10 December Monday

സ്ത്രീകളും പ്രമേഹവും വൃക്കരോഗങ്ങളും

ഡോ. ഷീജ ശ്രീനിവാസ്‌ ഇടമനUpdated: Thursday Mar 8, 2018

അന്തർദേശീയ വനിതാദിനവും ലോക വൃക്കദിനവും ഒന്നിച്ചു വരുന്ന ദിനമാണല്ലോ മാർച്ച് എട്ട്. 2018ലെ ലോകവൃക്കദിനത്തിന്റെ സന്ദേശം "വൃക്കകളും സ്ത്രീകളുടെ ആരോഗ്യവും ‐ഉൾപ്പെടുത്തുക, വിലമതിക്കുക, ശക്തിപ്പെടുത്തുക''  (Kidney's andWomen's Health: Include,Value,Empower).    2017ലെ ലോക പ്രമേഹദിനസന്ദേശം സ്ത്രീകളും പ്രമേഹവും ആരോഗ്യകരമായ ഭാവിക്ക് ഞങ്ങളുടെ അവകാശം എന്നതായിരുന്നു.

  എന്താണ് പ്രമേഹത്തിനും വൃക്കരോഗങ്ങൾക്കും സ്ത്രീകളിൽ പ്രാധാന്യമേറുന്നത്? സ്ഥിതിവിവരകണക്കുകൾ പരിശോധിക്കുമ്പോൾ ലോകത്താകമാനം 199.5 ദശലക്ഷം സ്ത്രീകൾക്ക് പ്രമേഹവും 195 ദശലക്ഷം സ്ത്രീകൾക്ക് വൃക്കരോഗവും ഉള്ളതായി കാണുന്നു. ലോകത്ത് സ്ത്രീകളുടെ പ്രധാന മരണകാരണങ്ങളിൽ പ്രമേഹത്തിന് ഒമ്പതാം സ്ഥാനവും വൃക്കരോഗങ്ങൾക്ക് എട്ടാം സ്ഥാനവുമാണുള്ളത്. അതുപോലെ തന്നെ പ്രമേഹമരണങ്ങളിൽ 55 ശതമാനവും ഉണ്ടാവുന്നതും സ്ത്രീകളിലാണ്. വൃക്കരോഗസാധ്യതയും തന്മൂലമുള്ള മരണനിരക്കും സ്ത്രീകളിൽ വളരെ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ സ്ത്രീകളും പ്രമേഹവും എന്നത് വളരെയധികം അവഗണിക്കപ്പെട്ടിട്ടുള്ളതും തീരെ ഗവേഷണം നടന്നിട്ടില്ലാത്തതുമായ ഒരു വിഷയമാണെന്നതും ഇതിെൻറ പ്രാധാന്യം വർധിപ്പിക്കുന്നു. 


സ്ത്രീകളിൽ പ്രമേഹ സാധ്യത വർധിക്കുന്നതെന്തുകൊണ്ട്?
പ്രമേഹരോഗം പിടിപെടുവാൻ സ്ത്രീകൾക്ക്പ്രത്യേകമായി ചില കാരണങ്ങളുണ്ട്. ആർത്തവാരംഭകാലത്തും ഗർഭാവസ്ഥയിലും ആർത്തവവിരാമകാലത്തും ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളിൽ അമിതവണ്ണത്തിന് കാരണമാവാറുണ്ട്. അതുപോലെതന്നെ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം, ഗർഭകാലപ്രമേഹം എന്നിവയും പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിൽ സ്ത്രീകൾക്ക് മാത്രമായുള്ള കാരണങ്ങളാണ്. അതുപോലെതന്നെ വിഷാദരോഗവും ഹൈപ്പോതൈറോയ്ഡിസവും കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. ഇത്രണ്ടും അമിതവണ്ണത്തിനും തന്മൂലം പ്രമേഹത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടിൽ മിച്ചംവരുന്ന ആഹാരം കളയുക എന്നത് അത്യധികം വിഷമമുള്ള ഒരു കാര്യമാണ്. തന്മൂലം വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം കഴിച്ചുതീർക്കുക എന്നത് സ്വന്തം ഉത്തരവാദിത്വമായി പല സ്ത്രീകളും ഏറ്റെടുക്കുകയും ഇതും അമിതവണ്ണത്തിനും പ്രമേഹത്തിനും വഴിയൊരുക്കാം. ഇതിനെല്ലാം ഉപരി ചിട്ടയായി വ്യായാമം  ചെയ്യുവാൻ വിമുഖത ഉള്ളവരാണ് സ്ത്രീകൾ. പലപ്പോഴും പറയുന്ന കാരണങ്ങൾ അവരുടെ സമയക്കുറവാണ്. വ്യായാമമില്ലാത്ത ജീവിതശൈലി പലപ്പോഴും പ്രമേഹസാധ്യത വർധിപ്പിക്കും. മുൻകാലങ്ങളിൽ സ്ത്രീകളുടെ ദൈനംദിന ജോലികളിൽ ശാരീരികാധ്വാനം ഉണ്ടായിരുന്നു. (മുറ്റമടിക്കൽ, അലക്കുക, അരയ്ക്കുക, തറതുടക്കൽ മുതലായവ). എന്നാൽ ഇന്ന് സ്ത്രീകളുടെ ദൈനംദിന ജോലികളെല്ലാം തന്നെ യന്ത്രങ്ങളുടെ സഹായത്താലാണ് എന്നതിനാൽ വീട്ടുജോലി ഒരിക്കലും വ്യായാമത്തിന് പകരമാവുന്നില്ല.

