Top
18
Monday, December 2017
About UsE-Paper

നീലവണ്ട് - നെല്‍കൃഷിയിലെ പുതിയ കീടോദയം

Thursday Sep 7, 2017
വി ആര്‍ ആര്‍

ഓലചുരുട്ടിപ്പുഴുവും തണ്ടുതുരപ്പനും ചാഴിയും മുഞ്ഞയുമായിരുന്നു, വര്‍ഷങ്ങളായി നെല്‍കൃഷിയിലെ പ്രശ്നക്കാര്‍. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച മാറ്റങ്ങള്‍ തുണച്ച നീലവണ്ട് ഇന്ന് കൃഷിയിലെ പ്രധാന വില്ലനാണ്. സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങുന്നതിനുതന്നെ ഇവ കാരണമാകും.
തിളങ്ങുന്ന നീലനിറമാണ് ഈ വണ്ടിന്റെ പ്രത്യേകത. ഇലമടക്കുകളിലാണ് മുട്ടയിടുക. വണ്ടുകള്‍ മാത്രമല്ല, മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കളും ആക്രമോത്സുകരാണ്. ഇലയിലെ ഹരിതകം കാര്‍ന്നുതിന്നുന്നതാണ് പ്രധാന പണി. ആക്രമണവിധേയമായ ഇലയില്‍ ഞരമ്പുകള്‍ മാത്രം അവശേഷിക്കുന്നു. നീലവണ്ടുകള്‍ക്ക് ഏറെ പ്രിയം ഇളം ഇലകളാണ്. അതുകൊണ്ടുതന്നെ വളര്‍ച്ച മുരടിക്കുന്നു.

സാധാരണഗതിയില്‍ രണ്ടാംവിള നെല്‍കൃഷിയില്‍ കണ്ടിരുന്ന നീലവണ്ട് ഇപ്രാവശ്യം ഒന്നാംവിളയില്‍തന്നെ ആക്രമണം തുടങ്ങിയതിന് പ്രധാന കാരണം കര്‍ക്കടകമാസത്തില്‍ കാലാവസ്ഥയിലുണ്ടായ മാറ്റമാണ്.

വയല്‍വരമ്പുകളും, പുല്ലും, കളകളും പറിച്ചുകളഞ്ഞ് വൃത്തിയാക്കുന്നത് നീലവണ്ടിനെ അകറ്റാന്‍ നല്ല മാര്‍ഗമാണ്. ഒരു പാടശേഖരത്തില്‍ ഒന്നിച്ച് കൃഷിയിറക്കുന്നത് നിയന്ത്രണം എളുപ്പമാക്കും. സന്ധ്യക്ക് വയലിറമ്പുകളില്‍ ചൂട്ട് കത്തിക്കുന്നത് വണ്ടിനെ ആകര്‍ഷിച്ച് നശിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ്. പുഴുക്കള്‍ കാണുമ്പോള്‍തന്നെ മിത്രകുമിളായ ബ്യുവേറിയ 20 ഗ്രാം ഒരുലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കണം. മണ്ണെണ്ണ 15 മില്ലി. ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി അഞ്ച്ഗ്രാം ബാര്‍സോപ്പുമായി ചേര്‍ത്ത് തളിക്കുന്നത് ജൈവകീടനിയന്ത്രണ മാര്‍ഗത്തില്‍പ്പെടും. നീലവണ്ട് കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം. രാസകീടനാശിനികള്‍ പ്രയോഗിക്കേണ്ടിവന്നാല്‍ രാവിലെ ഒമ്പതിനു മുമ്പോ പകല്‍ മൂന്നിനുശേഷമോ മാത്രം തളിക്കുക.