21 June Thursday

വരുന്നു ഉഷ്ണതരംഗങ്ങള്‍ അരങ്ങു വാഴുംകാലം

ഡോ. ഗോപകുമാര്‍ ചോലയില്‍Updated: Thursday Sep 7, 2017

മാരക ഉഷ്ണതരംഗങ്ങള്‍ ദക്ഷിണേഷ്യയെ ചുട്ടുപൊള്ളിക്കുന്ന കാലഘട്ടമാകും വരാന്‍പോകുന്നതെന്ന് പഠനങ്ങള്‍. ലോകത്തിലെ അഞ്ചിലൊരുഭാഗം ജനങ്ങള്‍ ജീവിക്കുന്ന ദക്ഷിണേഷ്യയില്‍ തീക്ഷ്ണതയേറിയ ഉഷ്ണതരംഗങ്ങളും, ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ചേര്‍ന്ന് ജീവിതം അസാധ്യമാക്കും. പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു നടത്തിയ ഒരു അനുമാനിത പഠനപ്രകാരം ദക്ഷിണേഷ്യയില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ അധികം ചൂടേറിയ ദിനങ്ങള്‍ ഈ മേഖലയില്‍ അനുഭവപ്പെടുമെന്ന് കാണപ്പെട്ടിട്ടുണ്ട്. എന്നാല്‍, പേര്‍ഷ്യന്‍ ഗള്‍ഫില്‍ സൃഷ്ടിക്കാവുന്നതിനെക്കാള്‍ കടുത്ത പ്രത്യാഘാതങ്ങളാകും ഏകദേശം 150 കോടി ജനങ്ങള്‍ വസിക്കുന്ന ബംഗ്ളാദേശ്, ദക്ഷിണ പാകിസ്ഥാന്‍ എന്നിവയുള്‍പ്പെട്ട ദക്ഷിണേഷ്യയില്‍ കടുത്ത ഉഷ്ണതരംഗ സ്വാധീനങ്ങള്‍ക്ക് സൃഷ്ടിക്കാനാവുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്തെ വിസ്തൃതമായ സമുദ്രസാന്നിധ്യംമൂലം ചൂട് കൂടുതലായി അനുഭവപ്പെട്ടാലും ഏറിയപങ്കും സമുദ്രജലം ആഗിരണംചെയ്യുന്നതുമൂലം ജനവാസമേഖലകളില്‍ അധികം പ്രത്യാഘാതം അനുഭവപ്പെട്ടേക്കില്ല. 

