2017 നവംബര്‍ 30ന് കൊച്ചിയുടെ ആകാശത്ത് അപൂര്‍വമായ ഒരു മേഘസാന്നിധ്യമുണ്ടായി. 'അകിട്മേഘങ്ങള്' Mammatus Clouds എന്നറിയപ്പെടുന്ന മനോഹരവും അസാധാരണവുമായ മേഘങ്ങളായിരുന്നു അവ. ഇത്തരം മേഘങ്ങള്‍ കേരളത്തില്‍ മുമ്പ് കണ്ടതായി വിവരമില്ല. കന്യാകുമാരിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അകിട് മേഘങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ചില പഴയ പെയിന്റിങ്ങുകളിലും അകിട്മേഘങ്ങള് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
എന്താണ് അകിട്മേഘങ്ങള്
പശുവിന്റെ അകിടിനെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യമുള്ളതുകൊണ്ടാണ് അകിട്മേഘങ്ങള്ക്ക് ഈ പേര് വരാന്‍ കാരണം. 'അകിട്' എന്ന അര്‍ഥംവരുന്ന 'MAMA എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് ഇവയ്ക്ക് അകിട്മേഘങ്ങള് (Mammatus Clouds) എന്ന പേര് ലഭിച്ചത്. സാധാരണഗതിയില്‍ കൂമ്പാര മഴമേഘവിഭാഗത്തില് (ക്യൂമൂലോ നിംബസ്)പ്പെടുന്ന മേഘങ്ങളുടെ അടിയില്‍നിന്ന് തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ഇത്തരം മേഘങ്ങള്‍ കാണാറുള്ളത്. എന്നാല്‍ മധ്യകൂമ്പാരമേഘം (Altocumulas), പാളീ കൂമ്പാരമേഘം (Stratocumulas), മധ്യപാളിമേഘം തൂവല്‍ മേഘം എന്നീ വിഭാഗത്തില്‍പ്പെട്ട മേഘങ്ങളുടെ അടിഭാഗത്തും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ പറക്കുന്ന ചാരത്തില്‍നിന്ന് രൂപംകൊള്ളുന്ന മേഘങ്ങളുടെ അടിയിലും ചില അവസരങ്ങളില്‍ അകിട് മേഘങ്ങള്‍ കാണപ്പെടാറുണ്ട്. മേഘത്തിന്റെ ചുവട്ടില്‍നിന്ന് ഏറെക്കുറെ ഉരുണ്ട് താഴേക്ക് തൂങ്ങിനില്‍ക്കുന്ന ആകൃതിയോടുകൂടിയവയാണിവ. ഇത്തരം ആകൃതിയോടുകൂടിയ അകിട് മേഘകൂട്ടങ്ങള്‍ ചിലപ്പോഴൊക്കെ കിലോമീറ്ററോളം വിസ്തൃതിയില്‍ കാണപ്പെടാറുണ്ട്. ഒരു അകിട് മേഘക്കൂട്ടത്തിലെ ഒറ്റപ്പെട്ട മേഘങ്ങള്‍ തമ്മില്‍ വലുപ്പത്തിന് വ്യത്യാസമുണ്ടാകാം. ഒരു മേഘം ശരാശരി 10 മിനിറ്റോളം നിലനില്ക്കാറുണ്ട്. എന്നാല്‍ ഒരു അകിട് മേഘക്കൂട്ടം 15 മുതല്‍ ഏതാനും മണിക്കൂര്‍വരെ ആകാശത്ത് നിലനില്ക്കാം.
പൊതുവെ ഐസ് പരലുകള്കൊണ്ടോ അഥവാ ഐസും തണുത്ത ജലവും ചേര്‍ന്ന മിശ്രിതമോ അതുമല്ലെങ്കില്‍ പൂര്‍ണമായും ജലംകൊണ്ട് മാത്രമോ ആകാം ഇവ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അകിട് മേഘങ്ങളിലൂടെ കടന്നുപോകുന്ന വൈമാനികന് ഇത്തരം മേഘക്കൂട്ടങ്ങളെ 'മഴക്കിഴികള്' (ഞമശിളശഹഹലറ മെര) എന്നാണ് വിശേഷിപ്പിക്കുന്നത്. ഹിമ-ജല സമ്പന്നമായ വായുവിന്റെ വളരെ മന്ദഗതിയിലുള്ള കീഴ്തള്ളലാണ് അകിട്മേഘങ്ങളായി കാണപ്പെടുന്നത്.