പ്രമേഹത്തിന് ധഒരു പ്രധാന കാരണമായേക്കാവുന്ന മാനസിക പിരിമുറുക്കവും സ്ത്രീകളിൽ വളരെ കൂടുതലാണ്. പ്രത്യേകിച്ച് ജോലിക്കുപോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങൾ ഒന്നിച്ചുകൊണ്ടുപോവാൻ അവർ വളരെയധികം മാനസികസമ്മർദം അനുഭവിക്കുന്നതായി കാണാം. അതുപോലെ തന്നെ ജോലി സംബന്ധമായുള്ള ദീർഘദൂരയാത്രകളും വീട്ടിൽനിന്നും വിട്ടുനിൽക്കേണ്ട അവസ്ഥയും സ്ത്രീകളുടെ മാനസിക പിരിമുറുക്കം കൂട്ടുവാൻ കാരണമാവാറുണ്ട്.
ഇതിനെല്ലാമുപരി സ്ത്രീകൾ തങ്ങളുടെ ആരോഗ്യകാര്യങ്ങൾക്ക് പലപ്പോഴും മുൻതൂക്കം നൽകുന്നില്ല എന്നുള്ളതും പ്രമേഹം പിടിപെടുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നു. സ്ത്രീകൾ എല്ലായ്പ്പോഴും മുൻതൂക്കം നൽകുന്നത് തങ്ങളുടെ കുടുംബത്തിനാണ്. അതിനാൽ കുടുംബത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങൾക്കും ശേഷം മാത്രമേ സ്വന്തം ആരോഗ്യത്തിനുപോലും സ്ത്രീകൾ സ്ഥാനം നൽകുന്നുള്ളു.

പ്രമേഹവും വൃക്കരോഗവും
വർഷങ്ങളോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതീമായി ഉയർന്നുനിൽക്കുമ്പോൾ വൃക്കകളിലെ മാലിന്യം മൂത്രത്തിലുടെ പുറന്തള്ളുന്ന അരിപ്പ പോലെ പ്രവർത്തിക്കുന്ന രക്തക്കുഴലുകൾക്ക് നാശം സംഭവിക്കുകയും അവ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു. ഇത് മൂത്രത്തിലൂടെ പ്രോട്ടീനുകളെ നഷ്ടപ്പെടുത്തുകയും ചെയ്യും. കാലക്രമേണ വൃക്കകളുടെ പ്രവർത്തനം പൂർണമായി തകരാറിലാകുകയും ചെയ്യും. പ്രമേഹത്തോടൊപ്പം രക്താതിസമ്മർദ്ദം കൂടിയുണ്ടെങ്കിൽ വൃക്കകൾക്ക് കൂടുതൽ ദോഷമാണ്.

പ്രമേഹരോഗമുള്ള സ്ത്രീകളിൽ വൃക്കരോഗസാധ്യത വർധിക്കുന്നതെന്തുകൊണ്ട്?
പ്രമേഹരോഗമുള്ള സ്ത്രീകളിൽ മൂത്രത്തില പഴുപ്പും വൃക്കയിലെ പഴുപ്പും കൂടുതലായി കണ്ടുവരുന്നു എന്നുള്ളതിനാൽ സ്ത്രീകളിൽ വൃക്കരോഗസാധ്യത വർധിക്കുന്നു. ഗർഭാവസ്ഥയും സ്ത്രീകളിൽ മൂത്രത്തിൽ പഴുപ്പിനുള്ള സാധ്യത വർധിപ്പിക്കും. ഗർഭാവസ്ഥയിലെ സങ്കീർണതകളായ ഗർഭകാല രക്താതിസമ്മർദം, എക്ലാംസിയ, പ്രീഎക്ലാംസിയ, പ്രസവശേഷമുള്ള അമിതരക്തസ്രാവം, സെപ്റ്റിക് അബോർഷൻ തുടങ്ങിയവ എല്ലാംതന്നെ വൃക്കരോഗസാധ്യത വർധിപ്പിക്കുന്നതിൽ സ്ത്രീകൾക്ക് മാത്രമുള്ള ഘടകങ്ങളാണ്.