കാര്‍ഷിക മേഖലയെ തകര്‍ക്കും
താരതമ്യേന ദരിദ്രരായ ജനങ്ങള്‍ നിവസിക്കുന്ന ദക്ഷിണേഷ്യന്‍ മേഖലകളിലാകട്ടെ, ജനസംഖ്യയില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവനമാര്‍ഗം കൃഷിയാണ്. പൊള്ളുന്ന വെയിലില്‍ ദീര്‍ഘസമയം ജോലിചെയ്യേണ്ടിവരുന്നതുമൂലം സ്വാഭാവികമായും ഉഷ്ണതരംഗപ്രഭാവത്തിന് ഈ മേഖലയില്‍ വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. നിലവിലെ സാഹചര്യങ്ങളില്‍തന്നെ ഇന്ത്യയില്‍ ജനസംഖ്യയുടെ ഏകദേശം രണ്ടുശതമാനത്തോളം ജനങ്ങള്‍ കടുത്ത ചൂട്, ഉയര്‍ന്ന ആര്‍ദ്രത എന്നിവയുടെ സംയുക്തഫലങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. 2100-ഓടെ 70 ശതമാനത്തോളം ജനങ്ങള്‍ ഈ സ്ഥിതിവിശേഷത്തിനടിമപ്പെടുമെന്ന് കരുതുന്നു. ഇവരില്‍തന്നെ, ഏകദേശം രണ്ടുശതമാനത്തോളം ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വെല്ലുവിളിയാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്ക് വിധേയരാകുകയും ചെയ്യും. തന്നെയുമല്ല, സാധാരണഗതിയില്‍ കാര്‍ഷികവൃത്തിയില്‍ഏര്‍പ്പെടുന്നവരാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കൂടുതലും വിധേയരാകുന്നതെന്നതിനാല്‍, കാര്‍ഷികമേഖലയുടെയും താളംതെറ്റും. ഉല്‍പ്പാദനം കുത്തനെ ഇടിയുന്നതിനാല്‍ ഫലത്തില്‍ എല്ലാവിഭാഗം ജനങ്ങളും ദുരിതം അനുഭവിക്കേണ്ടിവരും. ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം മാറുന്ന കാലാവസ്ഥ കാര്‍ഷികമേഖലയില്‍ ഉളവാക്കുന്ന പ്രത്യാഘാതം, മേഖലയിലെ ഭക്ഷ്യവിതരണത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അന്തരീക്ഷതാപനില ഉയരുമ്പോള്‍ ഗോതമ്പുല്‍പ്പാദനം കുറയാനുള്ള പ്രവണതയാണ് കാണപ്പെട്ടിട്ടുള്ളത്. ഏതാണ്ട് ഒരുദശകത്തിനപ്പുറംവരെ ഇന്ത്യയിലെ ഗോതമ്പുല്‍പ്പാദനത്തില്‍ വര്‍ധനവിനുള്ള പ്രവണതയാണ് കാണപ്പെട്ടിരുന്നതെങ്കിലും ഇന്നതില്ല. രാത്രികാല താപനില വര്‍ധിക്കുന്നത് ഗോതമ്പുല്‍പ്പാദനത്തെ പുറകോട്ടടിക്കും. ചൂട് കൂടുന്ന അവസ്ഥയില്‍ ഗോതമ്പുല്‍പ്പാദനം പൊതുവെ മന്ദീഭവിക്കുന്നതായാണ് കാണപ്പെടുന്നത്; പ്രത്യേകിച്ച് പ്രത്യുല്‍പ്പാദനഘട്ടത്തിലോ മൂപ്പെത്തുന്ന വേളയിലോ അനുഭവപ്പെടുന്ന കൂടിയചൂട് ഉല്‍പ്പാനത്തില്‍ പ്രതികൂല ആഘാതം സൃഷ്ടിക്കും. രാത്രികാല താപനില കൂടുന്നതുതന്നെയാണ് ഉല്‍പ്പാദനത്തെ ഗോതമ്പ് കൃഷിചെയ്യുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ പ്രത്യുല്‍പ്പാദനഘട്ടത്തിലും മൂപ്പെത്തുന്ന ഘട്ടത്തിലും അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂടിനെ അതിജീവിക്കാന്‍ കൃഷിയിറക്കുന്ന സമയം മുന്‍കൂട്ടി ക്രമപ്പെടുത്താറുണ്ട്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മാര്‍ഗവും പ്രായോഗികമല്ല. കാരണം, ശരാരശി അന്തരീക്ഷ താപനില പൊതുവെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഉയര്‍ന്ന അന്തരീക്ഷ താപനിലയോട് സഹിഷ്ണുത പുലര്‍ത്തുന്ന ഗോതമ്പിനങ്ങള്‍ കൃഷിചെയ്യാന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ്.

ഉത്തരേന്ത്യ വരളും
ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫലഭൂയിഷ്ടമായ സിന്ധു-ഗംഗാ സമതലങ്ങളാണ് ഉഷ്ണതരംഗങ്ങള്‍ ഏറ്റവമധികം പിടിമുറുക്കുന്നിടം എന്നാണ് അനുമാനിക്കപ്പെടുന്നത.് ഇത്തരമൊരുഅനുമാനത്തിലേക്കെത്തിച്ചേരാന്‍ മൂന്ന് കാരണങ്ങളുണ്ട്.

ഒന്നാമത്തേത്, അറബിക്കടലില്‍നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും ഉള്ള നീരാവിനിറഞ്ഞ വായുവിനെ മണ്‍സൂണ്‍കാറ്റുകള്‍ സിന്ധു-ഗംഗാ താഴ്വരയിലെത്തിക്കുന്നു. രണ്ടാമതായി, സിന്ധു-ഗംഗാ തലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്കുപോലും സമുദ്രനിരപ്പില്‍നിന്ന് 100 മീറ്ററില്‍ താഴെ മാത്രമേ ഉയരമുള്ളു. അതിനാല്‍, ഈ പ്രദേശങ്ങളിലെ ഉപരിതല വായുമണ്ഡലം ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേതിനെ അപേക്ഷിച്ച് സാധാരണഗതിയില്‍ ചൂടേറിയതാകും. തന്നെയുമല്ല, സിന്ധു-ഗംഗാതലങ്ങളിലെ മിക്ക പ്രദേശങ്ങളും ജലസേചനാശ്രിത കൃഷിസമ്പ്രദായങ്ങള്‍ അനുവര്‍ത്തിക്കുന്നവയുമാണ്. തന്മൂലം ഈ പ്രദേശങ്ങളിലെ വായുമണ്ഡലം മിക്കവാറും ആര്‍ദ്രത ഏരിയതാകും. ഇതിനെല്ലാം പുറമെ കാലാവസ്ഥയില്‍ വന്‍തോതിലുണ്ടാകുന്ന വ്യതിചലനങ്ങളുടെ വിദൂരനിയന്ത്രണവും പരോക്ഷമായിട്ടാണെങ്കില്‍പ്പോലും, ഈ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഉഷ്ണതരംഗങ്ങളുടെ പ്രകൃതത്തെ സ്വാധീനിക്കുന്നു.

