22 October Monday

നേന്ത്രവാഴക്കൃഷി: രാസവളപ്രയോഗത്തില്‍ മിതത്വം വേണം

എം കെ പി മാവിലായിUpdated: Thursday Dec 7, 2017

പല  നേന്ത്രവാഴക്കൃഷിക്കാരും അമിതവും അശാസ്ത്രീയവുമായ വിധത്തിലാണ് രാസവളപ്രയോഗം നടത്തുന്നത്. ഇത് പലപ്പോഴും കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശചെയ്യുന്നതിന്റെ പല മടങ്ങാണെന്നു കാണാന്‍കഴിയും. എന്‍പികെ പോഷകമൂലകത്തിന്റെ അനുപാതത്തിലും വലിയ ക്രമക്കേട് കാണാറുണ്ട്.

നേന്ത്രവാഴ നട്ട് എട്ടുമാസം കഴിഞ്ഞാണ് കുല പുറത്തുവരുന്നതെങ്കിലും കുലയുടെ വലുപ്പവും കായ്കളുടെ എണ്ണവും നിശ്ചയിക്കുന്നത് വാഴയുടെ വളര്‍ച്ചയുടെ ആദ്യ ദശകളിലാണ്. അതിനാല്‍ വാഴക്കന്ന് നട്ട് ശൈശവകാലഘട്ടങ്ങളില്‍തന്നെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കണം.
വാഴയുടെ അഗ്രമുകുളം ആദ്യം ഇലകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. കന്നിന്റെ വളര്‍ച്ചാദശയില്‍ 15 ഇലകളും കന്ന് മാറ്റി നട്ടുകഴിഞ്ഞാല്‍ പിന്നീട് 50 വരെ ഇലകളും ഉല്‍പ്പാദിപ്പിക്കും. തുടര്‍ന്ന് അഗ്രമുകുളം അതിസൂക്ഷ്മ പൂങ്കുലകളായി രൂപപ്പെടും. കുലയിലെ കായ്കളുടെയും പടലകളുടെയും എണ്ണം ഈ സമയത്താണ് നിശ്ചയിക്കുന്നത്. തുടര്‍ന്ന് മൂന്നുമാസംകൊണ്ട് വാഴ കുലയ്ക്കുകയും വീണ്ടുമൊരു മൂന്നുമാസംകൊണ്ട് കുല മൂപ്പെത്തുകയും ചെയ്യുന്നു.

കേരള കാര്‍ഷിക സര്‍വകലാശാല നേന്ത്രവാഴകള്‍ക്ക് ശുപാര്‍ശ ചെയ്ത വളപ്രയോഗം വിദഗ്ധ പരീക്ഷണങ്ങള്‍ക്കുശേഷമാണ.്  നേര്‍വളങ്ങളായ യൂറിയ, മസൂറിഫോസ്, പൊട്ടാഷ് എന്നീ മൂന്നു വളങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള അളവും പകരം ഫാക്ടംഫോസ്, മസൂറിഫോസ്, പൊട്ടാഷ് വളങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള അളവും കാര്‍ഷിക സര്‍വകലാശാല വ്യക്തമാകിയിട്ടുണ്ട്. പ്രധാന പോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം 190 ഗ്രാം, 115 ഗ്രാം, 300 ഗ്രാം കിട്ടത്തക്കവിധമുള്ള രാസവളപ്രയോഗമാണ് അഭികാമ്യം.

രാസവളത്തിനു പുറമെ നടുന്ന സമയത്ത് വാഴയൊന്നിന് 10 കി.ഗ്രാം തോതില്‍ കംബോസ്റ്റ്, കാലിവളം, പച്ചിലവളം ഇവയിലൊന്നോ എല്ലാംകൂടിയോ നല്‍കണം. അമ്ളത ഉള്ളയിടങ്ങളില്‍ അര കി.ഗ്രാംവരെ കുമ്മായം ഒരു വാഴയ്ക്ക് എന്ന കണക്കിന് നല്‍കുന്നത് നല്ല ഫലംചെയ്യും. രാസവളങ്ങള്‍ ആറ് ഗഡുക്കളായി വേണം നല്‍കാന്‍.
വാഴക്കന്ന് നട്ടശേഷം ഇടസ്ഥലത്ത് ചണമ്പ്, ഡയിഞ്ച, മമ്പയര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ വിത്ത് ഏക്കറിന് 10 കി.ഗ്രാം എന്ന കണക്കിനു വിതച്ച് വളര്‍ത്തിയാല്‍ ഒരുമാസംകൊണ്ട് അവ വളര്‍ന്ന് മുഴുവന്‍ വാഴയ്ക്കും വേണ്ട ജൈവവളം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഇപ്രകാരം ചെയ്യുമ്പോള്‍ പെട്ടെന്ന് അഴുകിച്ചേരുന്ന ഈ ജൈവവളങ്ങള്‍ ആദ്യത്തെ രാസവളപ്രയോഗത്തോടൊപ്പം നല്‍കാവുന്നതാണ്.
 

പ്രധാന വാർത്തകൾ
Top