ജോലിസ്ഥലങ്ങളിലും യാത്രാവേളകളിലും മൂത്രം ഒഴിക്കുവാനുള്ള മടിമൂലം സ്ത്രീകൾ പലപ്പോഴും വെള്ളം കുടിക്കാതിരിക്കുകയും മൂത്രം ഒഴിക്കാതെ കുറെനേരം പിടിച്ചുവെക്കുന്നതും കാണാറുണ്ട്. കൂടെകൂടെ മൂത്രത്തിൽ പഴുപ്പ് വരുന്നതിന് ഇത് ഒരു വലിയ അളവ് വരെ കാരണമാവും. ഇത് ഭാവിയിൽ വൃക്കയിലോ മൂത്രനാളിയിലോ കല്ല് രൂപപ്പെടുന്നതിനും, വൃക്കരോഗത്തിനും കാരണമായേക്കാം.

വൃക്കരോഗം പിടിപെടുന്ന സ്ത്രീകളിൽ ഡയാലിസിസിനു വിധേയമാവുന്നവരുടെ എണ്ണം പലപ്പോഴും കുറവാണ്. ഇതിന്റെ പ്രധാനകാരണം സ്ത്രീകളിൽ വൃക്കരോഗത്തിന്റെ പുരോഗമനം വളരെ പതുക്കെയാണെന്നതും, സ്ത്രീകൾക്ക് വൃക്കരോഗത്തെ കുറിച്ചുള്ള അറിവില്ലായ്മമൂലം ചികിത്സതേടുവാൻ കാലതാമസം നേരിടുന്നതും, സാമൂഹിക സാമ്പത്തിക തടസങ്ങളുമാണ്. ഡയാലിസിസ് സെന്റററുകളിലേക്കുള്ള ദൂരവും സ്ത്രീകളെ ചികിൽസ തേടുന്നതിൽ നിന്നും അകറ്റാറുണ്ട്. വൃക്കമാറ്റിവെക്കലും സ്ത്രീകളിൽ വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹികവും സാംസ്കാരികവും മാനസികവുമായ പ്രതിബന്ധങ്ങൾ തന്നെയാണ് ഇതിനു കാരണം.സ്ത്രീകൾ മിക്കവാറും വൃക്കദാതാക്കൾ ആവുന്നതായാണ് കാണാറുള്ളത്.

പ്രമേഹരോഗചികിത്സയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ
മറ്റേതൊരു രോഗചികിൽസയുംപോലെ തന്നെ പ്രമേഹരോഗചികിത്സയിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ കൂടുതലാണ്. പ്രമേഹത്തെ നേരിടുന്ന വെല്ലുവിളികൾ കുടുതലാണ്. പ്രമേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ജീവിതകാലം മുഴുവനും ചികിത്സ വേണ്ടൊരു രോഗമായതിനാൽ വെല്ലുവിളികൾ വളരെ കൂടുതലായിരിക്കും. ഈ അവസരത്തിൽ കഴിഞ്ഞയാഴ്ച ഒ പിയിൽ ചികിത്സക്കെത്തിയ രണ്ട് സ്ത്രീകളെയാണ്  ഓർമ വരുന്നത്. അവർക്ക് രണ്ടുപേർക്കും കാലിലെ വൃണം പഴുത്ത് ദുർഗന്ധംവമിച്ചു തുടങ്ങിയിരുന്നു. 'ഇത്രയും പഴുക്കുന്നത് വരെ ചികിത്സിക്കാൻ വൈകിയതെന്താ' എന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് മകളുടെ കല്യാണം ആയിരുന്നതുകൊണ്ട് പ്രമേഹചികിത്സ മുടങ്ങി; മുറിവ് വന്നപ്പോഴും ശ്രദ്ധിച്ചില്ല എന്നാണ്. രണ്ടാമത്തെയാൾക്കാണെങ്കിൽ ഒറ്റയ്ക്ക് വരാനുള്ള ബുദ്ധിമുട്ടായിരുന്നു ചികിത്സ തേടാൻ വൈകിച്ചത്. ഇപ്പറഞ്ഞ രണ്ടും പ്രമേഹ ചികിത്സയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് ഉദാഹരണമാണ്.