ഉദാഹരണത്തിന്, ഉഷ്ണതരംഗങ്ങളുടെ പ്രകൃതം നിര്‍ണയിക്കുന്നതിന് എല്‍നിനോ-ദക്ഷിണദോലന പ്രഭാവങ്ങള്‍ക്കുള്ള സ്വാധീനം മുമ്പേതന്നെ ഗവേഷണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യണ്‍ മണ്‍സൂണിന്റെ ആരംഭം വൈകുന്നതിനും മഴ കുറയുന്നതിനും എല്‍നിനോ കാരണമാകുന്നുണ്ട്. തന്മൂലം വളരെ തീക്ഷ്ണമായതും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗങ്ങള്‍ക്കും എല്‍-നിനോ കാരണമാകുന്നു. എന്‍നിനോ വര്‍ഷങ്ങളെത്തുടര്‍ന്നാണ് കൂടുതല്‍ തീക്ഷ്ണവും വ്യാപാകവുമായ ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈര്‍പ്പഭരിതമായ വായുവിന്റെ സാന്നിധ്യമാണ് ഉഷ്ണതരംഗപ്രഭാവങ്ങള്‍ക്ക് കാഠിന്യമേറ്റുന്നതെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണേഷ്യയില്‍തന്നെ ഉത്തരേന്ത്യയാകും ഉഷ്ണതരംഗ പ്രത്യാഘാതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അടിപ്പെടുക. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ ചൈനയാകും ഉഷ്ണതരംഗപ്രഭാവംകൊണ്ടു വലയുന്ന മറ്റൊരു പ്രദേശം. സാമ്പത്തിക വികസനത്തിന്റെ ചുവടുപിടിച്ച് ഹരിതഗൃഹവാതക ഉര്‍സര്‍ജ്ജനം ഇപ്പോഴും ഉയര്‍ന്നനിരക്കില്‍തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന രണ്ട് രാജ്യങ്ങളായി ഇന്ത്യയും ചൈനയും അവശേഷിക്കുന്നു.

ഉയര്‍ന്ന അന്തരീക്ഷ താപത്തോടൊപ്പം ഉയര്‍ന്നതോതിലുള്ള അന്തരീക്ഷ ആര്‍ദ്രതകൂടി അനുഭവപ്പെടുമ്പോഴാണ് ചൂടേറിയ കാലാവസ്ഥയുടെ മാരകഫലങ്ങള്‍ മനുഷ്യന് അനുഭവേദ്യമാകുന്നത്. ശരീരത്തിലെ ജലാംശം ബാഷ്പീകരിക്കുന്ന പ്രക്രിയയിലൂടെയാണ് മനുഷ്യശരീരത്തിന് അതിന്റെ ആന്തരിക താപനില നിയന്ത്രണ വിധേയമായി നിലനിര്‍ത്താനാവുന്നത്. അന്തരീക്ഷ ആര്‍ദ്രതപൂരിതമാകുന്ന സന്ദര്‍ഭത്തില്‍ ശരീരത്തില്‍നിന്ന് ജലാംശം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് എത്തപ്പെടുന്ന പ്രക്രിയ നിലനില്‍ക്കുന്നു.തന്മൂലം ശരീരത്തിന്റെ താപനിയന്ത്രണശേഷി തകരാറിലാവുന്നു.