കാരണം അവ്യക്തം
അകിടിനോട് സാദൃശ്യമായ ഇവയുടെ രൂപത്തിനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ചില സിദ്ധാന്തങ്ങളുണ്ട്. വളരെ അപൂര്‍വമായി പ്രത്യക്ഷപ്പെടുകയാലും കാണപ്പെട്ടാല്തന്നെ വളരെ കുറച്ച് സമയം മാത്രം നിലനില്ക്കുന്നവയായതുകൊണ്ടും ഇത്തരം മേഘങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തങ്ങള്‍ ഇപ്പോഴും പരീക്ഷിച്ച് തെളിയിക്കപ്പെട്ടിട്ടില്ല. ഇവ സംബന്ധിച്ച് മോഡലിങ് പഠനങ്ങളും നിലവിലില്ല. ഇക്കാരണങ്ങള്‍കൊണ്ട് അകിട്മേഘങ്ങളിലെ സാഹചര്യങ്ങള്‍, രൂപീകരണ പ്രക്രിയ, സവിശേഷതകള്‍, ഭൌതികഗുണങ്ങള്‍, സഞ്ചാരഗതി എന്നീ കാര്യങ്ങളെക്കുറിച്ച് സംക്ഷിപ്ത അറിവ് മാത്രമേയുള്ളു.
അസാധാരണമായ അന്തരീക്ഷ വിക്ഷുബ്ധാവസ്ഥയുടെയോ കടുത്ത കാലാവസ്ഥയുടെയോ ലക്ഷണമല്ല ഇവയെങ്കിലും ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കുശേഷം ഇവ പ്രത്യക്ഷപ്പെടാറുണ്ട്. വായുപ്രവാഹത്തിന്റെ കീഴ്തള്ളല്മൂലം താഴേക്ക് വികാസംപ്രാപിക്കുന്ന അപൂര്‍വയിനം മേഘങ്ങളാണ് അകിട്മേഘങ്ങള്. ചെറിയ ജലകണങ്ങളാല്‍ സമ്പന്നമായ ഈ മേഘങ്ങളിലെ വായു മാതൃമേഘത്തിന്റെ മുകളിലേക്ക് പ്രവഹിക്കുമ്പോള്‍ ക്രമേണ പ്രവേഗം നഷ്ടപ്പെടുകയും മുകളിലെത്തുന്ന വായു തിരശ്ചീനദിശയില്‍ വ്യാപിക്കുകയും മാതൃമേഘത്തിന്റെ ഭാഗമായി തീരുകയും ചെയ്യുന്നു. ഹിമപ്പരലുകളുടെയും ജലകണങ്ങളുടെയും വര്ധിതസാന്നിധ്യംമൂലം ഇത്തരം മേഘങ്ങളിലെ സംപൂരിത വായു ചുറ്റുമുള്ള വായുവ്യൂഹത്തെക്കാള് ഭാരമേറിയതാണ്. ഭാരമേറിയ ഈ സംപൂരിത വായു ഭൂമിയെ അഭിമുഖീകരിച്ച് താഴേക്ക് അകിട്രൂപത്തില് വികാസംപ്രാപിക്കുന്നു. മറ്റ് മേഘങ്ങളില്‍നിന്ന് വിഭിന്നമായി മേഘവികസനം താഴേക്കായതിനാല് ഇവയെ 'തലതിരിഞ്ഞ മേഘങ്ങള്‍' എന്നും വിശേഷിപ്പിക്കാറുണ്ട്. താഴേക്കുള്ള പ്രയാണംമൂലം മേഘത്തിനുള്ളിലെ വായുവിന്റെ ചൂട് വര്‍ധിക്കുന്നു. ഈ താപോര്‍ജം മേഘത്തിനുള്ളിലെ ജലകണങ്ങളെയും ഹിമപ്പരപ്പുകളെയും ബാഷ്പീകരിക്കാന്‍ അതിദ്രുതം ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ വായുവിന്റെ താഴേക്കുള്ള പ്രയാണംമൂലം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം ബാഷ്പീകരണത്തിന് തികയാത്ത അവസ്ഥയില്‍ വായുവിന്റെ ചുറ്റുമുള്ള വായുവിനെക്കാളും തണുപ്പേറിയ അവസ്ഥയില്‍ നിലകൊള്ളുകയും