണിറ്ററിന്റെ കണക്കുപ്രകാരം ചൈനയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ ഇ-മാലിന്യം ഇരട്ടിയായതായും പഠനം പറയുന്നു. ഹോങ്കോങ് മേഖലയിലാണ് കൂടുതല്‍. അവിടെ 2015ല്‍ ഒരു വ്യക്തിക്ക് 21.7 കിലോഗ്രാം എന്ന തോതിലാണ് ഇ-മാലിന്യ വര്‍ധന. സിംഗപ്പുരും തയ്വാനും ഇ-മാലിന്യ കുപ്പത്തൊട്ടികളാണ്. അവിടെ 2015ലെ വര്‍ധനയുടെ തോത് ഒരു വ്യക്തിക്ക് 19.95 കിലോഗ്രാമാണ്. തയ്വാനിലേത് ഒരു വ്യക്തിക്ക് 19.13 കിലോഗ്രാം എന്ന തോതിലാണ്. കംബോഡിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് ഇ-മാലിന്യം താരതമ്യേന കുറവ്. കംബോഡിയയില്‍ ഒരു വ്യക്തിക്ക് 1.10 കിലോഗ്രാം എന്ന തോതിലേ ഇ-മാലിന്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുള്ളൂ. വിയറ്റ്നാമില്‍ 1.34 എന്ന തോതിലും. ഫിലിപ്പീന്‍സില്‍ 1.35 കിലോഗ്രാം എന്ന തോതിലും.

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് വികസിതരാജ്യങ്ങളില്‍നിന്നുള്ള ഇ-മാലിന്യം നിയമവിരുദ്ധമായി പുറംതള്ളുന്നതെന്ന് 2013ല്‍തന്നെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (യുഎന്‍ഇപി) റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ലോകത്തെ ഇ-മാലിന്യശേഖരത്തില്‍ 90 ശതമാനവും നിയമവിരുദ്ധമായി പുറംതള്ളുന്നവയാണെന്നും യുഎന്‍ഇപി പറയുന്നു.
പുതിയ മോഡല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിപണിയില്‍ പ്രതിദിനം ഇറങ്ങുന്നതു വാങ്ങുന്നതോടെ,  നിലവില്‍ ഉപയോഗിക്കുന്നതുതന്നെ പഴയതായി മാറുന്നതാണ് ഇ-മാലിന്യം വര്‍ധിക്കാന്‍ കാരണം.   വികസിത രാജ്യങ്ങളില്‍നിന്ന് ഒരു തവണ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുന്നതിനായോ നശിപ്പിച്ച് കളയുന്നതിനുള്ളതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതാണ് മൂന്നാം ലോകരാജ്യങ്ങളില്‍ ഇ-മാലിന്യം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് യുഎന്‍ഇപി പഠനം പറയുന്നു. ഇതിന് പരിഹാരം കാണാന്‍ ശാസ്ത്രീയ പുനരുപയോഗ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു

എന്താണ് ഇ-മാലിന്യം?

ടെലിവിഷനും റഫ്രിജറേറ്ററും എയര്‍കണ്ടീഷണറും ഡിവിഡിയും സിഎഫ്എലും മൊബൈല്‍ഫോണും ലാപ്ടോപ്പും ഇലക്ട്രോണിക് ചോക്കും ഹീറ്ററുംവരെ എത്രയെത്ര ഉല്‍പ്പന്നങ്ങളാണ് ഇ-മാലിന്യമായി മാറുന്നത്.
ഇ-വേസ്റ്റിനിന്ന് വിലപിടിപ്പുള്ളതു മാത്രമെടുത്ത് ആവശ്യമില്ലാത്തവ വലിച്ചെറിയുന്ന ശീലമാണ് പലയിടത്തും. ചതുപ്പുകള്‍ നികത്താനും വെറുതെ കിടക്കുന്ന ഭൂമിയില്‍ കുന്നുകൂട്ടി ഇടാനുമൊക്കെയാണ് വികസിതരാജ്യങ്ങളില്‍ പലതും ഇ-വേസ്റ്റുകള്‍ ഉപയോഗിക്കുന്നത്.
സ്വര്‍ണം, വെള്ളി, ചെമ്പ്, പ്ളാറ്റിനം, ഇരുമ്പ് എന്നീ ലോഹങ്ങള്‍ മാത്രമല്ല, ഈയം (ലെഡ്), കാഡ്മിയം, മെര്‍ക്കുറി,  ആഴ്സനിക്, കോബാള്‍ട്ട്, നിക്കല്‍, ക്രോമിയം, ബേരിയം, ലിഥിയം ഫോസ്ഫറസ് എന്നിവ ഉള്‍പ്പെടെയുള്ള മൂലകങ്ങളും  ഉള്‍പ്പടെ 35 തരം ഘടകവസ്തുക്കള്‍  അടങ്ങിയിരിക്കുന്നു. ഇ-മാലിന്യത്തില്‍ ഗണ്യമായ തോതില്‍ പ്ളാസ്റ്റിക്ക് അടങ്ങിയത് പരിസ്ഥിതിമലിനീകരത്തിന് വലിയ ഭീഷണിയായി മാറുന്നു.
ഒരു കംപ്യൂട്ടര്‍ മോണിറ്ററില്‍ രണ്ട് കിലോഗ്രാം ഈയം (ലെഡ്) അടങ്ങിയിരിക്കുന്നുവെന്നറിയുമ്പോള്‍ ഓര്‍ക്കുക നാം വലിച്ചെറിയുന്ന ഓരോ ഇലക്ട്രിക്/ഇലക്ട്രോണിക് ഉപകരണവും എത്രമാത്രം ഇ-മാലിന്യം സൃഷ്ടിക്കുന്നുവെന്ന്. അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുകൊണ്ട് ഇ-മാലിന്യത്തിലെ രാസവസ്തുക്കള്‍ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നു.