 

ദുരന്തമൊഴിവാക്കാന്‍ മുന്‍കരുതലുകള്‍
ഫോസില്‍ ഇന്ധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ഉപയോഗംമൂലം ഏഷ്യന്‍മേഖലയിലെ വേനല്‍ക്കാല അന്തരീക്ഷ താപനിലയില്‍ 2100ഓടെ ആറ് ഡിഗ്രി സെല്‍ഷ്യസ്വരെ വര്‍ധനയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

   കനത്ത വെള്ളപ്പൊക്കം, ഭക്ഷ്യക്ഷാമം തുടങ്ങിയവയും അനുബന്ധമായി ഉണ്ടായേക്കാം. കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധിവരെയെങ്കിലും നിയന്ത്രിക്കാനാവാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങളാണ് വരാന്‍പോകുന്നത്. ഇത് സ്വാഭാവികമായും സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഒരു കാലാവസ്ഥാ സാഹചര്യം വ്യാപകമായേക്കും. തല്‍ഫലമായി ഈ മേഖലയില്‍ ഇന്നേവരെആര്‍ജിതമായ നേട്ടങ്ങളും മന്ദീഭവിച്ചേക്കാം. ഏഷ്യന്‍ വികസന ബാങ്കിന്റെയും (അഉആ) പോട്ഡാം കാലാവസ്ഥാ ആഘാതപഠന ഗവേഷണഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ജര്‍മനി) നിരീക്ഷണപ്രകാരം, ജനങ്ങള്‍ ഇപ്പോഴത്തെ തോതില്‍തന്നെ ഫോസില്‍ ഇന്ധന ഉപയോഗം തുടരുന്നപക്ഷം ആഗോള ശരാശരി താപനിലയില്‍തന്നെ4ീര ന്റെ വര്‍ധന പ്രതീക്ഷിക്കാവുന്നതാണ്. ഏഷ്യന്‍മേഖലയില്‍ വേനല്‍ക്കാല താപനിലയില്‍ പൊതുവെ 6ീര ന്റെ വര്‍ധന അനുഭവപ്പെട്ടേക്കാമെന്ന് സൂചിപ്പിച്ചുവല്ലോ.എന്നാല്‍,ഉയര്‍ന്നപര്‍വതപ്രദേശങ്ങള്‍ ധാരാളമായുള്ള ദക്ഷിണേഷ്യയില്‍ അഫ്ഘാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, പാകിസ്ഥാന്‍, വടക്കുപടിഞ്ഞാറന്‍ ചൈന എന്നിവടിങ്ങളിലാകട്ടെ നേവല്‍ക്കാല താപനില 8ീരല്‍ ഏറെ ഉയര്‍ന്നേക്കാം. 2050-ഓടെ കൊടുംചൂടുകൊണ്ട് മരണപ്പെടുന്ന മുതിര്‍ന്ന ജനവിഭാഗങ്ങളുടെ സംഖ്യ പ്രതിവര്‍ഷം52,000 വരെയായി ഉയരാം (ഇപ്പോള്‍ ഉള്ളതിന്റെ ഏകദേശം പത്തരട്ടിയോളം).

അസാധാരണമാംവിധംഉയരുന്ന അന്തരീക്ഷ താപനിലമൂലം പൊതുവെ മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.മാത്രമല്ല, ശക്തമായ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യതമൂലം വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകും. എന്നാല്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കൂടുതല്‍ വരള്‍ച്ചയിലേക്കു നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യോല്‍പ്പാദനം പ്രതികൂലമായി ബാധിക്കപ്പെട്ടേക്കാം.

ദക്ഷിണപൂര്‍വേഷ്യയിലെ നെല്ലുല്‍പ്പാദനത്തില്‍ 50 ശതമാനത്തിന്റെവരെ കുറവുണ്ടായിട്ടുണ്ട്. ദക്ഷിണേഷ്യയില്‍ ഭക്ഷ്യക്കമ്മിമൂലം പോഷകദാരിദ്യ്രം അനുഭവപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏഴുദശലക്ഷംവരെ ഉയര്‍ന്നേക്കാം. അന്തരീക്ഷ താപനില ക്രമംവിട്ടുയരുന്ന സാഹചര്യത്തില്‍ സമുദ്രജലത്തിലെ അമ്ളത്വം വര്‍ധിക്കാനും തന്മൂലം പവിഴപ്പുറ്റുകള്‍ക്ക് വന്‍തോതില്‍ ശിഥിലീകരണം സംഭവിക്കാനും ഏറിയതോതില്‍ മഞ്ഞുരുകുകയും അതുവഴി സമുദ്രനിരപ്പ് 2100-ാം ആണ്ടോടെ 1.4 മീറ്റര്‍വരെ ഉയരാനുള്ള സാഹചര്യവുമുണ്ടാകും.