താഴേക്കുള്ള ഗതി തുടരുകയും ചെയ്യുന്നു. ഈ വായുവ്യൂഹത്തില് വലുപ്പമേറിയ ജലകണങ്ങളും, ഹിമപ്പരലുകളും ഉള്ളപക്ഷം അകിട്മേഘങ്ങള് താരതമ്യേന കൂടുതല്‍ സമയം നിലനില്‍ക്കുന്നതായി കാണപ്പെടുന്നു. കാരണം, വലിയ കണങ്ങളെ ബാഷ്പീകരിക്കാന്‍ കൂടുതല്‍ താപോര്‍ജം ആവശ്യമുണ്ട് എന്നതുകൊണ്ടുതന്നെ. ക്രമേണ ഹിമപ്പരലുകളും ജലകണങ്ങളും ബാഷ്പീകരിക്കപ്പെടുകയും തല്‍ഫലമായി അകിട്മേഘം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
സൂര്യാസ്തമയ വേളകളിലാണ് ഇവയുടെ പ്രത്യേക രൂപം കൂടുതല്‍ വ്യക്തമായി കാണപ്പെടാറുള്ളത്. ചരിഞ്ഞുപതിക്കുന്ന സൂര്യരശ്മികള്മൂലം അകിട്മേഘങ്ങള് കൂടുതല്‍ ദീപ്തമായി കാണപ്പെടുന്നു. ഈ മേഘങ്ങളുടെ സാന്നിധ്യം സാധാരണയായി കരചുഴലികളുടെ രൂപീകരണവുമായി ബന്ധപ്പെടുത്തി പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍, ഇത് ഒരു അഭ്യൂഹം മാത്രമാണ്. കരച്ചുഴലികളുടെ രൂപീകരണവുമായി ഇവയ്ക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍, കരച്ചുഴലികള്, ഇടിമേഘങ്ങള്‍ എന്നിവ ഉണ്ടായതിനെത്തുടര്‍ന്ന് അകിട് മേഘങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
താഴേക്കുള്ള വായുപ്രയാണംമൂലമാണ് ഇത്തരം മേഘങ്ങള്‍ കാണപ്പെടുന്ന കൂമ്പാര മഴമേഘങ്ങളെ ഒഴിവാക്കാന്‍ ശ്രദ്ധചെലുത്താറുണ്ട്. ഈ മേഘങ്ങളില്‍ പ്രധാനമായും ഹിമപ്പരലുകള്‍ അടങ്ങിയവയാണ്. ഹിമദൂരീകരണ സംവിധാനം ഇല്ലാത്ത വ്യോമയാനങ്ങളില്‍ മഞ്ഞുപരലുകള്‍ അടിഞ്ഞുകൂടുന്നത് അപകടത്തിനിടയാക്കാം. തന്നെയുമല്ല, അകിട്മേഘങ്ങളില് മിക്കവാറും എല്ലായ്പ്പോഴും അസ്ഥിര വായുപ്രവാഹങ്ങള്‍ ഉണ്ടാകും. ദിശയില്‍ പെട്ടെന്ന് മാറ്റംവരുന്ന ഈ വായുപ്രവാഹങ്ങള്‍ വ്യോമയാനങ്ങള്‍ക്ക് ഭീഷണിയാണ്. കൂടാതെ, ഇത്തരം മേഘങ്ങളില്‍ ശക്തിയേറിയ സംവഹനപ്രക്രിയ നിലനില്‍ക്കുന്നതിനാല്‍ വായുവിന്റെ ശക്തമായ മേല്തള്ളല്, കീഴ്തള്ളല് എന്നിവ വ്യേമയാനങ്ങളെ സംബന്ധിച്ചിടത്തോളം അപകടകരമാണ്.
പിന്കുറിപ്പ്: കുസാറ്റിലെ റിസര്‍ച്ചിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. എം ജി മനോജാണ് ഈ മേഘങ്ങളുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ അപ് ലോഡ്ചെയ്തത്.
(ലേഖകന്‍ കാര്‍ഷിക സര്‍വകലാശാലയുടെ കാലാവസ്ഥാ വ്യതിയാന പഠനഗവേഷണ അക്കാദമിയിലെ സയന്റിഫിക് ഓഫീസറാണ്)