16 October Tuesday

വിചാരണത്തടവുകാര്‍ ആരാണ്? എന്തൊക്കെ അവകാശങ്ങളുണ്ട്?

അഡ്വ. മിനി ഫ്രാന്‍സിസ്Updated: Thursday Dec 7, 2017

ജീവിതത്തിന്റെ കാതലായ 8150 ദിവസം വിചാരണത്തടവുകാരനായിഎന്നെ  ജയിലിലിട്ടു. എന്റെ ജീവിതം അവസാനിച്ചു. നിങ്ങളിപ്പോള്‍  ഈ കാണുന്നത് ജീവിക്കുന്ന ജഡമാണ്. ഭീകരക്കേസില്‍ ജയിലിലടച്ച് 23 വര്‍ഷത്തിനുശേഷം തെളിവില്ലെന്നു കണ്ട് സുപ്രീംകോടതി വിട്ടയച്ച കര്‍ണാടകത്തിലെ കലബുര്‍ഗി സ്വദേശിയുടേതാണ് ഈ  വാക്കുകള്‍...

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്കു മുന്നിലുള്ള ഒരു പ്രധാന ചോദ്യമാണ്  നമ്മുടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന വിചാരണത്തടവുകാരുടെ എണ്ണവും  അനന്തമായി നീണ്ടുപോകുന്ന  അവരുടെ  വിചാരണത്തടവു കാലവും. ഇന്ത്യയിലെ കോടതികളില്‍  കെട്ടിക്കിടക്കുന്ന മൂന്നരക്കോടിയോളം കേസില്‍  ജയിലുകളിലുള്ള നാലുലക്ഷത്തോളം തടവുകാരില്‍  66 ശതമാനവും വിചാരണത്തടവുകാരാണെന്ന് 2015ലെ നാഷണല്‍ ജ്യുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു കുറ്റകൃത്യത്തെത്തുടര്‍ന്ന് പൊലീസിനാല്‍ അറസ്റ്റ്ചെയ്യപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിചാരണയ്ക്കായി കാത്തുകിടക്കുന്നയാളാണ് വിചാരണത്തടവുകാരന്‍.
ഈ വിചാരണത്തടവുകാരില്‍ ഭൂരിഭാഗവും പെറ്റിക്കേസുകളുടെ പേരില്‍  പിടിക്കപ്പെട്ടവരും  സ്വന്തമായി അഭിഭാഷകനെ വയ്ക്കാന്‍ പണമില്ലാത്തവരുമാണ്. തടവുകാരാണ് ഏറ്റവും കൂടുതല്‍  മനുഷ്യാവകാശ ധ്വംസനത്തിന് വിധേയരാവുന്നത്.

1978ല്‍ വി ആര്‍ കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായപ്പോള്‍ തിഹാര്‍ ജയിലിലെ തടവുകാരന്‍ പീഡനത്തെക്കുറിച്ചെഴുതിയ കത്ത് പൊതുതാല്‍പ്പര്യ ഹര്‍ജിയായി  അദ്ദേഹം സ്വീകരിച്ചു.

ഏത് പൌരനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്  ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ തടവുകാരനെ സംബന്ധിച്ചിടത്തോളം ഇത് മാറ്റമില്ലാതെ നില്‍ക്കുന്നുവെന്ന് അന്ന്  അദ്ദേഹം പറഞ്ഞു. വിചാരണത്തടവുകാര്‍ കുറ്റവാളികളല്ല. കുറ്റാരോപിതര്‍ മാത്രമാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍  നിഷേധിക്കുന്നത് കടുത്ത നിയമലംഘനമാണ്.

വിചാരണത്തടവുകാരെ അതതു സംഗതികളില്‍ 60 ദിവസത്തിനുശേഷമോ 90  ദിവസത്തിനുശേഷമോ  വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്ചെയ്തുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനുമുമ്പ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന്  പ്രതിയെ അറിയിക്കുകയും  അയാള്‍ക്ക് സൌജന്യ നിയമസഹായത്തിനുള്ള വ്യവസ്ഥ ഉറപ്പാക്കുകയും  ചെയ്യുക എന്നത്  മജിസ്ട്രേട്ടിന്റെ  ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി 1979 se-  Hussainara  Khatoon vs. State of Bihar AIR- 1979 SC- 1377  എന്ന കേസില്‍  വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 436 എ വകുപ്പുപ്രകാരം  പ്രതികള്‍  അവരുടെ ശിക്ഷാകാലയളവിന്റെ പകുതിസമയം വിചാരണത്തടവുകാരായി കഴിഞ്ഞിട്ടുണ്ടെങ്കില്‍  അവര്‍ക്ക് ജാമ്യം നല്‍കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജയിലുകളില്‍  ആയിരക്കണക്കിന് വിചാരണത്തടവുകാര്‍  ജാമ്യത്തിലിറക്കാന്‍ ആളില്ലാത്തതിനാല്‍  ജീവിതകാലം മുഴുവന്‍  തടങ്കലില്‍ കിടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ കുടുംബങ്ങളും മനുഷ്യാവകാശലംഘനത്തിന് വിധേയരാകുന്നു.

