20 September Thursday

ഗൗരാമിക്ക് പ്രിയമേറുന്നു

സഹദേവൻ പിUpdated: Thursday Jul 5, 2018

 


ലോകത്തിലെ ഏറ്റവും രുചിയേറിയ മത്സ്യം ഗൗരാമിയാണത്രെ. നെയ്മീനിന്റെയും ആവോലിയുടെയും കരിമീനിന്റെയും രുചി നാവിൽതുമ്പത്തുള്ള മലയാളിക്ക് ഇത് സമ്മതമാവില്ലെങ്കിലും ഏറ്റവും രുചിയേറിയ മത്സ്യങ്ങളുടെ മുൻനിരയിൽതന്നെ മലയാളിയും ഗൗരാമിയെ അംഗീകരിക്കും, തീർച്ച.

പ്രകൃതിസാഹചര്യങ്ങളിൽ ഗൗരാമി 65 സെ. മീ. വരെ നീളംവയ്ക്കുന്നു. ശരീരത്തിന്റെ ശരിയായ നിറം പച്ചകലർന്ന തവിട്ടാണ്. ഗൗരാമിയുടെ ചിറകുകൾ എല്ലാംതന്നെ അതിശക്തമാണ്. നീളത്തിലുള്ള മേൽചിറകിലും ഗുദച്ചിറകിലും ബലമേറിയ മുള്ളുകൾ ധാരാളമുണ്ട്. പ്രായംകുറഞ്ഞ ഗൗരാമിയുടെ ശരീരത്ത് വിലങ്ങനെ വരകൾ ഉണ്ടാകും. പൂർണവളർച്ച എത്തിയാൽ മാത്രമേ ആൺമത്സ്യത്തെയും പെൺമത്സ്യത്തെയും വേർതിരിച്ചറിയാൻ സാധിക്കൂ. ആൺമത്സ്യത്തിന്റെ ശ്രോണീചിറകിന്റെ മുന്നറ്റം വെളുപ്പാണ്. ചുണ്ടുകൾ തടിച്ചിട്ടും. തലയുടെ പുറത്തായി തടിപ്പുണ്ട്. പെൺമത്സ്യത്തിന്റെ എല്ലാ ചിറകുകളുടെയും മുന്നേറ്റം കറുത്തതാണ്.

ഗൗരാമികൾക്ക് ഭക്ഷണകാര്യത്തിൽ വലിയ ചിട്ടയൊന്നുമില്ല. എങ്കിലും പൊതുവെ സസ്യഭുക്കാണ്. സാധാരണ ജലസസ്യങ്ങളായ ആമ്പൽ, പായൽ, ആൽഗ മുതലായവ ഈ മത്സ്യം ഭക്ഷിക്കാറുണ്ട്. വെള്ളത്തിലെ വിലയിത ഓക്സിജൻ കൂടാതെ അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാൻ ഗൗരാമിക്ക് സാധിക്കും. ഇണചേരലിന് പ്രത്യേകിച്ച് സമയമൊന്നുമില്ലെങ്കിലും വേനൽക്കാലമാണ് അനുയോജ്യം. ഇണചേരാൻപറ്റിയ പ്രായം ഏതാണ്ട് മൂന്നുവയസ്സാണ്. ഇണചേർന്നശേഷം പെൺമത്സ്യം മുട്ടയിടുന്നു. മുട്ടകൾ സൂക്ഷിക്കുന്നതിലും മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും ആൺ‐പെൺ മത്സ്യങ്ങൾ ഒരുപോലെ തൽപ്പരരാണ്. ഇണചേരലിന് സമയമാകുമ്പോൾ ഇവ ജലാശയത്തിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളിൽ എത്തുന്നു.