ബേസല്‍ കണ്‍വന്‍ഷന്‍

ലോകത്ത് അപകടകരമായ രാസമാലിന്യങ്ങള്‍ വികസിതരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങളിലേക്കു പുറംതള്ളുന്നതു തടയാന്‍ 1992 മേയ് അഞ്ചിനു നിലവില്‍വന്ന ബേസല്‍ കണ്‍വന്‍ഷന്‍ നിര്‍ദേശങ്ങളാണ് ഇ-മാലിന്യക്കടത്തിനും ബാധകമായിട്ടുള്ളത്. അതിന്റെ ഭാഗമായി ഇ-മാലിന്യ കടത്തു തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ 184 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടും അമേരിക്ക ഈ കരാര്‍ നിയമപ്രാബല്യത്തോടെ അംഗീകരിച്ചിട്ടില്ലെന്നറിയുക.

ഇ-മാലിന്യങ്ങള്‍ ഇന്ത്യയില്‍


ഇ-മാലിന്യ വര്‍ധനയില്‍ ഇന്ത്യയും ഒട്ടും പിന്നിലല്ല. 2016 മേയിലെ അസോചെം-കെപിഎംജി സര്‍വേപ്രകാരം ഇ-മാലിന്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. പ്രതിവര്‍ഷം 18.5 ലക്ഷം  ടണ്‍ ഇ-മാലിന്യം ഇന്ത്യയിലുണ്ടാകുന്നുവെന്നാണ് കണക്ക്. ഇതില്‍തന്നെ 12 ശതമാനം ടെലികോം ഉപകരണങ്ങളാണ്. 100 കോടി മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലിരിക്കുന്ന ഇന്ത്യയില്‍ പ്രതിവര്‍ഷം 12 കോടി മൊബൈല്‍ ഫോണ്‍ ഇ-മാലിന്യമായി മാറുന്നുവെന്നും സര്‍വേ പറയുന്നു.
 

ഇ-മാലിന്യ ശേഖരം

ലോകത്തെ ഇ-മാലിന്യ ശേഖരം 418 ലക്ഷം ടണ്‍ എന്ന  വലിയ അളവിലേക്ക് എത്തിയതായി ഐക്യരാഷ്ട്ര സര്‍വകലാശാല (യുഎന്‍യു)യുടെ 2014ല്‍ പ്രസിദ്ധീകരിച്ച  ഇ-വേസ്റ്റ് മോണിറ്റര്‍  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 60 ലക്ഷം മെട്രിക് ടണ്‍ ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി) മാലിന്യങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ലോകത്തെ ഇ-മാലിന്യം  2018ല്‍ 500 ലക്ഷം ടണ്ണായി ഉയരുമെന്നും 2014ലെ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരുന്നു.
യുണൈറ്റഡ്നേഷന്‍സ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് സസ്റ്റൈനബിലിറ്റി (യുഎന്‍യു-ഐഎസ്) 2014ലെ വിവരങ്ങളുമായി 2015ല്‍ പ്രസിദ്ധീകരിച്ചതാണ് ഇ-വേസ്റ്റ് മോണിറ്റര്‍ 2014 റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍:

വാക്വം ക്ളീനര്‍, മൈക്രോവേവ് ഓവന്‍, ടോസ്റ്ററുകള്‍, ഇലക്ട്രിക് ഷേവിങ് സിസ്റ്റം, വീഡിയോ ക്യാമറ എന്നീ ചെറിയ ഇനം ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിഭാഗത്തില്‍ 128 ലക്ഷം ടണ്‍ ഇ-മാലിന്യം.

വലിയ ഉപകരണങ്ങളായ വാഷിങ് മെഷീന്‍, ക്ളോത്ത് ഡയറുകള്‍, ഡിഷ് വാഷറുകള്‍, ഇലക്ട്രിക് സ്റ്റൌ എന്നീ വിഭാഗത്തില്‍ 118 ലക്ഷം ടണ്‍.
കൂളിങ്, ഫ്രീസിങ് ഉപകരണ വിഭാഗത്തില്‍ 70 ലക്ഷം ടണ്‍. സ്ക്രീനുകള്‍ 6.3 ലക്ഷം ടണ്‍.
ഐസിടി ഉപകരണങ്ങളുടെ വിഭാഗത്തില്‍ 30 ലക്ഷം ടണ്‍.
ഇലക്ട്രോണിക് വിളക്കുകള്‍ 10 ലക്ഷം ടണ്‍.

2014ല്‍ അമേരിക്കയും ചൈനയും ചേര്‍ന്നാണ് ലോകത്തെ ഇ-മാലിന്യത്തിന്റെ മൂന്നിലൊന്നും പുറംതള്ളിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഒരുവര്‍ഷം 200-500 ലക്ഷം ടണ്‍ ഇ-മാലിന്യം ഉണ്ടാകുന്നതായി യുഎന്‍ഇപിയുടെ  കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൊബൈല്‍ ഫോണുകളുടെ എണ്ണം 2004ല്‍ 176 കോടിയില്‍നിന്ന് 2008ല്‍ 300 കോടിയിലേക്കും 2011ല്‍ 600 കോടിയിലേക്കും വര്‍ധിച്ചതുതന്നെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ സൂചകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രധാന വാർത്തകൾ
Top