പ്രമേഹചികിത്സയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ മൂന്നായി തരംതിരിക്കാംവ്യക്തിപരമായ വെല്ലുവിളികൾ, സാമൂഹികമായ വെല്ലുവിളികൾ, സാമ്പത്തിക വെല്ലുവിളികൾ എന്നിരുന്നാലും ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്.

വ്യക്തിപരമായ വെല്ലുവിളികൾ
പലപ്പോഴും രോഗത്തെകുറിച്ചും രോഗചികിത്സയെകുറിച്ചുമുള്ള അജ്ഞത യഥാസമയം ശരിയായ ചികിൽസ തേടാതിരിക്കാൻ കാരണമാവാറുണ്ട്. അതുപോലെ അമിതമായ ഭയം സ്ത്രീകളെ പലപ്പോഴും ചികിത്സയിൽ നിന്നും അകറ്റിനിർത്താറുണ്ട്. "പ്രമേഹചികിത്സാ മരുന്നുകൾ ദോഷഫലം ഉളവാക്കും'', 'ഒരിക്കൽ മരുന്നു തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും'' തുടങ്ങിയ ചിന്തകൾ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നതിനും പലപ്പോഴും സ്ത്രീകളിലെ ഭയം അവരെ അനുവദിക്കാറില്ല.

സാമൂഹിക വെല്ലുവിളികൾ
പ്രമേഹം പിടിപെടുന്നത് പെൺകുട്ടികൾക്കാണെങ്കിൽ പല മാതാപിതാക്കളും ചികിത്സ തേടാൻ വിമുഖത കാട്ടാറുണ്ട്. പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ വിവാഹം നടക്കാൻ പോലുമുള്ള സാധ്യത കുറവാണെ ഭയമാണ്‌ ഇതിന് പ്രധാനകാരണം. വിവാഹത്തിനുശേഷം പ്രമേഹം കണ്ടെത്തിയാൽ പോലും േരാഗം മറച്ചുവെച്ചാണ് വിവാഹം നടത്തിയത്'' എന്നും മറ്റും പറഞ്ഞ് വിവാഹമോചനത്തിന് വരെ ശ്രമിച്ചിട്ടുള്ള അഭ്യസ്‌തവിദ്യരായ ഭർതൃവീട്ടുകാർക്കും ഇവർക്ക് മുന്നിൽ നിസ്സഹായരായി നിൽക്കുന്ന പെൺവീട്ടുകാരെയും ചികിത്സക്കിടെ കാണേണ്ടിവരികയും ഇവർക്കിടയിൽ ഒരു മധ്യസ്ഥസംഭാഷണം നടത്തേണ്ട അവസ്ഥപോലും ഉണ്ടായിട്ടുണ്ട് എന്നതും വളരെ വേദനാജനകമാണ്.പലപ്പോഴും സ്ത്രീകൾക്ക് എല്ലാ കാര്യങ്ങളിലും കുടുംബ പിന്തുണ അത്യാവശ്യമാണ്. ഡോക്ടറെ കാണുവാൻ പോലും കുടുംബാംഗങ്ങളുടെ സൗകര്യം അനുസരിച്ച് മാത്രമേ സ്ത്രീകൾക്ക് പോവാൻ കഴിയുകയുള്ളു. കുടുംബാംഗങ്ങളുടെ രോഗം, കുടുംബത്തിലെ വിവാഹം, മരണം, മക്കളുടെ പ്രസവം, കുടുംബനാഥന്റെ ജോലി തിരക്ക്, കുഞ്ഞുങ്ങളുടെ പഠിത്തം, പരീക്ഷ ഇതെല്ലാം തന്നെ സ്ത്രീകളുടെ ചികിത്സയെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാംതന്നെ ശരിയായ സമയത്ത് മരുന്നു കഴിക്കുന്നതിനും, വ്യായാമം ചെയ്യുന്നതിനും ഭക്ഷണനിയന്ത്രണങ്ങൾക്കും സ്ത്രീകൾക്ക് തടസമാവാറുണ്ട്. പലപ്പോഴും ചികിത്സാകാര്യങ്ങളിൽപോലും സ്വയം തീരുമാനമെടുക്കാൻ സ്ത്രീകൾക്ക് കഴിയാറില്ല. കുടുംബത്തിൽ തീരുമാനം എടുക്കുന്നത് മിക്കവാറും കുടുംബനാഥനായിരിക്കും. സ്ത്രീകൾക്ക്, പ്രത്യേകിച്ചും ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് പല ഉത്തരവാദിത്വങ്ങളാൽ ചികിത്സ്ക്ക് കാലതാമസം നേരിടാറുണ്ട്. ഇന്നും ചിലരെങ്കിലും പുരുഷഡോക്ടർമാരെ കാണുവാൻ സ്ത്രീകളെ അനുവദിക്കാറില്ല എന്നത് ഒരു അതിശയോക്തി ആയി തോന്നാമെങ്കിലും  അതൊരു നഗ്നസത്യം മാത്രമാണ്.  ഇത്തരം കേസുകളിൽ പ്രമേഹവിദഗ്ധരായ സ്ത്രീഡോക്ടർമാർ  ഇല്ലാത്തപക്ഷം  ചികിൽസ സാധ്യമാവില്ല എന്നതുംഒരു സാമൂഹിക വെല്ലുവിളിയാണ്.