പൊതുവെ 30 സെ.മീ.യിധികം ആഴമില്ലാത്ത സ്ഥലങ്ങളാണ് കൂടുനിർമാണത്തിനായി തെരഞ്ഞെടുക്കുക. ജലസസ്യങ്ങൾകൊണ്ടാണ് കൂടുകൾ ഉണ്ടാക്കുന്നത്. ഈ ചുമതല പ്രധാനമായും ആണിന്റേതാണ്. പക്ഷിക്കൂടുകൾപോലെ മനോഹരമാണ് ഈ കൂടുകൾ. ഏതാണ്ട് 10 ദിവസത്തെ കഠിനാധ്വാനംകൊണ്ട് വൃത്താകൃതിയിലുള്ളതും ഉദ്ദേശം 30 സെ.മീ. വ്യാസമുള്ളതുമായ കൂടുകൾ തയ്യാറാക്കുന്നു. കൂടിന്റെ ഒരുവശത്തായി പ്രവേശനകവാടം ഉണ്ടാകും. കൂടുനിർമാണം പൂർത്തിയായാൽ ആൺമത്സ്യം പെണ്ണിനെ കൂട്ടിനകത്തേക്ക് നയിക്കുന്നു. ഇണചേരൽ കൂട്ടിനകത്തോ പുറത്തോ നടക്കുന്നു. ഇതു കഴിഞ്ഞ് പെൺമത്സ്യം കൂട്ടിനകത്ത് മുട്ടകൾ നിക്ഷേപിക്കുകയും ആൺമത്സ്യം മുട്ടകളിൽ ബീജവർഷം നടത്തുകയും ചെയ്യുന്നു. ഏതാണ്ട് 500 മുതൽ 4000 വരെ മുട്ടകൾ ഒരു പെൺമത്സ്യം ഒരുതവണ കൂട്ടിനുള്ളിൽ നിക്ഷേപിക്കുന്നു. മുട്ടയിട്ടുകഴിഞ്ഞാൽ ദമ്പതികൾ വാതിൽക്കൽ കാവൽനിൽക്കും. ചിലപ്പോഴൊക്കെ രണ്ടുപേരുംകൂടി ഒന്നിച്ച് കൂട്ടിനകത്തേക്കു കയറി ചിറകുകൾ വീശി കൂട്ടിനുള്ളിൽ വായുസഞ്ചാരം ഉണ്ടാക്കുന്നു. 36 മണിക്കൂറിനുള്ളിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. കുഞ്ഞുങ്ങൾ 4‐5 ദിവസം തലകീഴായി വെള്ളത്തിൽ പൊങ്ങിക്കിടക്കുകയോ ജലസസ്യങ്ങളിൽ ഒട്ടിപ്പിടിക്കുകയോ ചെയ്യുന്നു. ഈ കാലയളവിൽ കുഞ്ഞുങ്ങൾക്ക് ആഹാരം നൽകേണ്ടതില്ല. അവ തങ്ങളുടെ ശരീരത്തിലെ പീതകസഞ്ചിയിലെ ആഹാരം ഉപയോഗിച്ച് വളർന്നുകൊള്ളും. സ്വന്തമായി നീന്താറാകുമ്പോൾ പുറംതീറ്റ ആവശ്യമാണ്.

മൂന്നാഴ്ചയ്ക്കകം കുഞ്ഞുങ്ങൾ കൂടിനുപുറത്ത് വരുന്നു. അതിനുശേഷം മാതാപിതാക്കൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാറില്ല.
ഗൗരാമിവളർത്തൽ അടിസ്ഥാനപരമായി മറ്റു മത്സ്യക്കൃഷിയെപ്പോലെത്തന്നെയാണ്. ആദ്യമായി കുളം വറ്റിച്ച് ഉണക്കണം. അതിനുശേഷം കുമ്മായപ്രയോഗം, വളപ്രയോഗം എന്നിവ നടത്തുക. ജലം നിറച്ചശേഷം കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. തവിട്, ജലസസ്യങ്ങൾ, കടലപ്പിണ്ണാക്ക്, കൃത്രിമതീറ്റ എന്നിവ ആഹാരമായി നൽകാം.

അലങ്കാരമത്സ്യമെന്ന നിലയിലും ഗൗരാമിക്ക് ഏറെ പ്രാധാന്യമുണ്ട്. ജയന്റ് ഗൗരാമി എന്നാണ് കമ്പോളത്തിലെ പേര്. അക്വേറിയത്തിൽ അൽപ്പം അമ്ലാംശമുള്ള (പിഎച്ച് 6.50) ജലമാണ് ഉത്തമം. ഏറെ ഭക്ഷണംകഴിക്കുന്ന ശീലമുള്ളതിനാൽ ഗൗരാമി ധാരാളം വിസർജ്യവസ്തുക്കൾ ഉണ്ടാക്കുന്നു. അതിനാൽ നല്ല ഫിൽറ്റർ സൗകര്യങ്ങൾ സജ്ജീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. (ലേഖകൻ ഫിഷറീസ്വകുപ്പിൽ ജോലിചെയ്യുന്നു)

പ്രധാന വാർത്തകൾ
Top