ലോകത്തെ ദാരിദ്യ്രം അനുഭവിക്കുന്ന ജനങ്ങളുടെ മൂന്നില്‍രണ്ടുഭാഗവും അധിവസിക്കുന്നത് ഏഷ്യ-പസഫിക് മേഖലയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ വഴിപ്പെടുന്നതും ഈ മേഖലകളാകും. ശക്തമായ അതിജീവനമാര്‍ഗങ്ങള്‍ എത്രയുംപെട്ടെന്ന് സ്വീകരിക്കാത്തപക്ഷം തീക്ഷ്ണ കാലാവസ്ഥാപ്രഭാവങ്ങള്‍മൂലമുള്ള ദുരന്തങ്ങളും കൊടിയ പട്ടിണിയുമാകും ഈ മേഖലയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. 2030 ഓടെ ഏഷ്യ-പസഫിക് മേഖലയിലെ ചില നഷ്ടങ്ങള്‍ വന്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. ഇതിന്റെ പരിണതഫലമായി ധനികര്‍ കൂടുതല്‍ ധനികരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന  അവസ്ഥാവിശേഷമുണ്ടാകാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തിലും 2030-ഓടെ പ്രതീക്ഷിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ പരോക്ഷമായും പ്രതികൂലമായി  ബാധിക്കുന്നത് ദരിദ്രവിഭാഗങ്ങളെതന്നെയാകും.

2010, 2013, 2015 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ അനുഭവപ്പെട്ട ശക്തമായ ഉഷ്ണതരംഗങ്ങള്‍മൂലം ആയിരങ്ങളാണ് മരിച്ചത്. 2015ലേത് ആഘാതത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനിന്നതായിരുന്നു. 3500 പേരാണ് ഇന്ത്യയിലും പാകിസ്ഥാനിലുമായി മരണപ്പെട്ടത്. വരുംനാളുകളില്‍ ഉഷ്ണതരംഗങ്ങള്‍ വളരെ സാധാരണ സംഭവമായി മാറിയേക്കാം; ദീര്‍ഘനാള്‍ നിലനിന്നേക്കാം; വളരെ ശക്തിയേറിയതുമായേക്കാം. രാജ്യത്തെ അന്തരീക്ഷ താപനിലയില്‍ 0.5ീര ന്റെ വര്‍ധനവില്‍തന്നെ 1960കളില്‍ ഉഷ്ണതരംഗംമൂലം മരണപ്പെട്ടവരുടെ സംഖ്യ ഇരട്ടിയായി വര്‍ധിച്ചു. ആഗോള താപനില വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യങ്ങളില്‍ ഇന്ത്യയിലും ഉഷ്ണതരംഗസാന്നിധ്യം കൂടാനാണ് സാധ്യത. ഉയര്‍ന്ന ചൂടും കൂടിയ ഈര്‍പ്പമാനവുംമൂലം ഉണ്ടാകുന്ന സ്ഥിതിയില്‍ മരണനിരക്കും വര്‍ധിക്കാനിടയുണ്ട്.
ഉഷ്ണതരംഗങ്ങളെ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. അഹമ്മദാബാദ്തന്നെ നല്ല ഉദാഹരണം. 2010ലെ ഉഷ്ണതരംഗ പ്രഭാവംമൂലം 1300 ലേറെ പേര്‍ മരണപ്പെട്ടിടത്ത് 2015ലെ ഉഷ്ണതരംഗ ആഘാതത്തില്‍ കേവലം 20 ആയി പരിമിതപ്പെട്ടിരുന്നു. ഏഴ് ദശലക്ഷം ജനങ്ങളാണ് നഗരത്തില്‍ വസിക്കുന്നത്.

ഇത്തരത്തിലുള്ള സമഗ്രമായ കര്‍മപദ്ധതികള്‍ ഉഷ്ണതരംഗ സാധ്യതയുള്ള പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. അതുതന്നെയാണ് വരുംനാളുകളില്‍ കടുത്ത പ്രഹരമേല്‍പ്പിക്കാവുന്ന ഉഷ്ണതരംഗ പ്രഭാവത്തില്‍നിന്ന് മുക്തമാകാനുള്ള വഴി.


(കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കാലാവസ്ഥാശാസ്ത്രജ്ഞനാണ് ലേഖകന്‍)

 

പ്രധാന വാർത്തകൾ
Top