സാമ്പത്തിക വെല്ലുവിളികൾ
പലപ്പോഴും സ്ത്രീകൾ സാമ്പത്തികഭദ്രത ഇല്ലാത്തവരായിരിക്കും. സ്വന്തമായി ജോലി ഉള്ള സ്ത്രീകൾപോലും സാമ്പത്തിക സ്വാശ്രയത്വം ഇല്ലാത്തവരാണെന്നത് ഒരു വസ്തുത തന്നെയാണ്. പല സ്ത്രീകളും തങ്ങളുടെ സാമ്പത്തികാവശ്യങ്ങൾക്കായ ഭർത്താവിനെയോ മക്കളെയോ ആശ്രയിക്കുന്നവരാണ്. ഇതും ചികിത്സയോട് വിമുഖത കാണിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കാറുണ്ട്. 'തുല്യജോലിക്ക് തുല്യ വേതനം' എന്നുള്ളത് പലപ്പോഴും പ്രാവർത്തികമാകുന്നത് സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ്. പലയിടത്തും സ്ത്രീകൾക്ക് വേതനം കുറച്ചാണ് നൽകാറുള്ളത്. ഇതും സ്ത്രീകളിൽ സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇത് പലപ്പോഴും ഫലപ്രദമായ ചെലവ് കൂടിയ ചികിത്സകളിൽ നിന്നും സ്ത്രീകളെ അകറ്റി നിർത്താറുണ്ട്. സ്വന്തം ആരോഗ്യത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതിന് മിക്കവാറും സ്ത്രീകൾ താൽപര്യവുമില്ല.

ചികിൽസയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ കീഴടക്കാം?
സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ. സ്ത്രീകൾ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നേടണം.
സ്ത്രീകൾ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണം.

മാനസിക പിരിമുറുക്കം ഒഴിവാക്കുവാനും മാനസികോല്ലാസത്തിനുള്ള സമയം സ്ത്രീകൾ സ്വയം കണ്ടെത്തണം സ്ത്രീകൾക്ക് തങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ കൂടുതൽ വ്യാപൃതരാവണം.

സ്ത്രീ കൂട്ടായ്മകളെ കൂടുതൽ പ്രോൽസാഹിപ്പിക്കുകയും, കൂട്ടായുള്ള വ്യായാമമുറകൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം.
സ്ത്രീയുടെ ആരോഗ്യകാര്യങ്ങളിൽ കുടുംബത്തിന്റെ പൂർണ പിന്തുണ നൽകണം.

രോഗത്തെക്കുറിച്ച് സ്ത്രീകളെ കൂടുതൽ ബോധവതികളാക്കുകയും, സ്ത്രീകൾക്കും തുല്യവും താങ്ങാവുന്നതുമായ ചികിത്സ ലഭ്യമാക്കുകയും വേണം.
2018ലെ അന്തർദേശീയ വനിതാദിനസന്ദേശം "ഇതാണ് സമയം ഗ്രാമീണവും നാഗരികവുമായ പ്രക്ഷോഭകാരികൾ സ്ത്രീജിവിതത്തെ പരിവർത്തനം ചെയ്യുന്നു'' എന്നതാണല്ലോ. ഈ സന്ദേശം പ്രാവർത്തികമാക്കി സ്ത്രീജീവിതത്തെ പരിവർത്തനം ചെയ്യാൻ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞാബദ്ധരാകാം.

(എറണാകുളം അയ്യമ്പിളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനും ഐഎംഎ കൊച്ചി വനിതാവിഭാഗം മുൻ സെക്രട്ടറിയുമാണ് ലേഖിക). drsheejasrnivas@gmail.com

പ്രധാന വാർത്തകൾ
Top