CRPC- 436F വകുപ്പുപ്രകാരം വിചാരണത്തടവുകാരെ മോചിപ്പിക്കണമെന്ന് 2014 സെപ്തംബറില്‍ സുപ്രീംകോടതി എല്ലാ  സംസ്ഥാനങ്ങള്‍ക്കും  നിര്‍ദേശം  നല്‍കിയിരുന്നു.
ജില്ലാ ജഡ്ജിയും ജില്ലാ മജിസ്ട്രേട്ടും പൊലീസ് സൂപ്രണ്ടും അടങ്ങുന്ന മൂന്നംഗസമിതി രൂപീകരിച്ച് എല്ലാ ജില്ലയിലും വിചാരണത്തടവുകാരുടെ കേസുകള്‍ പുനഃപരിശോധിക്കുന്ന സമിതി രൂപീകരിക്കാനും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്  അന്ന് ഉത്തരവിട്ടു. തടവുകാര്‍  ജയിലില്‍ നേരിടുന്ന മര്‍ദനമുറകള്‍, അനാരോഗ്യസ്ഥിതി, വിചാരണയിലെ കാലതാമസം എന്നിവയും  സുപ്രീംകോടതി പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വിചാരണത്തടവുകാരെയും കേസ് നടത്താന്‍ പണമില്ലാത്തവരെയും സഹായിക്കുന്നതിനുള്ള സംവിധാനത്തിന് അതത് സംസ്ഥാനങ്ങളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റികളെ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. 

കോടതിനിര്‍ദേശം അനുസരിച്ച്  ജയിലില്‍ ബീഡിവലിക്കാനുള്ള സ്വാതന്ത്യം തടവുകാരനുണ്ട്. ജോലിക്കു കൂലിയും,ഭക്ഷണത്തിലും വേഷത്തിലും മാനുഷികമായ മാറ്റവുംതടവുകാരന് ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ 1380 ഓളം ജയിലുകളില്‍ തടവുകാരെ കുത്തിനിറച്ച് പാര്‍പ്പിച്ചിരിക്കുന്ന ദുസ്സഹമായ സ്ഥിതി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

തടവുകാരനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നുള്ള സന്ദേശമാണ് ജസ്റ്റിസ് ലഹോട്ടി അന്ന് നല്‍കിയത്.
ഇതേത്തുടര്‍ന്ന് തടവുകാര്‍ക്ക്  ജയിലില്‍ അന്തസ്സോടെ ജീവിക്കാന്‍ കഴിയണമെന്നുള്ളത് ഉറപ്പാക്കാന്‍ സംസ്ഥാന ഡിജിപിമാര്‍ നടപടി എടുത്തിരിക്കണമെന്നും തടവുകാരന്റെ ക്ഷേമം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും വേഗത്തില്‍ തന്റെ കേസ് വിചാരണ നടത്തിക്കിട്ടണമെന്ന ഒരു തടവുകാരന്റെ അവകാശം ഭരണഘടനയിലെ  21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൌലികാവകാശമാണ്.
തടവില്‍ക്കഴിയുമ്പോള്‍  ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനും  തന്റെ  അഡ്വക്കറ്റിനെ  കാണുന്നതിനും  തടവുകാരന് അവകാശമുണ്ട്. 
ഏകാന്തതടവും ജയിലിലെ മറ്റു പീഡനമുറകളും ഒരു തടവുകാരന്റെയുംമേല്‍ അടിച്ചേല്‍പ്പിക്കാന്‍പാടില്ല.

V Vatheeswaran vs. State of Tamil Nadu,  AIR 1983 SC 361:(1983) 2 SCC 68, State of AP vs. Challa Ramkrishna Reddy, (2000) 5 SCC 712:- AIR 2000 SC 2083.  എന്നീ കേസുകള്‍തടവുകാരുടെ അവകാശങ്ങള്‍ സംബന്ധിച്ച  പ്രധാനപ്പെട്ട തീര്‍പ്പുകളാണ്.

സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് 2014ല്‍ അന്യായ പീഡനമുറകള്‍  ഇല്ലാതാക്കുന്നതിന് എല്ലാ ജയില്‍ സൂപ്രണ്ടുമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നു കാണിച്ച് ഒരു സര്‍ക്കുലര്‍ കേരളത്തില്‍ ജയില്‍ ഡിജിപി പുറത്തിറക്കിയിട്ടുണ്ട്. 

സ്ഥിരമായി ഇത്തരം പ്രവണതകള്‍ കാണിക്കുന്ന ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിരീക്ഷിക്കണമെന്നും പീഡനമുറകള്‍ ഉണ്ടായാല്‍  കര്‍ശനമായ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും ഇക്കൂട്ടരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും  ഈ  ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

തടവുകാരുടെ  അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന  നിയമമാണ് -Prisons Act, 1894. 1958ലെ കേരള പ്രിസന്‍സ്  റൂള്‍  അനുസരിച്ചാണ് കേരളത്തില്‍ ജയിലുകളുടെ ‘ഭരണം നടക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ അയ്യായിരത്തോളം വിചാരണത്തടവുകാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ വിചാരണത്തടവുകാരെപ്പറ്റിയും അവരുടെമേല്‍  ചുമത്തപ്പെട്ട കേസുകളെപ്പറ്റിയും സൂക്ഷ്മമായി വിശകലനംചെയ്യുമ്പോള്‍  ഞെട്ടിക്കുന്ന ചില വസ്തുതകള്‍  നമുക്ക് ബോധ്യമാകുന്നുണ്ട്. ഇത്തരം തടവുകാരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്നതാണ് അതിലെ സുപ്രധാന കാര്യം. വിചാരണത്തടവുകാര്‍ക്കെതിരെയുള്ള  എല്ലാ കേസും പുനഃപരിശോധിക്കാനും ഈ വിഷയത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനും രാജ്യത്തെ മുഴുവന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാര്‍ക്കും കേന്ദ്രഗവണ്മെന്റ്  ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 mpapw@yahoo.com
          

പ്രധാന വാർത്തകൾ
Top